ജെറ്റ് എയർവേസ് ജീവനക്കാർക്ക് ചരിത്ര വിജയം: 265 കോടിയുടെ പിഎഫ്, ഗ്രാറ്റുവിറ്റി കുടിശ്ശികകൾ നൽകണം

ന്യൂഡൽഹി: ജെറ്റ് എയർവേസിലെ മുൻ ജീവനക്കാർക്ക് ആശ്വാസമായി കമ്പനിയുടെ ലിക്വിഡേറ്ററോട് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി കുടിശ്ശികകൾ പൂർണ്ണമായി നൽകാൻ നാഷണൽ കമ്പനി ലോ അപ്പീൽ ട്രിബ്യൂണൽ ഉത്തരവിട്ടു. ഇതിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ഏഴ് ധനകാര്യ സ്ഥാപനങ്ങളും സമർപ്പിച്ച അപ്പീലുകൾ ട്രൈബ്യൂണൽ തള്ളി. ഒരു കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ നിയമിക്കപ്പെടുന്ന ഒരു ഇൻസോൾവൻസി പ്രൊഫഷണലോ അല്ലെങ്കിൽ ഔദ്യോഗിക ഉദ്യോഗസ്ഥനോ ആണ് ലിക്വിഡേറ്റർ.
തൊഴിലാളികളുടെ മുൻഗണനാ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി 2020 മെയ് 20 ഫലപ്രദമായ തീയതിയായി നിശ്ചയിച്ചുകൊണ്ടുള്ള എൻ.സി.എൽ.ടി മുൻ ഉത്തരവും അപ്പീൽ ട്രൈബ്യൂണൽ ശരിവെച്ചു.
ബാങ്കുകളുടെ വാദങ്ങൾ തള്ളി ട്രൈബ്യൂണൽ
പിഎഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ട് കുടിശ്ശികകൾ ലിക്വിഡേഷൻ ആസ്തിയുടെ ഭാഗമാക്കണമെന്നും ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് (ഐബിസി) പ്രകാരം ഇത് എല്ലാ കടക്കാർക്കുമായി വീതം വെക്കണമെന്നുമായിരുന്നു ബാങ്കുകളുടെ പ്രധാന വാദം. ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുന്ന സമയത്ത് ഇതിനായി പ്രത്യേക ഫണ്ടുകൾ നിലവിലുണ്ടെങ്കിൽ മാത്രമേ ഇവയെ ഒഴിവാക്കാൻ സാധിക്കൂ എന്നും ബാങ്കുകൾ വാദിച്ചിരുന്നു.
എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ എൻ.സി.എൽ.എടി, ജീവനക്കാരുടെ നിയമപരമായ ഇത്തരം ആനുകൂല്യങ്ങൾ ലിക്വിഡേഷൻ ആസ്തിക്ക് പുറത്താണെന്നും മറ്റ് കടക്കാരുടെ ക്ലെയിമുകളിൽ നിന്ന് ഇവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കി.
കോടതി നടപടികൾക്കായി എടുത്ത സമയം കൂടി ഈ 24 മാസത്തെ ആനുകൂല്യ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ബാങ്കുകളുടെ ആവശ്യവും ട്രൈബ്യൂണൽ നിരസിച്ചു. ബാങ്കുകളുടെ വാദം അംഗീകരിച്ചിരുന്നെങ്കിൽ ജീവനക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടമാകുമായിരുന്നു.
11,800-ലധികം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും
ചരിത്രപരമായ വിധിയിലൂടെ ജെറ്റ് എയർവേസിലെ 11,800-ഓളം തൊഴിലാളികൾക്കും മറ്റ് മുൻ ജീവനക്കാർക്കും പ്രയോജനം ലഭിക്കും. ജീവനക്കാരുടെ സംഘടനകളുടെ കണക്കനുസരിച്ച് ഏകദേശം 265 കോടി രൂപയുടെ പിഎഫ്, ഗ്രാറ്റുവിറ്റി കുടിശ്ശികയാണ് കമ്പനി വരുത്താനുള്ളത്.
ഏഴ് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ജീവനക്കാർക്ക് അനുകൂലമായ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത് എന്ന് ജെറ്റ് എയർവേസ് സ്റ്റാഫ് ആൻഡ് ഓഫീസേഴ്സ് അസോസിയേഷൻ ഉപദേശകനായ ഡോ. നാരായണൻ ഹരിഹരൻ വ്യക്തമാക്കി.
2019 ഏപ്രിൽ 17-നാണ് ജെറ്റ് എയർവേസ് തങ്ങളുടെ അവസാന വാണിജ്യ സർവീസ് നടത്തിയത്. തുടർന്ന് കമ്പനി പ്രതിസന്ധിയിലാവുകയും, ജലാൻ-കൽറോക്ക് കൺസോർഷ്യം അംഗീകൃത പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2024 നവംബറിൽ സുപ്രീം കോടതി ജെറ്റ് എയർവേസ് ലിക്വിഡേഷൻ നടപടികൾക്ക് വിധേയമാക്കാൻ ഉത്തരവിടുകയുമായിരുന്നു.