കൂട്ടപ്പിരിച്ചുവിടലിന് ഇന്റല്‍; 10,000-ത്തിലധികം ജീവനക്കാരെ ബാധിക്കും, നഷ്ടപരിഹാരമടക്കം നല്‍കില്ല

ലിപ് ബു ടാന്‍ | Photo: Intel
ലിപ് ബു ടാന്‍ | Photo: Intel

ഫൗണ്ടറി ജീവനക്കാരില്‍ 15% മുതല്‍ 20% വരെ പിരിച്ചുവിടാന്‍ ഇന്റല്‍ തയ്യാറെടുക്കുന്നു. ഇത് ഇന്റലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിച്ചുരുക്കലുകളില്‍ ഒന്നാണ്. ലോകമെമ്പാടുമുള്ള 10,000-ത്തിലധികം ഇന്റല്‍ ജീവനക്കാരെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കമ്പനിയുടെ നിര്‍മ്മാണ വിഭാഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് വരും.

'ഇവ ദുഷ്‌കരമായ നടപടികളാണ്, എന്നാല്‍ വെല്ലുവിളികളും കമ്പനിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും നേരിടാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ഇത് ഓരോ വ്യക്തിക്കും വേദനയുണ്ടാക്കുന്നു- വാരാന്ത്യത്തില്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ഇന്റല്‍ മാനുഫാക്ചറിംഗ് വൈസ് പ്രസിഡന്റ് നാഗ ചന്ദ്രശേഖരന്‍ ഇങ്ങനെയാണ് കുറിച്ചത്.

പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല, പകരം പ്രകടന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ജോലിക്കായി തിരഞ്ഞെടുക്കും.

ലോകമെമ്പാടുള്ള 10 സ്ഥലങ്ങളിലെ 15 വേഫര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റുകളിലെ ഇന്റല്‍ ഫൗണ്ടറി വിഭാഗത്തെ ഈ വെട്ടിച്ചുരുക്കലുകള്‍ ബാധിക്കും. ഫാക്ടറിയിലെ ടെക്‌നീഷ്യന്‍മാര്‍ മുതല്‍ അടുത്ത തലമുറ മൈക്രോപ്രോസസ്സറുകള്‍ വികസിപ്പിക്കുന്ന ഗവേഷകര്‍ വരെയുള്ള തസ്തികകളെ ഇത് ബാധിക്കും. മുന്‍കാല പിരിച്ചുവിടലുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്റല്‍ സ്വമേധയാ വിരമിക്കല്‍ പാക്കേജുകളോ (voluntary buyouts or early retirement packages) വാഗ്ദാനം ചെയ്യില്ല, പകരം പ്രകടന വിലയിരുത്തലുകളുടെയും മുന്‍ഗണനകളുടെയും അടിസ്ഥാനത്തില്‍ ജീവനക്കാരെ തിരഞ്ഞെടുക്കും.

ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനിയുടെ ചുമതലയേറ്റ സിഇഒ ലിപ്-ബു ടാന്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഫൗണ്ടറി പിരിച്ചുവിടലുകള്‍ ഈ പ്രഖ്യാപനത്തിന് കൂടുതല്‍ വേഗത നല്‍കുന്നു. ഏപ്രിലില്‍, ഉദ്യോഗസ്ഥതലത്തിലുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും എഞ്ചിനിയറിങ് കേന്ദ്രീകൃത സംസ്‌കാരം പുനര്‍നിര്‍മ്മിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പുനഃസംഘടനയുടെ ഭാഗമായി ഇന്റലിന്റെ മൊത്തം ജീവനക്കാരില്‍ 20 ശതമാനത്തിലധികം കുറയ്ക്കാനുള്ള പദ്ധതികളെ കുറിച്ച് ടാന്‍ വ്യക്തമാക്കിയിരുന്നു.

'ഏറ്റവും കുറഞ്ഞ ആളുകളെ വെച്ച് ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നവരാണ് മികച്ച നേതാക്കള്‍ എന്ന തത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു,' ടാന്‍ ഏപ്രിലില്‍ ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ പറയുന്നു

2023-ല്‍ ഏകദേശം 125,000 ആയിരുന്ന ഇന്റലിന്റെ ജീവനക്കാരുടെ എണ്ണം. 2024 അവസാനത്തോടെ ഏകദേശം 109,000 ആയി കുറഞ്ഞു. 2025-ലെ ആദ്യ പാദത്തില്‍ കമ്പനി 821 മില്യണ്‍ ഡോളറിന്റെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 

ഇത് ഒരു വര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പ്രധാന പിരിച്ചുവിടലാണ്. മുന്‍ സിഇഒ പാറ്റ് ജെല്‍സിംഗറുടെ കീഴില്‍ 2024 ഓഗസ്റ്റില്‍ ഇന്റല്‍ ആദ്യം 15,000 തൊഴിലുകള്‍ വെട്ടിക്കുറച്ചു, ഇത് അന്നത്തെ ജീവനക്കാരില്‍ 15% ത്തിലധികം വരും. ആ പിരിച്ചുവിടലുകളില്‍ സ്വമേധയാ വിരമിക്കല്‍ വാഗ്ദാനങ്ങളും ഉള്‍പ്പെട്ടിരുന്നു. 10 ബില്യണ്‍ ഡോളറിന്റെ ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായിരുന്നു അത്. 

നൂതന പ്രോസസ് സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാര്‍, നിര്‍ണായക ലിത്തോഗ്രഫി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ടെക്‌നീഷ്യന്‍മാര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സാങ്കേതിക തസ്തികകള്‍ക്ക് ഈ വെട്ടിച്ചുരുക്കലുകളില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമേഷന്‍ കാരണം ആവശ്യമില്ലാതായ തസ്തികകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്.

Content Highlights: Intel Layoffs: 10,000+ Foundry Jobs Cut