11 പൊതുമേഖലാ ബാങ്കുകളിലേക്ക് IBPS വിജ്ഞാപനം; 4045 ഒഴിവുകള്‍ | IBPS

Representational Image | Photo: freepik.com
Representational Image | Photo: freepik.com

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 പൊതുമേഖലാ ബാങ്കുകളിലായി 4045 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

2024-25 വര്‍ഷത്തെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി പരീക്ഷ ഈ വര്‍ഷം സെപ്റ്റംബര്‍/ ഒക്ടോബറില്‍ നടക്കും. കേരളത്തില്‍ 10 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അപേക്ഷ ഓണ്‍ലൈനായി ജൂലായ് 21 വരെ സമര്‍പ്പിക്കാം. 

ബാങ്കുകള്‍: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യുകോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. 

കേരളത്തിലെ ഒഴിവുകള്‍: കേരളത്തിലാകെ 52 ഒഴിവുകളാണുള്ളത്. (ബാങ്ക് ഓഫ് ഇന്ത്യ-5, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ-47). 
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും. അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. 15 വര്‍ഷത്തെ സേവനകാലയളവ് പൂര്‍ത്തിയാക്കിയ വിമുക്തഭടന്മാര്‍ക്ക് യോഗ്യതയില്‍ ഇളവ് ലഭിക്കും. 
പ്രായം: 20-28 വയസ്സ്. 02/07/1995നും 01/07/2003നും ഇടയില്‍ ജനിച്ചവരായിരിക്കണം ഉദ്യോഗാര്‍ഥികള്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി/എസ്.ടി. ക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബിസിക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തേയും വയസ്സിളവ് ലഭിക്കും. 
വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. 

തിരഞ്ഞെടുപ്പ്: ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി, മെയിന്‍സ് പരീക്ഷകളിലൂടെയാകും തിരഞ്ഞെടുപ്പ്. ഓഗസ്റ്റ്/സെപ്റ്റംബറിലാകും പ്രിലിമിനറി പരീക്ഷ. മെയിന്‍സ് പരീക്ഷ ഒക്ടോബറിലാകും. 

പരീക്ഷ: പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളില്‍നിന്നായി 100 ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകളിലും പരീക്ഷയെഴുതാനുള്ള അവസരമുണ്ട് കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലയാളത്തില്‍ പരീക്ഷയെഴുതാം. 

ഓരോ വിഷയത്തിലും നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ മെയിന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടും. മെയിന്‍ പരീക്ഷയും ഓണ്‍ലൈനായാണ് നടക്കുക. ജനറല്‍/ഫിനാഷ്യല്‍ അവയര്‍നെസ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി & കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നായി ആകെ 200 മാര്‍ക്കിന്റെ ചോദ്യങ്ങളാകും മെയിന്‍ പരീക്ഷയ്ക്കുണ്ടാവുക. 160 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം. 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. മെയിന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. 
അപേക്ഷാഫീസ്: 850 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/ വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 175 രൂപ. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്. 

അപേക്ഷ: www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടത് കൈയിലെ പെരുവിരല്‍ അടയാളം, നിര്‍ദിഷ്ട മാതൃകയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ സത്യവാങ്മൂലം എന്നിവ അപ്ലോഡ് ചെയ്യണം. പൂര്‍ത്തിയാക്കിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ ഇ-റസീറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 21. 

Content Highlights: IBPS Recruitment 2023, bank jobs, banking, IBPS Clerk 2023, 4545 Vacancies