ഐഐടിയില്‍ പഠിച്ചുവെന്ന് പറഞ്ഞാല്‍ ഇന്ത്യയ്ക്ക് പുറത്ത്‌ ജോലി കിട്ടില്ല, അതിന് വേണ്ടത് ഈ തന്ത്രമാണ്

കുനാല്‍ കുശ്വ
കുനാല്‍ കുശ്വ

റഫറല്‍ ആവശ്യപ്പെടുമ്പോള്‍ തൊഴിലന്വേഷകര്‍ എങ്ങനെ സ്വയം അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് ലണ്ടനിലെ ടെക് പ്രൊഫഷണല്‍ കുനാല്‍ കുശ്വാഹ പറയുന്നതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുനാല്‍ കുശ്വാഹ എക്സിൽ പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി.

'ഞാന്‍ ഒരു ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്' എന്ന വാചകത്തോടെയാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. അപേക്ഷകര്‍ അവരുടെ അക്കാദമിക് പശ്ചാത്തലത്തെ ആശ്രയിക്കുന്നതിനു പകരം അവരുടെ ജോലിക്ക് പ്രാധാന്യം നല്‍കണമെന്നാണ് കുനാല്‍ കുശ്വാഹ പറയുന്നത്.എവിടെ പഠിച്ചു എന്നത് പരിഗണിക്കാതെ, സ്വന്തം നെെപുണ്യവും, മൂല്യവും പ്രകടിപ്പിക്കാന്‍ തയ്യാറാവണമെന്നാണ് കുനാലിന്റെ അഭിപ്രായം.

'മികച്ച ഐഐടികളില്‍ പോലും പ്ലേസ്‌മെന്റുകള്‍ക്ക് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുണ്ട്.നിങ്ങളുടെ പ്രകടനവും, നിര്‍മ്മിച്ച പ്രോജകറ്റും, പ്രശ്നപരിഹാര ശേഷിയുമാണ് നിങ്ങളെ വ്യത്യസ്തരാക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ അതിര്‍ത്തികള്‍ക്ക് പുറത്ത് അക്കാദമിക് ടാഗുകള്‍ക്ക് പരിമിതമായ പ്രാധാന്യം മാത്രമേയുള്ളൂ എന്നും കുനാല്‍ ചൂണ്ടിക്കാട്ടി. 

'ഇന്ത്യയ്ക്ക് പുറത്ത് ആരും നിങ്ങളുടെ ഐഐടി ടാഗിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. ഒരുപക്ഷേ ഇന്ത്യയില്‍ ഇപ്പോഴും അതിന് പ്രാധാന്യം കാണും, പക്ഷെ നിങ്ങള്‍ ആഗോള കമ്പനികളില്‍ റിമോട്ട് ജോലികള്‍ ലക്ഷ്യമിടുകയാണെങ്കില്‍  അവിടെ അതില്ല,' അദ്ദേഹം പറഞ്ഞു.

കുനാലിന്റെ പോസ്റ്റ് അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. എവിടെ പഠിച്ചാലും നൈപുണ്യ വികസനം നടത്തിയില്ലെങ്കില്‍ കരിയറില്‍ പരാജയപ്പെടുമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ഐഐടി പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന സാധ്യതകള്‍ വളരെ വലുതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Content Highlights: How to Get Referrals: Tech Pro`s Advice