വനംവകുപ്പ് മിനിസ്റ്റീരിയൽ വിഭാഗം,ഉയർന്ന തസ്തികയിൽ നൂറുശതമാനവും ആശ്രിതനിയമനക്കാർ

#രതീഷ് രവി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: വനംവകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗത്തിലെ ഏറ്റവും ഉയർന്ന തസ്തികയിൽ നൂറുശതമാനവും ആശ്രിതനിയമനക്കാർ. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ മുഴുവൻപേരും ആശ്രിതനിയമനംവഴി ജോലിയിൽ പ്രവേശിച്ചവരാണ്. തൊട്ടുതാഴെയുള്ള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാരിൽ 12-ൽ 11 പേരും ആശ്രിതനിയമനം മുഖേന സർവീസിലെത്തിയവർ. ഒരാൾ സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിച്ചയാളും.

ആകെ ഒഴിവുകളുടെ അഞ്ചുശതമാനത്തിലധികം ആശ്രിതനിയമനം പാടില്ലെന്ന സർക്കാർ ഉത്തരവും കോടതിവിധികളും പാലിക്കാതെ വിവിധ വകുപ്പുകളിൽ നടത്തിയ നിയമനങ്ങൾക്കെതിരേ നൂറുകണക്കിനു പരാതികൾ സർക്കാരിനു മുന്നിലുള്ളപ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. അനുപാതം മറികടന്നുള്ള ആശ്രിതനിയമനത്തിനെതിരേ, വിവിധ വകുപ്പുകളിലെ പിഎസ്‌സി വഴിയെത്തിയ ഉദ്യോഗസ്ഥർ നിയമനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

വനംവകുപ്പ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ 60 മുതൽ 70 ശതമാനംവരെ ആശ്രിതനിയമനം നടന്നിരുന്നെന്നാണ് പിഎസ്‌സി വഴി സർവീസിൽ കയറിയ ജീവനക്കാരുടെ ആക്ഷേപം. ഇതിനെതിരേ അവർ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുൻപാകെ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇത്തരം നിയമനങ്ങൾ സംവരണവ്യവസ്ഥ അട്ടിമറിക്കുന്നെന്നാണ് ഹർജിക്കാരുടെ ആരോപണം. 18 വയസ്സ് കഴിയുന്നമുറയ്ക്ക് ആശ്രിതനിയമനം നൽകുന്നതിനാൽ പിഎസ്‌സി പരീക്ഷ എഴുതി സർവീസിൽ പ്രവേശിക്കുന്നവർക്ക് അർഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

പോലീസ് മിനിസ്റ്റീരിയൽ സ്റ്റാഫിലും സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലും പൂർണമായും ആശ്രിതനിയമനക്കാരാണ്‌. റവന്യു, കൃഷി, ജലവിഭവം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലും അനുവദനീയമായ അനുപാതത്തിന്റെ മൂന്നും നാലും ഇരട്ടി ആശ്രിതനിയമനം നടത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തഹസിൽദാർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവരിൽ മുക്കാൽപ്പങ്കും ആശ്രിതനിയമനക്കാരായിരുന്നു

Content Highlights: high-level positions in forest dept are filled by dependents