പ്രവര്‍ത്തന മികവിന് മാത്രം 13.9 കോടി ബോണസ്, എച്ച്‌സിഎല്‍ ടെക്ക് സിഇഒയുടെ വാര്‍ഷിക വരുമാനം 95 കോടി

സി.വിജയകുമാര്‍ | Photo: LinkedIn
സി.വിജയകുമാര്‍ | Photo: LinkedIn

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒ ആയി എച്ച്‌സിഎല്‍ ടെക്കിന്റെ സി.വിജയകുമാര്‍. അദ്ദേഹത്തിന്റെ മൊത്തം വാര്‍ഷിക വരുമാനം 94.6 കോടി രൂപയാണ്. യുഎസ്എ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിജയകുമാറിന് അടിസ്ഥാന ശമ്പളമായി ലഭിച്ചത് 15.8 കോടി രൂപയാണ്. ഇതിനോടൊപ്പം പ്രവര്‍ത്തന മികവിന് 13.9 കോടി രൂപ ബോണസും 56.9 കോടി രൂപയുടെ റെസ്ട്രിക്റ്റഡ് സ്റ്റോക്ക് യൂണിറ്റു(ആര്‍എസ്‌യു)കളും 1.7 കോടി രൂപയുടെ അധിക ബോണസും ലഭിച്ചു.

വിജയകുമാറിന്റെ ശമ്പളം മുന്‍വര്‍ഷത്തേക്കാള്‍ 7.9% വര്‍ധിച്ചുവെന്നും കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് അദ്ദേഹത്തിന്റെ ശമ്പളം 18.6 മില്യണ്‍ ഡോളറായി (ഏകദേശം 154 കോടി രൂപ) ഉയര്‍ത്താന്‍ എച്ച്സിഎല്‍ ടെക് ബോര്‍ഡ് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഇഒയും മാനേജിംഗ് ഡയറക്ടറുമായുള്ള അദ്ദേഹത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു. 2030 മാര്‍ച്ച് 31 വരെ അദ്ദേഹം കമ്പനിയില്‍ തുടരും.

വിജയകുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി എച്ച്സിഎല്‍ ടെക് സ്ഥിരമായ വളര്‍ച്ചയാണ് കൈവരിക്കുന്നത്. 2016 മുതല്‍ 2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനി 9.3% സംയുക്ത വാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. 

ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കളുടെ എണ്ണത്തിലും കമ്പനി വര്‍ദ്ധനവ് രേഖപ്പെടുത്തി. 100 മില്യണ്‍ ഡോളറിലധികം വരുമാനം നല്‍കുന്ന ഉപഭോക്താക്കളുടെ എണ്ണം 2016 സാമ്പത്തിക വര്‍ഷത്തിലെ എട്ടില്‍ നിന്ന് 2025ല്‍ 22 ആയി ഉയര്‍ന്നു. 50 മില്യണ്‍ ഡോളര്‍ വിഭാഗത്തിലെ ഉപഭോക്താക്കള്‍ 19ല്‍ നിന്ന് 52 ആയും, 20 മില്യണ്‍ ഡോളര്‍ വിഭാഗത്തിലെ ഉപഭോക്താക്കള്‍ 75ല്‍ നിന്ന് 138 ആയും വര്‍ധിച്ചു.

വിജയകുമാറിനെപ്പോലെ തന്നെ ഇന്ത്യയിലെ മറ്റ് പ്രമുഖ ഐടി സിഇഒമാരും വാര്‍ഷിക ശമ്പളമായി കോടിക്കണക്കിന് രൂപ വാങ്ങുന്നുണ്ട്. ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 26.5 കോടി രൂപ സമ്പാദിച്ചു. ഇത് മുന്‍വര്‍ഷത്തെ ശമ്പളത്തേക്കാള്‍ 4.6% വര്‍ധനവാണ്. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിന് ശമ്പളത്തില്‍ 22% വര്‍ധനവ് ലഭിച്ചു. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ശമ്പളം 80.6 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചുമതലയേറ്റ വിപ്രോയുടെ പുതിയ സിഇഒ ശ്രീനിവാസ് പല്ലിയയ്ക്ക് 53.6 കോടി രൂപ വാര്‍ഷിക ശമ്പളം ലഭിച്ചു. 


 

Content Highlights: hcltech ceo earned rs 95 crore