'ഞങ്ങൾക്ക് ഇൻക്രിമെന്റ് വേണം'; CEO വേദിയിലെത്തിയപ്പോൾ മുദ്രാവാക്യം വിളിച്ച് ജീവനക്കാർ, വീഡിയോ വൈറൽ

ചെന്നൈ: ആഘോഷപരിപാടിക്കിടെ ശമ്പളവർധനവ് ആവശ്യപ്പെട്ട് സി.ഇ.ഒയ്ക്ക് മുന്നിൽ പരസ്യമായി മുദ്രാവാക്യം വിളിച്ച് എച്ച്.സി.എൽ ജീവനക്കാർ. കമ്പനിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സി.ഇ.ഒ സി. വിജയകുമാറിനെ സാക്ഷിയാക്കി ജീവനക്കാരുടെ പ്രതിഷേധം.
സി.ഇ.ഒ സംസാരിക്കാനായി വേദിയിലേക്ക് വന്നപ്പോഴാണ് കാണികൾക്കിടയിൽനിന്ന് നൂറുകണക്കിന് ജീവനക്കാർ ‘വീ വാൺട് ഹൈക്ക്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുതുടങ്ങിയത്. സാധാരണയായി കമ്പനി മേധാവികൾ വേദിയിലെത്തുമ്പോൾ നൽകുന്ന കൈയടികൾക്ക് പകരം ശമ്പളവർധനവില്ലാത്തതിലുള്ള അമർഷമാണ് ജീവനക്കാർ പരസ്യമാക്കിയത്.
തടസ്സങ്ങളുണ്ടായെങ്കിലും ശാന്തനായാണ് വിജയകുമാർ പ്രതികരിച്ചത്. പുഞ്ചിരിയോടെ കാണികളെ അഭിവാദ്യം ചെയ്ത അദ്ദേഹം, ജീവനക്കാരുടെ ആവശ്യത്തോട് നേരിട്ട് പ്രതികരിക്കാതെ പ്രസംഗം പൂർത്തിയാക്കി പരിപാടിയുമായി മുന്നോട്ട് പോയി.
എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഐ.ടി മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും നിശബ്ദരായി അനുഭവിക്കുന്ന നിരാശയാണ് എച്ച്.സി.എൽ ജീവനക്കാർ ധൈര്യപൂർവ്വം പ്രകടിപ്പിച്ചതെന്ന് ഒരു വിഭാഗം പിന്തുണയ്ക്കുമ്പോൾ, ഔദ്യോഗിക പരിപാടിയിൽ ഇത്തരത്തിൽ പെരുമാറിയത് അച്ചടക്കലംഘനമാണെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം.
🚨 HCLTech employees chanted "We want a hike" as CEO C. Vijayakumar took the stage during the company's 50th anniversary celebrations in Chennai. pic.twitter.com/KCHja0aq8j
— Indian Tech & Infra (@IndianTechGuide) July 28, 2026
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ഐ.ടി മേഖലയിൽ ശമ്പളവർധനവ് വളരെ കുറഞ്ഞ തോതിലാണ് നടക്കുന്നത്. സാമ്പത്തിക മാന്ദ്യവും ആഗോളതലത്തിലെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ ശമ്പളവർധനവ് നീട്ടിവെക്കുന്നത്. അതേസമയം, ജൂൺ പാദത്തിൽ എച്ച്.സി.എൽ ടെക് 5,116 കോടി രൂപയുടെ അറ്റാദായവും (9.74 ശതമാനം വർധന) 14,337 കോടി രൂപയുടെ വരുമാനവും നേടി മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചിരുന്നു. കമ്പനി ലാഭത്തിലായിട്ടും ജീവനക്കാർക്ക് അർഹമായ ശമ്പളവർധനവ് നൽകുന്നില്ലെന്ന വികാരമാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
Content Highlights: HCL Tech employees staged an unprecedented protest by chanting 'We Want Hike' in front of CEO C. Vijayakumar during an annual company event in Chennai, sparking a widespread debate on IT sector compensation.