കേന്ദ്ര ധനമന്ത്രാലയത്തിൽ നിയമനം: പ്രതിമാസം 1.5 ലക്ഷം രൂപ വരെ പ്രതിഫലം

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (DEA), ചെറുപ്പക്കാരായ പ്രൊഫഷണലുകളെയും കൺസൾട്ടന്റുമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇൻഫ്രാസ്ട്രക്ചർ, ഫിനാൻഷ്യൽ മാർക്കറ്റ്, ബജറ്റ്, ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 57 ഒഴിവുകളാണുള്ളത്.

തസ്തികകളും യോഗ്യതകളും

യങ് പ്രൊഫഷണലുകൾ: 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഇക്കണോമിക്സ്, ഫിനാൻസ്, ഐടി എന്നിവയിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ എംബിഎ (ഫിനാൻസ്)/എൽഎൽഎം എന്നിവയോ ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 70,000 രൂപ.

കൺസൾട്ടന്റുമാർ: 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ ശമ്പളം 1,00,000 രൂപ.

സീനിയർ കൺസൾട്ടന്റുമാർ: അഞ്ച് മുതൽ ഒമ്പത് വർഷം വരെ പരിചയസമ്പന്നർക്ക് അപേക്ഷിക്കാം. പ്രതിഫലം 1,20,000 രൂപ. ഇന്ത്യയുടെ ബ്രിക്സ് (BRICS) അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ആറ് സീനിയർ കൺസൾട്ടന്റുമാരെ പ്രത്യേകം നിയമിക്കുന്നുണ്ട്.

സ്പെഷ്യൽ അസൈൻമെന്റ് കൺസൾട്ടന്റുമാർ: പ്രത്യേക പ്രോജക്റ്റുകൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഇവർക്ക് 1,50,000 രൂപ പ്രതിഫലം ലഭിക്കും.

നിബന്ധനകൾ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. പരമാവധി മൂന്ന് വർഷം വരെയും ഡിപ്പാർട്ട്‌മെന്റിലെ ആകെ സേവനം അഞ്ച് വർഷം വരെയും നീട്ടാവുന്നതാണ്. മുഴുസമയ സമയ ജോലിയായതിനാൽ, ഈ കാലയളവിൽ മറ്റ് ജോലികൾ ഏറ്റെടുക്കാൻ പാടില്ല. വർഷത്തിൽ എട്ട് ദിവസത്തെ അവധി പ്രോ-റേറ്റ അടിസ്ഥാനത്തിൽ ലഭിക്കും. താമസ സൗകര്യമോ മെഡിക്കൽ റീഇംബേഴ്സ്‌മെന്റോ അനുവദിക്കില്ല. എന്നാൽ ഔദ്യോഗിക യാത്രകൾക്ക് ടിഎ/ഡിഎ (TA/DA) അനുവദനീയമാണ്.

അപേക്ഷിക്കേണ്ട വിധം:

താൽപ്പര്യമുള്ളവർ mofapp.nic.in/cadre/ എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഡിസംബർ 27 വൈകുന്നേരം അഞ്ച് മണിയാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് dea.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Department of Economic Affairs (DEA) invites applications for Young Professionals, Consultants, Sr. Consultants & Special Assignment Consultants.