സ്വപ്‌നം കണ്ടത് പോലെയല്ല; പുലര്‍ച്ചെ 3-ന് ഉണരണം, 60 മണിക്കൂര്‍ ജോലി, കഠിനമെന്ന് യുവാവ്

ജോലിയിലെ ആദ്യ വര്‍ഷത്തെ വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഗൗരവ് ചിന്തംനീഡി എന്ന യുവാവിന്റെ അനുഭവ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.യുഎസിലെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയിലെ അസിസ്റ്റന്റ് സ്റ്റോര്‍ മാനേജരാണ് ഗൗരവ്.
ചാപ്മാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഗൗരവ് ജോലിസ്ഥലത്തെ ആദ്യ വര്‍ഷത്തിലെ വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ബിരുദം നേടിയ ശേഷം രാജ്യത്തിന്റെ ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് താമസം മാറിയെന്നും, അത് തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൊന്നായിരുന്നു എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ആഴ്ചയില്‍ 60 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും, ഇത് കോളേജ് ജീവിതത്തിന് ശേഷം താന്‍ സങ്കല്‍പ്പിച്ച ജീവിതത്തിന് തീര്‍ത്തും വിപരീതമാണെന്നുമാണ് അദ്ദേഹം പറയുന്നത്.
'ടിവിയിലും സോഷ്യല്‍ മീഡിയയിലും റൊമാന്റിസൈസ് ചെയ്യുന്നത് പോലെ സ്വപ്നതുല്യമായ ജീവിതം നയിക്കുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള ജോലി,സഹപ്രവര്‍ത്തകരോടൊപ്പം ചെറിയ ഒത്തുചേരലുകള്‍, മെട്രോയിലെ അപരിചിതരുമായി സംഭാഷണങ്ങള്‍ ആരംഭിക്കുന്നത് - ഇതെല്ലാമാണ് ഞാന്‍ മനസ്സില്‍ കണ്ടത്. വാരാന്ത്യങ്ങള്‍ ബ്രഞ്ചുകള്‍, കോഫി ഷോപ്പ് സൈഡ് പ്രോജക്റ്റുകള്‍, പുതിയ കഴിവുകള്‍ നേടാനുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍... എന്നിവ കൊണ്ട് നിറയും എന്ന് ഞാന്‍ കരുതി. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു'- ഗൗരവ് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ താന്‍ ആഴ്ചയില്‍ 50 മുതല്‍ 60 മണിക്കൂര്‍ വരെ ജോലി ചെയ്തു എന്ന് ഗൗരവ് പോസ്റ്റില്‍ പറയുന്നു.
'പല ദിവസങ്ങളിലും ഓപ്പണിംഗ് ഷിഫ്റ്റിനായി പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നു. 'എന്റെ വാരാന്ത്യങ്ങളില്‍ 95% ഞാന്‍ ജോലിക്കായി ചെലവഴിച്ചു. അപൂര്‍വ്വമായി ലഭിക്കുന്ന അവധി ദിവസങ്ങളില്‍, കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തത്ര ക്ഷീണിതനായിരുന്നു ഞാന്‍'- ഗൗരവ് പോസ്റ്റില്‍ പറയുന്നു.
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാന്‍ പരിമിതമായ ഒഴിവ് സമയം സഹായിക്കുന്നില്ലെന്ന് ഗൗരവ് പറയുന്നു.
'ഒരു പുതിയ നഗരത്തില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് ഞാന്‍ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല. കോളേജ് കാലമായിരുന്നോ ഏറ്റവും നല്ലത്? ഗൗരവ് പോസ്റ്റില്‍ ചോദിക്കുന്നു. കോളേജില്‍ നിന്ന് യഥാര്‍ത്ഥ ലോകത്തിലേക്കുള്ള മാനസികമായ മാറ്റം പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു'- ഗൗരവ് പറയുന്നു.
ഓണ്‍ലൈനില്‍ നിരവധി യുവ പ്രൊഫഷണലുകള്‍ ഈ പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് കമന്റ് ചെയ്തു. കോളേജ് കാലത്തിന് ശേഷം കരിയറിലേക്ക് പ്രവേശിക്കുമ്പോഴുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്ന് ചിലര്‍ കമന്റ് ചെയ്തു.
Content Highlights: First Year Post-Grad Job Struggles: A Young Professional`s Story