റഫാലും മിഗ്-29കെയും പറത്തുന്ന 'നാരീശക്തി', നേവിയുടെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്; ചരിത്രംകുറിച്ച് ആസ്ത

ഇന്ത്യൻ നാവികസേനയിൽ ചരിത്രംകുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. നാവികസേനയിൽ യുദ്ധവിമാനം പറത്താൻ പരിശീലനം നേടിയ ആദ്യ വനിതയെന്ന ബഹുമതിയാണ് ഈ ഉത്തർ പ്രദേശ് സ്വദേശിനിയെ തേടിയെത്തിയത്. ഇതോടെ, ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിൽനിന്ന് മിഗ്-29കെ, റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് എന്നിവ പറത്താൻ ആസ്തയ്ക്ക് സാധിക്കും.
നാവികസേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേവൽ ഏവിയേഷ ചരിത്രത്തിലെ പുതിയ അധ്യായം എന്ന കുറിപ്പോടെയാണ് നാവികസേന ഇക്കാര്യം അറിയിച്ചത്. ആസ്ത തന്റെ മേലുദ്യോഗസ്ഥൻ ലെഫ്റ്റനന്റ് അതുൽ കുമാർ ധുലിൽനിന്ന് വിങ്സ് ഓഫ് ഗോൾഡ് സ്വീകരിക്കുന്നതിന്റെ ചിത്രവും നാവികസേന പങ്കുവെച്ചിട്ടുണ്ട്.
ലിംഗസമത്വം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയും നാരീശക്തി പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം വളർത്തിയെടുക്കാനുമാണ് ശ്രമമെന്ന് നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിങ്ങനെ രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഇന്ത്യയ്ക്കുള്ളത്. മിഗ്-29 ഫൈറ്റർ ജെറ്റിന്റെ നാവിക പതിപ്പാണ് മിഗ്-29കെ.
Content Highlights: Sub Lt Astha Poonia Becomes 1st Woman To Be Trained As Navy Fighter Pilot