സമ്മാനങ്ങള്‍ നിരസിക്കുക, പെരുമാറ്റം ശ്രദ്ധിക്കണം; സിവില്‍ സര്‍വീസ് യോഗ്യത നേടിയവരോട് പരിശീലന സ്ഥാപനം

പുതുതായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കേണ്ട പെരുമാറ്റ രീതികളെ കുറിച്ച് ഉപദേശം നല്‍കി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍. സിവില്‍ സര്‍വീസ് യോഗ്യത നേടിയവരുടെ പരിശീലന അക്കാദമിയാണിത്
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്രത, അന്തസ്സ്, അച്ചടക്കം എന്നി പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിശദമായ ഉപദേശം നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അവരുടെ പൊതു പെരുമാറ്റം അവര്‍ ചേരാന്‍ പോകുന്ന സേവനങ്ങളുടെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുമെന്നും ഇതില്‍ പറയുന്നു. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാകാനുള്ള യാത്ര പരിശീലനത്തോടെയല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെടുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നുവെന്നും ഈ കുറിപ്പില്‍ പറയുന്നു.
പരിശീലനം ആരംഭിക്കാന്‍ കാത്തിരിക്കാതെ, ഈ ദിവസം മുതല്‍ തന്നെ ഒരു ഉദ്യോഗസ്ഥന് അനുയോജ്യമായ മാതൃകാപരമായ പെരുമാറ്റം പ്രകടിപ്പിക്കാന്‍ തുടങ്ങണമെന്നും ഉപദേശിക്കുന്നുണ്ട്
സിവില്‍ സര്‍വീസ് യോഗ്യത നേടിയവരില്‍നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റരീതികളില്‍ ചിലത് ഇവയാണ്:
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രത്തിന്റെ പൊതുമുഖമാണ്, അവരുടെ പെരുമാറ്റം നിരന്തരമായ പൊതുജന നിരീക്ഷണത്തിന് കീഴിലാണ്.
- പൊതുജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുമായി ഉചിതവുമായ ഇടപെടലുകള്‍ നിലനിര്‍ത്തണം.
- സമ്മാനങ്ങള്‍, ആതിഥ്യം തുടങ്ങിയ എല്ലാത്തരം പ്രലോഭനങ്ങളും നിരസിക്കുക.
- ലിംഗഭേദ സംവേദനക്ഷമത, കൃത്യനിഷ്ഠ, അനുകമ്പ എന്നിവ പ്രകടിപ്പിക്കുക.
- പൗരബോധമുള്ള പെരുമാറ്റവും വ്യക്തിഗത ശുചിത്വവും പാലിക്കുക.
- പൊതുവിടങ്ങളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.
- ലളിതവും സന്ദര്‍ഭോചിതവുമായ വസ്ത്രധാരണം നടത്തുക.
വരാനിരിക്കുന്ന തീവ്രമായ ശാരീരികവും അക്കാദമികവുമായ പരിശീലനത്തിന് തയ്യാറെടുക്കുന്നതിനായി ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാന്‍ തുടങ്ങാനും ഉദ്യോഗാര്‍ത്ഥികളോട് അക്കാദമി നിര്‍ദേശിച്ചു
Content Highlights: Civil Service Conduct Guidelines