വരാനിരിക്കുന്നത് മാസ് റിക്രൂട്ട്മെന്റ്:ബാങ്ക് ജോലിക്ക് സിബില്‍ സ്‌കോറും വിദ്യാഭ്യാസലോണും കെണിയാകുമോ?

#ഡോ.ടി.പി.സേതുമാധവൻ
Representational Image | Photo: freepik.com
Representational Image | Photo: freepik.com

ബാങ്ക് ജോലിക്ക് മികച്ച തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനിമുതല്‍ ജോലിലഭിക്കാന്‍ മികച്ച പരിശീലനം മാത്രം പോര, മികച്ച സിബില്‍ സ്‌കോര്‍കൂടി ഉണ്ടായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ (IBPS) ആണ് ബിരുദധാരികൾ, ബിരുദാനന്തര ബിരുദമുള്ളവർ, ഡോക്ടറേറ്റുള്ളവർ എന്നിവരെ ദേശസാൽകൃത, ഗ്രാമീണ ബാങ്കുകളിലേക്ക് ക്ലാസ് എ, ബി, സി, ഡി വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര റിക്രൂട്മെന്റ് ഏജൻസിയാണിത്. സമീപകാലത്തായി നിരവധി ബാങ്ക് റിക്രൂട്ട്‌മെന്റുകളാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ബാങ്ക് ജോലിക്ക് പ്രിയമേറുന്നുമുണ്ട്.

വേണം മികച്ച സിബില്‍ സ്‌കോര്‍
ബാങ്ക്‌ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കുകളില്‍ ബാധ്യതയില്ലെന്ന് ഉറപ്പുവരുത്താന്‍ നിശ്ചിത സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാക്കിയത് അടുത്തിടെയാണ്. കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ എങ്കിലും ഉള്ളവര്‍ക്കാണ് നിലവില്‍ യോഗ്യത. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങിക്കഴിഞ്ഞു. ഉദ്യോഗാര്‍ത്ഥിക്ക് അപേക്ഷിക്കുന്ന സമയത്ത് സാമ്പത്തിക ബാധ്യതയില്ലെന്നുറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി ബാങ്ക് ടെസ്റ്റിനുള്ള അപേക്ഷാ ഫോമില്‍ ക്രെഡിറ്റ് ഹിസ്റ്ററി എന്ന കോളം കൂടി പുതുതായി ചേര്‍ത്തിട്ടുണ്ട്‌. ബാങ്ക് അക്കൗണ്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക്‌  സിബിൽ സ്കോർ നിബന്ധനയില്ല.

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് കെണി? 
ഐബിപിഎസ് സെലക്ഷന് ശേഷം  സർവീസിൽ പ്രവേശിക്കുന്നതിനു മുമ്പ്  നിശ്ചിത സിബിൽ സ്‌കോറോ, ബാധ്യത രഹിത സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇത് പാലിക്കാത്തവരുടെ തൊഴിൽ നിയമന ഉത്തരവ് റദ്ദാക്കപ്പെടും. അടുത്തയിടെ പുറത്തിറങ്ങിയ ക്ലറിക്കൽ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ ഈ നിബന്ധന ഉൾപ്പെടുത്തിയിട്ടുണ്ട്‌. 20-28 വയസിനിടയില്‍ പ്രായത്തിലുള്ള ഉദ്യോഗാർത്ഥികളാണ് ബാങ്കിങ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നത്. ബാങ്ക് വായ്പയെടുത്തു പഠിച്ച വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധന പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍

വരാനിരിക്കുന്നത് മാസ് റിക്രൂട്ട്‌മെന്റ്
2024-25 ൽ 30000 ത്തോളം ഓഫീസർ, ക്ലറിക്കൽ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് വരാനിരിക്കുന്നത്. ബിരുദധാരികൾക്കുള്ള മികച്ച തൊഴിലവസരങ്ങളാണ് ബാങ്കുകൾ  ഒരുക്കുന്നത്. എന്നാൽ അപേക്ഷയോടൊപ്പമുള്ള അനാവശ്യ നിബന്ധനകൾ ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കും. സാധാരണയായി ജീവനക്കാർ റിട്ടയർ ചെയ്യുമ്പോഴാണ് റിട്ടയർമെൻറ് ആനുകൂല്യം ലഭിക്കാൻ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. റിക്രൂട്ടിട്മെന്റിന് മുമ്പുള്ള ഇത്തരം നടപടിക്രമങ്ങൾ ഉദ്യോഗാർത്ഥികളുടെ  മനോവീര്യം  തകർക്കാനേ ഉപകരിക്കൂ,

ബാങ്കിങ് തൊഴിലിനു അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്. സ്പെഷ്യലിസ്റ്റ് കേഡറിൽ  കൃഷി, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഐ ടി, നിയമ, അക്കൗണ്ടിംഗ് വിദഗ്ധരെ റിക്രൂട് ചെയ്യും. ക്ലറിക്കൽ കേഡറിൽ അപേക്ഷിക്കാൻ 20-28 വയസ്സാണ് പ്രായപരിധി. ഓഫീസർ തസ്തികയിലേക്ക് 30 -32 വയസ്സാണ് ഉയർന്ന പ്രായപരിധി. ഇത് ബാങ്കുകൾക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. സ്വകാര്യ ബാങ്കുകൾ ഇന്റർവ്യൂ വഴി മാത്രം സ്പെഷ്യലിസ്റ്റ് വിഭാഗക്കാരെ നിയമിക്കാറുണ്ട്. ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾ എഴുതുന്ന പരീക്ഷയാണ് ഐ ബി പി എസ്. സ്റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യയ്ക്കും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, സംസ്ഥാന തല സഹകരണ ബാങ്കുകൾക്കും പ്രത്യേകം റിക്രൂട്മെന്റ് ബോർഡുകളുണ്ട്.

ചിട്ടയോടെ തയ്യാറെടുക്കണം
ഐ ബി പി എസ്സാണ് ദേശസാൽകൃത ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്മെന്റ് നടത്തുന്നത്. മൂന്ന് തലങ്ങളിലായുള്ള റിക്രൂട്മെന്റ് പ്രക്രിയയിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നു.  പരീക്ഷയിൽ റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ്  അഭിരുചി, ഇംഗ്ലീഷ് , കമ്പ്യൂട്ടർ പരിജ്ഞാനം, പൊതുവിജ്ഞാനം എന്നെ വിഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 10 -12 ക്ലാസ്സുകളിലെ നിലവാരമുള്ള ചോദ്യങ്ങളായിരിക്കും. ഇംഗ്ലീഷ് ഗ്രാമർ നന്നായി പഠിച്ചിരിക്കണം. റീസണിംഗിൽ പ്രോബ്ലം സോൾവിങ് സ്കില്ലിനു പ്രാധാന്യം നൽകണം. കണക്കിലുള്ള അറിവ്  ക്വാണ്ടിറ്റേറ്റീവ് അഭിരുചിയിൽ മികച്ച സ്കോർ നേടാൻ ഉപകരിക്കും. പൊതുവിജ്ഞാനത്തിൽ സമ്പദ് വ്യവസ്ഥ, ഇക്കണോമിക്സ്, സാമ്പത്തിക ഉത്തേജന പാക്കേജ്, ബാങ്കിങ്, ഇൻഷുറൻസ് എന്നിവയെക്കുറിച് മികച്ച അറിവ് സ്വായത്തമാക്കണം. 

ബാങ്കിങ് റിക്രൂട്മെന്റിൽ വിജയം നേടാൻ ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഇതിനായി ഓൺലൈൻ, ഓഫ്‌ലൈൻ കോച്ചിങ് ലഭ്യമാണ്. മുൻവർഷങ്ങളിലെ പരമാവധി ചോദ്യങ്ങൾക്ക് നിശ്ചിത സമയത്തിനകം ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ടൈം മാനേജ്‌മന്റ് ഏറെ  പ്രധാനപ്പെട്ടതാണ് . കോച്ചിങ്ങിനുപകരിക്കുന്ന നിരവധി ടെക്സ്റ്റ് ബുക്കുകൾ ലഭ്യമാണ്. മലയാളികൾ കൂടുതലായി തഴയപ്പെടുന്നത് ഇന്റർവ്യൂവിലാണ്‌. പരമാവധി മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കണം. ഇന്റർവ്യൂവിന്റെ പ്രാഥമിക മര്യാദകൾ, ഡ്രസ്സ്കോഡ് എന്നിവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. തികഞ്ഞ ആത്മ വിശ്വാസം, പോസിറ്റീവ് മനോഭാവം എന്നിവ ഇന്റർവ്യൂവിൽ വിജയം സുനിശ്ചിതമാക്കും.   

അടുത്തയിടെ ബാങ്ക് ജോലിക്കപേക്ഷിക്കാൻ നിശ്ചിത സിബിൽ സ്കോർ വേണമെന്ന നിബന്ധന നിലവിലുണ്ട്. ഐ ബി പി എസ്സ്, ബാങ്ക് തൊഴിലിനായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ബാങ്കുകളിൽ ബാധ്യതയില്ലെന്ന് ഉറപ്പുവരുത്താൻ കുറഞ്ഞത് 650 എങ്കിലും സിബിൽ സ്കോർ ആവശ്യമാണ്.  ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കുന്ന സമയത്തു ബാധ്യതയില്ലെന്നുറപ്പുവരുത്തുകയാണ് ഇതിന്റെ ലക്‌ഷ്യം. ക്രെഡിറ്റ് ഹിസ്റ്ററി എന്ന കോളം അപേക്ഷാ ഫോമിൽ ഉൾപ്പെടുതായീട്ടുണ്ട്. ഐ ബി പി എസ് സെലക്ഷന് ശേഷം  സർവീസിൽ പ്രവേശിക്കുന്നതിനു മുമ്പ്  നിശ്ചിത സിബിൽ സ്‌കോറോ, ബാധ്യത രഹിത സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇത് പാലിക്കാത്തവരുടെ തൊഴിൽ നിയമന ഉത്തരവ് റദ്ദാക്കപ്പെടും.

തുടർച്ചയായ പരിശീലനം, ടൈം മാനേജ്‌മന്റ്, പരമാവധി ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തൽ, പത്രവായന, കമ്പ്യൂട്ടർ പരിജ്ഞാനം, അനലിറ്റിക്കൽ, ന്യൂമെറിക്കൽ, പ്രോബ്ലം സോൾവിങ് സ്കില്ലുകൾ, മികച്ച ആശയവിനിമയ ശേഷി എന്നിവ ബാങ്ക് തൊഴിലുകൾ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കും. ചില ബാങ്കുകൾ ക്യാമ്പസ് റിക്രൂട്മെന്റ് വഴിയും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുത്തു വരുന്നു.      

മികച്ച സ്കില്ലുകൾ കൈവരിക്കണം
ബാങ്കിങ് തൊഴിലിന് അപേക്ഷിക്കുന്നവർ അതിനുള്ള ഹോം വർക്ക് ബിരുദ പഠന കാലയളവിൽ ആരംഭിക്കണം. പതിവായി ഒരു ഇംഗ്ലീഷ് പത്രവും, മലയാളം പത്രവും വായിക്കണം. പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. പത്രങ്ങളിലെ ബാങ്കിങ്, സമ്പദ് വ്യവസ്ഥ, റിപ്പോനിരക്ക്, സെൻസെക്സ്, ബാങ്കിങ് ഉൽപ്പന്നങ്ങൾ, ഇ ബാങ്കിങ്, ബാങ്കിങ് സോഫ്റ്റ് വെയറുകൾ, സാമ്പത്തിക നയം, സാമ്പത്തിക മാന്ദ്യം,, ബജറ്റ് എന്നിവയെക്കുറിച് അറിഞ്ഞിരിക്കണം. മൊത്തം ആഭ്യന്തര ഉത്പാദനം, ഇക്കണോമിക് റിവ്യൂ എന്നിവ വായിച്ചിരിക്കണം. പത്രങ്ങളിലെ ധനകാര്യ പേജുകൾ നിർബന്ധമായും വായിക്കണം. ഒരു നോട്ട് ബുക്കിൽ പതിവായി കുറിപ്പുണ്ടാക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തണം. ഇത് ടൈം മാനേജ്‌മന്റ്, ലോജിക്കൽ, അനലിറ്റിക്കൽ റീസണിങ്, നൈപുണ്യം എന്നിവയെ സഹായിക്കും. ബാങ്കിങ് സോഫ്ട്‍വെയറുകൾ, സോഫ്ട്‍വെയർ ആസ് സർവീസ് എന്നിവയെക്കുറിച്ചും, ഇന്റർനെറ്റ്/ ഓൺലൈൻ ബാങ്കിങ്, ഇ ബാങ്കിങ്, ഇ അക്കൗണ്ടിംഗ് മുതലായവയെക്കുറിച്ചും അറിഞ്ഞിരിക്കണം.

ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം. നന്നായി  എഴുതാനും, സംസാരിക്കാനുമുള്ള ശേഷി കൈവരിക്കണം. ഇംഗ്ലീഷ് ഗ്രാമറിലുള്ള പ്രാവീണ്യം ഇംഗ്ലീഷ് പേപ്പറിൽ  മികച്ച മാർക്ക് നേടാൻ സഹായിക്കും. ഇന്റർ പേർസണൽ കമ്മ്യൂണിക്കേഷനിലും മികവ് പുലർത്തണം. കുറഞ്ഞത് രണ്ടു കമ്പ്യൂട്ടർ ഭാഷയെങ്കിലും അറിഞ്ഞിരിക്കണം. സി ++, ജാവ ഔട്ട് റീച്ച് , പൈത്തൺ,  ആർ എന്നിവ ഇവയിൽ ചിലതാണ്. നിരവധി ബാങ്കിങ് സോഫ്ട്‍വെയറുകളുമുണ്ട്.   ബിരുദപഠനത്തോടൊപ്പം മികച്ച ആഡ് ഓൺ കോഴ്സുകൾ ഓൺലൈനായി പഠിക്കാൻ ശ്രമിക്കണം. 6 മാസം വരെ കാലയളവുള്ള നിരവധി ഓൺലൈൻ ഹ്രസ്വകാല കോഴ്സുകളുണ്ട്. ഇവാ ടെക്നോളജി എനേബിൾഡ് പ്ലാറ്റുഫോമിൽ ലഭ്യമാണ്. Coursera , EdX , Future Learn, Udemy പ്ലാറ്റുഫോമുകളിൽ ഇവ  ലഭ്യമാണ്.

ടീം വർക്ക്, ആത്മ വിശ്വാസം, സുതാര്യത, വിശ്വാസ്യത, അനലിറ്റിക്കൽ/ ലോജിക്കൽ സ്കില്ലുകൾ, കമ്പ്യൂട്ടർ നൈപുണ്യം, ആശയായവിനിമയം, ബാങ്കിങ് ജോലിയോടുള്ള താല്പര്യം എന്നിവ ഉദ്യോഗാര്ഥിക്ക് അത്യന്താപേക്ഷിതമായി ആവശ്യമാണ്. ഇത് ഇന്റർവ്യൂവിനെയും  ഉദ്യോഗാർത്ഥികളെ സഹായിക്കും.ബാങ്കിങ് തൊഴിലുകളിൽ കൂടുതലായി റിക്രൂട്മെന്റ് ക്ലറിക്കൽ കേഡറിലാണ്. ഓഫീസർ കേഡറിൽ ഗ്രേഡ് എ, ബി വിഭാഗങ്ങളുണ്ട്. സ്പെഷ്യലിസ്റ് കേഡർ തൊഴിലിനനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

                 

Content Highlights: CIBIL Score Requirements to Apply for Bank Jobs