14 മണിക്കൂര്‍ വരെ ഒറ്റയ്ക്കുള്ള ചിട്ടയായ പഠനം; സി.എ പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ വര്‍ഷ അറോറ

ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സി.എ. (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്) പരീക്ഷയില്‍ രണ്ടാം സ്ഥാനമാണ് വര്‍ഷ അറോറ സ്വന്തമാക്കിയത്. 80 ശതമാനം മാര്‍ക്കോടെ. ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ എന്നിങ്ങനെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയുടെ എല്ലാ ശ്രമങ്ങള്‍ക്കും ആദ്യത്തെ തവണ തന്നെ നേട്ടം സ്വന്തമാക്കാന്‍ വര്‍ഷയ്ക്ക് സാധിച്ചു. 2019-ലാണ് സി.എ. ഫൗണ്ടേഷന്‍ പരീക്ഷയുടെ ആദ്യശ്രമത്തില്‍ 20-ാം റാങ്ക് വര്‍ഷ സ്വന്തമാക്കുന്നത്.
ഫൗണ്ടേഷന്‍ പരീക്ഷ വിജയിച്ചതിന് പിന്നില്‍ പ്ലസ്ടു വിഷയങ്ങള്‍ മനഃപാഠമാക്കിയതാണെന്ന് വര്‍ഷ പ്രതികരിച്ചു. "ഇന്റര്‍മീഡിയറ്റും ഫൈനലും കടക്കാന്‍ ഒരു പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നിരുന്നു. ഓഫ്‌ലൈനായാണ് പരിശീലനം ആരംഭിച്ചതെങ്കിലും പിന്നീട് കോവിഡ് വന്നതോടെ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുകയായിരുന്നു. ഇന്റര്‍ മീഡിയറ്റ് തലത്തില്‍ എട്ടു വിഷയങ്ങളില്‍ ആറ് വിഷയങ്ങള്‍ക്ക് പരിശീലനം തേടി. സി.എ. ഫൈനല്‍ പരീക്ഷയ്ക്ക് ആറില്‍ നാല് വിഷയങ്ങള്‍ക്കാണ് പരിശീലനം തേടിയത്. മൂന്ന് മണിക്കൂര്‍ നേരത്തോളം പരിശീലനം നീളുമായിരുന്നു." വര്‍ഷ പ്രതികരിച്ചു.
സ്വയം പഠിക്കാനായി എട്ട് മുതല്‍ 10 മണിക്കൂര്‍ വരെയാണ് മാറ്റിവെച്ചിരുന്നത്. അവസാന പരീക്ഷയ്ക്ക് കുറച്ചധികം സമയം മാറ്റിവെച്ചു. സി.എ. പരീക്ഷയ്ക്ക് മുന്‍പ് പഠിക്കുന്ന സമയം 12 മുതല്‍ 14 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്തിയാണ് ഈ നേട്ടത്തിലേക്ക് വര്‍ഷ എത്തിയത്.
ബിരുദത്തിന് ശേഷം യു.പി.എസ്.സി. ആണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സി.എയ്ക്ക് ചേര്‍ന്ന കൂട്ടുകാര്‍ നിര്‍ബന്ധിച്ചതോടെയാണ് സി.എ. പരിശീലനത്തിന് ചേരുന്നത്. സി.എ. പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി വരികയാണെന്നും വര്‍ഷ അഭിപ്രായപ്പെട്ടു. പരിശീലനത്തിനിടെ കൃത്യമായ ഇടവേളകളെടുക്കാനും വര്‍ഷ ശ്രദ്ധിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ 95 ശതമാനമാണ് വര്‍ഷ സ്വന്തമാക്കിയിരുന്നത്. വര്‍ഷയുടെ അച്ഛന്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ്‌സ് മാനേജറായി ജോലി നോക്കുകയാണ്.
Content Highlights: chartered accountancy topper varsha arora