ഏകീകൃത പെൻഷൻ നടപ്പാക്കുന്നതിങ്ങനെ; കൈയില്‍ എത്ര കിട്ടും, കണക്കുകൂട്ടാൻ ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതിയുടെ (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നിലവില്‍വരാനിരിക്കെ എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നത് സംബന്ധിച്ച് അറിയാം. പെന്‍ഷന്‍ കണക്കുകൂട്ടാന്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

• സേവനകാലാവധിയുടെ ദൈര്‍ഘ്യം

• ശരാശരി ശമ്പളം കണക്കാക്കുന്നത് സര്‍വീസ് കാലയളവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരമാവധി 25 വര്‍ഷം. 30 വര്‍ഷം സര്‍വീസുണ്ടെങ്കിലും 25 വര്‍ഷമേ കണക്കാക്കൂ.

• 25 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് ഒടുവിലത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലായിരിക്കും പെന്‍ഷന്‍.

•12 മാസത്തെ ശരാശരി ശമ്പളത്തെ രണ്ടുകൊണ്ട് ഹരിക്കണം. ഇതിനോട്‌, സേവനംചെയ്ത വർഷത്തെ സർവീസ് കാലയളവിനെ (മാസം)300 കൊണ്ട് ഹരിച്ച് കിട്ടുന്നതിനെ ഗുണിച്ചായിരിക്കും പെൻഷൻ കണക്കാക്കുന്നത്. ഉദാ: 20 വർഷം സർവീസുള്ള (240 മാസം) ഒരാളുടെ അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി 50000 രൂപയെന്നും ഇയാൾ കോർപ്പസ് ഫണ്ടിൽനിന്ന്‌ വായ്പയെടുത്തിട്ടില്ലെന്നും കരുതുക. എങ്കിൽ 50000/2x240/300 ഇതാണ് പെൻഷൻ എന്നു കരുതുക.

• ജീവനക്കാരന്റെയും സര്‍ക്കാരിന്റെയും വിഹിതം ചേര്‍ന്നുള്ള കോര്‍പ്പസ് ഫണ്ടില്‍നിന്ന് ജീവനക്കാരന്‍ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ പെന്‍ഷന്‍ ആനുപാതികമായി കുറയും.

• കോര്‍പ്പസ് ഫണ്ടില്‍ 30 ലക്ഷം രൂപയുണ്ടെന്നിരിക്കട്ടെ. പത്തുലക്ഷം വായ്പയെടുത്തെങ്കില്‍ പെന്‍ഷന്‍ ഇങ്ങനെ:

50000/2x240/300x 2000000/3000000 (പെൻഷൻ കുറയും)

• കോര്‍പ്പസ് ഫണ്ടിലെ ജീവനക്കാരുടെ വിഹിതമുപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നിേക്ഷപത്തിന്റെ ലാഭനഷ്ടവും പെന്‍ഷനെ ബാധിക്കും.

(വിവരണം ലഭ്യമായ പ്രാഥമികവിവരത്തിന്റെ അടിസ്ഥാനത്തില്‍)


 2004നുശേഷം ജോലിയില്‍ പ്രവേശിച്ച് വിരമിച്ചവര്‍ക്കുമാത്രമേ യു.പി.എസ്. പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. 25 വര്‍ഷം സേവനംചെയ്തവര്‍ക്കാണ് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ഉറപ്പാക്കുന്നത്. അതിനാല്‍ 2029-നുശേഷമേ കേന്ദ്രത്തിന് അത് നല്‍കേണ്ടിവരുന്നുള്ളൂ. സാമ്പത്തികബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലിടുന്ന പദ്ധതിയല്ല യു.പി.എസ്. എന്ന് കേന്ദ്രം ഉറപ്പിച്ചുപറയാന്‍ ഇതാണ് കാരണം. പദ്ധതി നടപ്പാക്കുന്ന ആദ്യവര്‍ഷം 6250 കോടി രൂപ കേന്ദ്രസര്‍ക്കാരിന് അധികമായി ചെലവാകും. കുടിശ്ശിക നല്‍കാന്‍ 800 കോടിയും വേണം. വരുംവര്‍ഷങ്ങളില്‍ ഇതില്‍ മാറ്റംവരും. എന്‍.പി.എസിലുള്ള 99 ശതമാനത്തിലേറെപ്പേരും യു.പി.എസിലേക്ക് മാറുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

മറ്റ് പ്രധാന വ്യവസ്ഥകള്‍

• പത്തിനും 25-നുമിടയില്‍ വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് ആനുപാതികമായി (പ്രോറാറ്റ അടിസ്ഥാനത്തില്‍) പെന്‍ഷന്‍ കുറയും

• ജീവനക്കാര്‍ മരിച്ചാല്‍, അവരുടെ പെന്‍ഷന്റെ 60 ശതമാനം കുടുംബപെന്‍ഷനായി നല്‍കും

• പത്തുവര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് 10,000 രൂപ മിനിമം പെന്‍ഷന്‍ ഉറപ്പാക്കും

• പെന്‍ഷനുകള്‍ക്കൊപ്പം ഡിയര്‍നെസ് റിലീഫുമുണ്ടാകും. വ്യവസായത്തൊഴിലാളികള്‍ക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയാകും ഇത്

• വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റിക്കുപുറമേ ഒരു ലംപ്സംതുകയുമുണ്ടാകും. പൂര്‍ത്തിയാക്കിയ ഓരോ ആറ്ുമാസത്തിനും വിരമിക്കുന്ന സമയത്തെ അടിസ്ഥാനശമ്പളവും ഡി.എ.യും കൂട്ടിയതിന്റെ പത്തിലൊന്ന് തുകവീതം കണക്കാക്കിയാണ് ഇത് നല്‍കുക.

എന്‍.പി.എസുണ്ടാക്കിയ ആഘാതം പരിഹരിക്കാനുള്ള നീക്കം

പഴയ പെന്‍ഷന്‍പദ്ധതിക്ക് (ഒ.പി.എസ്.) പകരം 2004 മുതല്‍ രാജ്യത്ത് നടപ്പാക്കിയ പുതിയ പെന്‍ഷന്‍പദ്ധതി (എന്‍.പി.എസ്.) ഉണ്ടാക്കിയ എതിര്‍പ്പും രാഷ്ട്രീയാഘാതങ്ങളും പരിഹരിക്കുന്നതിനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഏകീകൃത പെന്‍ഷന്‍പദ്ധതിക്ക് രൂപംകൊടുത്തത്.

പെന്‍ഷന്‍ഫണ്ടിലേക്കുള്ള സര്‍ക്കാര്‍വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കുന്ന യു.പി.എസ്. നടപ്പാക്കല്‍ മിക്കസംസ്ഥാനങ്ങള്‍ക്കും വലിയ സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ഏകീകൃത പെന്‍ഷന്‍പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളിസംഘടനകള്‍ കടുത്ത എതിര്‍പ്പിലാണ്. ജീവനക്കാര്‍ വിഹിതം നല്‍കേണ്ടതില്ലാത്ത പഴയ പെന്‍ഷന്‍പദ്ധതി (ഒ.പി.എസ്.) പുനസ്ഥാപിക്കണമെന്ന നിലപാടിലാണ് തൊഴിലാളിസംഘടനകള്‍.

അതേസമയം, നിശ്ചിത പെന്‍ഷന്‍, നിശ്ചിത കുടുംബപെന്‍ഷന്‍, നിശ്ചിത മിനിമം പെന്‍ഷന്‍, ഇന്‍ഫ്‌ലേഷന്‍ ഇന്‍ഡെക്സേഷന്‍, ഗ്രാറ്റുവിറ്റിക്കുപുറമേ വിരമിക്കല്‍സമയത്ത് നിശ്ചിത തുക ലഭിക്കല്‍ എന്നിങ്ങനെ അഞ്ച് പ്രധാന ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Content Highlights: Centre notifies unified pension scheme for employees-implementation-calculation