കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനം; ഡെപ്യൂട്ടേഷനും സ്ഥാനക്കയറ്റവും ക്രമീകരിക്കാൻ ബിൽ

ന്യൂഡൽഹി: സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാബൽ എന്നീ കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനങ്ങളും ഡെപ്യൂട്ടേഷനും സ്ഥാനക്കയറ്റവും ക്രമീകരിക്കുന്നതിനായി പുതിയ നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര സായുധസേനാ പൊതുഭരണ ബിൽ ആഭ്യന്തരമന്ത്രി അമിത്ഷാ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും.
ഗ്രൂപ്പ് എ ജനറൽ ഡ്യൂട്ടി ഓഫീസർമാർ ഉൾപ്പെടെയുള്ള ഓഫീസർമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച് നിലവിലുള്ള പൊതുചട്ടങ്ങളെ ക്രമീകരിക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു.
കേന്ദ്ര സേനകളിലെ ഐ.ജി.യോ അതിന് മുകളിലോ ഉള്ള തസ്തികകളിലേക്ക് ഇന്ത്യൻ പോലീസ് സേനയിൽനിന്ന് 50 ശതമാനം പേരെ ഡെപ്യൂട്ടേഷനിൽ നിയമിക്കാം. അഡീഷണൽ ഡയറക്ടർജനറൽ തസ്തികകളിലേക്ക് കുറഞ്ഞത് 67 ശതമാനം പേരെ ഡെപ്യൂട്ടേഷനിൽ നിയമിക്കാം. സ്പെഷ്യൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ തസ്തികകളിലേക്കുള്ള നിയമനം പൂർണമായും ഡെപ്യൂട്ടേഷൻ വഴിയായിരിക്കണം.
കേന്ദ്ര സേനകളിലേക്കുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നിയമനം കുറയ്ക്കാനും ആറുമാസത്തിലൊരിക്കൽ കേഡർ റിവ്യൂ നടത്താനും നിർദേശിച്ച് കഴിഞ്ഞവർഷം ഒക്ടോബറിൽ സുപ്രീംകോടതി ഇറക്കിയ ഉത്തരവിനെ മറികടക്കാനാണ് പുതിയ നിയമനിർമാണത്തിന് കേന്ദ്രം ഒരുങ്ങുന്നത്.
ഉത്തരവിനെതിരായ കേന്ദ്രത്തിന്റെ ഹർജി കോടതി തള്ളിയിരുന്നു. കേന്ദ്ര സേനകളിലേക്കുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നിയമനം സംബന്ധിച്ച് നിലവിലുള്ള സംവിധാനം നിലനിർത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള മികച്ച ഏകോപനമുറപ്പാക്കാനും ലക്ഷ്യമിടുന്നതായി സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു.
കോർപ്പറേറ്റ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ
ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡ്, കമ്പനി നിയമം, എൽ.എൽ.പി. നിയമം, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ചട്ടങ്ങൾ മുതലായവയിൽ ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള കോർപ്പറേറ്റ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിക്കും. ധനകാര്യബില്ലും അവതരിപ്പിക്കും.
Content Highlights: Introduction of the Central Armed Police Forces General Administration Bill., Proposed 50% deputation for IG level and above from IPS cadre., Aims to regulate recruitment and service conditions for Group A officers., Strategic move to address Supreme Court directives on cadre review.