‘ശമ്പളം ഒരുലക്ഷത്തിൽ താഴെയെങ്കിൽ ബെംഗളൂരുവിലേക്ക് വരരുത്’; ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയുള്ള റീൽ വൈറൽ

പ്രതീകാത്മക ചിത്രം| AI generated
പ്രതീകാത്മക ചിത്രം| AI generated

ബെംഗളൂരു: ശമ്പളം ഒരുലക്ഷം രൂപയിൽ താഴെയാണെങ്കിൽ ബെംഗളൂരുവിൽ ജോലിക്കു വരരുതെന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ. നഗരത്തിലെ ഒരു കമ്പനിയിൽ പ്രൊഡക്‌ഷൻ മാനേജരായി പ്രവർത്തിക്കുന്ന ശിവാങ്ക് ഗോയൽ ബെംഗളൂരുവിലെ ജീവിതച്ചെലവ് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ റീലാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

20 ലക്ഷത്തോളം പേർ കണ്ട റീലിന് ഒരുലക്ഷത്തോളം ലൈക്കും കിട്ടി. കമന്റിട്ടവരിൽ പലരും നിരീക്ഷണം ശരിവെച്ചു. ചിലർ വിയോജിച്ചു.

ബെംഗളൂരുവിൽ നേരംപോക്കുകൾ എന്നാൽ കഫേകളാണെന്നും പോക്കറ്റ് കാലിയാകുമെന്നുമാണ് ശിവാങ്ക് ഗോയൽ പറയുന്നത്. എല്ലാ പരിപാടികൾക്കും ടിക്കറ്റെടുക്കണം. വരിസംഖ്യനൽകാതെ ഹോബികളില്ല. വാടകവീടിന് രണ്ടുലക്ഷം രൂപ സുരക്ഷാനിക്ഷേപം നൽകുന്നത് ചോദ്യംചെയ്യാതെ സമ്മതിക്കേണ്ടിവരും. അഞ്ചുകിലോമീറ്റർ ടാക്സിയിൽ യാത്രചെയ്യാൻ 600 രൂപ വേണം. ഒരു മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെടും. വാർഷിക വരുമാനം 12 ലക്ഷം രൂപയാണെങ്കിലും നാലുലക്ഷത്തിന്റെ മതിപ്പുമാത്രമേയുണ്ടാകുകയുള്ളൂ. വീടിന് പുറത്തിറങ്ങിയാൽത്തന്നെ വലിയ ചെലവാണ്.

പണം വാങ്ങാതെ ചെലവഴിക്കാൻ സാധിക്കുന്ന കബൺ പാർക്കിലേക്ക് പോകുന്നതും വലിയ ബുദ്ധിമുട്ടാണെന്നും റീലിൽ പറയുന്നു. അതിന് ഒരുദിവസം മുൻപുതന്നെ ആസൂത്രണം ചെയ്യണമെന്നും നാലു മണിക്കൂർ പോയിക്കിട്ടുമെന്നുമാണ് ഇതേക്കുറിച്ച് പറയുന്നത്. അതേസമയം, ബെംഗളൂരുവിലെ കാലാവസ്ഥ നല്ലതാണെന്നു പറഞ്ഞാണ് റീൽ അവസാനിപ്പിക്കുന്നത്.

ഈ അഭിപ്രായം ബെംഗളൂരുവിലേക്ക് വരാൻശ്രമിക്കുന്ന സുഹൃത്തുക്കളോട് തങ്ങൾ പറയുന്നതാണെന്ന് പലരും പ്രതികരിച്ചു. പത്തുദിവസത്തിൽ ഒരുമാസത്തെ ശമ്പളം തീരുന്നെന്ന് മറ്റൊരാൾ പ്രതികരിച്ചു. വീട്ടുവാടകയടക്കം ബെംഗളൂരു നഗരത്തിലെ ജീവിതച്ചെലവ് ഏതാനും വർഷങ്ങൾക്കുള്ളിൽ കുതിച്ചുയർന്നിട്ടുണ്ട്. ഓരോ വർഷവും അഞ്ചുമുതൽ 10 ശതമാനംവരെയാണ് വാടകവർധന വരുത്തുന്നത്. വീട് ഒഴിയുമ്പോൾ നിക്ഷേപത്തുക തിരിച്ചുനൽകാത്തതും പതിവാണ്. ചെറിയ ക്ലിനിക്കുകളിൽപ്പോലും വൻചാർജ് ഈടാക്കുന്നതിനാൽ ചികിത്സാച്ചെലവും കൂടുതലാണ്.

Content Highlights: A viral Instagram reel by production manager Shivank Goyal highlights the high cost of living in Bangalore.