'അഞ്ചുവര്‍ഷം ജോലി ചെയ്യാമല്ലോ'; 55-ാം വയസ്സില്‍ ജയന്തിക്ക് പി.എസ്.സി. നിയമനം

'അഞ്ചുവര്‍ഷം ജോലി ചെയ്യാമല്ലോ'. പി.എസ്.സി. നിയമന ഉത്തരവ് കൈയില്‍ കിട്ടിയപ്പോള്‍ 55 വയസ്സുള്ള ജയന്തിയുടെ ആദ്യ പ്രതികരണമാണിത്. ഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. പേരക്കുട്ടിക്ക് ആറുവയസ്സായി. ഇപ്പോഴാണ് ജോലി കിട്ടുന്നത്. വനിതശിശുവികസനവകുപ്പിന്റെ പരപ്പ കോളിച്ചാല്‍ കാര്യാലയത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറായി ജയന്തി ജോലിയില്‍ പ്രവേശിച്ചു.
നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി. ജയന്തി അങ്കണവാടി അധ്യാപികയായിരുന്നു. നീലേശ്വരം രാങ്കണ്ടം അങ്കണവാടിയില്‍ 22 വര്‍ഷമായി ജോലിചെയ്യുന്നു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത ബിരുദമാണ്. എസ്.എസ്.എല്‍.സി. മാത്രം യോഗ്യതയുള്ള ജയന്തിക്ക് 36 വയസ്സിനു മുന്‍പേ അപേക്ഷ അയക്കാനായില്ല. എന്നാല്‍ അങ്കണവാടി അധ്യാപികയായി പത്തുവര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകും. പ്രായം 50-ല്‍ താഴെയായിരിക്കണം. ഈ ആനുകൂല്യമാണ് ജയന്തിക്ക് തുണയായത്.
32-ാം വയസ്സിലാണ് അങ്കണവാടി അധ്യാപികയായി ജോലികിട്ടുന്നത്. നീലേശ്വരം ബ്ലോക്കില്‍ നടന്ന അഭിമുഖത്തിലൂടെയായിരുന്നു നിയമനം. ജോലിയില്‍ പ്രവേശിച്ച് മൂന്നുവര്‍ഷം കഴിയുന്ന സമയത്ത് പി.എസ്.സി. വിജ്ഞാപനമുണ്ടായിരുന്നു. ചുരുങ്ങിയത് പത്തുവര്‍ഷം സര്‍വീസ് വേണ്ടതിനാല്‍ അന്ന് അപേക്ഷ നല്‍കാനായില്ല. പിന്നീട് വിജ്ഞാപനമുണ്ടായത് 2019-ലാണ്. 2021-ല്‍ പരീക്ഷ എഴുതി. 2022-ല്‍ റാങ്ക് പട്ടിക വന്നു. പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞ് നിയമനവും.
യക്ഷഗാന കലാകാരനായ ഗോപാലകൃഷ്ണന്റെയും ശ്രീദേവിയുടെയും മകളാണ് ജയന്തി. ഭര്‍ത്താവ് എന്‍.വി. വിജയന്‍ ആരോഗ്യവകുപ്പില്‍നിന്നാണ് വിരമിച്ചത്. മക്കള്‍: വിജിത, ജ്യുതി.
Content Highlights: 55 year old gets govt job