'എല്ലായിടത്തും എക്‌സ്പീരിയൻസ് ചോദിച്ചത് തളർത്തി, ആരെങ്കിലും ജോലി തന്നാലല്ലേ ഈ പറഞ്ഞതുണ്ടാവൂ

Sneha Sabu
Sneha Sabu

'മാർക്വിസ് ഹു ഈസ് ഹു' എന്നൊരു പുസതകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?  യു.എസിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ലോകമെമ്പാടുമുള്ള അതിപ്രശസ്തരുടെ ജീവചരിത്രം ഉൾപ്പെടുന്ന 120 വർഷത്തിന് മേലെ പഴക്കമുള്ള അമേരിക്കൻ പുസ്തകമാണത്. ആ പുസ്തകത്തിൽ 2021-ൽ ഒരു കോട്ടയംകാരിയും ഉൾപ്പെട്ടു. കോട്ടയം കങ്ങഴ സ്വദേശി സ്‌നേഹസാബു.

കോവിഡ്‌ മഹാമാരിക്കിടെ എല്ലാ മേഖലകളിലും അടച്ചിടൽ ഭീഷണി നേരിടുന്ന കാലത്ത് ഓസ്‌ട്രേലിയൻ സർക്കാരിന് വേണ്ടി സ്‌നേഹ അവതരിപ്പിച്ച പാൻഡമിക് പ്രയററ്റൈസേഷൻ മെട്രിക്‌സ് ഏറെ ശ്രദ്ധ നേടി. 60 പ്രാദേശിക കൗൺസിലിലേക്കും  ന്യൂ സൗത്ത് വെയ്ൽസ് ഈ നിർദേശങ്ങളും മാനദണ്ഡങ്ങളും വ്യാപിപ്പിച്ചത് സ്‌നേഹയുടെ മികവിനുദാഹരണമാണ്. നഗരാസൂത്രണമേഖലയിലെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമാണ്ഇതിനോടകം തന്നെ അവരെത്തേടിയെത്തിയത്.

കേരളത്തിൽ നിന്നും ഓസ്‌ട്രേലിയയിലെത്തി കുറഞ്ഞകാലം കൊണ്ട് സ്വന്തമായൊരു കരിയർ മേഖല കെട്ടിപ്പടുത്ത കഥപറയുകയാണ് സ്‌നേഹസാബു

സ്‌നേഹ സാബു എങ്ങനെയാണ് ഓസ്‌ട്രേലിയയിൽ ഇത്ര ഉയരത്തിലൊരു കരിയർ സ്വന്തമാക്കിയത്?
കോട്ടയം കങ്ങഴയാണ് എന്റെ നാട്. ചെറിയൊരു ഗ്രാമം. ശരിക്ക് എന്റെ ജോലിക്ക് ഏറ്റവും സഹായകമായത് ആ ഗ്രാമീണജീവിതമാണ്. അറിയാനുള്ള ആഗ്രഹവും പ്രതിസന്ധികൾ വരുമ്പോൾ തളരാതെ മുന്നേറാനുള്ള ആർജവവും എനിക്ക് ലഭിച്ചത് അവിടെനിന്നാണ്. മാറ്റങ്ങൾ ഉൾകൊള്ളാനും അതിനനുസരിച്ച് ജോലിയിൽ കരുത്താർജിക്കാനും കോട്ടയം എന്നെ പ്രാപ്തയാക്കി എന്നുവേണം പറയാൻ. 

പത്ത് വർഷത്തിലധികമായി ഓസ്ട്രേലിയൻ സർക്കാരിന് കീഴിൽ ജോലി ആരംഭിച്ചിട്ട്. കോർപറേറ്റ് പ്ലാനിങ്ങിലാണ് ജോലി ചെയ്യുന്നത്. നമ്മുടെ നാട്ടിലേതിനേക്കാൾ തീർത്തും വ്യത്യസ്തമായ തൊഴിൽ മേഖലയാണിത്. മുൻപ് ജോലി ചെയ്തതും ഇതേ മേഖലയിലായതിനാൽ ജോലി അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. മാത്രമല്ല, സമൂഹത്തിന്റെ ഭാവി വിഭാവനം ചെയ്യുക, അതിലൂടെ വരുംതലമുറയുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക.... അത് നമുക്കൊരു അവസരമാണ്.. ഞാനത് ആസ്വദിക്കുന്നുണ്ട്. 

കോട്ടയം സി.എം.എസ്. കോളേജിൽനിന്ന് ഓസ്ട്രേലിയ വരെ  നീണ്ട ആ കരിയർ യാത്ര എങ്ങനെയായിരുന്നു
കോട്ടയം സി.എം.എസ്. കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പതിനെട്ടാം വയസിലായിരുന്നു എന്റെ ആദ്യ ജോലി. കുട്ടികളുടെ മാഗസിനിൽ സബ് എഡിറ്ററായിട്ടായിരുന്നു ജോലി. അവിടെ വെച്ചാണ് കുട്ടികൾക്ക് വേണ്ടിയുള്ള കഥളെഴുതാൻ തുടങ്ങിയത്. പിന്നെ വിവിധ ടിവി ചാനലുകളിൽ അവതാരകയായി. ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളേജിലാണ് ഞാൻ എം.എ. മാസ്‌കമ്യൂണിക്കേഷൻ ചെയ്തത്. ഒന്നാം റാങ്ക് ലഭിച്ചിരുന്നു. കോളേജ് കാമ്പസ് ശരിക്കും എന്നെ മാറ്റി മറിച്ചു. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ കാമ്പസ് എന്നെ ഒരുപാട് സഹായിച്ചു. വിദേശവിദ്യാർഥികൾ അക്കാലത്ത് എം.സി.സിയിൽ ധാരാളമുണ്ടായിരുന്നു.

23-ാം വയസിൽ ഒരു മീഡിയാ പ്രൊഡക്ഷൻ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയെങ്കിലും രാജിവെച്ചു. പിന്നെ ചില പ്രൊജക്ടുകൾ ചെയ്തുവരവേയാണ് കോർപറേറ്റ് പ്ലാനർ തസ്തികയിലേക്ക് ഒരു പത്രപ്പരസ്യം കണ്ടത്. എന്താണ് ജോലിയെന്നോ എന്താണീ കോർപറേറ്റ് പ്ലാനറെന്നോ വലിയ ധാരണയൊന്നും ഇല്ല. പക്ഷേ, ജോലി രാജിവെച്ച ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയോർത്ത് ഞാൻ ജോലിക്ക് അപേക്ഷിച്ചു.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വേൾഡ് വിഷൻ ഇന്ത്യ എന്ന എൻ.ജി.ഒ. സ്ഥാപനത്തിലാണ് ജോലി ലഭിച്ചത്. ജനങ്ങളോടും പലതരം ജീവിതങ്ങളോടുമുള്ള ഐക്യപ്പെടൽ കൂടിയായിരുന്നു ആ ഇടം. ജീവിതമെന്താണെന്നറിഞ്ഞത് ആ കാലത്താണ്. പട്ടിണി, ശിശുമരണങ്ങൾ, പോഷകാഹാരക്കുറവ്, വിവിധ രോഗങ്ങളുമായി കഴിയുന്നവർ, ബാലവേല... തുടങ്ങി നിരവധി സാമൂഹ്യപ്രശ്നങ്ങൾ അടുത്തറിയുന്നത് അക്കാലത്താണ്. 

വിവാഹം കഴിഞ്ഞതോടെ 2009-ൽ ഓസ്‌ട്രേലിയയിലേക്കു താമസം മാറ്റി. അവിചാരിതമായിട്ടാണ് കോർപറേറ്റ് പ്ലാനിങ് എന്ന മേഖലയിലെത്തിയെങ്കിലും ഇതാണെന്റെ കരിയർ എന്ന്‌ അപ്പോഴേക്കും ഞാൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലും അത്തരം ജോലികളായിരുന്നു ഞാൻ അന്വേഷിച്ചത്. 

ആ യാത്ര എളുപ്പമായിരുന്നോ? 

അമിതപ്രതീക്ഷയുമായാണ് ഞാനാദ്യമായി ജോലിക്കെത്തിയത്. ഫുൾ ഓൺ പോസിറ്റീവ്, അതുകൊണ്ട് വരുമ്പോൾ പേടിയില്ലായിരുന്നു. മുൻപ് പല മേഖലകളിലും ജോലി ചെയ്തത് കൊണ്ട് ഇതും എളുപ്പമായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, സംഗതി അത്ര എളുപ്പമല്ലായിരുന്നു. മുൻപ് ഇന്ത്യയിൽ ജോലി ചെയ്തിരുന്നപ്പോഴും തൊഴിൽ ആവശ്യാർത്ഥം പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ടായിരുന്നു. എന്നിട്ടും തുടക്കകാലം അത്ര എളുപ്പമായില്ല.

കോർപറേറ്റ് പ്ലാനിങ് എനിക്കേറ്റവും പ്രിയപ്പെട്ട മേഖലയായിരുന്നു. പക്ഷേ, എല്ലായിടത്തും ലോക്കൽ വർക്ക് എക്സ്പീരിയൻസ് ചോദിച്ചത് എന്നെ തളർത്തി. 
ഓസ്‌ട്രേലിയയിൽ ആരെങ്കിലും ജോലി തന്നാലല്ലേ എക്സ്പീരിയൻസുണ്ടാവൂ. അത് കിട്ടാൻ അത്ര എളുപ്പമായിരുന്നില്ല. പിന്നെ ഒരു കമ്പനിയിൽ വളണ്ടിയറായി ജോലി ചെയ്തു. പത്ത് പതിനഞ്ചുവർഷം ജോലി ചെയ്തിട്ടാണ് ഇങ്ങോട്ട് വന്ന് വളണ്ടിയർ ജോലി ചെയ്യുന്നത്. അത്  കുറച്ച് മാനസിക പ്രയാസമുണ്ടാക്കി. പക്ഷേ ലോക്കൽ എക്സ്പീരിയൻസ് ലഭിക്കാൻ മറ്റ് മാർഗങ്ങളില്ലായിരുന്നു. അത് വെച്ച് ആദ്യമായി ഒരു ജോലിക്ക് കയറി, ചെറിയ ശമ്പളത്തിൽ. സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കുക എന്നതേ അപ്പോൾ ചെയ്യാനുണ്ടായിരുന്നുള്ളൂ. പതിയെ പതിയെ നല്ല ജോലികൾ തേടിയെത്താൻ തുടങ്ങി. അവസരങ്ങൾ, കൂടുതൽ ശമ്പളം.... അതിനിടെ ബാങ്കോക്കിൽ നടന്ന യു.എൻ. പോസ്റ്റ് എം.ഡി.ജി. ചർച്ചയിൽ പങ്കെടുത്തു. അത്തരം അവസരങ്ങൾ സ്വയം പാകപ്പെടുത്താൻ എന്നെ പ്രാപ്തയാക്കി. 

ഞാനിങ്ങനെയൊക്കെയാണ്, അതുകൊണ്ട് ഞാൻ ഇന്നതേ ചെയ്യൂ ഇന്നത് ചെയ്യില്ല എന്ന രീതി ശരിയല്ല. Try to fit in to the context. അവസരങ്ങൾക്കൊത്ത് പ്രവർത്തിക്കുക, മാറ്റങ്ങൾക്കനുസൃതമായി സ്വയം നവീകരിക്കുക. അങ്ങനെയേ മുന്നേറാൻ സാധിക്കൂ. 

പിന്നീട് രണ്ടുവർഷം തായ്‌ലൻഡിൽ. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വർധിച്ചു വരുന്ന വീടില്ലാത്തവരുടെ എണ്ണം കുറയ്ക്കാനും ഇവർക്കു പുനരധിവാസം ഉറപ്പാക്കാനുമായിരുന്നു ആ പ്രൊജക്ട്. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്റർനാഷണൽ എന്ന എൻ.ജി.ഒ നടത്തുന്ന പദ്ധതിയായിരുന്നു അത്. അഞ്ച് റൗണ്ടായിരുന്നു ഇന്റർവ്യൂ. ഒടുക്കം സ്ട്രാറ്റജിക് മാനേജ്മെന്റ് അസോസിയേറ്റ് ഡയറക്ടറായി നിയമനം ലഭിച്ചു. 

കോവിഡ് കാലത്ത് ഓസ്‌ട്രേലിയൻ സർക്കാരിനായി ചെയ്ത പാൻഡമിക് പ്രയോററ്റൈസേഷൻ മെട്രിക്‌സ് ഏറെ അഭിനന്ദനങ്ങൾ നേടിത്തന്നിരുന്നല്ലോ. എന്തൊക്കെ കാര്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്?

ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആവശ്യാർത്ഥം ന്യൂ സൗത്ത് വെയിൽസിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മഹാമാരിയുടെ കാലത്തും സുഗമമായി പ്രവർത്തിക്കാനാവശ്യമായ ചില കരുതലുകളും മാനദണ്ഡങ്ങളുമായിരുന്നു പാൻഡമിക് പ്രയോററ്റൈസേഷൻ മെട്രിക്‌സിൽ ഉൾപ്പെടുത്തിയിരുന്നത്. അവരുടെ വരുമാനത്തിനെയോ ദൈനംദിനപ്രവർത്തനങ്ങളെയോ ബാധിക്കാതെ കോവിഡിൽ നിന്നും അകലം പാലിച്ച് എങ്ങനെ പ്രവർത്തിക്കാമെന്ന നിർദേശങ്ങളായിരുന്നു കൂടുതലും. 

ഓരോ മാസവും ഓരോ രാജ്യങ്ങൾ, യാത്രകൾ, അതിനിടയിൽ പഠനം...

ബാങ്കോക്കിലുണ്ടായിരുന്ന ആ രണ്ട് വർഷക്കാലം എന്നെ നന്നായി സ്വാധീനിച്ചു. പ്രൊജക്ടിന്റെ ഭാഗമായി 18 രാജ്യങ്ങളുടെ ചുമതലയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മീറ്റിങ്ങുകൾക്കും മറ്റുമായി പല രാജ്യങ്ങൾ സന്ദർശിക്കേണ്ടിയിരുന്നു. ആ യാത്രകൾ ഞാൻ ശരിക്കും ആസ്വദിച്ചു. പക്ഷേ, കുടുംബവും ജോലിയും ബാലൻസ് ചെയ്യാനാവാതായതോടെ 2013- ൽ വീണ്ടും ഓസ്‌ട്രേലിയയിൽ തിരിച്ചെത്തി. 

ഇതിനിടയിൽ തന്നെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ്, ഹാർവഡ് ബിസിനസ് സ്‌കൂൾ, ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നു  കോഴ്സുകളും ചെയ്തു. പല വിഷയങ്ങളിലുള്ള പഠനങ്ങൾ നമ്മുടെ ജീവിതത്തെ നന്നായി സ്വാധീനിക്കുമെന്ന് അനുഭവത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു. മാത്രമല്ല അപ് ടു ഡേറ്റാവാനും പഠനങ്ങൾ സഹായിക്കുന്നു. പുതിയ കോഴ്സുകൾക്കായി ഇപ്പോഴും രജിസ്റ്റർ ചെയ്യാറുണ്ട്. 

ജോലി, പഠനം, കുടുംബം....എങ്ങനെ മാനേജ് ചെയ്യുന്നു?

സത്യം പറഞ്ഞാൽ ഇതെല്ലാം കൂടി കൊണ്ട് പോവുക എന്ന് പറയുന്നത് ശരിക്കും ഒരു വെല്ലുവിളിയാണ്. അങ്ങനെ അല്ലെന്ന് പറഞ്ഞാൽ ചിലപ്പോഴത് കളളമാകും. ചിലയിടങ്ങളിൽ കോംപ്രമൈസ് ചെയ്യാൻ നമ്മൾ നിർബന്ധിതരാവും. യാത്രകൾ, മണിക്കൂറുകളോളം ജോലി... എല്ലാം കൂടി വരുമ്പോൾ നല്ല സമ്മർദം വരും. അതെവിടെയെങ്കിലുമൊന്ന് ഇറക്കിവെച്ചാലല്ലേ മുന്നോട്ട് പ്രയാണം സാധ്യമാകൂ...എനിക്കത് എഴുത്തും വരകളുമായിരുന്നു. എന്റെ സമ്മർദത്തിൽ നിന്നുണ്ടാവുന്ന പ്രൊഡക്ടുകളാണ് എന്റെ ക്രിയേറ്റീവ് വർക്കുകൾ. 

കഴിഞ്ഞ മാസമാണ് കുട്ടികൾക്കുള്ള ഏറ്റവും പുതിയ പുസ്തകമായ ' സ്റ്റേ സേഫ് വിത്ത് റൂബി& റൂബൻ'പുറത്തിറങ്ങിയത്‌. ലൈംഗിക ചൂഷണത്തിനെതിരെയുള്ള ബോധവത്കരണമാണ് പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. അത് കുട്ടികൾക്ക് മനസിലാകുന്ന അവരുടെ ഭാഷയിലാണ് എഴുതിയത്. 

ധാരാളം തൊഴിൽ സാധ്യതകളാണ് വിദേശരാജ്യങ്ങളിലുള്ളത്. അവരോടായി എന്താണ് പറയാനുള്ളത്?

വിദേശരാജ്യങ്ങളിൽ ധാരാളം തൊഴിലവസരങ്ങളാണുള്ളത്. പക്ഷേ, അത് ലഭിക്കുക എന്നത് നമ്മുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് ആഡ് ഓൺ ക്വാളിഫിക്കേഷനുകളെയും ആശ്രയിച്ചിരിക്കും. നമ്മുടെ ജോലിയ്ക്കും എക്‌സിപീരിയൻസിനും അനുസരിച്ചുള്ള ജോലി ഏതൊക്കെ രാജ്യത്തുണ്ടെന്നും എത്രമാത്രം അവസരങ്ങളുണ്ടെന്നുമുള്ള ധാരണ ആദ്യമേ ഉണ്ടായിരിക്കണം. ഒരു എൻജിനീയർക്ക് ജോലി കിട്ടുന്നത്ര എളുപ്പമായിരിക്കില്ല ആർട്‌സ് ബേസ്ഡ് സബ്ജക്ട് പഠിച്ച ഒരാൾക്ക് ജോലി കിട്ടാൻ. അതുകൊണ്ട്  ലഭ്യമാവുന്ന ജോലികൾക്കനുസരിച്ച് നമ്മെ പാകപ്പെടുത്തുക എന്നതാണ് പിന്നെ ചെയ്യാനുള്ളത്. 

കോട്ടയം കങ്ങഴ ഇളംതുരുത്ത് കുടുംബാംഗമാണ് സ്‌നേഹസാബു. അച്ഛൻ സാബു തോമസ്. അമ്മ സുധ സാബു. സിറിയക് ആണ് സഹോദരൻ. ഭർത്താവ് വിനു തോമസ് ഓസ്‌ട്രേലിയയിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നു. 

Content Highlights: Sneha Sabu, Marquis Who’s Who, Australia, covid pandemic prioritization metrics