ഐഡിയ ഉണ്ടോ പോക്കറ്റില്‍? സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ അവസരങ്ങളേറെ!

#ഡോ.ടി.പി സേതുമാധവന്‍
Representational Image | Freepik.com (credit hyperlinked below)
Representational Image | Freepik.com (credit hyperlinked below)

നിങ്ങളുടെ മനസ്സില്‍ മികച്ച ആശയമുണ്ടോ? സംരംഭകനാകാന്‍ താത്പര്യമുണ്ടോ? ഇനി മടിക്കേണ്ട! ഏറെ സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. രാജ്യത്ത് അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ സംരംഭകരാകുന്ന പ്രവണത വര്‍ധിച്ചു വരുന്നു. നിരവധി  സ്റ്റാര്‍ട്ടപ്പുകളാണ് ക്യാമ്പസുകളില്‍ നിന്ന് രൂപപ്പെട്ടുവരുന്നത്. ദേശീയ, സംസ്ഥാന തലങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളുണ്ട്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയില്‍ ധനസഹായത്തിനു അപേക്ഷിക്കാം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്‌കീമില്‍ പത്ത് ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. 

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിലൂടെ സംരംഭങ്ങള്‍ വികസിപ്പിക്കാം. ഏയ്ഞ്ചല്‍, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകള്‍, ബാങ്ക് വായ്പ എന്നിവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. കേന്ദ്രകാര്‍ഷിക മന്ത്രാലയം ഇന്നോവേഷന്‍ & അഗ്രി സംരംഭകത്വ പദ്ധതി രാഷ്ട്രീയ കൃഷി വികസന യോജനയുടെ ഭാഗമായി നടപ്പിലാക്കിവരുന്നുണ്ട്. ഇതിലൂടെ സംരംഭകത്വത്തിനും അഗ്രിബിസിനസ്സിനും ഉതകുന്ന നിരവധി പദ്ധതികളുണ്ട്. ഇതിലുള്‍പ്പെടുത്തി സ്റ്റാര്‍ട്ടപ്പുകള്‍ക്കു സീഡ് ഫണ്ടുകള്‍, സംരംഭകത്വ ബോധവത്കരണം, മികച്ച ആശയങ്ങള്‍ക്കുള്ള പ്രോത്സാഹനം, പ്രീ സീഡ് ഫണ്ടുകള്‍ എന്നിവ ലഭിക്കും. 25 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. 

കാര്‍ഷിക മേഖലയില്‍ സംസ്‌കരണം,  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍, യന്ത്രവല്‍ക്കരണം, മാലിന്യ സംസ്‌കരണം, ക്ഷീര, ഫിഷറീസ് മേഖലകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ കൂടുതല്‍  അവസരങ്ങള്‍ ലഭിക്കും.  സ്റ്റാര്‍ട്ടപ്പുകള്‍ക്കു സാങ്കേതിക സഹായത്തിനായി റഫ്ത്താര്‍ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററുകളുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കു രണ്ടു മാസം വരെയുള്ള പരിശീലനം ലഭിക്കും. അഗ്രിക്കള്‍ച്ചര്‍ ഗ്രാന്‍ഡ്  ചാലഞ്ചിലൂടെ മികച്ച ആശയ രൂപീകരണം, ഇന്‍ക്യൂബേഷന്‍, ആക്‌സിലറേഷന്‍, മറ്റു സേവന സൗകര്യങ്ങള്‍ ലഭിക്കും.അഗ്രിക്കള്‍ച്ചര്‍  ആക്‌സിലറേറ്റര്‍ ഫണ്ടിലൂടെ അഞ്ചു മുതല്‍ 25 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും.  ഐഡിയ, പ്രീ സീഡ് ഘട്ടത്തില്‍ 5 ലക്ഷം രൂപയും, സീഡ്  ഫണ്ടായി 25 ലക്ഷം രൂപയ്മ് ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കു സേവന ലഭ്യത ഉറപ്പുവരുത്താന്‍ അറിവ് പങ്കാളി, അഗ്രി ബിസ്സിനെസ്സ് ഇന്‍ക്യൂബേറ്റര്‍ എന്നിവയുണ്ട്. 

നബാര്‍ഡിന്റെ കീഴിലുള്ള നാബ് കിസാന്‍ അഗ്രി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിച്ചു വരുന്നു. ഉല്‍പ്പന്ന വികസനം, വിപണനം, ടെസ്റ്റിങ്, ഉപദേശക സംവിധാനം, കണ്‍സള്‍ട്ടന്‍സി മുതലായ സേവനങ്ങളും നല്‍കി വരുന്നു. 40 -50 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിപുലീകരണത്തിന് വായ്പ ആക്‌സിലറേറ്റര്‍ ഫണ്ടിലൂടെ ലഭിക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. വനിതാ സംരംഭകര്‍ക്ക് വായ്പ, അന്താരാഷ്ട്ര തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇമ്മെര്‍ഷന്‍ പദ്ധതി, അന്താരാഷ്ട്ര സഹകരണം, ഗ്രാമീണ ഇന്നോവേഷന്‍സിനു പ്രോത്സാഹനം, സ്റ്റാര്‍ട്ടപ്പുകള്‍ എളുപ്പത്തില്‍ വിജയിക്കുവാനുള്ള സഹായം, ആക്സിലറേറ്റര്‍ ഫണ്ട്, സീഡ് ഫണ്ട്, റിസര്‍ച്ച് & ഡെവലപ്‌മെന്റ്, വാടക സബ്‌സിഡി, വിപണന സഹായം, സംരംഭകത്വ വികസനം, പരിശീലനം മുതലായവ ഇവയില്‍ ചിലതാണ്. 

കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യൂബേഷന്‍ കേന്ദ്രങ്ങളുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല , വെള്ളാനിക്കര, തൃശൂര്‍ , മലബാര്‍ ഇന്നോവേഷന്‍ സോണ്‍, കല്യാശ്ശേരി, കണ്ണൂര്‍,  എന്‍ഐടി കോഴിക്കോട്, സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകള്‍ , കോഴിക്കോടുള്ള യു.എല്‍  സൈബര്‍ പാര്‍ക്ക്, സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക്, എം ജി യൂണിവേഴ്‌സിറ്റി എന്നിവ ഇവയില്‍  പ്രധാനപ്പെട്ടവയാണ്. 

Photo: Freepik.com 


 

Content Highlights: Planning to launch a startup? ? Here's Everything You Need