പ്രതിസന്ധിയിലും നിറഞ്ഞ് പുഞ്ചിരിച്ച നിഖിലിനെ ഓര്‍ക്കുന്നുവോ? ചേര്‍ത്തുപിടിച്ച് ഷെഫ് പിള്ള

പ്രശ്നങ്ങള്‍ക്കിടയിലും ഒരു ചെറുപുഞ്ചിരിയോടെ താന്‍ അതിജീവിക്കുമെന്ന് പറഞ്ഞ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിഖില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പിതാവ് നഷ്ടപ്പെട്ട് രോഗബാധിതനായ സഹോദരനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്ന നിഖിലിന് ഷെഫ് ആവാനായിരുന്നു താത്പര്യം. അവന്റെ ജീവിതലക്ഷ്യം അറിഞ്ഞ് ഷെഫ് പിള്ള നേരിട്ട് വീട്ടിലെത്തി നിഖിലിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.
കോവളത്തെ ഐ.എച്ച്.എം. കോളേജിലേക്ക് നാലുവര്‍ഷ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന് ഉയര്‍ന്ന റാങ്കോടുകൂടി പ്രവേശനം നേടിയിരിക്കുകയാണ് ഈ മിടുക്കന്‍. നിഖിലിന്റെ ഈ സുന്ദരമായ തുടക്കത്തെക്കുറിച്ച് ഷെഫ് പിള്ള തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
നിഖിലിനെ കാണാന്‍ ആദ്യമായി ഷെഫ് പിള്ള എത്തിയപ്പോള്‍ അടുക്കളയിലേക്കുള്ള പാത്രങ്ങളും ഷെഫ് തൊഴില്‍ ചെയ്യുന്നവര്‍ ഇഷ്ടപ്പെടുന്ന വിക്ടോറിയോണിക്സിന്റെ കത്തികളും സമ്മാനമായി നല്‍കിയിരുന്നു. പഠനത്തിന് ശേഷം സ്വന്തം സ്ഥാപനത്തില്‍ തൊഴിലും വാഗ്ദാനം ചെയ്തിരുന്നു.
ഷെഫ് പിള്ള പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
"ഒരു ഷെഫ് ആകണം എന്ന് ആഗ്രഹിച്ച തിരുവനന്തപുരത്തെ നിഖിലിനെ ഓര്‍മ്മയില്ലേ..? പ്ലസ് ടു വിജയിച്ച് എന്‍ട്രന്‍സിന് പരിശീലിക്കാന്‍ ഉപദേശിച്ചിരുന്നു.. നിഖില്‍ ഉയര്‍ന്ന റാങ്കോട് കുടി കോവളത്തെ IHM-ല്‍ നാലു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന് പ്രവേശനം നേടി.
ഡിസംബറില്‍ തിരുവനന്തപുരത്ത് തുടങ്ങുന്ന RCP-യില്‍ നിഖിലിന് ശമ്പളത്തോടുകൂടിയ ട്രെയിനിങ്ങും ഇതിനോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ഇന്ന് മുതല്‍ ക്ലാസ് തുടങ്ങുകയാണ്... നിഖിലിനും കുടുംബത്തിനും ആശംസകള്‍... നിങ്ങളുടെ അനുഗ്രഹങ്ങള്‍ കുടി വേണം.."
Content Highlights: Chef pillai shares story of nikhil