സ്നേഹസ്മരണകളുടെ വേരുതേടുന്ന 'ദേഹങ്ങള്‍'

'ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു.'
അധികാരികളുടെ ശത്രുവായി മാറിയ ചാലിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറങ്ങി. ഗുജറാത്തിയായ ഓഫീസര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള
സ്ക്വാഡിനായിരുന്നു ദൗത്യം. എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായ അരവിന്ദന് ഉള്‍പ്പെടുന്ന സ്ക്വാഡ്. രാത്രിബസിന് വട്ടം നിന്ന് ചാലിയെ പിടികൂടുമ്പോള്‍ അരവിന്ദനും കൂട്ടരും കരുതിയിരുന്നില്ല, അവന്റെ കൂടെ ഒരു പെണ്ണുണ്ടാകുമെന്ന്. ജമീലയുമായി അരവിയും സത്യവേലും എല്ത്തുരുത്തിലേക്കാണ് പോയത്. അവളെ കൊന്നുകളയാനായിരുന്നു ഉത്തരവ്. കഴുത്തില്‍ കത്തിചലിപ്പിച്ച് വേഗത്തില്‍, ആഴത്തില്‍ പ്രാണനു കുറുകെ ഒരു ചാലുകീറി അവളുടെ ദേഹത്തെ സ്വതന്ത്രമാക്കുമ്പോള്‍ മുറിവില്‍ നിന്ന് ചെന്തീ വായ്ത്തലയില്‍ പടരുന്നു. അരവിയുടെ കാതുകളില്‍ അവള് മുഴങ്ങുന്നു - അരവീ ഇനി ഞാന്‍ നീയാണ്....
അജയ്.പി. മങ്ങാട്ടിന്റെ 'ദേഹം' എന്ന നോവല്‍ വാതില്‍ തുറക്കുന്നത് ഈ അസാധാരണമായ കഥാസന്ദര്ഭത്തിലാണ്. ജമീലയെയും ചാലിയെയും കൊണ്ട് ബസില്‍ നിന്നിറങ്ങുമ്പോള്‍ വിശാലമായ പാടം കടന്നുവന്ന് പിന്കഴുത്തില് തൊട്ട കുത്തുന്ന തണുപ്പുള്ള കാറ്റ് പിന്നീട് അരവിയുടെ ജീവിതത്തിനും ഓര്‍മകള്‍ക്കുമൊപ്പം വീശുന്നു. അയാള്‍ ജമീലയെ തന്നില്‍ പേറി, ഉറപ്പുള്ള മരണത്തിലേക്കും ഉറച്ചുനില്ക്കാതെ കടന്നുവരുന്ന ഓര്‍മകളിലേക്കും നടക്കുന്നു. ജമീലയുടെ ഓര്‍മകള്‍ അയാളെ വല്ലാതെ അലട്ടുന്നു. ഓരോ സ്വപ്നത്തില്‍നിന്നും നിലവിളികളോടെയാണ് ഉണര്‍വ്വിലേക്ക് തിരിച്ചുവീഴുന്നത്. ആരോടും പ്രത്യേക താത്പര്യമോ സ്നേഹമോ വെച്ചുപുലര്‍ത്താത്ത അരവി, താന്‍ നഷ്ടമാക്കിയ സ്നേഹങ്ങളിലേക്ക് തിരികെചെല്ലുകയാണ്. ശല്യമ്പാറയില് 20 വര്‍ഷത്തിനുമുമ്പ് 25കാരിയായ, നാടകനടിയായ തുളസിയെ പരിചയപ്പെട്ടതും സ്നേഹവും കാമവും പകര്‍ന്നതും അയാളെ വീണ്ടുമുണര്‍ത്തുന്നു. സ്നേഹമെന്ന സമസ്യയിലേക്ക് ആഴത്തില്‍ വലിച്ചെറിയപ്പെടുകയാണയാള്. വര്‍ത്തമാനകാലത്തെ ചെറിയ ഏടിലാണ് കഥ നടക്കുന്നതെങ്കിലും ഭൂതകാല ഓര്‍മകളാണ് നിറയേ. അവിടെ അരവി മാത്രമല്ല ഓര്മകള്ക്കിരയാകുന്നത്- അയാളിലൂടെ ജമീലയും തുളസിയും യാസിനും അങ്ങനെ പലരും അവരുടെ ജീവിതം പറയുന്നു.
'ചില നേരം മനുഷ്യര്‍ക്ക് പ്രേമമാണ് ഏറ്റവും വലിയ സമ്പാദ്യം. അതിനുവേണ്ടി ജീവന് കളഞ്ഞാലും കുഴപ്പമില്ലെന്ന് വിചാരിക്കും' - ജമീലയെയും ചാലിയെയും പറ്റി സത്യവേല്‍ പറഞ്ഞത് ഇപ്പോള്‍ അരവിയുടെ ദേഹിയിലുണ്ട്. ശബ്ദവും മൗനവും ചേര്‍ന്ന് രൂപമെടുത്ത വാക്കുകള്‍ (ജമീലയുടെ വാക്കുകള്‍) മുഴങ്ങുന്ന തലച്ചോറുമായാണ് തുളസിയെതേടി നാഴിക്കുന്നിലേക്ക് അരവിയെത്തുന്നത്. ജമീലയുടെ ഉപ്പയുടെ നോട്ട്ബുക്കിലെ കവിതകളില്‍ സ്നേഹത്തിന്റെ അലിവാര്‍ന്ന ഇടങ്ങളുണ്ട്. അത് അരവി ജമീലയുടെ മൃതദേഹത്തിനൊപ്പം കത്തിച്ചിരുന്നില്ല.
തന്റെ സ്ക്വാഡിലുണ്ടായിരുന്ന ഓരോരുത്തരും കൊല്ലപ്പെടുമ്പോള്‍ ഒരു കത്തി തന്റെ നേരെയും വരുമെന്ന് ഉറപ്പായിരുന്നു അരവിക്ക്. അതിനയാള്‍ ഒരുങ്ങിതന്നെയാണ് നടക്കുന്നത്. എന്നാല്‍ സ്മരണകളുടെ വേരിലേക്ക് ഇറങ്ങിപോകൂ എന്ന് പറയുന്ന പുതിയ ദേഹവുമായാണ് അരവി തുളസിയെതേടി നാഴിക്കുന്നിലെത്തിയത്. ആ പര്വ്വതദേശത്തുവെച്ച് അയാള്‍ ഓരോ ഓര്‍മയും തൊട്ടുമുമ്പുള്ള ഓര്മയേക്കാള് ആഴത്തില്‍ അറിയുന്നു. സമുദ്രനിരപ്പിലെവിടെയോ ചുഴലിയായി ഉടലെടുക്കുന്ന കാറ്റ്, അതിന്റെ യാത്രാപഥത്തില്‍ കൊടുങ്കാറ്റും പേമാരിയുമായി കരയിലെത്തുന്നതുപോലെ ആ സ്ത്രീയ്ക്കായുള്ള മോഹം അയാളില്‍ മഹാകാരംപൂണ്ടു. പോകുന്ന വഴിയിലെല്ലാം പിന്തുടരുന്ന ജമീലയുടെ 'മരണമില്ലാത്ത ഓര്‍മകളില്‍' പിടയുന്ന അരവി തുളസിയെ കാണുമ്പോള്‍ ചിരിക്കുന്നു. കുറച്ചുനേരത്തേക്ക് എങ്കിലും അവളില്‍ സ്വാസ്ഥ്യം കണ്ടെത്തുന്നു. പോലീസ് പിന്തുടര്ന്നപ്പോള് പുഴയില്‍ ചാടി മരിച്ച ഒരു ചെറുപ്പക്കാരനെപറ്റിയുള്ള ഓര്മ അരവിയെ അലട്ടുന്നുണ്ട്- കഥാന്ത്യത്തില്‍ അരവിയുടെ മുന്നിലേക്ക് എത്തുന്ന, ഉമ്മയെയും ബാപ്പയെയും പോലീസ് ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ട യാസീന്‍ ആണത്.
തുളസി എഴുതിയ നോവല്‍ കഥയ്ക്കുള്ളിലെ കഥയായി സമാനമായ സ്നേഹലോകം സൃഷ്ടിക്കുന്നു. ആകെത്തുകയില്‍ ഉള്ളിലിരമ്പുന്ന, ഉള്ളിലെരിയുന്ന സ്നേഹത്തിനുവേണ്ടിയുള്ള മനുഷ്യന്റെ യാത്രയാണ് ദേഹം. ആ യാത്ര സ്വയംഹത്യയോളമെത്തുന്നു. അജയ് പി മങ്ങാട്ടിന്റെ കഴിഞ്ഞ നോവലായ 'മൂന്നു കല്ലുകളി'ല്‍ സ്വീകരിച്ച ആഖ്യാനരീതിയുടെ നിഴല്‍ ദേഹത്തിലുമുണ്ട്. അവിടെ നോവലിസ്റ്റ് ജീവിതത്തെ തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരുന്ന സ്നേഹഭംഗത്തെയാണ് വിഷയമാക്കുന്നത്. ഇവിടെയും അതു പ്രകടം.
ഉപസംഹാരക്കുറിപ്പില് നോവലിസ്റ്റ് കുറിച്ചതുപോലെ, മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെ ജീവിതവും മരണവും ഓര്‍മയിലാണ് വസിക്കുന്നത്. ഒട്ടും കുളിരില്ലാത്ത ഭൂതകാലത്തിലൂടെ അലയുന്ന ആത്മാക്കളുടെ സംഗമഭൂമികയാണ് ദേഹം. മനശാസ്ത്രപരമായും തത്വചിന്താപരമായും സമീപിക്കേണ്ട എഴുത്തുകൂടിയാവുന്നു ദേഹം. സ്ഥലകാലങ്ങളില്ലാതെ, സ്വപ്നവും യാഥാര്‍ഥ്യവും ജീവിതവും കൂടിക്കുഴഞ്ഞ് ഇരയും വേട്ടക്കാരനും നീയും ഞാനുമെല്ലാം ഒന്നുതന്നെയെന്ന് പറയുന്ന രചന.
Content Highlights: y sherin reviews the novel deham by ajay p mangattu