'പ്രിയപ്പെട്ട 101 വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകള്‍'; വാഗ്മകരന്ദത്തിന്റെ അന്യാദൃശ മധുരിമ

#പദ്മദാസ്
വിഷ്ണുനാരായണന്‍ നമ്പൂതിരി, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: ബിജു വര്‍ഗീസ്‌
വിഷ്ണുനാരായണന്‍ നമ്പൂതിരി, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: ബിജു വര്‍ഗീസ്‌

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട 101 വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകള്‍' എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം...

എന്താണ് ഒരു കവിയുടെ കവിതകളിലേക്കുള്ള അനുവാചകന്റെ പ്രവേശനത്തെ സുകരമാക്കുന്നത്? കവി പിന്തുടരുന്ന ജീവിതമൂല്യങ്ങളെ അറിയാന്‍ ശ്രമിക്കുക, ഏതേതു കാവ്യ, ജീവിതദര്‍ശനങ്ങളാലാണ് കവി നീതനായതെന്നറിയുക, ഒട്ടൊക്കെ അദ്ദേഹത്തിന്റെ കര്‍മപരിസരങ്ങളെയും കര്‍മമണ്ഡലങ്ങളെയും അറിയാന്‍ ശ്രമിക്കുക എന്നെല്ലാം പറഞ്ഞാല്‍, ഇത്രയൊക്കെ തയ്യാറെടുപ്പുകള്‍ വേണമോ ഒരു കവിതയാസ്വദിക്കാന്‍ എന്ന് തിരിച്ച് ചോദിച്ചേക്കാം. വായന സുകരമാക്കുന്ന ചില ഘടകങ്ങളെക്കുറിച്ച് സൂചിപ്പിച്ചു എന്നേയുള്ളൂ. ഇവയൊന്നുമില്ലാതെയും കവിതയിലേയ്ക്ക് നേരിട്ട് കയറിച്ചെല്ലാം. പക്ഷേ, ഓടിച്ചെന്ന് കയറാവുന്ന ഒരു കവിയുടെ കവിതകളെക്കുറിച്ചല്ലല്ലോ ഇനി പറയാന്‍ പോകുന്നത്. 

കവിത, ഭൗതികലോകവിതാനത്തിന് ഒരല്‍പം ഉയര്‍ന്ന് നില്‍ക്കുന്നിടത്തോളം, ('മേഘമാര്‍ഗ്ഗങ്ങളിലേറി നില്‍ക്കുന്നു നാം/കേവലമൊറ്റ ഞൊടിയിടയെങ്കിലും') അത് വിശേഷവ്യവഹാരരൂപമായി നിലകൊള്ളുന്നിടത്തോളം കാലം, കാവ്യപ്രവേശകമായി ചുരുക്കം ചില സന്നാഹങ്ങള്‍ അഭികാമ്യം തന്നെയത്രേ! വിശിഷ്യാ കാവ്യവ്രതനായ, കാവ്യധ്യാനതപോനിഷ്ഠനായ ഒരു വരിഷ്ഠകവിയുടെ കവിതകളിലേയ്ക്ക് അവധാനതയോടെ വലതുകാല്‍ വെച്ചു കയറിച്ചെല്ലുമ്പോള്‍...

ഭൗതികജീവിതപ്രത്യക്ഷങ്ങളില്‍ കടന്നുവരാന്‍ ഇടം കണ്ടെത്താനാകാതെയോ, കഴിയാതെയോ പോയ ജീവിതസംവേദനങ്ങളുടെ വിശിഷ്ടമാധ്യമം തന്നെയാണ് കവിത. ലൗകികജീവിതസമസ്യകളുടെ ഉദ്ഗ്രഥിതമായ വാഗ്രൂപങ്ങളാണ് വിശിഷ്ടകവികളുടെ കവിതകള്‍ പ്രത്യേകിച്ചും! പ്രത്യക്ഷജീവിതം പറയാന്‍ മറന്ന് പോകുന്നതോ വിട്ടുപോകുന്നതോ ആണ് കവിതകൊണ്ട് പലപ്പോഴും പൂരിപ്പിക്കപ്പെടുന്നത്.

 ഭാരതത്തിന്റെ മഹിതവും അമൂല്യവും അനവദ്യവുമായ ധര്‍മ, കര്‍മ പരമ്പരകളുടെ അമൃതധാരകളെ തന്റെ കവിതയുടെ കാന്തികമണ്ഡലത്തിലേക്ക് ആകര്‍ഷിച്ച്, അതിനെ വിശ്രുതവും കാലാതീതവും ആക്കുകയത്രേ വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവി ചെയ്തത്. ഇന്ത്യയുടെ പൂര്‍വചിന്താമണ്ഡലങ്ങളെ ഇകഴ്ത്തിക്കാണിക്കാതെ, അതിന്റെ ധനാത്മക, പുരോഗമനമൂല്യങ്ങളെ കണ്ടെത്തുകയും അതിന്റെ അനുധാവനപ്രസക്തി കവിതകളിലൂടെ അനുവാചകരുടെ ചിന്തയില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുക എന്നത് വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിക്ക് ചെറിയ കാര്യവും അല്ലായിരുന്നു. 'അഹല്യ', 'ദിലീപന്‍', 'ലക്ഷ്മണന്‍', 'സുഭദ്രാര്‍ജ്ജനം', 'ശോണമിത്രന്‍' തുടങ്ങിയ എത്രയോ കവിതകള്‍ ഉദാഹരണം. സ്ത്രീസ്വത്വത്തിന്റെ വിചാരമണ്ഡലങ്ങളെയും സ്ത്രീപക്ഷാന്വേഷണങ്ങളെയും തന്റെ കവിതയിലേക്ക് ആവാഹിക്കുകകൂടി ചെയ്തു വിഷ്ണുനാരായണന്‍ നമ്പൂതിരി.

അനിയതത്വങ്ങളിലും ജീവിതം എന്ന അമൂല്യവരദാനത്തിന്റെ ഉത്കൃഷ്ടത, അതിന്റെ അപരിമേയത, ഉത്കൃഷ്ടങ്ങളായ ധാര്‍മികമൂല്യങ്ങളുടെ ചിരസ്ഥായിത്വം, പാരിസ്ഥിതികത എന്നിവ പ്രത്യക്ഷവും നിലീനവുമായി വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകളുടെ ഊടും പാവും ആയി വര്‍ത്തിക്കുന്നുണ്ട്. ധാര്‍മികത, അപരിഗ്രഹത്വം, അഹിംസ, സത്യോപാസന തുടങ്ങിയ പൂര്‍വനൈതിക പാരമ്പര്യങ്ങളെ അപ്രാവര്‍ത്തികം എന്നു പറഞ്ഞ് തള്ളിക്കളയുകയല്ല, തന്നാലാവുംവണ്ണം, ജീവിച്ചിരിക്കെ ആത്മകര്‍മമണ്ഡലങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും അവയെ തന്റെ കവിതകളില്‍ സന്നിവേശിപ്പിച്ച് പ്രോജ്ജ്വലിപ്പിക്കുകയും അനുവാചക ഹൃദയങ്ങളിലുറപ്പിക്കുകയുമാണ് കവി ചെയ്തത്. ഒറ്റക്കവിതകൊണ്ട് ഉദാഹരിക്കാവുന്നതോ ഒറ്റക്കവിതകൊണ്ട് സമര്‍ത്ഥിക്കാവുന്നതോ അല്ല ഇത്. വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകളുടെ സാകല്യമായ അന്തര്‍ധാരയും മര്‍മവും ദര്‍ശനവുമാണിത് എന്നു പറയാന്‍ ഉദ്യമിക്കുകയാണ് ചെയ്തത്. ഒരു പക്ഷേ, ഏതൊരു ഉത്ക്കൃഷ്ടനായ കവിയും അന്തരംഗത്തില്‍ കൊണ്ടുനടക്കേണ്ടുന്ന ദര്‍ശനവൈശിഷ്ട്യങ്ങള്‍! ആത്മകേന്ദ്രിതവും ആത്മജ്ഞാനബന്ധിതവുമായ ഉറപ്പിന്റേയും അചഞ്ചലതയുടേയും പാറമേല്‍ അടിത്തറ കെട്ടിയ ഉത്കൃഷ്ടങ്ങളായ കവിതാദര്‍ശനങ്ങള്‍!

മനുഷ്യജീവിതമാഹാത്മ്യത്തിന്റെ അനവദ്യത, സര്‍വ്വഭൂതങ്ങളുടേയും മധുവായ ഭൂമിയോടുള്ള ആരാധന, പാരിസ്ഥിതികതയുടെ നിലീനരാഷ്ട്രീയം, സ്ത്രീസത്തയുടെ ഉത്ക്കര്‍ഷേച്ഛ, രാഷ്ട്രം എന്ന സങ്കല്പം ശരിയായ അര്‍ത്ഥത്തില്‍ ഏകശിലാശില്പമാകേണ്ടുന്നതിന്റെ ആവശ്യകത, സംസ്‌കൃതിയുടെ സദ്ഭാവങ്ങളുടെ അനുസന്ധാനം എന്നിങ്ങനെ ഏറെക്കുറെ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകളെ വര്‍ഗീകരിക്കാമെങ്കിലും, അതില്‍ മാത്രമൊതുങ്ങുന്നതല്ല ആ കവിതകളുടെ അനന്യവും അന്യൂനവും സംസ്‌ക്കാരബന്ധിതവുമായ വാങ്മയങ്ങള്‍! കാളിദാസന്റെയും വൈലോപ്പിള്ളിയുടേയും പൂര്‍വകാവ്യമാതൃകാനുധാവനം ഈ കവിയെ അവരാക്കി മാറ്റുകയല്ല; അവരില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് വളര്‍ന്ന മറ്റൊരു പുതിയ കവിയാക്കുകയാണ് ചെയ്തത്. പൂര്‍വമാതൃകകള്‍ ഉള്‍ക്കൊള്ളുമ്പോഴും, കവിതയില്‍ തന്റേതായൊരു സ്വത്വാന്വേഷണം ഈ കവി എന്നും ആത്മനിഷ്ഠയായി കൊണ്ടുനടന്നിരുന്നു.
'ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ' എന്നും
'ഇവള്‍ ചുരത്താവൂ
ഗിരിമുഖത്തു നി -
ന്നിനിയ വാത്സല്യം
ചരാചരങ്ങളില്‍' എന്നും പറഞ്ഞ് തന്റെ അദമ്യമായ ഭൂരതി കവി വളരെ മുമ്പേ വ്യക്തമാക്കിയിരുന്നു. 'ഇയം പൃഥിവീ സര്‍വ്വേഷാം ഭൂതാനാം മധു' എന്നത് അദ്ദേഹത്തിന്റെ പ്രിയ ഉപനിഷത് വാക്യമായിരുന്നു. 'അഹോ ഉദഗ്രരമണീയാ പൃഥിവീ' എന്ന കാളിദാസന്റെ വരി തന്റെ 'ഭൂമിഗീതങ്ങള്‍'ക്ക് പ്രവേശകോദ്ധരണിയായും അദ്ദേഹം കുറിച്ചുവെച്ചു. തന്റെ അനന്യമായ വാക്കും അതിലൂറി നില്‍ക്കുന്ന തേന്‍കണങ്ങളും ഭൂമി നല്‍കിയതുതന്നെ എന്ന് കവി ഉറച്ചുവിശ്വസിച്ചു.

സംശോധിതമായ ഈ കാവ്യസമ്പുടത്തിലെ, കവിപുത്രിയുടെ പ്രിയകവിതകളുടെ സാംഗോപാംഗമായ മൂല്യവിചാരമോ ആസ്വാദനമോ ഇവിടെ സംഗതമോ സുസാധ്യമോ അല്ലെന്നിരിക്കെ, അവയെക്കുറിച്ച് പൊതുവേ ഉള്ള ചില ഒറ്റതിരിഞ്ഞ ചിന്തകള്‍ പങ്കുവെച്ചു എന്നുമാത്രം. ആത്മാനുതാപത്താലും ആത്മാനുവാചനത്താലും സ്വാംശീകരണത്താലുമാണ് അവ പൂരിപ്പിക്കപ്പെടേണ്ടത്. സ്വകീയാസ്വാദനം അപരവായനകൊണ്ടോ, അപരപാഠവിചാരംകൊണ്ടോ പകരം വെക്കപ്പെടേണ്ടതല്ലല്ലാേ. പരസഹസ്രം വായനകള്‍കൊണ്ടും ആസ്വാദനബോധങ്ങള്‍കൊണ്ടും രുചിഭേദങ്ങള്‍കൊണ്ടും വിഭിന്നവായനകള്‍ക്ക് ഇട നല്‍കട്ടെ, വകഞ്ഞു വായിക്കേണ്ടുന്ന ഈ ഉത്ക്കൃഷ്ട കവിതകള്‍!

'അച്ഛന്റെ മകള്‍ തന്നെ' എന്ന് പറയാവുന്ന വിധം മാഷിന്റെ കവിതകളിലേക്ക് സല്ലയത്തോടെ സഞ്ചരിക്കുന്നതും വികാരഭരിതവും ആയിട്ടുണ്ട്, അദിതിയുടെ ആമുഖം! അതിലെ ആത്മപരിചരണം നന്നായി അനുഭവിക്കാനാകുന്നുമുണ്ട്. അച്ഛന്റെ സ്മരണ നിലനിര്‍ത്താന്‍ യത്‌നിച്ചതിന്റെ ചാരിതാര്‍ത്ഥ്യം കൂടി, ഒരു കരസ്പര്‍ശമായി ആ ശിരസ്സില്‍ ലഭിച്ചതുപോലെ!

Content Highlights: Book review of Priyappetta 101 Vishnu Narayanan Namoothirikkavithakal Mathrubhumi books