ഇദം പാരമിതം; അത്യന്തം കാവ്യഭംഗിയോടെ ഒരു നോവല്‍

#സി.എസ് രാജന്‍
നോവല്‍ കവര്‍, വി.ജി തമ്പി
നോവല്‍ കവര്‍, വി.ജി തമ്പി

നിരന്തരം ധ്യാനിക്കുന്ന ഒരാളുടെ ധ്യാനമുറിയില്‍ അനുഭവപ്പെടുന്ന ധനാത്മകമായ ഊര്‍ജ്ജത്തിന്റെ സാന്നിദ്ധ്യം പോലെ, അഗാധമായ സമര്‍പ്പണത്തോടെ സാക്ഷാത്കരിച്ച ഈ പുസ്തകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉദാത്തമായ ഒരു ഊര്‍ജ്ജമണ്ഡലം നമ്മെ വലയം ചെയ്യുന്നു. ഈ നോവലിന്റെ ഹൃദയരേഖകളിലൂടെ യാത്ര തുടങ്ങുന്ന ഒരാള്‍, സൂക്ഷ്മമായി രൂപാന്തരീകരണം സംഭവിച്ച ഒരു ആന്തരികതയുമായാണ് യാത്ര അവസാനിപ്പിക്കുക. നോവൽ എന്നത് കവിഞ്ഞൊഴുകുന്ന കവിതയുടെ നദിയാണിവിടെ. അതുകൊണ്ടുതന്നെ ഏത് അധ്യായത്തില്‍ നിന്ന് കോരിയെടുത്താലും കവിതയുടെ, ധ്യാനത്തിന്റെ, സംഗീതത്തിന്റെ, സഹാനുഭൂതിയുടെ ഒരേ രുചിയാണ്; ഒരു കാട്ടിലെ ഓരോ ഇലയിലും മുഴുവന്‍ കാടിന്റേയും മിടിപ്പുകള്‍ ഉള്ളതുപോലെ.

ലൗകികതയെ തരണം ചെയ്യാനായി സ്വയം ഒരു ഒഴിഞ്ഞ തോണിയാവാന്‍ സജ്ജരാവുന്നവരെ മോഹിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന സ്ഥലകാലങ്ങളാണ് ഈ നോവലിലേത്. അവിടെ മഹാഗുരുക്കന്മാരുടെ ബോധിവെളിച്ചം നിറഞ്ഞ വഴികള്‍. ഉദാത്തമാനങ്ങളുള്ള സഖ്യതകള്‍. താന്ത്രിക ചാരുതയാര്‍ന്ന രതിയുടെ സഫലീകണങ്ങള്‍...

നിശ്വാസം ജീവിതവും  ഉച്ഛ്വാസം മരണവുമെന്നും, രണ്ടു ശ്വാസങ്ങള്‍ക്കിടയിലെ ശൂന്യമായ ഇടവേളയാണ് ജനിമൃതികളുടെ മറുകര എന്നുമുള്ളത് ധ്യാനിക്കുന്നവരുടെ വിനീതമായ ബോധ്യങ്ങളാണ്. ഈ മറുകരയിലേക്കുള്ള ഏതാനും ജൈവമനുഷ്യരുടെ പ്രയാണമായാണ്, അത്യന്തം കാവ്യഭംഗിയും  ഒപ്പം തെളിവാര്‍ന്ന വായനാക്ഷമതയുമുള്ള ഭാഷകൊണ്ട് സാക്ഷാത്കരിച്ച ഈ ആഖ്യായികയെ ഞാന്‍ അനുഭവിച്ചത്.
 

Content Highlights: V.G Thampi, C.S Rajan, Idam Paramitham, Mathrubhumi