ഇദം പാരമിതം: പ്രണയത്തിന്റെ, ഭീതിയുടെ, മരണത്തിന്റെ, ഭിന്നതകളുടെ ആഖ്യാനം

യാത്രകളുടെ, അനാഥത്വത്തിന്റെ, സ്‌നേഹത്തിന്റെ, നിസ്സംഗതയുടെ, പ്രണയത്തിന്റെ, ഭീതിയുടെ, മരണത്തിന്റെ, ഭിന്നതകളുടെ ആഖ്യാനമാണ് വി. ജി. തമ്പി എഴുതിയ ഇദം പാരമിതം എന്ന നോവല്‍. മരണത്തെക്കുറിച്ച്, മരണാനന്തര കര്‍മ്മങ്ങളും മനുഷ്യാസ്തിത്വത്തെക്കുറിച്ചുമുള്ള ആത്മീയ ദര്‍ശനങ്ങളുടെ ഭൂമികയിലാണ് ഈ നോവല്‍ വികസിതമാകുന്നത്. സാമൂഹിക ചട്ടക്കൂടുകള്‍ക്കതീതവും മനുഷ്യന്റെ ലൗകികാര്‍ത്തികള്‍ക്കപ്പുറത്തുമുള്ള പ്രാന്തവല്കൃതനും അലക്ഷ്യനും അനാഥനുമായ ലെവിന്റെ ജീവിതഖണ്ഡങ്ങളും, അയാളുടെ ബന്ധങ്ങളും, പ്രണയിനികകള്‍ നല്കുന്ന സ്‌നേഹവും ശാന്തിയും നിരര്‍ത്ഥകതയും ഇവിടെ അനാവൃതമാകുന്നു.
അമ്മ എന്ന ബിംബത്തിലൂടെ, അമ്മയുടെ കഥകളിലൂടെ, അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ, നിരന്തരയാത്രകളിലൂടെ വികസിക്കുന്ന ലെവിന്റെ മാനസിക ലോകമാണ് നോവലിന്റെ ശയ്യ. ബുദ്ധന്റെ, ക്രിസ്തുവിന്റെ, സൂഫി ദര്‍ശനത്തിന്റെ, ഹെഗലിന്റെ, വിറ്റ്ഗന്‍സ്റ്റയിനിന്റെ, കൃഷ്ണമൂര്‍ത്തിയുടെ, ഓഷോ രജനീഷിന്റെ, നിത്യ ചൈതന്യയതിയുടെ, അഘോരികളുടെ, അങ്ങനെ പലതരത്തിലുള്ള ആത്മീയ വിശ്വാസങ്ങളിലൂടെ, സങ്കല്പങ്ങളിലൂടെ ചിന്തകളിലൂടെ കടന്നു പോവുകയാണ് നോവലീലൂടെ നാം. തരളമായ വായനാസാദ്ധ്യതകളുളള, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ വാദനം പോലെ സുഖകരമായി ലയിച്ചു വായിക്കാവുന്ന ഒരു നോവല്‍! വായനക്കാര്‍ ചിന്തിക്കാന്‍ വേണ്ടി, വായനക്കാരെ ചിന്തിപ്പിക്കാന്‍ വേണ്ടി എഴുതുന്ന നോവല്‍ ആയിട്ടല്ല ഇതിന്റെ വായനാനുഭവം. ജീവിതത്തില്‍ നാം പലപ്പോഴും അനുഭവിക്കുന്ന, അനുഭവിക്കാനാഗ്രഹിക്കുന്ന പലതരത്തിലുള്ള ആത്മീയ ചിന്തകള്‍, ആത്മീയമായ ബോദ്ധ്യങ്ങള്‍ എന്നിവയെ ഈ ആഖ്യാനത്തിലൂടെ തമ്പി തെളിയിച്ചെടുക്കുകയാണ്. പലകാലങ്ങളായി പലതരത്തില്‍ മനുഷ്യന്‍ നടത്തിയിട്ടുള്ള ആത്മീയാന്വേഷണങ്ങളുടെ അര്‍ത്ഥവും വ്യര്‍ത്ഥതയും നമ്മെ ഭയചകിതരാക്കുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചു പറയാനും ചിന്തിക്കാനും അനുഷ്ഠാനങ്ങളില്‍ വ്യാപരിക്കുന്നതിനുമാണ് എക്കാലവും മനുഷ്യനു താല്പര്യം. മനുഷ്യനുണ്ടായ കാലം മുതല്‍ ഇന്നുവരെ നമ്മളുടെ ചിന്തകളെ ഭരിച്ചിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള മതാത്മകമോ അല്ലാതെയൊ ഉള്ള ആത്മീയതയാണ്. ആത്മീയത എന്ന് പറയുന്നത് സാഹിത്യത്തിന്റെ, ചിത്രകലയുടെ, സംഗീതത്തിന്റെ അനുഭവം തന്നെയാണ്: നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നതോ, വെറുപ്പിന്റെയോ സ്‌നേഹത്തിന്റയോ ലോകം. ആ ലോകത്തെക്കുറിച്ചാവട്ടെ, പല മനുഷ്യര്‍ക്കും പലതരത്തിലാണ് താല്പര്യവും വിശ്വാസ സംഹിതകളും.
കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളുടെ രേഖീയമോ വര്‍ത്തുളമോ ആയ ആഖ്യാനമല്ല നോവലിന്റേത്. ഓരോ കഥാപാത്രങ്ങളും ഓരോ സ്ഥലത്ത് പിരിഞ്ഞു പോകുകയാണ്. ഓരോ യാത്ര അവസാനിക്കുമ്പോള്‍, ഒരാള്‍ മറയുകയും മറ്റൊരാള്‍ കൂടെച്ചേരുകയുമാണ്. നിരവധി ബന്ധങ്ങളിലൂടെ, ബന്ധതലങ്ങളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍. സ്ത്രീ-പുരുഷബന്ധങ്ങളെ ഒരുതരത്തിലുള്ള മൂല്യവ്യവസ്ഥകളുടെയും പിന്‍പറ്റലില്ലാതെ ആവിഷ്‌ക്കരിക്കുന്നതിനു തമ്പിക്കു കഴിഞ്ഞിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതം മാത്രമല്ല പലതരത്തിലുള്ള മനുഷ്യരുടെ ഭൗതികമായ പ്രശ്‌നങ്ങളുടെ ആത്മീയതലങ്ങളെക്കുറിച്ച് അതിബ്രഹത്തായ ആത്മീയധാരകളും അതിവിസ്തൃതമായ ജനവാസ മേഖലകളും ഇതില്‍ അനായാസമായി തമ്പി സമന്വയിപ്പിക്കുന്നു. മെറ്റാഫിസിക്കല്‍ എന്നുള്ള പദത്തോടു പോലും താല്പര്യം ഇല്ലാത്ത എന്നെപ്പോലുള്ള ഒരാള്‍ക്ക് ഈ നോവല്‍ മനുഷ്യമനസ്സിന്റെ ശാന്തിയിലേക്കുള്ള പ്രയാണമായി അനുഭവിയ്ക്കാനാവുന്നുണ്ട്. ദേഹമില്ലാതെ ദേഹിയും ദേഹിയില്ലാതെ ദേഹവുമില്ല എന്ന എന്റെ ധാരണയ്ക്കനുസൃതമായി ആത്മീയതയും ലൗകീയതയും ഇതില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ഒന്നിനെ മറ്റൊന്നില്‍ നിന്ന് അടര്‍ത്തി മാറ്റാനാവില്ല.
Content Highlights: V.G Thampi, M.Ramachandran, Idam Paramitham, Mathrubhumi Books