ഇദം പാരമിതം: മനുഷ്യബന്ധങ്ങളുടെ ആത്മഗംഗയില്‍ മുങ്ങിനിവരുമ്പോള്‍...

വി.ജി തമ്പി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇദം പാരമിതം എന്ന നോവല്‍ എഴുത്തുകാരന്‍ ഐ.കെ മോഹനന്റെ വായനയില്‍.
വയനാടന്‍ മനുഷ്യവിമോചനത്തിനായി അടിയോരുടെ പെരുമനൊപ്പം പൊരുതുകയും മരണപ്പെടുകയും ചെയ്ത വിപ്ലവകാരിയുടെ മകനായ ലെവിന്റെ ജീവിതാന്വേഷണങ്ങളുടെ പുസ്തകമാണ് വി.ജി.തമ്പിയുടെ ഇദം പാരമിതം എന്ന നോവല്‍.
ആത്മീയമായ ഏതൊരന്വേഷണവും നുണയാണെന്നും ദൈവാന്വേഷികര്‍ ബുദ്ധിഭ്രമമുള്ളവരാണെന്നും നോവലില്‍ കാണാം. ബുദ്ധന്‍ നീതിയാണ്, സ്വാതന്ത്ര്യമാണ്. അതു നിഷേധിക്കുമ്പോള്‍ തോക്കെടുക്കേണ്ടി വരും എന്ന് തിബറ്റന്‍ പോരാളിയായ ബുദ്ധാനുയായി. ലെവിന്റേത് ദൈവാന്വേഷണമോ പോരാട്ടമോ ആയിരുന്നില്ല. അത്മീയാന്വേഷണത്തേക്കാള്‍ അതൊരു ആത്മീയ യാത്രയാണ്.
മുറിവേറ്റ ഒട്ടനവധി മനസ്സുകളിലൂടെയാണ് ഈ യാത്ര. ലെവിന്‍, അമ്മ, സമരിയ, സദ്ഗമയ, ഫാത്തിമ അങ്ങനെ നീളുന്നു, അത്. അന്ത്യകാലത്ത് ലെവിന്റെ അച്ഛന്‍ തന്നിലേറ്റ മുറിവിന്റെ വേദനയില്‍ നീറിയാണ് മരിക്കുന്നത്.
തീര്‍ച്ചയായും ഇതൊരു യാത്രാ നോവലാണ്. വയനാടന്‍ മലനിരകളിലെ പക്ഷിപാതാളത്തില്‍ നിന്ന് ഗോകര്‍ണ്ണത്തിലെ അനന്തസമുദത്തില്‍ ചെന്നു ചേരുന്നു ഈ യാത്ര. അതിനുള്ളില്‍ നാം എവിടെയെക്കെയാണ് സഞ്ചരിക്കുന്നത്? ലണ്ടനിലും, ഈജിപ്തിലും അറേബ്യയിലും അഫ്ഗാനിലും തുര്‍ക്കിയിലും ഗ്രീസിലും പിന്നെ ഹിമാലയ സാനുക്കളില്‍, തിബത്തില്‍, മുല്ല ഖബറില്‍, അരുണാചലത്തില്‍, രജനീഷാശ്രമത്തില്‍, ഫേണ്‍ ഹില്ലില്‍. ബുദ്ധനും യേശുവും മുല്ലയും ജിദ്ദുവും നിത്യയും രമണ മഹര്‍ഷിയും ഓഷോയും ഉള്‍പ്പെടെ ഒട്ടേറെ സ്‌നാനഘട്ടങ്ങളില്‍ മുങ്ങി നിവരുന്നുണ്ട് ലെവിന്‍.
പ്രായപൂര്‍ത്തിയാകാത്ത യേശുവെന്നാണ് ലെവിനെക്കുറിച്ച് ലിയോ അച്ചന്‍ പറയുന്നത്. നീയൊരു പാതിയേശുവാണ്, പണിതീരാത്ത യേശുവെന്ന് സമരിയയും പറയുന്നു. വഴിപോക്കന്‍ ലെവിനെ ശപിക്കുന്നതാകട്ടെ ഭ്രൂണഹത്യ ചെയ്ത യേശുവെന്നും! ക്രിസ്തു ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ലെവിന്‍.
ആത്മീയതയുടേയും സംഗീതത്തിന്റേയും ആയ ഈ പുസ്തകം ഗന്ധങ്ങളുടേതു കൂടിയാണ്. കടലിന്റേയും കാടിന്റേയും മണം അത് ഒന്നിച്ച് ശ്വസിക്കുന്നു. സമരിയക്ക് പുഴയുടെ മണമാണ്. ലെവിനെ മകനെയെന്നോണം പരിചരിച്ച വേലക്കാരിക്കാകട്ടെ പുഴമണ്ണിന്റേയും പരല്‍ മീനിന്റേയും ഗന്ധമാണ്. റോസറ്റെയ്ക് ആകെയുള്ള ഗന്ധമാകട്ടെ വേരുകളുടേതും. ഇലഞ്ഞിപ്പൂവിന്റെ ഗന്ധമാണ് അമ്മയ്ക്ക്. എന്നാല്‍ വേദന ഛര്‍ദ്ദിക്കുമ്പോഴാകട്ടെ ചോരയുടേതും. നാസികകളെ മത്തുപിടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഗന്ധമാണ് മഞ്ഞില്‍ വിരിഞ്ഞ ലില്ലിപ്പൂക്കള്‍ക്ക്.
അസ്ഥികള്‍ വെന്തുരുകിയിട്ടും സുഗന്ധമത്രേ അവശേഷിക്കുന്നത്.
നദികളുടെ നഗ്‌ന ഗന്ധം, കാമനകളുടെ മാദകമണം....കാലത്തിനാകട്ടെ മണ്ണില്‍ നിന്നും പിഴുതെടുത്ത വേരുകളുടെ ഗന്ധമാണ്.
ഒരു നല്ല സ്വപ്നത്തിന്റെ തരളഗന്ധം പടര്‍ത്തുന്നു, അമ്മ. മരത്തിനുള്ളിലെ തീ പോലെ അമ്മയുടെ മണം വ്യാപിച്ചു നില്ക്കുന്നു. സര്‍വ്വ സുഗന്ധി മരത്തിന്റെ ചുവട്ടില്‍ വിശ്രമം കൊള്ളുന്ന ആത്മാവ്.
ലെവിനില്‍ ചന്ദനത്തിന്റെ ഗന്ധമാണ് പൂജ കണ്ടെത്തുന്നത്. സമരിയയും ഈ ഗന്ധം തിരിച്ചറിയുന്നുണ്ട്. അരുണാചലത്തിലെ അഴുകി നാറുന്ന മൗനസിദ്ധനില്‍ വിശുദ്ധമായ പരിമളം അനുഭവിക്കുന്നു, ലെവിന്‍.
ബുദ്ധന്‍ പറയുന്നു, പൂക്കളുടെ സുഗന്ധം കാറ്റിനെതിരെ സഞ്ചരിക്കാറില്ല. എന്നാല്‍ സത്യത്തിന്റെ സുഗന്ധം കാറ്റിനെതിരെ സഞ്ചരിക്കുകയും ലോകത്തിന്റെ അവസാനം വരെ എത്തുകയും ചെയ്യുമെന്ന്.
എല്ലാ നദികളുടേയും പുണ്യമായ ഗന്ധങ്ങള്‍ കടലിന്റെ മാര്‍ത്തട്ടില്‍ ശയിക്കുന്നുവെന്ന് നോവലില്‍ കാണാം. സമരിയയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്യുന്ന ലെവിനിലാണ് നോവല്‍ അവസാനിക്കുന്നത്. സമരിയ ഒരു നദിയായിരുന്നു, അദൃശ്യയായ നദി.
അമ്മ, ദീദി, സമരിയയുടെ അമ്മ, പൂജ, അലീന, റോസെറ്റ, നക്ഷത്ര, ഹെഡ,ഹിമ, ജൂലിയ, പരിചാരിക, അവരുടെ മകള്‍, തെരുവില്‍ പിച്ചിച്ചീന്തപ്പെടുന്ന പെണ്‍കുട്ടി എന്നിങ്ങനെ നോവലില്‍ കാണുന്ന ഓരോ സ്ത്രീയോടും വായനക്കാരന് എത്രമേല്‍ അടുപ്പവും സ്‌നേഹവുമാണ് തോന്നുക. സ്ത്രീമനസ്സിനെ അത്രമേല്‍ തൊട്ടറിയുന്ന എഴുത്ത്.
അപ്പ (ലെനിന്റെ രണ്ടാനച്ഛന്‍) കഴുത്തു ഞെരിച്ചുഞെരിച്ചു കൊന്ന ആദ്യ ഭാര്യ ആലീസ് പോലും നമ്മെ വല്ലാതെ വേദനിപ്പിക്കുക മാത്രമല്ല, പീഡിപ്പിക്കുകയും ചെയ്യും.
കുടുംബം എന്നത് സംരക്ഷണത്തില്‍ അധിഷ്ഠിതമാണ്. സ്‌നേഹത്തിലല്ലെന്നു പറയുന്നു, നോവലില്‍. പക്ഷേ മാതൃത്വമോ?
മൂന്ന് അമ്മമാരുണ്ട് നോവലില്‍. ദീദി, സമരിയയുടെ അമ്മ പിന്നെ ലെവിന്റെ സ്വന്തം അമ്മ. ശക്തിയും കരുണയും കരുതലുമുള്ള മൂന്ന് മാതൃത്വങ്ങള്‍. അമ്മ ഒരു രഹസ്യ പുസ്തകമാണ് ലെവിന്. യേശുവിനേയും മറിയത്തേയും ഓര്‍മ്മിപ്പിക്കുന്നു, ഈ ബന്ധം. പക്ഷേ ഉയിര്‍പ്പ് അമ്മയ്ക്കാണിവിടെ. മരണശേഷവും സന്ദര്‍ശിക്കാനെത്തുന്ന അമ്മ. അതെ, അമ്മ ഒരു ക്രിയാപദമത്രേ!
നിരവധിയായ സംഗീതത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്, നോവലില്‍. നോവല്‍ വായന തന്നെ ഒരു സംഗീതാനുഭവമായി മാറുന്നു. സംഗീതത്തിന്റെയും കവിതയുടേയും വിശുദ്ധ സംയോഗം.
കസന്‍ദ് സാക്കീസിനെപ്പറ്റി എന്‍.വി. കൃഷ്ണവാരിയര്‍ പറഞ്ഞതിങ്ങനെയാണ്, മഹാകാവ്യം പോലുള്ള നോവലുകള്‍ എഴുതുകയും നോവലുകള്‍ പോലുള്ള മഹാകാവ്യങ്ങള്‍ എഴുതുകയും ചെയ്ത ഋഷിയെന്ന്. നോവല്‍ പോലുള്ള കവിതയെന്നോ കവിത പോലുള്ള നോവലെന്നോ ഈ നോവലിന്റെ വായനയില്‍ നമുക്കും അനുഭവപ്പെടും.
വിരല്‍ത്തുമ്പിലൂടെ ഹൃദയം അനുവാചകനിലേക്ക് പകര്‍ന്നുനല്കിയതാണ് ഈ നോവല്‍. തന്റെയുള്ളിലെ ബുദ്ധനെ പകുത്തു നല്കി വായനക്കാരനേയും പാരമിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന നോവല്‍. ആത്മഗംഗയിലെ ഒരു മുങ്ങി നിവരല്‍.
Content Highlights: V.G Thampi, I.K Mohanan, Idam Paramitham, Mathrubhumi