സയൻസ് ഫിക്ഷന്റെയും ഫാന്റസിയുടെയും അതിർ വരമ്പിലൂടെ ഒരു യാത്ര

1970-കളിലും 80-കളിലും, അധഃപതനത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഐതിഹാസിക നഗരമായ വിരികോണിയത്തെക്കുറിച്ച് കഥകൾ എഴുതിയ എം ജോൺ ഹാരിസൺ ന്റെ പുതിയ അപ്പൊകലിപ്റ്റിക് ആക്ഷേപഹാസ്യ നോവലായ "ദി ഏൻഡ് ഓഫ് എവെരിതിങ്" ആണ് ബുക്കർ പ്രൈസ് ഷോർട്ലിസ്റ്റ് സീരീസ് ലെ അവസാന പുസ്തകം. സാഹസികതയും അതേസമയം പേടിപ്പിക്കുന്നതുമായ ആ കഥകൾ, സമകാലിക ജീവിതത്തിന്റെ വിരസതയേക്കാൾ വിദൂരമായൊരു പേടിസ്വപ്നലോകത്തെ ഇഷ്ടപ്പെട്ട വായനക്കാർക്ക് യാഥാർഥ്യത്തിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നു. എന്നാലിപ്പോൾ നമ്മൾ ജീവിക്കുന്ന നൂറ്റാണ്ടു തന്നെ ഭീതിജനകവും സങ്കൽപ്പാതീതവുമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ അത്തരത്തിലുള്ള കഥാന്തരീക്ഷം സൃഷ്ടിക്കുവാൻ ഹാരിസൺ നു വിരിക്കോണിയതിലേക്കു മടങ്ങിപ്പോകേണ്ടതില്ല. പകരം ലണ്ടൻ നഗരത്തിനടുത്തുള്ള കെന്റ് തീരത്തെ പേര് പറയാത്ത നഗരത്തിലെ ഒരു ചെറു പട്ടണത്തിൽ നടക്കുന്ന സംഭവങ്ങളാണ് ദി ഏൻഡ് ഓഫ് എവെരിതിങ് നു ആധാരം.
സമകാലിക സംഭവവികാസങ്ങളാണ് ഈ നോവലിന്റെ പ്രമേയങ്ങൾക്കും ആക്ഷേപഹാസ്യത്തിനും അടിത്തറയായത്.
എന്തോ ഒരു ദുരന്തം നടന്നു കഴിഞ്ഞു. അതെന്താണെന്നു കഥയിലൊരിടത്തും ഹാരിസൺ നമ്മളോട് പറയുന്നില്ല. കഥ നടക്കുന്ന കാലഘട്ടവും നമുക്ക് വ്യക്തമല്ല. ഇടയ്ക്കിടെ “താച്ചറിന്റെ ഭരണകാലത്തിന്റെ മധ്യഘട്ടം” എന്നോ “അവന്റെ ബാല്യകാലത്തെ ഇൻഫ്ലുവൻസകളും കോവിഡ് രോഗങ്ങളും” എന്നോ ഉള്ള പരാമർശങ്ങൾ കാലത്തെക്കുറിച്ച് ചില സൂചനകൾ നൽകുന്നുണ്ട് എന്ന് മാത്രം. എന്നാൽ നമുക്ക് ചിരപരിചിതമായ സമൂഹമോ സാമൂഹ്യ വ്യവസ്ഥയോ നിലനിൽക്കുന്നില്ല. ഐ-ഘെറ്റി എന്ന പേരിൽ ഹാരിസൺ, യു ഷുഡ് കം വിത്ത് മി നൗ എന്ന ചെറുകഥയിലൂടെ നമ്മളെ പരിചയപ്പെടുത്തിയ അന്യഗ്രഹ ജീവികൾ ബ്രിട്ടനെ ആക്രമിച്ചുവെന്നും ആ യുദ്ധം ഇന്നും തുടരുകയാണെന്നും നമുക്കറിയാം. എന്നാൽ രാജ്യത്തെ പൗരന്മാർ ഈ സാഹചര്യത്തിലും സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കടൽത്തീരങ്ങളിൽ അലഞ്ഞുനടന്ന് വേലിയേറ്റത്തിനൊപ്പവും തിരയിലും കരയിലടിയുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്ന ഫിലിപ്പ് ടെന്നന്റും അദ്ദേഹത്തിന്റെ പ്രായമായ അമ്മായി മാർണിയുമാണ് പ്രധാന കഥാപാത്രങ്ങൾ. താൻ കണ്ടെത്തുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കരിഞ്ചന്തയിൽ (എന്ന് കൃത്യമായി ഹാരിസൺ പറയുന്നില്ലെങ്കിലും സൂചനകൾ അങ്ങോട്ടേക്കാണ്) വിറ്റാണ് ഫിലിപ്പ് ജീവിക്കുന്നത്. എന്നാൽ നിയമങ്ങളോ, നിയമ പാലകരോ അതിനു അനുസൃതമായ ഒരു സമ്പദ്വ്യവസ്ഥയെ നിലനിൽക്കുന്നുവെന്നു തോന്നുന്നില്ല. അത്തരത്തിൽ കടൽത്തീരത്തു നിന്നും ഫിലിപ്പ് ശേഖരിച്ച ഒരു വസ്തു (ആർട്ടിഫാക്ട് എന്നാണ് ഹാരിസൺ അതിനെ വിളിക്കുന്നത്) വിൽക്കാൻ ശ്രമിക്കുന്നിടത്താണ് കഥയുടെ തുടക്കം. അതിനു ഒരേ സമയം ജീവനില്ലെന്നു വായനക്കാർക്കു തോന്നുകയും അതെ സമയം ജൈവികമായ അടയാളങ്ങൾ കാണിച്ചു തരുകയും ചെയ്യുന്നുണ്ട്. ഐ ഘെറ്റി കടലിൽ ഉപേക്ഷിച്ച ഒരു 'ജൈവിക ഉപകരണം' (biological gadget) ആണിതെന്നാണ് നിഗമനം. പുസ്തകത്തിന്റെ അവസാനമാകുമ്പോഴേക്കും അത് കാർ ഓടിക്കുകയും, മാർണിയുടെ വേർപിരിയാനാവാത്ത കൂട്ടുകാരനാകാൻ ശ്രമിക്കുകയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് വിരൽ ചൂണ്ടുന്നുവെങ്കിലും നോവലിൽ ഒരിടത്തും AI യെ കുറിച്ച് പരാമര്ശങ്ങളില്ല. ഇന്റർനെറ്റ് തന്നെ ശിഥിലമായിപ്പോയെന്ന് വ്യക്തമാണ്. കാലഹരണപ്പെട്ടുപോയ ഒരു ധാർമികബോധത്തിന്റെ ദുഃഖകരമായ ഓർമപ്പെടുത്തലുകൾ ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ഉപേക്ഷിക്കപ്പെട്ട ഓക്സ്ഫാം കടയിൽ വസ്ത്രങ്ങൾ തിരയുന്ന ആർട്ടിഫാക്ട്നോട് എടുത്ത തുണികളുടെ വില, ചോദിയ്ക്കാൻ ആരുമില്ലെങ്കിലും, ക്യാഷ് കൗണ്ടറിൽ തന്നെ നിക്ഷേപിക്കാൻ പറയുന്ന മാർണി അതിനൊരു ഉദാഹരണമാണ്.
നോവലിന്റെ അവസാനതാളുകൾ വായനക്കാരന് മുന്നിൽ രണ്ട് സാധ്യതകൾ തുറന്നിടുന്നു: ശീർഷകം സൂചിപ്പിക്കുന്നതുപോലെ എല്ലാത്തിന്റെയും അവസാനം സംഭവിച്ചുവെന്ന് അംഗീകരിക്കുക; അല്ലെങ്കിൽ, തുടർന്നുപോകുന്ന, ഇടമുറിയാത്തതും അവ്യക്തവുമായ ഒരു വർത്തമാനകാലത്തെ ഭാവനയിൽ കാണുക.
സയൻസ് ഫിക്ഷന്റെയും ഫാന്റസിയുടെയും അതിർ വരമ്പിലൂടെ ഒരു യാത്ര എന്നെ ഈ പുസ്തകത്തെ നമുക്ക് വിശേഷിപ്പിക്കാനാകൂ. ഹാരിസൺ ന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "ലോകത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന പ്രതീക്ഷകളും അതിനെ മനസ്സിലാക്കാനും വിശദീകരിക്കാനുമുള്ള നമ്മുടെ ശ്രമങ്ങളും തുടർച്ചയായൊരു ദുരന്തമായി മാറിയാൽ എന്തു സംഭവിക്കും? അപ്പോഴും നമുക്ക് എങ്ങനെയെങ്കിലും ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടതുണ്ടല്ലോ. അതെങ്ങനെ എന്നതാണ് ഈ നോവൽ ഉന്നയിക്കുന്ന ചോദ്യം."
നോവലിന്റെ ഇതിവൃത്തത്തിന്റെ കെട്ടുറപ്പിനപ്പുറം, ഏറെ പരീക്ഷിക്കുന്ന ആഖ്യാന രീതിക്കുമപ്പുറം വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന നോവലാണ് ദി ഏൻഡ് ഓഫ് എവെരിതിങ്. പക്ഷെ നോവലിന്റെ ഇത്തരം പ്രത്യേകതകൾ അതിനുതകുന്ന വായനക്കാരെയും ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തന്നെ എല്ലാവര്ക്കും ഒരുപോലെ ആസ്വാദ്യയോഗ്യമല്ല ദി ഏൻഡ് ഓഫ് എവെരിതിങ് .
Content Highlights: M. John Harrison's latest apocalyptic satirical novel shortlisted for the Booker Prize., Set in a coastal town near London amid a mysterious alien war involving the 'I-Gheteti'., Follows Philip Tennant and his aunt Marni scavenging through a fractured, post-internet society., Blurs the lines between science fiction and fantasy while questioning survival in a ruined world.