അമ്മയുടെ മുഖത്ത് തുപ്പിയ, അച്ഛന്റെ മരണകിടക്കയില്‍ അമ്മയെ തടഞ്ഞ, അതേ സാഷ വീണ്ടെടുത്ത സോഫിയ

സോഫിയ ടോൾസ്‌റ്റോയ്, സാഷയ്‌ക്കൊപ്പം സോഫിയ
സോഫിയ ടോൾസ്‌റ്റോയ്, സാഷയ്‌ക്കൊപ്പം സോഫിയ

ഴുകാതെ കെട്ടിനിന്നുപോയ ഒരു പുഴ പെട്ടെന്നാണ് സമസ്ത പ്രപഞ്ചങ്ങളെയും കടപുഴക്കി പ്രവാഹം ആരംഭിച്ചത്. അനിയന്ത്രിതമായ ആ ഒഴുക്കില്‍ നില തെറ്റി, ഓരോ ചുഴിയിലും തിരയിലുംപെട്ട് കുതിച്ചപ്പോള്‍ എവിടെയൊക്കെയോ ശരീരവും മനസ്സും ശക്തമായി മുട്ടി ചോരവാര്‍ന്നു.

അവസാനം. ഏതോ കടലിന്റെ അടിത്തട്ടില്‍ പ്രശാന്ത സുന്ദരമായ ഒരു ലോകത്ത് അന്ത്യവിശ്രമം കൊള്ളുന്നപോലെ!

ചന്ദ്രമതിയുടെ നോവല്‍ 'ഒഴുകാതെ ഒരു പുഴ.'

പലരും ഇതൊരു സ്ത്രീപക്ഷ നോവലായി അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീപക്ഷം മാത്രമായിരുന്നെങ്കില്‍ ടോള്‍സ്റ്റോയ് എന്ന കഥാപാത്രം ഇരുളാണ്ടു പോയേനെ. മാനവ ചരിത്രത്തില്‍ മാനുഷിക ഭാവങ്ങളോടെ നില്‍ക്കുന്ന ഒരു അസാധാരണ കഥാപാത്രമായി ടോള്‍സ്റ്റോയി ഈ നോവലില്‍ അങ്ങോളമിങ്ങോളമുണ്ട്.

അതുകൊണ്ടുതന്നെ ഞാനിതൊരു സ്ത്രീപക്ഷ നോവലായി മാത്രമല്ല കാണുന്നത്. മറയ്ക്കുള്ളിലെ സോഫിയ എന്ന സോണിയയെ അത്യുജ്വല മികവോടെ നമുക്ക് കാട്ടിത്തരുമ്പോഴും ജ്വലിച്ചു ഉണര്‍ന്ന് നില്‍ക്കുന്നു ടോള്‍സ്റ്റോയ്.

അഗാധമായ വായനയില്‍, ടോള്‍സ്റ്റോയി സോണിയയെ പ്രേമിച്ചതുപോലെ സോണിയ തിരിച്ച് അത്രകണ്ട് അഗാധമായി പ്രേമിച്ചിട്ടുണ്ടോ എന്ന് സംശയിച്ചുപോയി.

നോവലില്‍ നിരന്തരമായി സംഭവിക്കുന്ന അവരുടെ പ്രണയകലഹങ്ങള്‍ക്കും വന്‍വഴക്കുകള്‍ക്കും അവസാനം സമവായത്തിലെത്താന്‍ മുന്‍കൈയെടുക്കുന്നത് ടോള്‍സ്റ്റോയിയാണ്. ജീവിതം മുഴുവന്‍ അവള്‍ കൂടെ ഉണ്ടാകണമെന്ന നിര്‍ബന്ധവും അയാള്‍ക്ക് തന്നെയായിരുന്നു

ജീവിതത്തിലുടനീളം സോണിയയെ സ്വാധീനിച്ചത് അയാളാണ്. ഭ്രാന്തെടുപ്പിക്കുന്ന പ്രണയമായിരുന്നു അവള്‍ക്ക്. കൗമാരകാലത്ത് തന്നെ അയാളില്‍, അയാളുടെ എഴുത്തില്‍, അവള്‍ അഭിരമിച്ചു. പ്രായവ്യത്യാസം കണക്കാക്കാതെ അവളുടെ 18-ാം വയസ്സില്‍ ഇരട്ടി പ്രായമുള്ള അയാളുടെ ഭാര്യയായി... പിന്നീട് അവളുടെ എഴുത്തും സംഗീതവും സ്വപ്നവും എല്ലാം അയാളായി തീര്‍ന്നു.

ആദ്യമൊന്നും പ്രേമലഹരിയില്‍ അവള്‍ തന്റേതായ ഇടം നഷ്ടപ്പെടുന്നത് വകവെച്ചില്ല. മറ്റൊരു മഹനീയ ഇരിപ്പിടത്തിന്റെ ഭാഗമായപ്പോള്‍ സ്വന്തം ഇടത്തെ അവള്‍ കാര്യമാക്കിയില്ല.

അത് തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയി. പ്രണയംകൊണ്ടും ചുമതലകള്‍ കൊണ്ടും, അവള്‍ക്ക് നിലവിലുള്ള ജീവിതം കൈവിടാന്‍ സാധിക്കുകയില്ലായിരുന്നു.

പല ഭര്‍ത്താക്കന്മാരും ചെയ്യാറുള്ള ഒരു കാര്യം ടോള്‍സ്റ്റോയിയും ആവര്‍ത്തിച്ചിരുന്നു. തന്റെ പൂര്‍വ്വജീവിതം അതുപോലെ അവളോട് പറഞ്ഞു. തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍, തന്റെ ലൈംഗിക ജീവിതം, അവിവാഹിതയായ ഒരു സ്ത്രീയില്‍ ഉണ്ടായ മകന്‍, ഇവയൊക്കെ എഴുതിവെച്ച ഡയറി, അവള്‍ക്ക് വിവാഹത്തിനുമുമ്പ് തന്നെ അയാള്‍ വായിക്കാന്‍ കൊടുത്തു. പ്രേമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സോണിയ എന്നിട്ടും വിവാഹത്തിന് കൊതിച്ചു. അപ്പോഴും ടോള്‍സ്റ്റോയ് നിരുത്സാഹപ്പെടുത്തി.

മിടുക്കിയായ സോണിയയോട് തോന്നിയ യഥാര്‍ത്ഥ പ്രണയമാണ് ടോള്‍സ്റ്റോയിയെ ആ വിവാഹത്തിനായി ഒരുക്കി നിര്‍ത്തിയത്.

ജീവിതം പലരും വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ലല്ലോ.

തന്റെ ചേച്ചിയെ വിവാഹം കഴിക്കാനിരുന്ന, അമ്മയുടെ അടുത്ത സുഹൃത്തായിരുന്ന, പ്രായവ്യത്യാസം കൊണ്ട് വിവാഹം നടത്തിക്കാന്‍ അച്ഛന് താല്‍പര്യമില്ലാതിരുന്ന, ഒരാളെ തന്റെ ജീവിതത്തിലേക്ക് സോണിയ തിരഞ്ഞെടുക്കുന്നത് കറയറ്റ പ്രേമം ഒന്നുകൊണ്ട് മാത്രമായിരുന്നു.

എന്നിട്ടോ?

ജീവിതം തുടങ്ങി കുറച്ച് നാളുകള്‍ക്കകം തന്നെ പലതരം അസ്വാരസ്യങ്ങളായി. അടുത്തറിയാത്ത, രഹസ്യങ്ങള്‍ ഏറിയ, ഉടലുകളുടെ മിടുക്ക് കൊണ്ട് ആദ്യകാലത്ത് അവര്‍ വഴക്കുകള്‍ വേഗം തീര്‍ത്തു. പിന്നീട് പിന്നീട് വഴക്കുകള്‍ക്ക് അറുതിയില്ലാതായി.

ആത്മാഭിമാനിനികളായ ഏതുസ്ത്രീകള്‍ക്കുമെന്നപോലെ, ഭര്‍ത്താവില്‍ നിന്നും സോഫിയയ്ക്കാവശ്യം പ്രണയം മാത്രമായിരുന്നില്ല ബഹുമാനം കൂടിയായിരുന്നു. തന്റെ കഴിവുകള്‍ ലോകത്ത് ആരംഗീകരിച്ചില്ലെങ്കിലും ഭര്‍ത്താവ് അംഗീകരിക്കണം എന്നുള്ള ആഗ്രഹം! കിട്ടാതെ വരുംതോറും അത് പിന്നീട് വലിയ വാശിയായി മാറി.

ടോള്‍സ്റ്റോയ് ജീവിതത്തില്‍ ഏറ്റവും കൂടുതലായി സോണിയയെ പ്രേമിച്ചപ്പോഴും ബഹുമാനം മാത്രം അയാളില്‍ പ്രകടമായില്ല.

കാക്കസസിലെ തടവുകാരന്‍ എന്ന ടോള്‍സ്റ്റോയ്കഥയുടെ അവസാന ഭാഗത്ത് ഇങ്ങനെ ഒരു വരിയുണ്ട്.

'അങ്ങനെയാണ് ഞാന്‍ വീട്ടില്‍ പോയതും വിവാഹിതനായതും! ഞാന്‍ വിവാഹിതനാവാന്‍ വിധിക്കപ്പെട്ടവനായിരുന്നില്ല എന്ന് തോന്നുന്നു'

'ഒഴുകാതെ ഒരു പുഴ' വായിക്കുമ്പോള്‍ ഒരു കാര്യം തിരിച്ചറിയാനാവും- ഏറ്റവും അഗാധമായി പ്രണയിക്കുന്ന രണ്ടുപേരുടെ ഇടയിലാണെങ്കില്‍ പോലും പരസ്പരം ബഹുമാനമില്ലെങ്കില്‍ ആ ജീവിതം നരകതുല്യമായിരിക്കും.

എല്ലാ കാലത്തെയും പുരുഷനെപ്പോലെ സോണിയയുടെ ലിയോക്കും ഭാര്യയെ ബഹുമാനിക്കാന്‍ അറിയില്ലായിരുന്നു. എന്നാല്‍ ആവോളം സ്‌നേഹിച്ചു! സോണിയ ആ സ്‌നേഹം ആവോളം കുടിച്ചുമദിക്കുമ്പോഴും ബഹുമാനത്തിന്റെ അഭാവത്തില്‍ അവള്‍ വരണ്ടുണങ്ങി.

അവര്‍ തമ്മിലുള്ള ഭീകര പ്രശ്‌നങ്ങളുടെ ഇടയില്‍ പല തവണ വീട്ടില്‍ നിന്നിറങ്ങിപ്പോകാനോ ആത്മഹത്യ ചെയ്യാനോ ആലോചിക്കുന്ന സോണിയയെ മുന്‍കൈയെടുത്ത് പിന്തിരിപ്പിക്കുന്നത് ടോള്‍സ്റ്റോയിയാണ്. തിരിച്ചും!

അവസാനം എണ്‍പതു വയസ്സിനുശേഷം സോണിയയെ ഉപേക്ഷിച്ചു ലിയോ പോയപ്പോഴും, മരണക്കിടക്കയിലും തന്റെ സോണിയയുടെ മനസ്സ് വിഷമിക്കാതിരിക്കാന്‍ അയാള്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. ഓര്‍മ്മയുടെ അവസാനംവരെ അയാളുടെ കണ്ണുകള്‍ തേടിയത് സോണിയയെ മാത്രമായിരുന്നു. പക്ഷേ അവള്‍ക്ക് അയാളെ കാണാന്‍ അനുവാദമില്ലായിരുന്നു.

അവള്‍ ഉള്ളില്‍ നീറുകയായിരുന്നു. തന്റെ കടുത്ത പ്രേമം കൊണ്ടെത്തിക്കുന്ന ദുരിതങ്ങളെ ഓര്‍ത്ത് അവള്‍ സ്വയം പ്രാകിക്കൊണ്ടിരുന്നു. അയാളെ ഒരു നോക്ക് കാണാനായി അവള്‍ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ അപ്പോഴും സോണിയ പത്രക്കാരോട് ടോള്‍സ്റ്റോയിയെ കുറിച്ച് അല്പസ്വല്പം കുറ്റങ്ങളാണ് പറഞ്ഞത്., അവള്‍ക്ക് ലോകത്തോട് പറയണമായിരുന്നു അവളുടെ നിസ്സീമമായ പ്രേമത്തെക്കുറിച്ചും, ടോള്‍സ്റ്റോയിയുടെ സുഹൃത്തായ ചേര്‍ത്‌കൊവ് എന്ന ഒരേ ഒരു മനുഷ്യനാല്‍ നശിക്കപ്പെട്ട അവളുടെ ജീവിതത്തെക്കുറിച്ചും അവളുടെ ദൗര്‍ഭാഗ്യത്തെക്കുറിച്ചും!

നമുക്കറിയാം സോണിയയുടെ പ്രേമം എത്ര അഗാധമായിരുന്നുവെന്ന്. അവള്‍ക്ക് അയാളില്ലാതെ ഒരു ലോകമില്ലായിരുന്നു. ഓരോ ശ്വാസത്തിലും അയാളുണ്ടായിരുന്നു. ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ടോള്‍സ്റ്റോയിയായിരുന്നു അവളുടെ ലോകം. അതുകൊണ്ടുതന്നെ സ്വന്തം എഴുത്ത് മാറ്റിവെച്ച് അയാളുടെ പകര്‍ത്തെഴുത്തുകാരിയാകാന്‍ അവള്‍ക്ക് ഒട്ടും മടിയുണ്ടായില്ല. അയാളുടെ എഡിറ്ററായി അവള്‍ സന്തോഷത്തോടെ ജോലി ചെയ്തു.

പരസ്പരം കാണിക്കാനായി എഴുതുന്ന ഡയറികളിലെ അവളുടെ പല ആശയങ്ങളും അയാള്‍ സ്വന്തം എഴുത്തിന് ഉപയോഗിച്ചു. എന്നാല്‍ ടോള്‍സ്റ്റോയിയുടെ ആശയങ്ങളൊന്നും സോണിയ സ്വന്തം എഴുത്തിന് എടുത്തില്ലെന്ന് മാത്രമല്ല, സ്വന്തമായി എഴുതിയതൊന്നും പ്രസിദ്ധീകരിച്ചതുമില്ല. ടോള്‍സ്റ്റോയിയുടെ അസാമാന്യ സര്‍ഗാത്മക രചനയില്‍ അവള്‍ മതിമറന്ന് ലയിച്ചു പോയിരുന്നു. അയാളുടെ ദാര്‍ശനികതയിലും ബൗദ്ധികതയിലും അവള്‍ അഭിമാനം കൊണ്ടു. അതിനുമീതെയുള്ള ഒരു എഴുത്ത് തനിക്ക് പ്രാപ്യമല്ല എന്ന് സോണിയ കരുതിയിട്ടുണ്ടാകും. അയാളുടെ എഴുത്തിനെ മറികടന്നുള്ള ഒരെഴുത്ത് അവള്‍ ആഗ്രഹിച്ചിട്ടുണ്ടാകും. അതിന് കാത്തിരുന്നിട്ടുമുണ്ടാകും.

ടോള്‍സ്റ്റോയിയുടെ ഓരോ രംഗത്തെയും മികവ് കണ്ടപ്പോള്‍ അതിനൊപ്പം നില്‍ക്കാനാണ് സോണിയ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ അവള്‍ വല്ലാതെ പൊസ്സസീവ് ആയിപ്പോയി.

സോണിയയുടെ ജീവിതത്തിലെ വെല്ലുവിളികളും അതിജീവനവും മികവോടെ തെളിഞ്ഞു നില്‍ക്കുന്നു നോവലില്‍.അതുകൊണ്ട് മാത്രം, ഇതൊരു സ്ത്രീപക്ഷ നോവല്‍ മാത്രമാണെന്ന് കരുതുന്നില്ല.

അതിനപ്പുറം ഇത് മറ്റെന്തു കൂടിയാണ് എന്ന് ചോദിച്ചാല്‍, ഇത് വിവിധ സാഹചര്യങ്ങളിലുള്ള മനുഷ്യരുടെ മാനസികാവസ്ഥ കാരണം സംഭവിക്കുന്ന സങ്കീര്‍ണമായ ജീവിതാവസ്ഥ തുറന്നുകാട്ടുന്ന മനുഷ്യപക്ഷ നോവലാണ് എന്ന് പറയേണ്ടിവരും.

ഒരു പുരുഷനിലും സ്ത്രീയിലും, പ്രണയം, സൗഹൃദം, പ്രേമം, കാമം, കുടുംബ ജീവിതം, ലൈംഗിക ജീവിതം, മാതൃ-പിതൃ ബന്ധം, തൊഴില്‍ ജീവിതം, മതജീവിതം, സര്‍ഗാത്മക ജീവിതം, സാമൂഹ്യ ജീവിതം, ആത്മീയ ജീവിതം, ഇവയൊക്കെ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും, എന്നാല്‍ എവിടെയൊക്കെയാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നതെന്നും, ഇവയൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

അഗാധമായി പ്രണയിക്കുന്നവരോടുള്ള പ്രേമം എന്നത്, ചിലരിലെങ്കിലും കൂടുതല്‍ കൂടുതല്‍ അഗാധമാകുന്നതും ദൃഢമാകുന്നതും, വലിയ വലിയ എതിര്‍പ്പും ശത്രുതയും വെറുപ്പും കൂടെ ചേര്‍ന്നുള്ള ജീവിതത്തില്‍ കൂടിയാണ്. അങ്ങനെയുള്ളവര്‍ക്ക് മനസ്സ് കീറാതെ അകലാന്‍ പറ്റില്ല. അത് ഈ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും സംഭവിച്ചിട്ടുണ്ട്

ഓരോ വഴക്കിന് ശേഷവും പരസ്പരം ഇവര്‍ ഡീപ് റൂട്ടഡ് ആകുന്നു. പ്രേമം എന്ന ഒരൊറ്റ വികാരം മാത്രമല്ലാതെ, പ്രണയം-സ്‌നേഹം- കാമം-അസൂയ- കുശുമ്പ്- പക-ശത്രുത- അനുകമ്പ -കാരുണ്യം - വാശി -പ്രതികാരം ഇതെല്ലാമുള്ള ബന്ധമായി ഒരു പുരുഷനും സ്ത്രീയും മാറുമ്പോള്‍, അങ്ങനെ അനേക വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ഒരിക്കലും പരസ്പരം മോചനം അവര്‍ക്ക് സാധ്യമാകുകയില്ല

ശരീരമകന്നാലും അവരുടെ മനസ്സുകള്‍ ഒന്നുതന്നെയായിരിക്കും. അവര്‍ക്ക് പരസ്പരം ഓര്‍ക്കാതിരിക്കാനാകില്ല, പരസ്പരം വിഷം ചീറ്റുന്ന ഇണ സര്‍പ്പങ്ങളെ പോലെ സ്‌നേഹിക്കാതിരിക്കാന്‍ ആകില്ല. കുറ്റബോധത്താല്‍ അവര്‍ നീറും. രണ്ടുപേര്‍ക്കും ഒരേ വിഷമമാണ്. അതില്‍ സ്ത്രീയുടെ വിഷമം കൂടുതല്‍ എന്നില്ല. മനുഷ്യന്റെ ജീവിതം... അതാണ് ഈ നോവല്‍..

ഈ പുസ്തകം എഴുതാന്‍ എഴുത്തുകാരി ഒരുപാട് യാതനകള്‍ നേരിട്ടിട്ടുണ്ട് എന്ന് ഞാന്‍ ഉറപ്പിക്കുന്നു. ഒരുപാട് രാത്രികള്‍ ഈ കഥാപാത്രങ്ങള്‍ ഉറക്കം കെടുത്തിയിരിക്കണം.

എടുത്തു പറയേണ്ട മറ്റൊന്ന് എഴുത്തുകാരിയുടെ പൊതുവേയുള്ള എഴുത്തുകളിലെ, ആക്ഷേപഹാസ്യം പലപ്പോഴും ഈ നോവലിലും ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്.അത് നോവല്‍ വായനയെ വളരെ ലളിതമാക്കുന്നുണ്ട്.

ടോള്‍സ്റ്റോയി നിഷേധിച്ച പല കാര്യങ്ങളും ചെയ്യാന്‍ തന്റേടമുള്ള സ്ത്രീയായിരുന്നു സോഫിയ. വാശിപിടിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തയുമായിരുന്നു. ആ വീട്ടില്‍ അവള്‍ കിരീടം വയ്ക്കാത്ത റാണി തന്നെയായിരുന്നു.

അതുകൊണ്ടുതന്നെ സത്യമായിട്ടും സോഫിയ ഒരു പാവം സ്ത്രീ ആയിരുന്നു എന്ന് പറയാന്‍ സാധിക്കില്ല. സോണിയയ്ക്ക് അത് അപമാനമായിരിക്കും. പലപ്പോഴും ഭര്‍ത്താവിനെ വരച്ച വരയില്‍ അവള്‍ നിര്‍ത്തുന്നുണ്ട്. ഈ നോവലില്‍ സോഫിയയുടെ വ്യക്തിത്വം വളരെ മികവുറ്റതാണ്.

സോഫിയക്ക് താന്‍ ചെയ്ത ജോലിയുടെ ക്രെഡിറ്റ് അയാളോട് ആവശ്യപ്പെടാമായിരുന്നു. ഇന്നും സ്ത്രീകള്‍ക്ക്  അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങാന്‍ മടിയാണ്. ആത്മാഭിമാനക്ഷതം സംഭവിക്കും എന്നവര്‍ കരുതുന്നു.

സോഫിയ അത് ചെയ്യാത്തതിന് കാരണം അതിനുപരിയായിരുന്നു അവള്‍ക്ക് ടോള്‍സ്റ്റോയിയോടുള്ള പ്രണയം, അയാളുടെ നിഴലിലെ ജീവിതം അവള്‍ ആസ്വദിച്ചിരുന്നു. അവളെ അയാള്‍ അംഗീകരിച്ചാല്‍ മാത്രം മതി!

ഒരാളെ മഹാനാക്കുന്നത് ആ വ്യക്തിയുടെ കഴിവുകള്‍ മാത്രമല്ല കുറവുകള്‍ കൂടിയാണ്.

മഹനീയമായ ഒരു ഇരിപ്പിടത്തിലേക്ക് സോഫിയയെ എഴുത്തുകാരി ഉയര്‍ത്തിയിരുത്തുമ്പോള്‍, അത്രയും സ്‌നേഹത്തോടെ ഹൃദയത്തിലേക്ക് നാം അവളെ സ്വീകരിക്കുന്നത് അവളുടെ കുറവുകള്‍ കൊണ്ട് കൂടിയാണ്. അതാണ് ഈ നോവലിലെ പ്രകടമായ സ്ത്രീപക്ഷം എന്ന് ഞാന്‍ വിചാരിക്കുന്നു.

ഒരുപക്ഷേ സോഫിയയുടെ നന്മ മാത്രം പറഞ്ഞുപോയിരുന്നെങ്കില്‍, ടോള്‍സ്റ്റോയിയുടെ കുറവ് മാത്രം പറഞ്ഞു പോയിരുന്നെങ്കില്‍, ഈ കഥാപാത്രങ്ങള്‍ ഇത്രയേറെ ശോഭിക്കില്ലായിരുന്നു.

എന്നാല്‍ തന്റെ പ്രിയപ്പെട്ട മകന്‍ മരിക്കുമ്പോള്‍ സോഫിയ, തൊട്ടടുത്ത് നില്‍ക്കുന്ന, തനിക്ക് ഇഷ്ടപ്പെടാതെയുണ്ടായ മകള്‍ സാഷയെ നോക്കി 'എന്റെ ദൈവമേ... എന്റെ മകനെ എന്തിനു നീ കൊണ്ടുപോയി? പകരം ഈ മകളെ കൊണ്ടുപോകാമായിരുന്നില്ലേ? 'എന്ന് ചോദിക്കുന്നു. അത്തരം ഒരു അമ്മയെ നമ്മള്‍ മറ്റൊരിടത്തും കണ്ടെന്നു വരില്ല.ആ മകള്‍ക്കു ജീവിതകാലം മുഴുവന്‍ അമ്മയോട് ദേഷ്യം തോന്നിയാല്‍ ആ മകളെ കുറ്റം പറയാനും സാധിക്കില്ല.

സോഫിയ പ്രസവിച്ച കുഞ്ഞുങ്ങളുടെയും, അവളുടെ മരിച്ച കുഞ്ഞുങ്ങളുടെയും കണക്കെടുത്തപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് തെറ്റി. അത്രയേറെയാണ് പ്രസവങ്ങളും കുഞ്ഞുങ്ങളുടെ മരണങ്ങളും ഈ താളുകളില്‍ നിറഞ്ഞിരിക്കുന്നത്. എങ്ങനെയാണ് ഒരു സ്ത്രീക്ക് ഇതൊക്കെ താങ്ങാനാകുന്നത്?

3000 ഏക്കറോളം പരന്നുകിടക്കുന്ന സ്വന്തം വീടിരിക്കുന്ന സാമ്രാജ്യത്തില്‍, നിരവധി പണിക്കാരും, ഭര്‍ത്താവിന്റെ സാഹിത്യ ജീവിതവും, അതിഥികളും സല്‍ക്കാരങ്ങളും നിറഞ്ഞുനിന്നു. ഇതൊക്കെ നിയന്ത്രിച്ച് ഭര്‍ത്താവിന്റെ പുസ്തകത്തിന്റെ പ്രസാധകയായും, അടിക്കടി പ്രസവിച്ചുകൊണ്ടിരിക്കുന്ന അമ്മയായും, മാറിയും മറിഞ്ഞും വരുന്ന സോഫിയയുടെ ജീവിതം ഒരു സാധാരണ സ്ത്രീയുടെത് അല്ലേയല്ല.

തന്റെ എല്ലാ വൃത്തികെട്ട സ്വഭാവങ്ങളും സോണിയയ്ക്ക് വേണ്ടി മാറ്റിയെടുത്തു ടോള്‍സ്റ്റോയി. പക്ഷെ എന്നും അവള്‍ സംശയാലു ആയിരുന്നു. എന്നാല്‍ പരസ്പരമുള്ള സ്‌നേഹത്തില്‍ രണ്ടുപേര്‍ക്കും സംശയമില്ലായിരുന്നു. അതാണ് വെട്ടി മാറ്റപ്പെടുമ്പോഴും തിരികെ വീണ്ടും ഒട്ടിച്ചേരുന്ന മനുഷ്യരായി അവര്‍ മാറിയത്.

തന്റെ സ്വത്തും പണവും എല്ലാം പാവപ്പെട്ടവര്‍ക്ക് വീതിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ച ആളാണ് ടോള്‍സ്റ്റോയ്. തന്റെ പുസ്തകങ്ങളില്‍ നിന്ന് കിട്ടുന്ന പൈസ പോലും പാവങ്ങള്‍ക്ക് എത്തണം എന്ന് അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ സോഫിയ ആ പണം തനിക്കും തന്റെ മക്കള്‍ക്കും അവകാശപ്പെട്ടതാണെന്ന് വാദിച്ചു.

ടോള്‍സ്റ്റോയിയുടെ ആഗ്രഹം നിറവേറ്റാന്‍ എത്തപ്പെട്ട ഒരു മനുഷ്യനാണ് അവളുടെ നിതാന്ത ശത്രുവായി മാറിയത്. അയാള്‍ക്കെതിരെ സോണിയ ചെയ്തതെല്ലാം പക്ഷേ ആത്യന്തികമായി ദോഷകരമായി ബാധിച്ചത് ടോള്‍സ്റ്റോയിയെത്തന്നെയായിരുന്നു.

സോഫിയയുടെ സ്വഭാവത്തില്‍ ഒരു പ്രകടനാത്മകത എപ്പോഴും ഉണ്ടായിരുന്നു. മാനസിക അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ആ സ്വഭാവവും കൂടി വന്നു. അവള്‍ ഉറക്കെ കരയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നവളായിരുന്നു. ആത്മാര്‍ത്ഥമായി അവള്‍ ഉറക്കെ കരയുമ്പോഴും അച്ഛനും മക്കളും പലപ്പോഴും അമ്മയോട് പറഞ്ഞത് നാടകം കളിക്കേണ്ട എന്നായിരുന്നു. ഇന്നും അത് കേള്‍ക്കുന്ന സ്ത്രീകള്‍ ധാരാളം ഉണ്ടാകും.

ടോള്‍സ്റ്റോയിയുടെ മാനവികത അയാളുടെ എഴുത്തില്‍ മാത്രമല്ല അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടായിരുന്നു. പാവങ്ങള്‍ക്ക് വേണ്ടി വികാരം കൊള്ളുക മാത്രമല്ല അയാള്‍ ചെയ്തത്. ശക്തമായി അവര്‍ക്കുവേണ്ടി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. അതിനാല്‍ തന്നെ എഴുതിയ പല പുസ്തകങ്ങളും നിരോധിക്കപ്പെട്ടു. അതുകാരണമൊന്നും ടോള്‍സ്റ്റോയി പതറിയില്ല. സര്‍വ്വാധികാരിയായ ചക്രവര്‍ത്തിയെ പോലും കൂസാത്ത മനുഷ്യനായി, ദരിദ്രര്‍ക്ക് വേണ്ടി അയാള്‍ നിലനിന്നു. അതൊരു സാധാരണ ജീവിതം അല്ല. ഒരു ടോള്‍സ്റ്റോയിക്ക് മാത്രം സാധിക്കുന്ന ഒന്ന്!

'വിദ്യാഭ്യാസം' എന്ന കൃതിയില്‍ ടോള്‍സ്റ്റോയി കുറിച്ച വരികളില്‍ അയാളുടെ സ്വഭാവം കൂടി വ്യക്തമാകുന്നുണ്ട്: 'സത്യസന്ധത ഒരു ദൃഢ വിശ്വാസമല്ല. സത്യസന്ധമായ ദൃഢവിശ്വാസങ്ങളുടെ പ്രകാശനം ഒരു വിഡ്ഢിത്തമാണ്. സത്യസന്ധത ഒരു ധാര്‍മിക ശീലമാണ്. അടുത്ത ബന്ധങ്ങളിലാണ് അത് ആരംഭിക്കേണ്ടത്. ഈ കാരണങ്ങള്‍ കൊണ്ട് അത്തരം സത്യസന്ധമായ ദൃഢവിശ്വാസങ്ങള്‍, കൂടുതല്‍ ശരിയായി സത്യസന്ധതയെക്കുറിച്ചുള്ള പൊള്ളയായ ശൈലികള്‍, ജീവിതവുമായി ബന്ധപ്പെട്ട് അപര്യാപ്തമാണെന്ന് തെളിയുന്നു.'

വേണമെങ്കില്‍ ഒരു സര്‍ഗ്ഗാത്മക എഴുത്തുകാരന് ഭാര്യയോടൊപ്പം സര്‍വ്വസമ്മതനായി വളരെ മനോഹരമായ കഥകള്‍ എഴുതി സുഖമായി ജീവിച്ചു മരിക്കാം. എന്നാല്‍ ടോള്‍സ്റ്റോയിക്ക് അയാളുടെ വ്യക്തിത്വം അടിമപ്പെടുത്തിക്കൊണ്ട് ജീവിക്കാനാകില്ലായിരുന്നു. എഴുത്തായിരുന്നു അയാളുടെ ശക്തി. ഏറ്റവും സ്‌നേഹിക്കുന്ന ആള്‍ക്ക് വേണ്ടി പോലും എഴുത്ത് വിട്ടുകൊടുക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു.

എല്ലാ സ്ത്രീകളെയും പോലെ സോഫിയയ്ക്കും തെറ്റി. തന്റെ കഴിവ്, ഏറ്റവും സ്‌നേഹിക്കുന്ന ആള്‍ക്കുവേണ്ടി വിട്ടുകളയാന്‍ അവള്‍ തീരുമാനിച്ചു. എന്നാല്‍ പാരമ്യവേദനയോടെയാണ് ആ വിട്ടുകൊടുക്കല്‍. അതേക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട്. സന്തോഷമെല്ലാം മുറിച്ചുമാറ്റിക്കൊണ്ട്. പ്രാണന്‍ പോകുന്നതുപോലെ!

അവിടെയാണ് സ്ത്രീകള്‍ക്ക് എപ്പോഴും തെറ്റുപറ്റുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകള്‍ ഭര്‍ത്താവിന് വേണ്ടി കുടുംബത്തിനുവേണ്ടി വലിയ ത്യാഗം അനുഷ്ഠിക്കും. കുടുംബത്തിനും മക്കള്‍ക്കും വേണ്ടി പണം സ്വരൂപിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. പലയിടങ്ങളിലും അവസാനം മക്കള്‍ പോലും തള്ളിപ്പറയും.

സ്വന്തം ത്യാഗത്തെ കുറിച്ച് വളരെ അഭിമാനപൂര്‍വ്വം ചിന്തിക്കുന്നു സ്ത്രീകള്‍. എന്നാല്‍ അതിനെക്കുറിച്ച് പരാതി പറയുകയും സ്വന്തം ജീവിതം ദുസ്സഹമാക്കുകയും ചെയ്യും.

ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും സോഫിയയുടെയും ടോള്‍സ്റ്റോയിയുടെയും ലൈംഗികജീവിതം അമ്പരപ്പിക്കുന്നതാണ്. സര്‍ഗാത്മകതയുടെ പര്യായമായാണ് വയസ്സുകാലത്ത് പോലും ആഗ്രഹിച്ച് സംഭവിക്കുന്ന ഇവരുടെ രതിയെ ഞാന്‍ കാണുന്നത്.

സോഫിയ ഭര്‍ത്താവില്‍ പ്രകൃതിവിരുദ്ധ ബന്ധം ആരോപിക്കുന്നുണ്ട്. തന്റെ ശത്രുവും, ഭര്‍ത്താവിന്റെ സുഹൃത്തുമാണ് പ്രതി! പബ്ലിക്കായി നടത്തിയ ഈ ആരോപണം ടോള്‍സ്റ്റോയിയെ വല്ലാതെ തളര്‍ത്തി.

ടോള്‍സ്റ്റോയി മുറിയില്‍ നിന്നിറങ്ങിപ്പോയി. പുറകെ കൂടെയുണ്ടായിരുന്ന  ഡോക്ടറും. മകള്‍ സാഷ രണ്ടു ചുവടുവെച്ച് അച്ഛനോടൊപ്പം പോയിട്ട് തിരികെ വന്നു അമ്മയുടെ മുഖത്തേക്ക് തുപ്പി. ആ അമ്മയും മകളും പരസ്പരം അങ്ങേയറ്റം വെറുക്കുന്നവരാണല്ലോ.

സോണിയയെ എഴുത്തില്‍ അംഗീകരിച്ചിട്ടില്ലാത്ത ടോള്‍സ്റ്റോയി! ഒരു വലിയ സദസ്സ് സോണിയയെ, ഭര്‍ത്താവിനെ സഹായിക്കുന്നതില്‍ പുകഴ്ത്തിയപ്പോള്‍, അങ്ങേയറ്റം സന്തോഷിച്ചത് ടോള്‍സ്റ്റോയി ആണ്. അത് സോഫിയയ്ക്ക് ഏറെ ആശ്വാസമായിരുന്നു.

ടോള്‍സ്റ്റോയിയുടെ പുരുഷസുഹൃത്തുക്കളെയും സ്ത്രീസുഹൃത്തുക്കളെയും ഒരുപോലെ സോഫിയ ഭയന്നു. സോഫിയയുടെ പുരുഷസുഹൃത്തുക്കളെ ടോള്‍സ്റ്റോയി ഇഷ്ടപ്പെട്ടില്ല!

സോണിയ വിചാരിക്കുന്നുണ്ട് 'അനുഗ്രഹീതരായ സര്‍ഗാത്മക കലാകാരന്മാരെല്ലാം ഒരുപോലെയാണ്. ടോള്‍സ്റ്റോയ് ആയാലും ബിഥോവനായാലും അവരുടെ സര്‍ഗാത്മകതയ്ക്ക് സഹായമാകുന്നത് വരെ മാത്രമേ അവര്‍ക്ക് മറ്റുള്ളവരെ ആവശ്യമുള്ളൂ.

അദ്ദേഹം എന്റെ അധ്വാനമെടുക്കുന്നു., ശരീരമെടുക്കുന്നു, പക്ഷേ എന്റെ ആത്മീയ ജീവിതം അദ്ദേഹം പ്രധാനമായി കാണുന്നില്ല... എന്നാലും ലോകം ഇത്തരം പുരുഷന്മാരുടെ മുന്നിലെ വണങ്ങുകയുള്ളൂ...'

സ്ത്രീയെന്ന നിലയില്‍ വളരെയേറെ വേദന തോന്നുന്ന വരികളാണിവ. ലൈംഗിക ജീവിതത്തിന് ഉപരിയായിയുള്ള ഒരു ആത്മീയ കൂട്ടുകെട്ട് ഒരു സ്ത്രീ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് പറയാതിരിക്കാന്‍ ആവില്ല

ഒരു പുരുഷ സുഹൃത്താണ് അവളെ സംഗീതത്തിലേക്ക്് കൂടുതല്‍ അടുപ്പിച്ചത്. ആ ബന്ധം അവള്‍ക്ക് അത്രയേറെ പ്രിയങ്കരമായിരുന്നെങ്കിലും ഒരിക്കലും അത് ശാരീരികമായിരുന്നില്ല എന്ന് സോഫിയ പറയുന്നുണ്ട്. ആത്മീയ ബന്ധമായിരുന്നു അത്.

എന്നാല്‍ അവള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍പക്കക്കാരുടെയുമെല്ലാം മുന്നില്‍ തെറ്റുകാരിയായിരുന്നു. അതൊക്കെ അതിജീവിക്കാനുള്ള ശക്തി അവള്‍ക്കുണ്ടായിരുന്നു. അവള്‍ ധീരയായിരുന്നു. അവളുടെ ആ യാത്ര സത്യം മുറുകെപ്പിടിച്ചുള്ള യാത്രയാണെന്ന് നമുക്ക് മനസ്സിലാകും.

വളരെ ചെറുപ്പത്തില്‍ വന്നുകയറിയ തന്റെ വീട്, ഭര്‍ത്താവ്, കുട്ടികള്‍, അവിടെയുള്ള ജോലിക്കാര്‍, ഇവര്‍ക്കൊക്കെ വേണ്ടി വീണ്ടും വീണ്ടും അവള്‍ ജീവിതത്തില്‍ തോറ്റുകൊടുത്തുകൊണ്ടിരുന്നു. ടോള്‍സ്റ്റോയി ദരിദ്രര്‍ക്കും തൊഴിലാളി വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ തന്റെ വീടിനെയും പരിസരത്തെയും സ്വന്തം രാജ്യമായി പ്രഖ്യാപിച്ചു ജീവിച്ചു അതുവിട്ടൊരു കളി അവള്‍ക്കില്ലായിരുന്നു.

തന്റെ ഭര്‍ത്താവിനെയോ മക്കളെയോ തന്റെ സാമ്രാജ്യത്തെയോ ആരെങ്കിലും തൊടാന്‍ വരുമ്പോഴായിരുന്നു അവള്‍ക്ക് ഭ്രാന്ത് ഇളകിയത്. അവള്‍ എന്തൊക്കെചെയ്യുമപ്പോള്‍ എന്ന് അവള്‍ക്ക് തന്നെ അറിയില്ലായിരുന്നു.സകല നിയന്ത്രണങ്ങളുംവിട്ട ഒരു ശൂന്യാകാശ പേടകം പോലെ അവള്‍ ബംഗ്ലാവിന് ചുറ്റും അപ്പോള്‍ കറങ്ങിക്കൊണ്ടിരുന്നു.

നല്ല കൃതിയുടെ ഒരു ലക്ഷണം കഥാപാത്രങ്ങളിലേക്ക് വായനക്കാര്‍ക്ക് പരകായപ്രവേശം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്.

എനിക്കിപ്പോള്‍ ഒരു തോക്കും കയ്യില്‍ പിടിച്ച് പടികള്‍ കയറി സ്വന്തം മുറിയിലേക്ക് പോകുന്ന പ്രഭ്വിയെ കാണാം.

എന്തൊരു ദൃശ്യാവിഷ്‌കാരമാണ് ചന്ദ്രമതീ...നിങ്ങള്‍ ആ രംഗങ്ങളില്‍ എല്ലാം ചെയ്തിരിക്കുന്നത്..! സത്യം! എന്റെ കയ്യില്‍ തന്നെയായിരുന്നു ആ തോക്ക്

ഈ നോവലിലെ ഒരു വാക്കോ ഒരു വാചകമോ ഒന്നും വെറുതെയല്ല. ഒരോ ഭാഗത്തിനും മറ്റൊരു കണക്ഷന്‍ ഉണ്ട്.. ശ്രദ്ധയോടെ വായിക്കുമ്പോള്‍ കൃത്യമായി ഒരിക്കല്‍ പറഞ്ഞ വാക്കിന്റെ അടുത്ത വാക്ക് പിന്നെ എപ്പോഴോ എവിടെനിന്നോ കിട്ടുന്നു. ഒരു സര്‍ഗാത്മക എഴുത്തുകാരിയുടെ ലക്ഷണമായി ഞാന്‍ അതിനെ കാണുന്നു.

ഭാര്യ ഗര്‍ഭിണിയായാല്‍ പിന്നെ ബെഡ്‌റൂമിന് പുറത്താക്കുന്ന ഭര്‍ത്താവ്. ഭാര്യ പ്രസവിച്ചാല്‍ എത്രയും പെട്ടെന്ന് ഭാര്യയെ വീണ്ടും ഗര്‍ഭിണിയാക്കുന്ന ഭര്‍ത്താവ്.

എല്ലാം കഴിഞ്ഞ് അവസാനം ആത്മീയതയിലേക്ക് മാറുന്ന ഭര്‍ത്താവ്! ലൈംഗികത പാപം ആണെന്ന് പറയുന്ന ഭര്‍ത്താവ്! നിലപാടുകള്‍ അടിക്കടി മാറ്റുന്ന ഭര്‍ത്താവിനോട് സോഫിയയ്ക്ക് പുച്ഛം തോന്നിയാല്‍ കുറ്റം പറയാനാവില്ല. സര്‍ഗാത്മകത രചനയ്ക്ക് പകരം മതത്തെക്കുറിച്ചും പള്ളിയെക്കുറിച്ചും എഴുതുന്ന ഭര്‍ത്താവിനെ തിരുത്താന്‍ ആവോളം ശ്രമിച്ചു അവള്‍.

അവള്‍ക്ക് പരാതി ഏറെയായിരുന്നു. പക്ഷേ അയാളുടെ ഒരു നോട്ടത്തില്‍, ഒരു സ്പര്‍ശത്തില്‍ അവള്‍ പഴയ പതിനെട്ടുകാരിയായി മാറും. ഓരോ സ്ത്രീക്കും സംഭവിക്കുന്ന പ്രണയപരീക്ഷണങ്ങള്‍!

കാലമേ... എന്നാണ് ഇത്തരം മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് നീ മനുഷ്യരെ വിമുക്തമാക്കുക?

ഈ രണ്ടു മനുഷ്യരും എത്രമാത്രം സങ്കടങ്ങള്‍ അനുഭവിച്ചു. അതില്‍ ആര് ശരി ആര് തെറ്റ് എന്ന് പറയാന്‍ ആകാത്ത വിധം അവരുടെ പെരുമാറ്റങ്ങളെ നിയന്ത്രിച്ചത് എന്തിനാണ് നീ?

ടോള്‍സ്റ്റോയിയുടെ പേര് നോബല്‍ സമ്മാനത്തിന് ലിസ്റ്റില്‍ വന്നു. സോണിയക്ക് ഇതില്‍പരമൊരു സന്തോഷമില്ല.. പക്ഷേ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു 'ഈ വിഡ്ഢിത്തം ഒന്നും വിശ്വസിക്കരുത്. ലിസ്റ്റില്‍ പേര് വന്നു എന്നത് ശരി, എന്റെ സ്വാധീനം ഉപയോഗിച്ച് ഞാനത് നീക്കം ചെയ്യിച്ചു.'

ഇത് ഒരേ ഒരു ലിയോ ടോള്‍സ്റ്റോയിയാണ്!

സോണിയയ്ക്ക് മക്കളെ വളര്‍ത്താനും അവര്‍ക്ക് ഭാവിയിലേക്ക് കരുതിവയ്ക്കാനും പണം വേണമായിരുന്നു. ടോള്‍സ്റ്റോയ്ക്ക് നാട്ടിലെ ജനങ്ങളെ മുഴുവന്‍ തൃപ്തരാക്കാന്‍ ആവശ്യമുള്ള പണം വേണമായിരുന്നു. അതുകൊണ്ട് സ്വന്തം പണം കൊടുക്കാന്‍ അയാള്‍ തയ്യാറായി. ആ ആശയങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിച്ചു.

അത് മുതലെടുത്ത് പലരും അയാളുടെ രചനകളെ കരസ്ഥമാക്കി പണക്കാരായി. സോണിയ മക്കള്‍ക്ക് വേണ്ടി അവരോട് എല്ലാം മത്സരിച്ച് ആ രചനകള്‍ സ്വന്തമാക്കി പ്രസാധനം ചെയ്തു. ഇതിന് നടുവില്‍ ഒരു കാഴ്ചക്കാരന്‍ ആയി ടോള്‍സ്റ്റോയി ജീവിച്ചു. അയാളുടെ അക്ഷരങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധമാണ് മുന്നില്‍ നടക്കുന്നത്!

അയാളുടേത് കറകളഞ്ഞ രചനകള്‍ആയിരുന്നു.

ലോകം മുഴുവന്‍ അത് വ്യാപിച്ചു..

നമ്മുടെ എല്ലാവരുടെയും മുന്‍തലമുറകളില്‍ അസാമാന്യ ശേഷിയുള്ള, അസാമാന്യ കലാവൈഭവമുള്ള സ്ത്രീകള്‍ ഉറപ്പായും ജീവിച്ചിരുന്നിരിക്കണം.

പലപ്പോഴും അവരെയൊന്നും നമ്മള്‍ അറിയുന്നതേയില്ല. കുറച്ചുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അറിയപ്പെടാതെ പോകുന്ന ഒരു പഴയ തലമുറയിലെ ഒരു സ്ത്രീയായി അവര്‍ മാറും! വീടും കുടുംബവും കുട്ടികളെയും നോക്കിയിരിക്കുന്ന നമ്മള്‍ സ്ത്രീകളില്‍ എത്ര പേരെ അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞ് നമ്മുടെ സ്വന്തം കുടുംബത്തിലെ തലമുറ അറിയും?

എന്നാല്‍ നമ്മുടെ വീട്ടില്‍ ഒരു ടോള്‍സ്റ്റോയി ഉണ്ടായാല്‍ തീര്‍ച്ചയായും ആ മനുഷ്യന്റെ കഥ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. അതാണ് സ്ത്രീകളുടെ ദുര്യോഗം!

മനഃശാസ്ത്രം അറിയാവുന്നവര്‍ക്ക് അത്ഭുതത്തിലമര്‍ന്ന് ഈ പുസ്തകത്തോടൊപ്പം സഞ്ചരിക്കാനാവും.

മരിച്ചുപോയ ഭര്‍ത്താവിന്റെ ഫോട്ടോയില്‍ എഴുത്തുകാരി നോക്കുമ്പോള്‍ അദ്ദേഹം കൊടുക്കുന്ന ഒരു നിര്‍ദ്ദേശത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. അതും വളരെ ഭംഗിയായിട്ടുണ്ട്.

ടോള്‍സ്റ്റോയിയുടെ മരണശേഷം സോഫിയ ജീവിച്ച ഒന്‍പതു വര്‍ഷം, വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി എഴുത്തുകാരിയും സോഫിയയും തമ്മില്‍ നടത്തുന്ന ഒരു സംഭാഷണ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അതുകൂടി വായിക്കുമ്പോഴേ നോവല്‍ പൂര്‍ണ്ണമാകുന്നുള്ളൂ.

ടോള്‍സ്റ്റോയിയുടെ മരണം വരെ നൂറ് വര്‍ഷത്തിനു മുമ്പുള്ള ഒരു കാലഘട്ടത്തിലാണ് വായനക്കാര്‍ ജീവിക്കുന്നത്. ഇവരുടെ ജീവിതം, അതിന്റെ വൈകാരികത, അതിന്റെ പൂര്‍ണ്ണരൂപത്തില്‍ അനുഭവിച്ച് , മരിക്കാതിരിക്കാനുള്ള ഒരു പച്ച കമ്പിനെയും, കൂടിയിരിക്കുന്ന ഉറുമ്പുകളെയും കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് നൂറ് വര്‍ഷത്തിനിപ്പുറം ഇന്നത്തെ ഇന്നിനെ സൂചിപ്പിച്ചുകൊണ്ട് എഴുത്തുകാരിയും സോഫിയയും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ കാലവ്യതിയാനം ഒരു തടസ്സമായി. വൈകാരികതയുടെയും പ്രായോഗികതയുടെയും ഇടയിലേക്ക് എന്തോ വന്നുവീണ പോലെ! ഇത്രയും പെട്ടെന്ന് നൂറ്റാണ്ടിനുമുമ്പ് നിന്ന് സഞ്ചരിച്ചെത്താന്‍ പ്രയാസപ്പെട്ടു.

ടോള്‍സ്റ്റോയ് മരിച്ചപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. സോഫിയ വീണ്ടും ജീവിതത്തിന്റെ കണക്കുപറയുമ്പോള്‍ ആ വൈകാരികത വറ്റി.

എന്നാല്‍ പിന്നീട് അതിന്റെ ആവശ്യം അവരുടെ വാക്കുകളില്‍ അറിഞ്ഞു.

'ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് ഓരോ ഉദ്ദേശ്യലക്ഷ്യമുണ്ട്, അത് കഴിയുമ്പോള്‍ അയാള്‍ പോകും. പോയേ പറ്റൂ..! സ്‌നേഹമുള്ള കുട്ടിയായിരുന്നു സാഷ. അവള്‍ കുഞ്ഞായിരുന്നപ്പോള്‍ ആലോചനയില്ലാതെ ഞാന്‍ പറഞ്ഞുപോയ ചില വാക്കുകളാണ് അവളെ എന്റെ ശത്രുവാക്കി മാറ്റിയത്. നിനക്കറിയുമോ ചന്ദ്രാ... ലിയോ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുറിയില്‍ ജനാലുകളും വാതിലുകളും അടച്ച് ഒരു സ്തംഭനാവസ്ഥയില്‍ രണ്ടു ദിവസമിരുന്നു. ആഹാരമില്ല, ഉറക്കമില്ല. സാഷയാണ് വാതിലുകളും ജനലുകളും തള്ളിത്തുറന്നു വെളിച്ചം കൊണ്ടുവന്നത്. സൂര്യപ്രകാശം കണ്ട് ഞാന്‍ ഭയന്ന് നിലവിളിച്ചു. പിന്നെ ദുഃഖം അണപൊട്ടി പുറത്തേക്ക് ഒഴുകി...അതായിരുന്നു അതിജീവനത്തിന്റെ ആദ്യപാദം. അതില്‍ എനിക്ക് സാഷയോട്‌നന്ദിയുണ്ട്. '

ഈ മകളെയാണ്, മരിച്ചുപോയെങ്കില്‍.. എന്ന് സോണിയ ആഗ്രഹിച്ചത്. ഈ സാഷയാണ് അമ്മയുടെ മുഖത്ത് തുപ്പിയത്. ഈ സാഷയാണ് അച്ഛന്റെ മരണകിടക്കയ്ക്കടുത്തേക്ക് അമ്മയെ തടഞ്ഞത്!

എന്നിട്ടും ആ അമ്മയെ വീണ്ടെടുക്കാന്‍ ആ മകള്‍ തന്നെ വന്നു!

അത് നമ്മെ അറിയിക്കാനായി സോഫിയക്കു എഴുത്തുകാരിയുടെ പക്കല്‍ വന്നല്ലേ മതിയാകൂ.

'ഒരാള്‍ക്ക് എത്ര അടി മണ്ണ് വേണം?' എന്ന ടോള്‍സ്റ്റോയ് കൃതി, മനുഷ്യന്‍ ആറടി മണ്ണിന്റെ അവകാശി മാത്രമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു കഥയായിരുന്നു.

ആ കഥ എഴുതിയ ആള്‍ക്ക് പോലും ആ കഥയുടെ സത്ത മനസ്സിലാക്കി ജീവിതത്തെ പോഷിപ്പിക്കാന്‍ പറ്റിയില്ല. കാലം കഴിഞ്ഞുപോയ സ്ത്രീ പരമ്പരകളില്‍ നിന്നും സോഫിയയെ ചന്ദ്രമതി കണ്ടെത്തി എഴുതിയത് തന്നെ ഒരു നൂറ്റാണ്ടിനു മുമ്പ് സോഫിയ എടുത്ത നിലപാടുകളുടെ ഉള്‍ബലം കൊണ്ടാണ്.

രാമനെ രാമനാക്കാന്‍ രാവണന്‍ വേണം, രാവണനെ രാവണനാക്കാന്‍ രാമനും... ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്... അതുപോലെ ടോള്‍സ്റ്റോയിയെ ടോള്‍സ്റ്റോയി ആക്കാന്‍ സോഫിയ വേണം, സോഫിയയെ സോഫിയയാക്കാന്‍ ടോള്‍സ്റ്റോയിയും!

കുറച്ചുകൂടി പറയാന്‍ ആഗ്രഹിക്കുന്ന വേറെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് നോവലില്‍.. അന്നദസ്തയേവ്‌സ്‌കി എന്ന പ്രതിഭാ സമ്പന്നയായ സ്ത്രീയെക്കുറിച്ച്, മുലയൂട്ടമ്മമാരെ കുറിച്ച്, 'ആരുടെ കുറ്റം, വാക്കുകളില്ലാത്ത സംഗീതം' എന്നീ സോഫിയയുടെ രണ്ട് നോവലുകളെ കുറിച്ച്, യുദ്ധവും സമാധാനവും അന്നകരിനീനയും പകര്‍ത്തി എഴുതുക എന്ന സോഫിയയുടെ ദുര്‍ഘട പ്രവൃത്തിയെ കുറിച്ച്, അവള്‍ ഡയറികള്‍ വീണ്ടെടുക്കാന്‍ നടത്തുന്ന യുദ്ധങ്ങളെ കുറിച്ച്, ആണ്‍കോയ്മക്ക് വിട്ടുകൊടുക്കാത്ത അന്നത്തെ സ്ത്രീകളുടെ ഉശിരിനെ കുറിച്ച്, ഗര്‍ഭത്തിലെ കുഞ്ഞു മരിക്കാന്‍ തിളച്ചവെള്ളം വയറ്റിലേക്ക് ഒഴിക്കുന്ന പ്രിയപ്പെട്ട വിഡ്ഢി സോഫിയയെ കുറിച്ച്, ഇങ്ങനെ നീണ്ടുപോകുന്ന നിരകളില്‍ എന്തൊക്കെ എഴുതിയാല്‍ മതിയാകും എന്നറിയില്ല..