മഞ്ഞു കൊട്ടാരത്തിനകത്തും പുറത്തും കുടുങ്ങിപ്പോയ കൗമാര വികാരങ്ങൾ

#ജോജോ ആൻറണി
എഴുത്തുകാരൻ താരിയായ് വ്യസോസ്, പുസ്തകത്തിന്റെ കവര്‍ പേജ്| Photo: Wikipedia, Amazon
എഴുത്തുകാരൻ താരിയായ് വ്യസോസ്, പുസ്തകത്തിന്റെ കവര്‍ പേജ്| Photo: Wikipedia, Amazon

നോർവീജിയൻ എഴുത്തുകാരൻ Tarjei Vesaas-ന്റെ The Ice Palace എന്ന പുസ്തകത്തെക്കുറിച്ച്; 

2300 മുറികളുള്ള വേസായ് (Versailles) കൊട്ടാരവുമായോ 700 ലധികം മുറികളുള്ള ബക്കിംഗാം കൊട്ടാരവുമായോ സാദൃശ്യപ്പെടുത്തരുത്; മൂന്ന് നിലകളിലും നിലവറയിലുമായി 173 മുറികൾ മാത്രമുള്ള ഓസ്ലോ കൊട്ടാരം ആ നിലയിൽ വളരെ ചെറുതാണ്. എങ്കിലും, 54 ഏക്കർ വിസ്തൃതിയുള്ള ഒരു മൈതാനത്തിന് നടുക്കായി നോർവീജിയൻ രാജകുടുംബം നിയോക്ലാസിക് രീതിയിൽ 1849 ൽ പണിതീർത്ത ഈ കെട്ടിടം ഇന്ന് ഒരു ട്യൂറിസ്റ്റ് ആകർഷണമായി വളർന്നിരിക്കുന്നു. ഈ കെട്ടിടത്തിന് തൊട്ടടുത്ത് ഒരു ചെറിയ വീടുണ്ട്, നോർവേ ഗവർണ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതും ഒരു കൊച്ചു കുടുംബത്തിന് താമസിക്കാൻ മാത്രം വലിപ്പമുള്ളതുമായ ഒന്ന്. നമുക്ക് പോകാനുള്ളത് ഈ വീട്ടിലേക്കാണ്. ഇവിടെ ഇപ്പോഴാരാണ് താമസമെന്ന ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മഹാനായ നോർവീജിയൻ സാഹിത്യകാരൻ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരവും. സെപ്‌റ്റോളജി എന്ന പേരിൽ ഏഴ് ഭാഗങ്ങളും 1250 പേജുകളുമുള്ള ഒരു ബൃഹത് നോവലടക്കം കുറെ നോവലുകളും കുറെയധികം നാടകങ്ങളും - ഇബ്‌സനു ശേഷം ഇത്ര ഘോഷിക്കപ്പെട്ട മറ്റൊരു നോർവീജിയൻ നാടകകൃത്തില്ല - കുട്ടികൾക്കായി കുറച്ച് കൃതികളും, ഇതൊക്കെയാണ് യൂൺ ഒലാവ് ഫോസ്സയ്ക്ക് (Jon Fosse) ആ കൊച്ചു വീട്ടിലെ താമസത്തിനുള്ള അർഹത നേടിക്കൊടുത്തത്, നോർവീജിയൻ കലയ്ക്കും സംസ്‌കാരത്തിനും ഫോസ്സ നൽകിയ സംഭാവനകളെ ആദരിക്കാനായി ആ വീട് അദ്ദേഹത്തിനു് താമസത്തിനായി വിട്ടു നൽകുകയായിരുന്നു രാജാവ്. അവിടുത്തെ താമസത്തിനിടയിലാണ്, 2023 ൽ, അദ്ദേഹത്തിന് നോബൽ പ്രൈസ് ലഭിക്കുന്നതും.

ഫോസ്സയ്ക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞൻ ആർനെ നോർഡൈം (Arne Nordheim) ആയിരുന്നു 1982 മുതൽ 2010 ൽ മരണപ്പെടുന്നത് വരെ. അതിന് മുമ്പ്, 1968 മുതൽ 1982 വരെ ഈ വീട് ഒഴിഞ്ഞു കിടന്നു. 1968 മാർച്ച് മാസത്തിൽ അക്കാലത്തെ താമസക്കാരൻ, കവിയായ ആർണഫ് ഓവർലാന്റ് (Arnulf Øverland), മരണപ്പെട്ടതിന് ശേഷം മറ്റൊരു പ്രതിഭാശാലിയെ ഈ വീട്ടിലെ താമസക്കാരനായി തിരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം അത് നിരസിച്ചു, കാരണം ടെലിമാർക്ക് എന്ന ഗ്രാമപ്രദേശത്തെ സ്വസ്ഥജീവിതത്തിൽ നിന്ന് ഓസ്ലോയുടെ നഗരത്തിരക്കിലേക്ക് കൂടുമാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല, ജനിച്ചിടത്തു തന്നെ മരിക്കണമെന്നത് അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു. ശരാശരിയിൽ നിന്ന് വളരെ അകന്നു മാത്രം ജീവിച്ചിട്ടുള്ള ടാർയെയ് വെസാസ് (Tarjei Vesaas) മറ്റൊരു വിധത്തിൽ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുവാനും വയ്യ. നോർവേ ഗവർൺമെന്റ് വച്ചു നീട്ടിയ ആജീവനാന്ത പെൻഷനും രാജ്യത്തിന്റെ ദേശീയ ബഹുമതികളിലൊന്നായ Commander's Cross of the Order of Saint Olav മെഡലും (ഈ ബഹുമതി അടുത്ത കാലങ്ങളിൽ കിട്ടിയവരിൽ ഫോസ്സയും ഫ്രാൻസിന്റെ, ഐസ് ലാന്റിന്റെ, ഫിൻലാന്റിന്റെ ഒക്കെ പ്രസിഡന്റുമാരും പെടും) വേണ്ടെന്ന് വയ്ക്കാൻ പോലും മടിയൊട്ടുമുള്ള ആളായിരുന്നില്ല വെസാസ്.

വെസാസിനെ ഫോസ്സയുമായി ചേർത്തുവയ്ക്കാൻ കാര്യം മറ്റൊന്നു കൂടിയുണ്ട്. ബോക്മൽ, നൈനോർസ്‌ക് എന്നിങ്ങനെ രണ്ട് ഔദ്യോഗിക എഴുത്തുരീതികളുള്ള നോർവീജിയൻ ഭാഷയിൽ എഴുതുന്നവരിൽ 10 ൽ ഒമ്പതുപേരും പത്രഭാഷയായ ബോക്മൽ രീതിയാണ് പിന്തുടരുന്നത്. എന്നാൽ വെസാസും ഫോസ്സയും, പത്തൊമ്പതാം നൂറ്റാണ്ടിൽ നോർവേയുടെ പടിഞ്ഞാറൻ നാട്ടുപ്രദേശങ്ങളിൽ രൂപം കൊണ്ട നൈനോർസ്‌ക് രീതിയാണ് ഇഷ്ടപ്പെട്ടത്. അവരുടെ സാഹിത്യ സൃഷ്ടികളെല്ലാം ഈ ഭാഷാഭേദത്തിലാണ്. നൈനോർസ്‌ക് ലിപിയിലെഴുതിയ കൃതികളാണ് രണ്ടു പേർക്കും സ്‌കാൻഡിനേവിയൻ നാടുകളിലെ ഏറ്റവും വലിയ സാഹിത്യസമ്മാനമായ നോർഡിക് കൗൺസിൽ ലിറ്ററേച്ചർ പ്രൈസ് നേടിക്കൊടുത്തത് - ഫോസ്സയ്ക്ക് 'നിദ്രാവിഹീനം' (Sleepless),'ഒലാവിന്റെ സ്വപ്നങ്ങൾ' (Olav's Dreams), 'ക്ഷീണം' (Weariness) എന്നീ മൂന്ന് കൃതികൾ അടങ്ങിയ നോവൽ ത്രയത്തിനും(The Trilogy) വെസാസിന് 'മഞ്ഞു കൊട്ടാരം' (The Ice Palace) എന്ന നോവലിനും.

'എത്ര ലളിതമാണീ നോവൽ. എത്ര സൂക്ഷ്മം. ശക്തം. അനിതരം. അതുല്യം. ഈ കൃതി മറക്കാനാവാത്ത ഒന്നാണ്. ഈ കൃതി അനന്യമാണ്.'(1) ബ്ലർബ് എന്ന മട്ടിൽ കൊടുത്തിരിക്കുന്ന ഈ വാക്കുകൾ വായിച്ചാണ് എലിസബത്ത് റോക്കൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന മഞ്ഞുകൊട്ടാരത്തിലേക്ക് നമ്മൾ പ്രവേശിക്കുന്നത്; 2007 ലെ നോബെൽ ജേതാവ് ഡോറിസ് ലെസ്സിംഗിന്റേതാണീ വാക്കുകൾ. പുറകെ, ആമുഖക്കുറിപ്പിലേക്ക് എത്തുമ്പോൾ സിസ് Siss എന്നും ഉൺ Unn എന്നും പേരുകളുള്ള രണ്ട് പതിനൊന്നു വയസ്സുകാരികളുടെ കഥയാണ് ഈ നോവൽ പറയുന്നതെന്ന് മനസ്സിലാകുന്നു. പെട്ടെന്ന് ഓർമ്മകൾ ഇറ്റലിയിലേക്ക് പറക്കുന്നു, അവിടെ എലീനയും ലിലയും, രണ്ടു പത്തു വയസ്സുകാരികൾ, Elena Ferrante യുടെ നിയോപൊളിറ്റൻ നോവലുകളിൽ ആദ്യത്തേതായ 'എന്റെ സമർത്ഥയായ കൂട്ടുകാരി' (My Brilliant Friend) യിലെ പ്രധാന കഥാപാത്രങ്ങൾ, കാത്തുനിൽക്കുന്നു. സുഖമുള്ള ആ ഓർമ്മകളുടെ തണുപ്പിൽ ഞാൻ വായന തുടരുന്നു.

സിസ്സിന്റെ നാട്ടിലേക്ക്, അവൾ പഠിക്കുന്ന സ്‌കൂളിലേക്ക്, ഉൺ വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. അവർ തമ്മിൽ ഒരു ബന്ധം, മറ്റെങ്ങും കാണാനാവാത്ത മട്ടിലുള്ള ഒരു ബന്ധം, വളരുന്നു. പുറകെ വരുന്ന സംഭവങ്ങളെല്ലാം - ഫിറാന്റെയുടെ കഥയിൽ നിന്ന് വിപരീതമായി അവ അധികമൊന്നുമില്ല - ആ ബന്ധത്തിന്, അതിന്റെ തീവ്രതയ്ക്ക്, നിറങ്ങൾ കൊടുക്കുന്നു, മങ്ങിയ കാഴ്ചകൾ കൊണ്ട്. മഞ്ഞു കൊട്ടാരത്തിന്റെയുള്ളിലെ ഉൺ അനുഭവിക്കുന്നതെന്തൊക്കെ എന്നു നോക്കൂ... മുകളിൽ നിന്ന് താഴോട്ടൊഴുകുന്ന വെള്ളം തണുത്തുറഞ്ഞ് ഐസായി രൂപമെടുത്ത കെട്ടിടസദൃശ്യമായ എന്തോ ഒന്ന്, അതാണ് മഞ്ഞു കൊട്ടാരം. സിസ്സുമായി തലേന്നാളുണ്ടായ കൂടിക്കാഴ്ചയിൽ നടന്ന പറയാൻ വയ്യാത്ത ഒരു രഹസ്യവും പേറിക്കൊണ്ടാണ് ഉൺ ഈ കൊട്ടാരത്തിലെത്തുന്നത്, അതും സ്‌കൂളിൽ സിസ്സിനെ അഭിമുഖികരിക്കാൻ ആവാത്തതുകൊണ്ട്. മഞ്ഞു കൊട്ടാരത്തിനടുത്തെത്തുന്ന അവൾ ഐസിന്റെ പാളികൾക്കിടയിലെ വിടവിലൂടെ കൊട്ടാരത്തിനകത്തെത്തുന്നു. ശേഷം ഓരോരോ വിടവുകളിലൂടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. ഈ യാത്രയ്ക്കിടയിൽ ഒരിടത്തും കൊട്ടാരത്തിനുള്ളിൽ അവൾ കാണുന്നതെന്തെന്ന് വെസാസ് നമുക്ക് പറഞ്ഞു തരുന്നില്ല, പകരം പറയുന്നത് മുഴുവൻ തലേ ദിവസം നടന്ന ആ രഹസ്യസംഭവം അവളിലുണ്ടാക്കിയ വിമ്മിഷ്ടത്തെ കുറിച്ചാണ്. നേർക്കാഴ്ചകൾ ഒരിടത്തുമില്ല, ഉള്ളത് മുഴുവൻ മനക്കാഴ്ചകളാണ്.

സമാനമാണ് സിസ്സിന്റെ അവസ്ഥയും. കൂട്ടുകാരിയെ കാണാതായതിന് പുറകെ നടക്കുന്ന വിഫലമായ തിരച്ചിലിൽ ആൾക്കൂട്ടത്തോടൊപ്പം അവളുണ്ട്, പിറ്റേന്ന് അവൾ തനിച്ച് നടത്തുന്ന ഒരു തിരച്ചിലുമുണ്ട്. അതിനൊടുവിൽ മാത്രം അവൾ ഒരു കാഴ്ച കാണുന്നു - ഐസിന്റെ പാളികൾക്കടിയിൽ പാതി മാത്രം തെളിയുന്ന കൂട്ടുകാരിയുടെ മുഖം. ബാക്കിയെല്ലാം മനസ്സിനുള്ളിൽ നടക്കുന്ന കാര്യങ്ങളാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ ഈ നോവലിന്റെ ലാന്റ്‌സ്‌കെയ്പ്പ് എന്ന് പറയുന്നത് രണ്ട് കൊച്ചു പെൺകുട്ടികളുടെ മൈന്റ്‌സ്‌കെയ്പ്പാണ്. ഇതെല്ലാം കൂടിച്ചേർന്ന് നമുക്കായി തരുന്നു, കൗമാര സൗഹൃദത്തെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ സാഹിത്യാനുഭവങ്ങളിലൊന്ന്.

നീണ്ടതും കുറുകിയതുമായ അദ്ധ്യായങ്ങളായി പകുത്തു വച്ചിരിക്കുകയാണ് ഈ കൃതിയെ -അതിൽ തന്നെ ഒരു അദ്ധ്യായം കവിത തന്നെയാണ്. മറ്റാരേയും കൂടെ ചേർക്കാതെ രണ്ട് പെൺകുട്ടികൾ - അവർ രണ്ടാണെന്ന് പറയാൻ വയ്യ, ഒരേ ചിന്തയാൽ കെട്ടപ്പെട്ടവരാണവർ - തങ്ങളിൽ മാത്രം പങ്കുവയ്ക്കുന്ന ഒരു രഹസ്യവും അവർക്കിടയിൽ നിലനിൽക്കുന്ന വാക്കുകളില്ലാത്ത ആശയവിനിമയവും കെട്ടിമുറുക്കുന്ന നിശ്ശബ്ദതയും കൊണ്ടാണ് ഈ കൃതിയുടെ നിർമ്മിതി. അതിനെല്ലാം മേലെ, മങ്ങിയ വേദന കൊണ്ട് പുതപ്പിട്ട ഒരു തരം വൈകാരികത കൃതിയിലാകമാനം നിറഞ്ഞു നിൽക്കുന്നു. നോർവീജിയൻ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനാമങ്ങളിലൊന്നായി വെസാസിനെ മാറ്റിയത് ഈ കൃതഹസ്തതയാണ്. അതുതന്നെയാണ് ഒരു പറ്റം ബഹുമതികൾ അദ്ദേഹത്തെ തേടി വന്നതും.

ബഹുമതികൾ പലതും വെസാസ് തിരസ്‌കരിച്ചെങ്കിലും സ്വീകരിച്ചവയുമുണ്ട് അക്കൂട്ടത്തിൽ, സ്‌കാൻഡിനേവിയൻ നാടുകളിൽ ഏറ്റവും വിലമതിക്കപ്പെടുന്ന നോർഡിക് ലിറ്റററി പ്രൈസ് അതിൽ പെടുമെന്ന് മുകളിൽ പറഞ്ഞല്ലോ, ഇത് ലഭിച്ചത് 1964 ൽ, 'മഞ്ഞു കൊട്ടാര'മാണ് അദ്ദേഹത്തെ അതിന് അർഹനാക്കിയത്, എന്നാൽ സമ്മാനത്തുക സ്വന്തം ആവശ്യങ്ങൾക്കായി എടുക്കാതെ അത് കൊണ്ട് ഒരു സാഹിത്യ പുരസ്‌കാരം ആരംഭിക്കുകയാണ് വെസാസ് ചെയ്തത്, Tarjei Vesaas' Debutantpris എന്ന പേരിൽ. നോർവീജിയൻ ഭാഷകളിൽ പുറത്തു വരുന്ന സാഹിത്യകൃതികൾക്കാണ് ഈ വാർഷിക പുരസ്‌കാരം ലഭിക്കുക, എഴുത്താളുടെ പ്രായം 35 ൽ കവിയരുത് എന്ന് മാത്രം.

വെസാസിന്റെ കുടുംബബന്ധങ്ങളിലുമുണ്ട് ചില കൗതുകങ്ങൾ. 37ാമത്തെ വയസ്സിൽ തന്നേക്കാൾ 10 വയസ്സ് ഇളപ്പമായ ഹാൽഡിസ് മൊറാനെ (Halldis Moren Vesaas) വിവാഹം കഴിക്കുമ്പോൾ അവർ അറിയപ്പെടുന്ന കവിയും വിവർത്തകയും ഒക്കെ ആയി കഴിഞ്ഞിരുന്നു. അവരുടെ രണ്ടു മക്കളിൽ ഇളയവൾ, ഗുരി വെസാസ് (Guri Vesaas), എഴുത്തിന്റെ വഴി തന്നെയാണ് തിരഞ്ഞെടുത്തത്. മൂത്തപുത്രൻ, ഒലാവ് (Olav Vesaas), എഴുത്തുകാരനായില്ലെങ്കിലും എഴുത്തിനോട് ചേർന്ന് നിന്ന് ഒരു പ്രസാധകനായി. വെസാസിന്റെ കുടുംബത്തിന് മേൽ വാക്കുകളുടെ അധിനിവേശം ഇവിടെ തീരുന്നില്ല. കലാചരിത്രകാരനായ ഓയ്സ്റ്റീൻ വെസാസ് (Øystein Vesaas) അദ്ദേഹത്തിന്റെ അമ്മാവനാണ്, കവിയായ ആസ്ലോഗ് വാ (Aslaug Vaa) അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും. ഓർമ്മയിലെത്തുന്നു ബ്രോണ്ടി കുടുംബം, തോമസ് മൻ കുടുംബം - ഇത്തരം കുടുംബങ്ങൾ, പക്ഷെ, ചരിത്രത്തിൽ അധികമില്ല.

പറയുന്നതിനപ്പുറം മറച്ചു പിടിക്കുന്ന, 'മഞ്ഞുകൊട്ടാരം' എന്ന കൃതിയെ പോലെ തന്നെ, വെളിവാകുന്നതിലധികം ഒളിഞ്ഞു നിൽക്കുന്ന ജീവിതമായിരുന്നു വെസാസിന്റേത്. ടെലിമാർക്കിലെ വിൻയെ (Vinje) എന്ന കൊച്ചുഗ്രാമത്തിൽ അദ്ദേഹം ഒതുങ്ങിക്കൂടി. അവസാന കാലങ്ങളിൽ ഹൃദയസംബന്ധിയായ ആരോഗ്യപ്രശ്‌നങ്ങളുമായി കഴിയുന്നതിനിടയിലാണ് 'മഞ്ഞുകൊട്ടാരം' എഴുതുന്നത്. ഈ നോവലിന്റെ പരിസരവും വിൻയെ എന്ന ഗ്രാമം തന്നെയാണ്. വിൻയെ പള്ളിയുടെ സെമിത്തേരിയാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനവും

ഇരുപത്തി അഞ്ചിലധികം നോവലുകൾ, അഞ്ച് കവിതാസമാഹാരങ്ങൾ, പിന്നെ നാടകങ്ങൾ, ചെറുകഥകൾ - 1946 നും 1970 നും ഇടയിൽ 57 തവണ നോബെൽ സമ്മാനത്തിനായി വ്യക്തിഗത നോമിനേഷൻ ലഭിച്ചിട്ടുള്ള, 3 വർഷം ചുരുക്കപ്പട്ടികയിൽ വന്നിട്ടുള്ള, വെസാസിന് ഒരിക്കൽ പോലും സമ്മാനം ലഭിച്ചില്ല, ഇനി അഥവാ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ പോലും, സ്വന്തം ജീവിതത്തിന്റെ സ്വസ്ഥതയെ മുറിക്കുന്നതെല്ലാം വേണ്ടെന്ന് വച്ചിരുന്ന അദ്ദേഹം അത് സ്വീകരിക്കുമായിരുന്നോ എന്നുറപ്പില്ല. അതെന്തായാലും - സാഹിത്യചരിത്രത്തിലെ ഏറ്റവും മഹനീയ നാമങ്ങളിലൊന്നായിരുന്നിട്ടും നോബെൽ ലഭിക്കാതെ പോയ ബോർഹെസിനൊപ്പം വെസാസിന്റെ പേര് ചേർത്തുവയ്ക്കാൻ മടിയെനിക്കുണ്ടെങ്കിൽ പോലും - 1960 കളിൽ ഷ്മുവേൽ അഗ്‌നോൺ (Shmuel Yosef Agnon), ഗിയോർഗോസ് സെഫെറിസ് (Giorgos Seferis) തുടങ്ങിയവർക്ക് കിട്ടിയ നോബെൽ സമ്മാനമാണ് വെസാസിന് നിഷേധിക്കപ്പെട്ടത് എന്ന സത്യം അല്പം കയ്പ്പുള്ളത് പോലെ.

(1) How simple this novel is. How subtle. How strong. How unlike any other. It is unique. It is unforgettable. It is extraordinary.

Content Highlights: Detailed analysis of Tarjei Vesaas' masterpiece The Ice Palace., Comparison between Tarjei Vesaas and contemporary Nobel laureate Jon Fosse., Insight into the Nynorsk language and its role in Scandinavian literature., Exploration of the psychological landscape in Vesaas' writing., Historical context of the Norwegian literary tradition and the Grotten residency.