കഥയുടെ കെണികളില്‍ കുടുങ്ങിയവര്‍: മന്ദപ്പൂമാരന്റെ കന്യകകള്‍

#ഡോ. സ്വപ്‌ന സി കോമ്പാത്ത്‌
വി. സുരേഷ്‌കുമാര്‍
വി. സുരേഷ്‌കുമാര്‍

ഉള്ളില്‍ കയറിയാല്‍ മരണംവരെയും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത മറ്റൊരു കെണിയാണ് കഥ.
                      -വി. സുരേഷ് കുമാര്‍

കഥകള്‍ പലതരത്തിലാണ്, ചിലത് വായിക്കപ്പെടുന്നു. അവയില്‍ ചിലത് വായന കഴിയുമ്പോള്‍ നമ്മെ വിട്ടുപോകുന്നു ചിലത് എന്നെന്നേയ്ക്കുമായി കൂടെ കൂടുന്നു. അത്തരത്തില്‍ കൂടെ കൂടുന്ന കുറച്ച് കഥകളുടെ സമാഹാരമാണ് മന്ദപ്പൂമാരന്റെ കന്യകകള്‍. ജീവിതത്തില്‍ നിന്നും വേറിട്ട് നില്‍ക്കാത്ത കഥകള്‍ എന്ന രീതിയില്‍ ഇവയെ വായിക്കാം. ഭാവനയെ ഉചിതമായ പദപ്രയോഗങ്ങള്‍ കൊണ്ട് സംയോജിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ അതിജീവിക്കുകയും ഒപ്പം അനായാസേനയുള്ള വായനാനുഭവം നല്‍കുകയും ചെയ്യുന്നിടത്താണ് എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നത്. കഥ കാലത്തെയും മനുഷ്യരെയും വിചാരണ ചെയ്യുന്നതോടൊപ്പം വായനക്കാരെ തിരിച്ചറിവിന്റെ പാതയിലേക്ക് കൂടെ നടത്തുന്നു.

നരിയുടെ സ്വാധീനം സാഹിത്യത്തിലും സമൂഹത്തിലും എന്ന കഥയുടെ ആഖ്യാനം തന്നെ ശ്രദ്ധേയമാണ്. ഈയിടെ മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാര്‍ എഴുതുന്ന ഒട്ടുമിക്ക കഥകളുടെയും പ്രധാനവിഷയം ഏതെങ്കിലും തരത്തിലുള്ള മൃഗീയതകളും നായാട്ടുകളും കുത്തിനിറച്ചതാണ് എന്ന ആശയത്തില്‍ തുടങ്ങുന്ന കഥ ആഖ്യാനം കൊണ്ട് തന്നെ വ്യത്യസ്തമാകുന്നു. ചാലത്തൂര്‍ എന്ന സ്ഥലത്ത് പ്രാദേശിക ലേഖകനായി ജോലി ചെയ്തിരുന്ന ഒരു വ്യക്തി പരിചയപ്പെട്ട ഷുക്കൂറിന്, അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ കാലങ്ങള്‍ കൊണ്ടുണ്ടാകുന്ന പരിണാമമാണ് പ്രമേയം. മഴപ്പൊട്ടന്‍ എന്ന് നാട്ടുകാര്‍ പരിഹസിച്ചിരുന്ന ഷുക്കൂര്‍, സിനിമ സെറ്റിലടക്കം പരിചയക്കാരും സാഹിത്യകാരുമായി ബന്ധമുള്ളയാളും ഒക്കെയായി മറ്റൊരാളായി മാറുന്നു. ആ പരിണാമ പ്രക്രിയയും ഷുക്കൂറിലെ നരിയെയും മനസ്സിലാക്കുമ്പോഴേക്കും മലയാള സാഹിത്യഗവേഷണത്തിന്റെ സമകാലിക പ്രവണതകളിലേക്ക് കൂടി  കഥ ഒളിഞ്ഞുനോക്കുന്നതായി കാണാം. എഴുത്തുകാരന്റെ പറച്ചില്‍ മാത്രമല്ല വായനക്കാരന്റെ മനനം കൂടിയാണ് കഥ എന്നുറപ്പിക്കുന്ന തരത്തിലുള്ള കഥയാണ് നരിയുടെ സ്വാധീനം സാഹിത്യത്തിലും സമൂഹത്തിലും'.

കഥ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നതിന്റെ ഉദാഹരണമാണ് സ്വര്‍ഗ്ഗത്തിന്റെ മണം. വാദി പ്രതിയാകുന്നതിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഈ കഥ, കഥയെഴുത്തിലെ കയ്യടക്കത്തിന്റെ കൂടി ഉദാഹരണമാണ്. പേരിന്റെ കൗതുകം ആദ്യന്തം നിലനിര്‍ത്തുന്ന ഒച്ചയുടെ ശബ്ദം കഥ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ വ്യക്തമാക്കുകയും, പാരിസ്ഥിതികമായ പ്രശ്‌നങ്ങളില്‍ അധികാരി വര്‍ഗ്ഗം ഇടപെടുന്നതിന്റെ പിന്നിലെ സ്വാര്‍ത്ഥതയും വ്യക്തമാക്കുന്നു, പ്രത്യയശാസ്ത്രങ്ങളില്‍ അണികള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതെങ്ങിനെ എന്ന ചിന്തയെ പെയിന്റു പണിക്കാരനും പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുമായ ഒച്ചദാമുവിന്റെ കാഴ്ചയിലൂടെ നമുക്ക് കാണാനാകുന്നു. ആരായിരിക്കണം ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന സന്ദേശം നല്‍കുന്ന ഈ കഥ, നീതിയെയും ന്യായത്തെയും സംബന്ധിക്കുന്ന മിനിമം ധാരണയില്ലാത്തൊരാള്‍ പൊതുപ്രവര്‍ത്തകനോ മനുഷ്യന്‍ പോലുമോ അല്ല എന്ന് പ്രസ്താവിക്കുന്നു.

കണ്ടലാമൃതം എന്ന കഥ കൊച്ചിതുരുത്തിന്റെ കഥയാണ്. 'ചില മനുഷ്യരെ പോലെയാണ് പുഴയും ആകാശവും. അടുത്ത നിമിഷം എന്താണെന്നൊന്നും ആര്‍ക്കും പറയാനാവില്ല' കഥയിലെ ഈ  വാചകം പോലെ തന്നെ ഹെഡ്മാഷ് ബേബി എന്ന വ്യക്തി കോട്ടബേബിയാകുന്നതിന്റെ രാസതന്ത്രമാണ്  കഥയുടെ കാതല്‍. കാലിന്റെ നീളക്കുറവും കൈയുടെ ബലക്കുറവും ശരീരത്തിന്റെ എല്ലാ ആഹ്ലാദങ്ങളെയും തല്ലിക്കെടുത്തിയ സജീവന്റെ കഥയാണ് സുഗന്ധോദ്യാനം. 'ഒരു കോഴി മതി ജീവിതത്തില്‍ ആഹ്ലാദം നിറയ്ക്കാന്‍' എഫ്ബിയില്‍ പോസ്റ്റ് ചെയ്ത വട്ടക്കുഴി തോമസ് എന്ന റിട്ടയേര്‍ഡ് പട്ടാള ഉദ്യോഗസ്ഥന്റെ കോഴി വളര്‍ത്തല്‍ കഥയാണ് കോഴിയും കുറുക്കനും. കഥ വെറും വാക്കുകളുടെ കളിയല്ലെന്നും മനസ്സിന്റെ പദപ്രശ്‌നമാണെന്നും ഒന്നു കൂടെ ഉറപ്പിക്കുന്ന തരത്തിലുള്ള കഥയാണിത്. 'ഒരാള്‍ അയച്ച കത്ത് മറ്റൊരാള്‍ തുറക്കുന്നത് വരെയുള്ള പ്രതീക്ഷയുടെ പേരാണ് ജീവിതം' എന്ന സിദ്ധാന്തത്തിലൂന്നിയ കഥയാണ് ആന്റണ്‍ ചേക്കുട്ടി.

സ്‌നേഹത്തോടെയും പരിഗണനയോടെയുമുള്ള മനുഷ്യസ്പര്‍ശമാണ് ജീവിതത്തെ മനോഹരമാക്കുന്നത് എന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് കൈപ്പിടിച്ചു നടത്തുന്ന കഥയാണ് മന്ദപ്പൂമാരന്റെ കന്യകകള്‍. വേരുകള്‍ നഷ്ടപ്പെടുന്ന ദേശത്തെയും, ലക്ഷ്യമില്ലാതെ പായുന്ന കാലത്തെയും നിസ്സംഗതയോടെ കണ്ടുതീര്‍ക്കേണ്ടി വരുന്ന മനുഷ്യജീവിതങ്ങളെ സ്‌നേഹപൂര്‍വ്വം കേള്‍ക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന കഥയാണിത്. സമാഹാരത്തിലെ ഏറ്റവും മികച്ച മനുഷ്യഗാഥയായി ഇതിനെ വായിക്കാം. വായനയെ, നമ്മുടെ ചിന്തകളെ ഉദാത്തമാക്കുന്ന മികച്ച കഥകളുടെ സമാഹാരമാണിത്. മനുഷ്യനെ തൊട്ടറിയുന്ന, ദൈവം പോലും മനുഷ്യനാണെന്ന ചിന്ത പകരുന്ന കഥകളുടെ സമാഹാരം.

Content Highlights: Dr. Swapna C Kombath Reviews the Story Collection Mandappoomarnte Kanyakakal by V Sureshkumar