ഒരുതരത്തിലും 'ജോണിന്റെ പുസ്തകം' ആകരുതെന്ന മുൻകരുതലോടെ എഴുതപ്പെട്ട നോവൽ!

#എ. പത്മനാഭന്‍
നോവല്‍ കവര്‍
നോവല്‍ കവര്‍

പ്രാവ്, പൂച്ച, സ്ഫിങ്ക്‌സ്: 'എമിലിയുടെ പുസ്തകം' വായിച്ചുതീർന്നപ്പോൾ ഇവ മൂന്നും ശീർഷങ്ങളായ ഒരു ട്രയാംഗിളിൽ അകപ്പെടുകയായിരുന്നു.

'സൗന്ദര്യം കൊണ്ട് കപ്പൽച്ചേതത്തിലെന്നോണം ചിതറിപ്പോയ ക്ലിയോപാട്ര' യെ അന്നേരം ഓർത്തു.

പ്രാവ് എന്നെ സഞ്ചാരിവേഷം ധരിപ്പിച്ച് ഈജിപ്തിന്റെ പറവയാക്കിയതും (ഫറവോ അല്ല), പൂച്ച എന്റെ നക്ഷത്രക്കണ്ണുകൾ അഴിപ്പിച്ച് രാവിന്റെ ചിഹ്നമാക്കിയതും, സ്ഫിങ്ക്‌സ് എന്നോടു പ്രഹേളികയാർന്ന അതേ ചോദ്യം ചോദിച്ചതും വ്യക്തമായി വിചാരം ചെയ്തു...

'പ്രഭാതത്തിൽ നാലുകാലിലും മധ്യാഹ്നത്തിൽ രണ്ടുകാലിലും സായാഹ്നത്തിൽ മൂന്നുകാലിലും നടക്കുന്ന ജീവിയേത്?' എന്നായിരുന്നല്ലോ ചോദ്യം. എനിക്കറിയാവുന്ന -മുട്ടിലിഴയുന്ന ശൈശവത്തിൽ നാലുകാലിലും വളർച്ചയെത്തിയാൽ രണ്ടുകാലിലും വാർധക്യത്തിൽ വടികുത്തി മൂന്നുകാലിലും നടക്കുക മനുഷ്യനാണെന്ന- ഉത്തരം മറച്ചുപിടിച്ച് ഞാൻ മാറിനിന്നു. കാരണം, കൊല്ലപ്പെട്ടോട്ടെ എന്നുതന്നെ. ജീവനെക്കാൾ മരണത്തിനു വിലമതിക്കുന്ന ഒരാളുണ്ട് എന്നിൽ. ഉയിർത്തെണീപ്പാണ് നിർവ്യാജമായ ജന്മമെന്ന ഒരശരീരി എന്നെ നയിക്കുന്നു!

'... ഒടുവിൽ അവളിലവനും അവനിലവളും മരിച്ചുവീണു'വെന്ന നോവൽവാക്യം (79 : 6) വിശകലനം ചെയ്തുനോക്കൂ- മരണത്തിന് പ്രാണനെക്കാൾ തിളക്കമുണ്ടെന്ന് ആ വചനം വ്യക്തമാക്കുന്നില്ലേ?

എമിലി ഒരു പുസ്തകമാണെന്നും അതാരുടെ വായനയ്ക്കും വിധേയമല്ലെന്നും വൈകാരികമായ അപരിചിതത്വം ഒരായുസ്സുപോലെ ആരോടും അന്തിമമായി കുറിച്ചിടുന്നുണ്ടെന്നും അറിയുന്നിടത്താണ് വായന അവസാനിച്ചത്.

വായനക്കുമുമ്പേ പൂർവജന്മമുഖം എമിലിക്കു വേണ്ടി ഞാൻ വരച്ചിട്ടതായിരുന്നു. ഏതു പുസ്തകമായാലും, തുറക്കുന്നതിൻമുമ്പെ, ശൂന്യതയുടെ പ്രതിമകൾ നിർമ്മിക്കുകയെന്ന ഒരതിക്രമം, ഞാനെന്ന വായനക്കാരന് പതിവാണ്. ഒരർധവിശ്വാസത്തിന്റെ ദൈവികത അതിനുണ്ട്..

കാണാത്ത ഒന്നിനെ കണ്ടെത്താനുള്ള സൃഷ്ടിവ്യഥയെന്നും വിളിക്കാം. അത്തരം ധ്യാനം യഥാർഥത്തിൽ

എനിക്കു വിപരീതരാകുന്ന എന്റെ നിഴലുകളുടെതാണ്.

ഈ നോവൽ വായിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിൽ, എഴുത്തുകാരിയെ ഉപേക്ഷിച്ചുവരുന്ന കഥാപാത്രങ്ങൾ എന്നെ വലയം ചെയ്തു. എമിലിയും എറിക്കും മയിലയും മരിയയും ഈവയും നതാലിയും സാമുവേലും നൗനെറ്റും റാമിയും ജോണും... അവർ അവരുടെ മുഖം സ്പഷ്ടമായി വെളിപ്പെടുത്തി!

കൂടെ, ചരിത്രത്തിനു സമാന്തരമായ വിധിഭൂപടം അനുസ്യൂതം പ്രതിബിംബിക്കുന്നത് നോവൽ ശില്പചാരുതയോടെ കാട്ടിത്തന്നു.

അതിനൊപ്പം, ആശയങ്ങളുടെ ആധുനിക വൻകരകളെ കൂട്ടിയോജിപ്പിക്കാനുള്ള രാഷ്ട്രീയഉടമ്പടിയിലേക്ക്

പ്രമേയം മുന്നേറുന്നതും കണ്ടു.

അവിടെ ഇതിവൃത്തത്തിന്റെ മുഖ്യധാര മുറിയുന്നതായി അനുഭവപ്പെട്ടു.

രാഷ്ട്രീയവിമോചനത്തിന്റെ ആധുനിക വ്യവഹാരങ്ങളെ പൂർണ്ണമായും സംഗ്രഹിക്കാൻ ശ്രമിച്ചതിനോട് വിയോജിപ്പുള്ളതുകൊണ്ടല്ല,

ചരിത്രം വിലക്കിയ ഏതോ പുസ്തകത്തിന്റെ പാഠാന്തരങ്ങളിലൂടെ കഥ മുന്നേറുമെന്ന പ്രതീക്ഷ വഴിതെറ്റുന്നതായി തോന്നി.

ദളിത് പ്രതിസന്ധികൾക്കും സ്ത്രീ ശക്തീകരണത്തിനും സമീകൃത കാമ്പസ് ഗെയിമുകൾക്കും വേണ്ടി കളങ്ങൾ തിരിക്കുമ്പോൾ, സങ്കീർത്തനങ്ങളും സത്യവിലാപങ്ങളും എണ്ണമറ്റ നദികളും മറുകരയുടെ കടങ്കഥകളും ചേക്കേറേണ്ടുന്ന വിശുദ്ധവൃക്ഷത്തിന് കൃതിയിൽ വേരുറപ്പിക്കാനാവാതെ പോകുമോ എന്ന സംശയം.

പകരം, ഒരു നോവലിൽ സ്വാഭാവികമായും സംഭവിക്കാവുന്ന ചരിത്രത്തിന്റെ റൊമാന്റിക് വായന കൃതിയെ ഒരു വികാരഗോപുരമാക്കുന്നുണ്ട്. പ്രാദേശിക ചിത്രങ്ങളുടെ വൈകാരിക മുദ്രകൾ സൂക്ഷ്മമായി പതിപ്പിക്കാനും,

ചരിത്രഘട്ടത്തിന്റെ സ്വഭാവം സമഗ്രമായ മുൻകരുതലിലൂടെ സംഗ്രഹിച്ച് മികച്ച സവിശേഷത പകരാനും സാധിച്ചിട്ടുണ്ട്. അതിൽ എന്റെ ആസ്വാദനം അഭയം തേടി.

ആയുസ്സിൽ അവിടെയുമിവിടെയും മുറിഞ്ഞുകിടക്കുന്ന സ്വപ്നങ്ങളാണ് ഈയൊരു തുടർക്കഥയെ കുട്ടിയോജിപ്പിക്കുന്നത്. അവയൊക്കെയും മുറിവുകളുടെ അനന്തമായ യത്‌നമാണ്. അത്തരം രക്തപ്പകർച്ചകളിൽ നിന്നാണ് കഥാപാത്രങ്ങളുടെ പ്രത്യക്ഷപ്പെടലുകൾ...(ഇവിടെ, കഥാപാത്രങ്ങൾ പ്രവേശിക്കലല്ല, മാഞ്ഞുപോകലാണ് ശരിക്കുമുള്ള പ്രതിഭാസം!

മയിലയുടെ രംഗപ്രവേശംതൊട്ട് അതിന്റെ ലക്ഷണവ്യക്തത നിരീക്ഷിക്കാവുന്നതാണ്.)

കഥയുടെ കാര്യത്തിലും, ആദ്യന്തം, അതേപ്രവണതയാണ് തുടരുന്നത്;ഓരോന്നായി ഉപേക്ഷിക്കലാണ്...

റാമി ഇമാം എന്ന ഷെഫും, നൗനെറ്റ് എന്ന ചിത്രകാരിയും തമ്മിലുള്ള പ്രണയമാണ് ആ പ്രക്രിയയുടെ ആദ്യത്തെ ഇര..

എമിലിയും ജോണും തമ്മിലുള്ളത് അവസാനത്തെതും.

ആദ്യത്തേതിൽ ചെറിയൊരു പരിഹാരക്രിയ കാണുന്നുണ്ട്:

'... റാമിക്കും നൗനെറ്റിനും വളരെ നാളുകൾക്കു ശേഷം ഒരുമിച്ചുകിട്ടിയ അവരുടെ സമയമാണിത്. ഇവരുടെ സന്തോഷത്തിലേക്ക് ഞാനെന്തിന് എന്നെ ഇറക്കിവെക്കണം? അതൊക്കെ പഴയ കാലങ്ങൾ. ഒക്കെയും പഴയത്. അവരെ സ്വതന്ത്രരാക്കി, ഞാൻ മെല്ലെ എഴുന്നേറ്റു. നൈലിന്റെ തീരത്തുകൂടെ വെറുതെ മുന്നോട്ടേക്ക് നടന്നു.'

അവസാനത്തേത്, പക്ഷെ, ഇതിവൃത്തത്തിന്റെ അച്ചുതണ്ടെന്നു പറയാവുന്ന സംഗതിയാണ്. കേന്ദ്രകഥാപാത്രമായ എമിലിയുടെ രൂപഭാവാന്തരങ്ങൾ അതിനെ അവലംബിച്ചായിരുന്നു ആളിപ്പടർന്നത്. ഒരുതരത്തിലുമിത് 'ജോണിന്റെ പുസ്തക'മാകരുതെന്ന മുൻകരുതലാണ് പ്രമേയത്തെ നയിച്ചതെന്നു കാണാൻ പ്രയാസമില്ല. അതിനുവേണ്ടി കഥയെ അജ്ഞേയവും സ്‌ത്രൈണവുമായ സമസ്യയാക്കി. കഥാനായികയുടെ സമരബോധത്തെ സംഗീതാത്മകമാക്കുന്ന ഒരു ഗായകന്റെ സാന്നിധ്യത്തെയായിരുന്നു വളരെ വിദൂരതയിൽ നിർത്തിയത്.

അക്കഥ എങ്ങോട്ടോ മാഞ്ഞുപോകുകയായിരുന്നു..

എമിലിയെ കേന്ദ്ര കഥാപാത്രമാക്കാനുള്ള ഒരു തീരുമാനത്തിലേക്ക് നോവലിസ്റ്റ് കടക്കുന്നത്, കഥയെ ആത്മഭാവങ്ങളുമായി ചേർത്തു കെട്ടാനായിരിക്കാം.

അത്തരം സ്വപ്നബോധങ്ങളുടെ അലസപ്രയോഗങ്ങളുമായി അത് പൊരുത്തപ്പെടുന്നുണ്ടാവാം.

എമിലിയുടെ കാലത്തിന് പൂർണ്ണചക്രം വരയ്ക്കാൻ വളരെ ഹ്രസ്വമായ കോമ്പസ് മാത്രമേ നോവലിസ്റ്റ് ഉപയോഗിക്കുന്നുളളൂ.

ആയുസ്സിന്റെ മുഴുവൻ നിർവചനത്തെ അത് പ്രതിനിധാനം ചെയ്യുന്നുണ്ടെങ്കിലും. എന്നാൽ, വൈകാരികമായ സ്വയംതീർപ്പ് അത്തരം പ്രമേയങ്ങളുടെ പരിണതിയെ വളരെ വേഗം ചുഴിയിലെത്തിക്കാമെന്ന് ഈ കൃതിയെപ്രതി വിശ്വസിക്കേണ്ടി വരുന്നു. രചയിതാവിന്റെ ആത്മവ്യവഹാരങ്ങളുടെ നുഴഞ്ഞുകയറ്റം

കഥാപാത്രങ്ങളുടെ തനതുപാറ്റേണുകളെ തന്നെ ഞെരുക്കിയേക്കാം.

നോവൽ 'മനുഷ്യനാ'ൽ എഴുതപ്പെടുന്നതല്ല;

മനുഷ്യാതീതമായ ഒരു പ്രകൃതിയുടെ ആശയമാണത്.

യവനികയ്ക്കു പിന്നിൽ ദുർവിധിയുടെ കാലമുണ്ട് , അരൂപികളുടെ ആരവമുണ്ട്, അഗ്‌നിപ്പുരകളിലെ ആത്മാവുകളുണ്ട്, കൂടെ മനുഷ്യരുമുണ്ടെന്നേ കരുതാവൂ...

അതാണ് വാസ്തവം. ഈ നോവലും ഒരതിരോളം അത് സഫലമായി സാക്ഷ്യപ്പെടുത്തുന്നുണ്ട് !

ഈജിപ്തിന്റെ വടക്കൻദേശം 'നസ്ല'യിലാണ് എമിലി എത്തിപ്പെട്ട പ്രവാസരംഗം

അരങ്ങേറുന്നത്.

പുരാതന ഈജിപ്തിലെ സാങ്കേതികവിദ്യകളുപയോഗിച്ച് നൈലിലെ ചെളിയിൽ നിന്ന് ടെറക്കോട്ടാ മൺപാത്രങ്ങൾ നിർമ്മിക്കുന്ന അപൂർവ ഗ്രാമമാണ് നസ്ല.

ഓരോ ദേശത്തെയും ഭൂതകാല തീവ്രതയോടെയാണ് നോവൽ അവതരിപ്പിക്കുന്നത്. രംഗവേദിയെ സദസ്സിലേക്ക് ഇറക്കിവയ്ക്കാൻ പാകത്തിൽ.

അപരിചിതത്വം പ്രകൃതിയെ വായിക്കുന്നതും സുപരിചിതമായ ദർശനവും തമ്മിൽ രാഗവ്യത്യാസമുണ്ടല്ലൊ. വീണ്ടും വീണ്ടും സന്ദർശിക്കാനുള്ള ദൃശ്യമടക്കുകൾ പ്രകൃതിക്കുമുണ്ട്, നോവലിനുള്ളതുപോലെ.

അപരിചിതമായ പ്രകൃതിയെ പുണരാനുള്ള പുതുശരീരം കടഞ്ഞെടുക്കാനാണ് നാം യാത്ര തെരഞ്ഞെടുക്കുന്നത്... എമിലിയുടെ സോളോയാത്രകളെ പറ്റിയുള്ള പരാമർശം നോക്കൂ: 'അത്തരമൊരു ബാഗ് ഒരുക്കാൻ പിന്നെയും എത്ര വർഷങ്ങൾ വേണ്ടിവന്നു. ബന്ധങ്ങളിൽ നിന്നും മുക്തരായാൽ നമുക്ക് ഭാരം കുറയും. ഞാൻ അവനോട് ചിറകുകളുടെ മാത്രം ഭാരമറിയുന്ന പക്ഷികളെപ്പറ്റി പറഞ്ഞു.'

ഈ നോവലിലെ പേരിടാത്ത കഥാപാത്രങ്ങളിലൊന്ന് പക്ഷിയാണ്. അതിന്റെ ചിറകുകൾ പകരുന്ന രാഗങ്ങളിലും തരംഗങ്ങളിലുമാണ് ഓരോ വചനവും ലയിച്ചുകിടക്കുന്നത്.

പേരില്ലാത്ത മറ്റൊരാളുണ്ട്, അവിടവിടെ മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെണ്ണ്. അവ്യക്തമായ രൂപഭംഗി ഒരിടത്ത് മിന്നിമറഞ്ഞതാണ്: 'ജന്മങ്ങൾക്കപ്പുറത്തു നിന്നും ഒരു പെണ്ണ് എന്റെ കൂടെ സഞ്ചരിക്കുന്നുണ്ട്. തിരിച്ചറിവിന്റെ ആ മിന്നൽവെളിച്ചത്തിൽ ഞാനവളിലേക്ക് കൈ നീട്ടിയതും ആ കാഴ്ച മാഞ്ഞുപോയി.'

നോവലിന്റെ മുപ്പത്തിനാല് അധ്യായങ്ങൾക്കു കുറുകെയും സഞ്ചരിക്കുന്ന ഈയൊരു കഥാപാത്രത്തെ സാക്ഷാത്കരിക്കാനാവണം നോവൽ യഥാർഥത്തിൽ പിറവി കൊണ്ടത്. ഒടുവിൽ ഇതിവൃത്തം അവസാനിച്ചിട്ടും ആ കഥാപാത്രം പിടികൊടുക്കാതെ മാറിനിന്നുവെന്നാണ് കരുതേണ്ടത്.

എമിലിയുൾപ്പെടെ മറ്റെല്ലാ പെൺരൂപങ്ങളും ഈയൊരു കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള ട്രയലുകൾ മാത്രമായിരുന്നില്ലെ?

ഈ നോവലിന് ചരിത്രപരമായ ഒരു മാതൃരൂപമുണ്ട്, അത് ബൈബിളാണ്. ബൈബിളിന്റെ മാവേലിക്കരപ്പതിപ്പ് എന്നു വിശേഷിപ്പിച്ചാലും അധികപ്പറ്റല്ല. അതിനുമാത്രം വിസ്തൃതമായ ആത്മാന്തരരൂപം പ്രമേയത്തിനുണ്ട്.

ചരിത്രത്തിന്റെ ശരി-തെറ്റുകളുടെ ഉടമ്പടികൾക്ക് ഇരയാവാതെ, പിതൃവേരുകളിൽ ഉറപ്പിക്കപ്പെട്ട ഒരു വംശവൃക്ഷത്തെ നോവൽ വരച്ചിടുന്നത് വിശുദ്ധഗ്രന്ഥത്തിന്റെ പിൻപറ്റലാവാം. (മാതൃവംശം അവിടെയും പടിക്കുപുറത്താണ്.)

നോവലിൽ ഈജിപ്ത് അപരദേശമാണ്. സ്വദേശമെന്ന പ്രവിശ്യ കൃതി വരച്ചിടുന്നത് ഓർമ്മയുടെ ജ്യാമിതിയിലും. ആ നിലയിൽ ഇരട്ടദേശത്തിന്റെ ഘടികാരത്തിനു കീഴെയാണ് സംഭവങ്ങൾ മുന്നേറുന്നത്. ഓരോ അധ്യായവും അനുബന്ധമായ അനുഭവങ്ങളും ഇരട്ടവികാരത്തോടെ വർത്തിക്കുന്നു. ഇരുദേശങ്ങൾക്കുമിടയിൽ ചാഞ്ചാടുന്ന പെൻഡുലം വചനങ്ങളെഴുതുന്നു. വിപരീതധ്രുവങ്ങളിൽ കാലത്തിന്റെ ഭൂകമ്പധ്വനി കേൾപ്പിക്കാൻ സാധിക്കുന്ന ഒരു പാറ്റേണാണിത്.

മീനച്ചിലാറും നൈലും പരസ്പരം ഭാവം കൈമാറുന്നതിനിടയിൽ, ഒരു മൂന്നാംകര ഉദയം ചെയ്യുന്നുമുണ്ട്-യമുനാതീരം.

കഥയിൽ 'ജെൻസി'ഭാവുകത്വം കലരുന്നത് ഈയൊരു ഭൂമികയിലാണ്.

നസ്ല -മാവേലിക്കര -യമുനാതീരം എന്ന ത്രിഭുജത്വമായി ഇതിവൃത്തം വികസിക്കുമ്പോൾ, അതിനു പാകത്തിലുള്ള ഒരു ഭാഷയുടൽ നോവൽ ഉൽപാദിക്കുന്നുണ്ട്.

ആ ഭാഷ കാലാധുനികതയുടെ പെൻഡുലമാണ്, അതിന് കവിത്വമുണ്ട്; ഒപ്പം കാവ്യരഹിതവുമാണ് - വികാരത്തിന്റെ മറുവശത്തും വാക്കുകൾ ചിതറുന്നു...

കഥയിൽ സ്വാഭാവികമായ മാനവികസാഹചര്യങ്ങൾക്കു മീതെ പേടകവും തിരുരൂപവും വംശപിതാവും കടന്നുവരുന്നു!

മാന്ത്രികയാഥാർഥ്യത്തിന്റെ സാങ്കേതികതയെക്കാൾ സ്വപ്നയാന്ത്രികതയുടെ അരികുപറ്റിയാണ് അവയുടെ വരവ്. മാജിക്കൽ റിയലിസമെന്ന് അതിനെ പരിചയപ്പെടുത്തുക പ്രയാസമാണ്. യുക്തിയുടെ ഉദാരവത്കരണമായോ ഫാന്റസിയുടെ പുനരുജ്ജീവനമായോ കണക്കാക്കേണ്ടിവരും.

അതല്ലെങ്കിൽ, ഭൂതാവിഷ്ട കഥകളുടെ പഴയദൃശ്യഘടനയെ പുനർനാമകരണം ചെയ്യേണ്ടതായും.

നോവൽ കഥാപാത്രങ്ങളുടെ സ്വതന്ത്രറിപ്പബ്ലിക്കാണ്.

നോവലിസ്റ്റിന്റെ കളിപ്പാവയല്ലെന്ന് നോവലിസ്റ്റു തന്നെ സാക്ഷ്യപ്പെടുത്തണം. അവരുടെ സ്വതന്ത്രഗതിയിൽ ഇടപെട്ടില്ലെന്നുറപ്പിക്കണം.

സ്വന്തം വിധി നിർവഹിക്കുന്ന കഥാപാത്രങ്ങളെ എഴുത്തോ വായനയോ സ്വാധീനിക്കുന്നില്ലെന്നു വന്നാലേ കഥാപാത്രത്തിന്റെ സ്വതന്ത്രമായ ഇച്ഛാശക്തി പ്രകടമാവൂ. എമിലി പിറക്കുന്നതും മറ്റൊരു രീതിയിലല്ല ; അതാണ് ആ കഥാപാത്രത്തിന്റെ കരുത്തും. അധികാരത്തിലും അവകാശത്തിലും പ്രണയത്തിലും ദാമ്പത്യത്തിലുമൊക്കെ എമിലി മേൽക്കൈ നേടിയത് മറ്റൊന്നുകൊണ്ടുമാവില്ല.

തറവാടിന്റെ പരമാധികാരം അവളിലേക്ക് വന്നുചേരുന്നതും / നേതൃത്വപരമായ സിരകളുടെ ഹൃദയഘടകമായി അവൾ മാറുന്നതും അക്കാരണത്താലാണ്.

കഥാപാത്രങ്ങളുടെ ഫീൽഡിംഗിനെ സംസ്‌കാരങ്ങളുടെ അതിരുകളുമായി ബന്ധിപ്പിക്കുന്നതിൽ നോവലിസ്റ്റ് നടത്തിയ ഗവേഷണം ബൃഹത്തായതാണ്. ഒരു കൃതിയെ ഏത് ലൊക്കേഷനിൽ പ്രതിഷ്ഠിക്കുമ്പോഴും വിശ്വസനീയമായ പരിസരം സൃഷ്ടിക്കപ്പെടണല്ലോ.

അതിനുപാകത്തിൽ (ഉദാഹരണമായി) പാചകപദ്ധതികളും വിവിധ രുചിക്കൂട്ടുകളും കൃതിയിൽ സമൃദ്ധമായി അവതരിപ്പിച്ചിട്ടുള്ളത് ശ്രദ്ധാപൂർവമാണ്. ആഹാരത്തിന്റെ അടയാളപ്പെടുത്തൽ സംസ്‌കാരത്തിന് അനുരൂപമായിരിക്കണമല്ലോ. അതേപോലെ, ഇത്തരമൊരു വിസ്തൃതകഥയിൽ, ഭാവനയുടെ വിഭജനം എഴുത്തുകാരിയിൽ തലമുറകളുടെ തരംഗങ്ങളോടിണങ്ങുന്നതാവണം. അവ്വിധം ഒരു പകർന്നാട്ടം ഈ വംശഗാഥയെ പ്രാഗത്ഭ്യത്തോടെ ഉയർത്തിക്കാട്ടുന്നു.

അജ്ഞേയമായ ദിവ്യപദ്ധതികളുടെ രീതികൊണ്ട് മനുഷ്യചര്യകളാൽ വിശദീകരിക്കാനാകാത്ത ചില കടമ്പകൾ നോവൽ മറികടക്കുന്നത്, അനുഭവങ്ങളെയും കാഴ്ചകളെയും നിഗൂഢമാക്കാതെ തന്നെ.

നദിയോടുള്ള ആത്മബന്ധം കൊണ്ട് ശീലിച്ചെടുക്കുന്നതാവണം അത്തരം സുതാര്യത. അടിസ്ഥാനപരമായി കവിസ്വത്വമുള്ള ഒരാളുടെ പ്രഥമ നോവലെഴുത്താണിത്. ചില സംജ്ഞകൾ കൂടപ്പിറപ്പായുണ്ട്.

അതിലൊന്നാണ് 'മെലിഞ്ഞ' എന്ന വാക്ക്. (ഉദാ: മെലിഞ്ഞ ഫലിതം, മെലിഞ്ഞ കൈ...) മെലിഞ്ഞ എന്ന വാക്ക് നദിയുടെ ദീർഘവ്യാകരണത്താൽ വന്നുചേർന്നതാവണം.

സിന്ധുവിന്റെ 'ചില ജാലകക്കാഴ്ചകൾ' എന്ന കവിതയിൽ 'ശേഷിക്കുന്ന തുള്ളിയിലും / ചന്ദ്രബിംബം തിരയുന്ന / മെലിഞ്ഞ പുഴ' എന്ന വിവരണം ഓർത്തുപോയി!

'അകേലെ ഹം നദിയാകിനാരേ...

ഞങ്ങൾ നദിക്കരയിൽ തനിച്ചാണ്...'

സിന്ധുവിന്റെ സർഗാത്മതയെ പലജന്മങ്ങളുടെ സംഗീതമായി പിന്തുടരുന്ന നദിയുടെ സഹയാത്ര നോവലിലെത്തുമ്പോൾ, അതിന്റെ സമൂർത്തഭാവം സ്വീകരിച്ചിരിക്കുന്നു...