ഉത്തരിപ്പുകടം; കറ്റാനത്തമ്മച്ചിയുടെ തണുവൂറുന്ന അമേരിക്കന്‍ ജീവിതശില്പങ്ങള്‍

#ബിജു സി.പി
പുസ്തകത്തിന്റെ കവര്‍, സീന ജോസഫ്
പുസ്തകത്തിന്റെ കവര്‍, സീന ജോസഫ്

ലോകവൃത്താനുകരണമാണ് നാട്യമെന്ന് പറയുന്നതുപോലെ, ജീവിതവൃത്താനുകാരിയാണ് കഥ. പുതിയ കാലത്തും പുതിയ ലോകത്തും ജീവിക്കുന്നതിന്റെ പുതുമകള്‍ ഉള്‍ക്കൊള്ളാനും അവതരിപ്പിക്കാനും കഴിയുമ്പോള്‍ മാത്രമേ കഥ പുതിയതാവുകയുള്ളൂ. എത്ര പുതിയതാകുമ്പോളും നല്ല കഥ എപ്പോളും ചില സാഹിതീയമൂല്യങ്ങളോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യും. ജീവിതത്തിന്റെ മിടിപ്പും ചൂരും പ്രസരിക്കുമ്പോള്‍ മാത്രമേ കഥ അതിന്റെ മൂല്യശോഭയിലേക്ക് ഉയരുകയുള്ളൂ. വിഷയത്തിലും സാഹചര്യത്തിലും അന്തരീക്ഷരൂപീകരണത്തിലും പുതിയതായിരിക്കുകയും സാര്‍വകാലികവും സാര്‍വലൗകികവും എന്നു പറയാവുന്ന ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക അത്ര എളുപ്പമൊന്നുമല്ല. കാലത്തിന്റെയും ലോകത്തിന്റെയും സ്പന്ദനങ്ങളും മഹിതജീവിത മൂല്യങ്ങളും ചേര്‍ന്ന വിശേഷപ്പെട്ടൊരു ബ്ലെന്‍ഡിങ്ങ് ആണ് സീനജോസഫിന്റെ ഉത്തരിപ്പുകടം എന്ന സമാഹാരത്തിലെ കഥകളുടെ സവിശേഷത. ഒട്ടും തിടുക്കമില്ലാതെ, അല്പവും നീട്ടിപ്പരത്തലില്ലാതെ ചാരുതയാര്‍ന്ന ഭാഷാശില്പമായി ഓരോ കഥയും.

ആധുനിക കേരളത്തിന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കുവഹിച്ച മലബാര്‍ കുടിയേറ്റത്തിന്റെ സന്തതിയായി കണ്ണൂരിലെ മലയോരഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് അവിടെ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ മലയാളിയാണ് സീനജോസഫ് എന്ന എഴുത്തുകാരി. പുസ്തകത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ് ഇക്കാര്യം. ആ കുടിയേറ്റങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കു പടര്‍ന്നുകയറിയ വേരുകളുടെ പച്ചപ്പില്‍ നിന്നാണ് കഥകള്‍ വളവും വെള്ളവും കൊള്ളുന്നത്. ശിഖരങ്ങളും ഇലപ്പച്ചകളും വിടര്‍ത്തുന്നതാകട്ടെ പുതിയ ജീവിതത്തിന്റെ അമേരിക്കന്‍ ആകാശങ്ങളിലേക്കും. മലയാള കഥയെ, മലയാളിയുടെ കഥാനുഭവങ്ങളെ, പുതിയ വിശാലവാനങ്ങളിലേക്കു വെളിപ്പെടുത്തുന്ന കഥകള്‍. കഥകളെല്ലാം വായിച്ചുതീര്‍ത്ത് പുസ്തകം അടച്ച് തെല്ലുനേരം കണ്ണടച്ച് അതിലേക്ക് വീണ്ടുമൊന്ന് ഊളിയിടുമ്പോള്‍ തോന്നിയത് എഴുത്തുകാരി ജീവഭയത്തോടെ തന്റെ ചിലകടങ്ങള്‍ വീട്ടുകയാണ് ഈ എഴുത്തുകളിലൂടെ എന്നാണ്. കേരളീയ ജീവിതത്തോട്, ഓര്‍മകളോട്, ഒക്കെയുള്ള ചില കടങ്ങള്‍ വീട്ടുകയാണ് ഈ കഥകളിലൂടെ - ഉത്തരിപ്പുകടം!

ഭൂമിയില്‍ ബാക്കിവെച്ച കടങ്ങളെക്കുറിച്ച് പുനരുത്ഥാനത്തിന്റെ നാളെത്തുമ്പോളുള്ള ദൈവവിചാരണയില്‍ മറുപടി കൊടുക്കേണ്ടി വരും. ക്രൈസ്തവതയുടെ ആത്മീയമൂല്യങ്ങളിലൊന്നാണ് ഉത്തരിപ്പുനാളിലെ വിചാരണയെക്കുറിച്ചും ഭൂമിയില്‍ തന്നെ തീര്‍ക്കേണ്ട കടങ്ങളെക്കുറിച്ചുമുള്ള ഈ ബോധ്യം. ക്രൈസ്തവമായ ആ ആത്മീയമൂല്യങ്ങള്‍ കേരളീയതയുടെ ജീവിതമൂല്യങ്ങള്‍ കൂടിയാണെന്ന് ഓര്‍മിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന കഥകള്‍ എന്ന അധികമൂല്യം കൂടിയുണ്ട് ഈ പുസ്തകത്തിന്. അതുകൊണ്ടു തന്നെ ഈ സമാഹാരത്തിന് മലയാള കഥാലോകത്ത് സാമൂഹികവും സാംസ്‌കാരികവുമായ ആ അധികമൂല്യമുണ്ട്.

ബേബി മേനോന്‍- കണ്ണന്‍ മേനോന്‍ ദമ്പതികള്‍, മധുനായര്‍, നിര്‍മല തുടങ്ങി അമേരിക്കയില്‍ വേരുറപ്പിച്ച ചില മലയാളികളില്‍ നിന്ന് ശ്രദ്ധേയമായ സാഹിത്യ രചനകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവിടെ വേരും അവിടെ ശിഖര-പത്രവിന്യാസവുമുള്ള ഈ അപൂര്‍വ ബ്ലെന്‍ഡ് അധികമൊന്നുമില്ല നമ്മുടെ കഥയില്‍. പെണ്ണനുഭവങ്ങളുടെ ഞൊറിവുവിടര്‍ത്തലുകളാണ് കഥകളെ ഉപ്പുംമധുരവുമുള്ള ഹൃദ്യാനുഭവങ്ങളാക്കുന്നത്. ആഖ്യാനങ്ങള്‍ സ്ത്രീകേന്ദ്രിതമാകുമ്പോള്‍ മിക്കപ്പോളും അറിഞ്ഞോ അറിയാതെയോ അതില്‍ നിറയുകയും പകയുടെയും വാശിയുടെയും കനലുകളാവാറുണ്ട്. എന്നാല്‍ ഇവിടെ ജീവിതത്തിന്റെ വിശാലമാനവികതയില്‍ തെളിയുന്ന ഊടുറപ്പുള്ള പെണ്‍വഴികളാണ്. അതില്‍ പെണ്‍കോയ്മയോ ആണ്‍കോയ്മക്കെതിരായ കലാപങ്ങളോ അല്ല മറിച്ച് ജീവിതവിശാലതയുടെ ഊഷ്മളമായ പങ്കുവെപ്പാണ്.

വിഷയവും വിവരണവും നല്‍കുന്ന ഹൃദ്യതയ്ക്കപ്പുറം കഥയെഴുത്തില്‍ അസൂയാവഹമായൊരു കൈയൊതുക്കമുണ്ട് സീനജോസഫിന്. എടുത്തു പറയണം ആഖ്യാനത്തിലെ ആ ഏകാഗ്രത. പത്തു കഥകളാണ് പുസ്തകത്തില്‍. അമേരിക്കന്‍ ജീവിതചിത്രണങ്ങളാണ് കഥകളെല്ലാം. ഫ്രാഗ്മെന്റ്‌സ് ഓഫ് ഹെര്‍ എന്നാണ് ഒരു കഥയുടെ പേര്. അതിലുള്ളത് ബ്രസീലില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ കരോലിനയുടെ കഥ. മറ്റെല്ലാം അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ കഥകള്‍. ഫ്രാഗ്മെന്റ്‌സ് ഓഫ് ഹെര്‍ എന്നത് ഒരു കഥയുടെ പേര് എന്നതിനപ്പുറം ഈ സമാഹാരത്തിലെ എല്ലാ കഥകളുടെയും ഉത്തമസാധാരണ ഘടകമാണ്. ഫ്രാഗ്മെന്റ്‌സ് ഓഫ് ഹെര്‍ എന്ന കഥ ഞെട്ടിക്കുന്ന ശിശുപീഡകന്റെ അവിശ്വസനീയമായ തിന്മയുടെ ക്രൂരകഥയാണ്. ഞെട്ടിക്കുന്ന ക്രൂരതയുടെ അവതാരങ്ങള്‍ വേണ്ടുവോളമുണ്ട് കഥകളില്‍. അവയെ മറികടക്കുന്ന സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാനവികമുഖങ്ങളും. പെണ്മയുടെ ആഴങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ദുരിതത്തീകളും സ്‌നേഹത്തിളക്കങ്ങളും കണ്ടെടുക്കുന്നു ഏതാണ്ടെല്ലാ കഥകളും. ജീവിതത്തിന്റെ വ്യര്‍ഥതയെക്കുറിച്ചും സാധ്യതയെക്കുറിച്ചുമുള്ള ആഴമാര്‍ന്ന അനുഭവസ്പര്‍ശംകൊണ്ട് നമ്മെ ഉണര്‍ത്തുന്ന കഥകള്‍. പെണ്ണാഴങ്ങളുടെ ജീവഗാഥകള്‍.

ഏതൊക്കെയോ തലങ്ങളില്‍ ജെയ്ന്‍ ഓസ്റ്റിന്റെ രചനകളെ ഓര്‍മിപ്പിച്ചു ഈ കഥകള്‍. പ്രണയവും കുടുംബവും ദാമ്പത്യത്തിലെ പൊള്ളത്തരങ്ങളും വഞ്ചനകളും എല്ലാറ്റിനും മീതേ കുത്തിയൊഴുകുന്ന പെണ്‍ജീവിതവും ഒക്കെയാവാം ജെയ്ന്‍ ഓസ്റ്റിനെ ഓര്‍മിപ്പിച്ചത്. ഏതാണ്ടെല്ലാ കഥകളും ഹൃദ്യമായ പെണ്‍കരുത്തിന്റെ കൂടി കഥകളാണ്. ജീവിതത്തിന്റെ വിശാലമായ വെളിമ്പരപ്പുകളില്‍ ഒരേ മനുഷ്യാവസ്ഥയുടെ രണ്ടുവശങ്ങള്‍ മാത്രമാണ് പെണ്ണും ആണും. ഒരാളും വിശുദ്ധനോ വിശുദ്ധയോ ആകുന്നില്ല. ഒരാളും പൂര്‍ണതിന്മയോ പൂര്‍ണനന്മയോ ആകുന്നില്ല.

അമേരിക്കയിലേക്കു കുടിയേറിയ ഒരുനാടന്‍ ക്രിസ്ത്യാനിപ്പെണ്ണിന്റെ കേരളീയത ഉജ്വലമായി ആവിഷ്‌കരിക്കുന്നുണ്ട് കഥകള്‍. ഒരു സംസ്‌കാര പഠിതാവിന് ഈ കഥകളില്‍ നിന്നു കിട്ടുക കേരളീയതയുടെ ആ സുരഭില ക്രൈസ്തവ സാംസ്‌കാരികത്തിളക്കങ്ങളാവും. അമേരിക്കയിലായാലും കേരളത്തിലായാലും ബ്രസീലിലായാലും പെണ്മയുടെ ഹൃദയാഴങ്ങളിലെ ആത്മസാഹോദര്യം ഒന്നു തന്നെയെന്ന് വെളിവാക്കുന്ന പൊള്ളല്‍ക്കുറിപ്പുകളാണ് ഈ കഥകള്‍.

ഉജ്വലമായൊരു പ്രസരിപ്പുള്ളകഥയാണ് വിഷ(മ)വൃത്തം. മരണത്തിന്റെ കോമാളിക്കളി നമ്മെ എത്ര നിസ്സാരരാക്കിക്കളയുന്നു! ഒരു അതീതനോട്ടത്തില്‍

മാത്രം വെളിവാകുന്ന ജീവിതസത്യങ്ങളുടെ പൊള്ളല്‍ത്തിണര്‍പ്പ് ഉണര്‍ത്തുന്ന കഥ. ആഖ്യാനത്തില്‍ ആദ്യന്തം നിലനിര്‍ത്തുന്ന ചൊടിയുള്ള നര്‍മം ആ പൊള്ളലിന്റെ ഉള്‍വേവു കൂട്ടുന്നതേയുള്ളൂ. അകത്തേയ്ക്കകത്തേക്ക് വെന്ത് ഇറങ്ങുന്ന കഥ.

വിവരണങ്ങള്‍ കൊണ്ടു പരന്നുപോകാതെ, എന്നാല്‍ പരിസരവിവരങ്ങളില്‍ ഒട്ടും കുറവില്ലാതെ കഥാംശത്തിന്റെ ഏകാഗ്രത ഒരല്പവും കൈവിട്ടു പോകാതെ അനായാസം കഥ പറയുന്നു സീനജോസഫ്. മുമ്പ് ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ളയാളാണ് കഥാകാരി എന്ന് പുസ്തകത്തിലെ ജീവചരിത്രക്കുറിപ്പിലുണ്ട്. കവിതയെഴുത്തില്‍ നിന്നാവണം അനായാസ സുന്ദരമായ ഈ ഭാഷാവഴക്കം.

പലനിറമുള്ള കടല്‍ എന്ന കഥ കൃതിയുടെയും കിരണിന്റെയും ദാമ്പത്യത്തിലേക്കു ചിതറിവീണ അസാധാരണമല്ലാത്ത ഒരു മാനസികാസ്വാസ്ഥ്യത്തിന്റെ കഥയാണ്. എന്നാല്‍ കഥയെ അസാധാരണമായ ഒരു വഴുതിവീഴലിലേക്കു ട്വിസ്റ്റ് ചെയ്യിക്കുന്നത് രചനാമികവാണ്. ഇത്തരം ട്വിസ്റ്റുകള്‍ ഈ സമാഹാരത്തിലെ കഥകളില്‍ പൊതുവേ ഉണ്ട്. അതിനാടകീയതയോ അസ്വാഭാവികതയോ ഇല്ലാതെയുള്ള ആ വഴുതിവീഴലുകള്‍ പകരുന്ന വായനാസുഖം ഒന്നുവേറെ തന്നെ.

അമേരിക്കയിലെ സാധാരണ മനുഷ്യജീവിതത്തിന്റെ പ്രകാശപൂര്‍ണമായൊരു ചിത്രീകരണമാണ് പച്ചനിറമുള്ള കടല്‍ എന്ന കഥ. ടോബിയും ടിഫനിയും ജോയും ജെയിനും വായനക്കാരുടെ കൂടി നല്ല അയല്‍ക്കാരായി മാറുന്ന സ്‌നേഹഭരിതമായൊരു കഥ. ഉള്ളിലൂറുന്ന നൊമ്പരത്തെ മറികടക്കുന്ന സ്‌നേഹഗാഥ. അമേരിക്കന്‍ ജീവിതത്തിന്റെ മറ്റൊരു ചിത്രീകരണമാണ് നമ്പര്‍ 10 സൗത്ത് സ്ട്രീറ്റ് എന്ന കഥ.

കേരളത്തില്‍ നിന്ന് കുടിയേറി എത്തിയ അമ്മയുടെ മകളായി അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ജെനി പാര്‍ട്ട് ടൈം ഡോഗ് വാക്കറായി പണിയെടുക്കുകയാണ്. ആരിലും മതിപ്പുളവാക്കാന്‍ പോന്ന വിധം ഗംഭീരനായ ഒരു ടെക്കി തടവില്‍ സൂക്ഷിച്ചിരുന്ന മെലനിയുടെ രക്ഷകയായി മാറുന്ന ജെനിയുടെ കഥ മനോഹരമായ ഒരു കുറ്റാന്വേഷണ കഥകൂടിയാവുന്നുണ്ട്. വേറിട്ട ഒരു നായക്കഥയും.

ഫാല്‍ക്കണ്‍ ലാന്റിങ് എന്ന കഥയില്‍ പ്രണയത്തിന്റെ ഒരു ഹൈക്കിങ്ങില്‍ സമ്മിറ്റിലെത്തിയ അവന്‍ മൂവായിരത്തിലധികം അടി ഉയരത്തില്‍ നിന്ന് സ്ലോമോഷനില്‍ താഴേക്കു വീഴുകയാണ്. ചരമശുശ്രൂഷയുടെ വേളയില്‍ കുഴിയില്‍ ഇടാന്‍ മറന്നുപോയ ഒരു വെളുത്ത ലില്ലിപ്പൂവായി-അതുമാത്രമായി- അവന്‍ അവള്‍ക്കൊപ്പം. സമാനമായ ഒരു വീഴ്ചയുണ്ട്- ഒരു വീഴ്ത്തലുണ്ട്- റോസമ്മച്ചേച്ചിയുടെ മറവിക്കുറിപ്പുകള്‍ എന്ന കഥയിലും. കാലവും ലോകവും മാറുമ്പോളും സംസ്‌കാരവും സമീപനവും മാറുമ്പോളും ജീവിതം അതിന്റെ മഹിതമായ അനന്യത പുലര്‍ത്തുന്നതു നാം തൊട്ടറിയുന്നു ഈ കഥകളില്‍.

സ്‌നേഹത്തിന്റെയും ചതിയുടെയും ദുരന്തങ്ങളുടെയും പടവുകള്‍ പലതുതാണ്ടി മുന്നേറുന്ന ജീവിതത്തെ പ്രകാശവത്താക്കുന്ന സ്‌നേഹത്തിന്റെ ചൈതന്യശോഭയാണ് ഉത്തരിപ്പുകടം എന്ന കഥ. മിക്ക കഥകളിലും ദാമ്പത്യത്തിലെ പൊള്ളത്തരങ്ങളും വഞ്ചനകളും സാധാരണാനുഭവങ്ങളായി കടന്നുവരുന്നു. പല കഥകളിലും എല്ലാറ്റിനെയും അതിജീവിക്കാന്‍ പോന്ന സ്‌നേഹാനുഭവങ്ങളുടെ പ്രകാശവും തെളിയുന്നു.

വെര്‍ജിന്‍ പീന്യകൊളാഡ എന്ന കഥയില്‍ പറയുന്നു- കറ്റാനത്തമ്മച്ചിയുടെ കല്ലറയിലെ മാര്‍ബിള്‍ കുരിശിന്റെ തണുപ്പിലേക്ക് കവിള്‍ ചേര്‍ത്ത് മരിയ കുറേ നേരമിരുന്നു. കാച്ചെണ്ണയുടെയും മാങ്ങാത്തെരയുടെയും മണം അവളെ വന്നു പൊതിഞ്ഞു...

ഈ സമാഹാരത്തിലെ കഥകളുടെ പൊതുഭാവമാണ് ഇവിടെ. അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് എത്തിയ ഒരു സ്ത്രീ. ദാമ്പത്യത്തിന്റെ പൊള്ളത്തരങ്ങളും നാട്യങ്ങളും കൊണ്ട് മടുത്തവള്‍. അതിനൊക്കെ അപ്പുറത്ത് സ്‌നേഹമുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ജീവിതാനന്ദങ്ങളിലേക്ക് വാശിയോടെ ചേര്‍ന്നുനില്‍ക്കുന്നവള്‍. ഉള്ളിലെന്നും മുഴങ്ങുന്ന നറുംപച്ചയായി പഴയ നാടന്‍ ജീവിതത്തിന്റെ മണവും മമതയും ഇത്തിരി മഹിമയെഴും തണുപ്പും. പകിട്ടാര്‍ന്ന അമേരിക്കന്‍ രുചിവഴക്കങ്ങളില്‍ ഏലക്കയുടെയും ചുക്കിന്റെയും ജീരകത്തിന്റെയും ഒക്കെ വാസന നിറഞ്ഞ നാടന്‍ നസ്രാണിഅമ്മച്ചിയുടെ സ്‌പെഷ്യല്‍ ബ്ലെന്‍ഡിലേക്കുള്ള രുചിയിറക്കം.