'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' തൊടുന്ന ആകാശങ്ങളെ ഈ നോവലും തൊടുന്നുണ്ട്- അബ്ബാസ്

ജെ.സി.ബി, ക്രോസ് വേഡ് പുരസ്‌കാര പട്ടികളില്‍ ഇടംപിടിച്ച സന്ധ്യാ മേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനെ കുറിച്ച് എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
വായിക്കാന്‍ വല്ലാതെ വൈകിയതിലും മുമ്പേ വായിക്കാന്‍ പറ്റാതെ പോയതിലും സങ്കടം തോന്നിയ നോവലാണ് സന്ധ്യാ മേരിയുടെ 'മരിയ വെറും മരിയ' ജോലാര്‍ പേട്ടയില്‍ നിന്ന് തിരുവണ്ണാമലയിലേക്കുള്ള മൂന്നു മണിക്കൂര്‍ ബസ് യാത്രയിലും, തിരികെ വരുമ്പോള്‍ തിരുവണ്ണാമലയില്‍ നിന്ന് സേലത്തേക്കുള്ള നാലരമണിക്കൂര്‍ യാത്രയിലുമാണ് ഞാനീ നോവല്‍ വായിച്ചു തീര്‍ത്തത്. പുറത്തെ കാഴ്ച്ചകളിലേക്ക് നോക്കണോ , അതോ നോവലിലെ കാഴ്ച്ചകളിലേക്ക് നോക്കണോ എന്ന എക്കച്ചങ്ക ആദ്യം ഉണ്ടായെങ്കിലും
സന്ധ്യാ മേരിയുടെ വാക്കുകള്‍ എന്നെ യാത്രയും കാഴ്ചകളും മറന്ന് മരിയയില്‍ പൂര്‍ണമായും തളച്ചിട്ടു.
എന്താണ് ഈ നോവലിന്റെ പ്രമേയം എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രം പറഞ്ഞ് തടിയെടുക്കാന്‍ എനിക്ക് കഴിയുന്നില്ല. ഒരുപാട് പ്രമേയങ്ങളുടെ അകത്തുകയെ ആഖ്യാനമാക്കി മാറ്റുന്ന, മലയാള നോവല്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വസന്തമാണ് ഇതെന്ന് ഞാന്‍ പറയും. ആഖ്യാനം തന്നെ പ്രമേയമായി മാറുന്ന അല്ലെങ്കില്‍ പ്രമേയം ആഖ്യാനമായി മാറുന്ന മനോഹരമായ ഘടനയാണ് ഈ നോവലിനുള്ളത്. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു തുടങ്ങുന്ന മരിയയുടെ ജീവിതം, കൊട്ടാരത്തില്‍ വീട്ടിലെ സ്ഥലകാലങ്ങളുമായും മറ്റനേകം ജീവിതങ്ങളുമായും കെട്ടു പിണഞ്ഞ് വായനക്കാരെ വല്ലാത്തൊരു ലോകത്തില്‍ കൊണ്ടു നിര്‍ത്തുന്നു.ആ ലോകത്തിലെ കാഴ്ച്ചകള്‍ നമുക്ക് പരിചിതമാണ് എന്ന് തോന്നുമ്പോഴും, ഇത്രയും പുതുമയോടെ അല്ലെങ്കില്‍ ഇമ്മാതിരി വീക്ഷണ കോണിലൂടെ ആരും നമ്മളോടിതു വരെ ജീവിതം പറഞ്ഞിട്ടില്ലല്ലോ എന്ന് നമ്മള്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും.
പുണ്യാത്മാക്കളും പ്രവാചകരും മാലാഖമാരും പട്ടിയും തത്തയും പ്രവചനക്കാരിയും കഥാപാത്രങ്ങളായി പരിണമിക്കുന്ന നോവലിലെ കാഴ്ച്ചകള്‍ നിബിഡ വനത്തിനുള്ളിലൂടെ ശാന്തമായി ഒഴുകുന്ന ഒരു നദിയില്‍ നമ്മളെ കൊണ്ടെത്തിക്കുന്നു. നമ്മളാ നദിയിലൂടെ ഒരു കുഞ്ഞു തോണിയില്‍ കയറി യാത്രയാവുന്നു പത്തിരുപത് പേജിനപ്പുറം വായിച്ചെത്തുമ്പോള്‍ ആ തോണി യാത്ര നമ്മള്‍ ആസ്വദിച്ചു തുടങ്ങുന്നു. ഇരുപുറത്തു നിന്നും ഉദയാസ്തമനങ്ങളുടെ സൂര്യ വെളിച്ചം നമ്മളെ വന്നു തൊടുന്നു. ഇളം തണുപ്പായും ചൂടായും, ഉച്ച വെയിലായും സന്ധ്യയുടെ വിഷാദമായും, രാത്രിയുടെ ഇരുളായും നമ്മളെ എതിരേല്‍ക്കുന്ന ഈ കാഴ്ച്ചകള്‍ മറ്റൊരു മലയാള നോവലിലും ഞാന്‍ കണ്ടിട്ടില്ല. അനുഭവിച്ചിട്ടില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ശ്വാസത്തില്‍ എഴുതപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന എഴുത്തു ശൈലിയും ഇതിനു മുമ്പ് ഞാന്‍ പരിചയിച്ചിട്ടില്ല. ബുവേണ്ടിയ കുടുംബത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ഏകാന്തതയെ കുറിച്ച് നമ്മളോട് പറഞ്ഞ പ്രശസ്തമായ ആ നോവല്‍ തൊടുന്ന മനുഷ്യാവസ്ഥകളുടെ ആകാശങ്ങളെ സന്ധ്യാ മേരിയുടെ ഈ നോവലും തൊടുന്നുണ്ട്. അത് സമ്മതിച്ചു കൊടുക്കാന്‍ നമ്മള്‍ മലയാളികളുടെ ഉഡായിപ്പന്‍ സാഹിത്യ ബോധം അനുവദിക്കുന്നില്ലെന്ന് തോന്നുന്നു.
ഒരു നോവല്‍ വായിച്ചിട്ട് അതിനൊരു ആസ്വാദനക്കുറിപ്പ് എഴുതാന്‍ കഴിയാതെ ഞാന്‍ അന്തിച്ചു നിന്നത്, തോമസ് മന്നിന്റെ 'മാജിക് മൗണ്ടന്‍'' വായിച്ച കാലത്താണ്. ഈ നോവലിനും ആസ്വാദനക്കുറിപ്പ് എഴുതാന്‍ എനിക്ക് സാധിക്കുന്നില്ല. ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളില്‍ ഒന്നെന്നു മാത്രം പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാനും പറ്റുന്നില്ല. ഈ നോവല്‍ തന്ന സൗന്ദര്യനുഭൂതികള്‍ ഉള്ളില്‍ നിറഞ്ഞങ്ങനെ നില്‍ക്കുമ്പോഴും, കാര്യമായിട്ടൊന്നും അതിനെക്കുറിച്ച് എഴുതാന്‍ കഴിയുന്നില്ലെന്ന സങ്കടം വലുതാണ്. മുപ്പതോ അതിലധികമോ പതിപ്പുകള്‍ ഇറങ്ങേണ്ട 'മരിയ വെറും മരിയയുടെ ' മൂന്നാം പതിപ്പാണ് എന്റെ കയ്യിലുള്ളത്. അര്‍ഹിക്കുന്ന പുരസ്‌കാരങ്ങളൊന്നും ഈ നോവലിന് കിട്ടിയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. (തെറ്റാണെങ്കില്‍ പ്രിയപ്പെട്ട വായനക്കാര്‍ എന്നോട് ക്ഷമിക്കുക) ഇക്കൊല്ലത്തെ ജെ.സി.ബി. പുരസ്‌കാരത്തിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ 'മരിയ ജസ്റ്റ് മരിയ ' ഇടം നേടിയിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും മൂല്യമുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ ഈ നോവല്‍ എന്തു കൊണ്ടും അര്‍ഹമാണെന്ന് എന്റെ ചെറിയ വായന എന്നോട് പറയുന്നു. ഇത്രയും പറഞ്ഞിട്ടും നോവലിനെ കുറിച്ച് കാര്യമായിട്ടൊന്നും ഞാന്‍ പറഞ്ഞില്ലെന്ന കുറ്റബോധം ബാക്കിയാണ്.(എഴുത്തുകാരി എന്നോട് ക്ഷമിക്കട്ടെ)
ഞാനൊരു പനിനീര്‍ പൂവിനെ അതിന്റെ സ്ഥലകാലങ്ങളിലും സൗന്ദര്യത്തിലും ആസ്വദിച്ച് അനുഭവിക്കുകയാണ് ചെയ്തത്. അതിനെ ഇറുത്തെടുത്ത് മേശപ്പുറത്ത് വെച്ച് ഇതളുകള്‍ പറിച്ചെടുത്ത് എണ്ണി തിട്ടപ്പെടുത്തി നിങ്ങള്‍ക്ക് മുമ്പില്‍ വിശകലനം ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. നിങ്ങള്‍ ഏറ്റവും മികച്ചത് വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍, ഇതാ ഒരു മികച്ച നോവലെന്ന് ഞാന്‍ നിങ്ങളോടു പറയുക മാത്രം ചെയ്യുന്നു. അല്ലെങ്കില്‍ ഇതാ ഇവിടെയൊരു പനിനീര്‍പ്പൂവുണ്ടെന്ന് നിങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തരിക മാത്രം ചെയ്യുന്നു.
Content Highlights: sandhya mary maria just maria book review