അംബികാസുതന്‍ കഥകളുടെ അമ്പതാണ്ട്: ചൂരലിനെതിരേ മഴവില്ലു കുലയ്ക്കുന്ന കഥകള്‍

'മഴവില്ലും ചൂരല്‍വടിയും' എന്ന വ്യഞ്ജകമായ ശീര്‍ഷകത്തിനു കീഴിലാണ് ഇവിടെ അംബികാസുതന്‍ മാങ്ങാടിന്റെ അന്‍പതു ചെറു - കഥകള്‍ സമാഹരിക്കപ്പെടുന്നത്. 'ചെറു- കഥകള്‍' എന്നു പിരിച്ചെഴുതിയത് മനഃപൂര്‍വ്വമാണ്. കാരണം ചെറുകഥകളുടെ ചെറുപ്പമാണ് അവയില്‍ അഥവാ തീരെച്ചെറിയ ചെറുകഥകള്‍. കൃതഹസ്തനായ ഒരു കഥാകൃത്തെഴുതുന്ന കഥ, ചെറുതാകും തോറും അതിന് സാന്ദ്രതയും ഗാഢതയുമേറും. ആയിരം പനിനീര്‍പ്പൂക്കള്‍ വാറ്റിയെടുത്ത ഒരു തുള്ളി പരിമളദ്രവ്യം പോലെയാകും അപ്പോള്‍ അതില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്ന കഥനഭാവനയുടെ വശ്യതയും വീര്യവും.
'മഴവില്ലും ചൂരല്‍വടിയും' എന്ന പേരില്‍ എന്‍ വി കൃഷ്ണവാരിയരുടെ ഒരു കവിതയുണ്ട്. ആ കവിതയെയും അതിന്റെ ശീര്‍ഷകത്തെയും പിന്‍തലത്തില്‍ നിര്‍ത്തിക്കൊണ്ട് അതിന്റെ ബിംബാത്മകതയെ തന്റെ കഥനഭാവനയുടെ ആധാരവാക്യമാക്കി മാറ്റുകയാണ് അംബികാസുതന്‍ . വളഞ്ഞു നിവരുന്ന ചൂരല്‍വടിക്ക് ക്ഷണികമായ ഒരു മഴവില്‍വടിവുണ്ട്. വേദനയുടെയും മര്‍ദ്ദനത്തിന്റെയും കര്‍ക്കശമായ അധികാരപ്രയോഗത്തിന്റെയും പാഠശാലാരൂപകമാണത്. അഴകിന്റെയും അലിവിന്റെയും വിപരീതം. നേരേ മറിച്ചാണ് മഴവില്ലിന്റെ നില. അത് ആകാശ വിശാലതയെ നിറങ്ങളുടെ തോരണത്താല്‍ വിതാനിക്കുന്നു. ഒന്ന്, നാഗരികതയുടെ മനുഷ്യ - പ്രകൃതിവിരുദ്ധതയ്ക്കും മറ്റത്, പ്രകൃതിയുടെയും കലയുടെയും നൈസര്‍ഗ്ഗികമായ ലാവണ്യവിശുദ്ധിക്കും പ്രതിനിധീഭവിക്കുന്നു. ഇവ തമ്മിലുളള, അനുനിമിഷമെന്നോണം, മുറുകി വരുന്ന സംഘര്‍ഷവും ഒരു സമന്വയസാധ്യതയ്ക്കായുള്ള ആരായലുമാണ് അംബികാസുതന്റെ കഥകളുടെ ആധാരശ്രുതി. ചൂരലിനെതിരേ മഴവില്ലു കുലയ്ക്കുന്ന കഥകള്‍ എന്നു പറയാം, അതിനാല്‍, ഈ രചനകളെപ്പറ്റി, സാമാന്യമായി. യാന്ത്രികതയ്‌ക്കെതിരായ സര്‍ഗ്ഗാത്മകതയുടെ കലഹവും കലാപവുമാണത്; അപമാനവീകരണമെന്ന ലയഭംഗം സൃഷ്ടിക്കുന്ന എല്ലാറ്റിനുമെതിരായ ആദിമവും സഹജവും സ്ഥായിയുമായ ലയത്തിന്റെ പേലവമായ പ്രതിരോധജാഗ്രത. ഇങ്ങനെ മഴവില്ലിനെയും ചൂരല്‍വടിയെയും പരസ്പരവിപരീതങ്ങളാക്കാതുള്ള വേറൊരു വായനയും സാധ്യമാണ്. മഴവില്‍ച്ചൂരലിന്റെ സൗന്ദര്യപ്രഹരമാണ് കാഥികന്റെ കല എന്ന മറ്റൊരു രചനാരഹസ്യമാണ് അപ്പോള്‍ തെളിഞ്ഞു വരിക. അക്കാര്യം ഈ പുസ്തകത്തിന്റെ, സാമാന്യം ദീര്‍ഘമായ മുഖവുരയില്‍ കഥാകൃത്തു തന്നെ സൂചിപ്പിക്കുന്നുമുണ്ട്.
ആ നിലയ്ക്ക്, ഈ സമാഹാരത്തിലെ ഇണക്കഥകളാണ് ആദ്യമായി ചേര്‍ത്തിരിക്കുന്ന 'മഴവില്ലും ചൂരല്‍വടിയും' പിന്നീടു വരുന്ന 'ഇടശ്ശേരിയുടെ പൂതം' എന്നിവ. ഒന്നില്‍ പി.യുടെ ഛായയുള്ള കവിമാഷും സ്‌ക്കൂള്‍കവാടത്തില്‍ അയാള്‍ നിര്‍മ്മിക്കുന്ന മഴവില്‍ക്കമാനവുമെങ്കില്‍, മറ്റതില്‍ 'കുറ്റിപ്പുറംപാല'വും 'പൂതപ്പാട്ടു'മെഴുതിയ ഇടശ്ശേരി. ഈ കവികളോടും അവരുന്നയിച്ച പരിസ്ഥിതിയുടെയും സഹജതയുടെയും രാഷ്ട്രീയത്തോടുമൊപ്പമാണ് കഥാകാരന്‍ എന്നതിന്റെ പരോക്ഷപ്രഖ്യാപനം കൂടിയാകുന്നു ഈ കഥകള്‍. 'അകലേയ്ക്ക കലേയ്ക്കകലുക'യും 'അവസാനയാത്ര പറയുക'യും ചെയ്യുന്ന ഗ്രാമലക്ഷ്മിയെ ഈ സമാഹാരത്തില്‍ പലയിടത്തും കാണാം. മഹാകവി പി. പിറന്ന വീടിനടുത്താണ് താമസിക്കുന്നത് 'കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍' എന്ന കഥയിലെ പൊക്കിളിയന്‍ എന്നതു പോലെ, പി.യുടെ ഹൃദയത്തിന്റെ അയല്‍വാസിയായ ഒരാളെഴുതിയ കഥകളാണിവ എന്നും പറയാം. പി.യുടെ അയല്‍വാസി എന്നത് ഇക്കഥകളെ ആസകലം ഭരിക്കുന്ന ഒരു രൂപകമാണ്. അതിന് കേവലം വാച്യാര്‍ത്ഥമല്ല ഉള്ളത്.
പല തോതില്‍ കവിതയെയും കവിജീവിതത്തെയും ഉപാധിയാക്കുന്നവയാണ് ഇവിടെ പേരു പറഞ്ഞ കഥകളെല്ലാം തന്നെ എന്നതും ശ്രദ്ധേയമാണ്. കെ.ജി.ശങ്കരപ്പിള്ളയുടെ 'കൊച്ചിയിലെ വൃക്ഷങ്ങള്‍' എന്ന കവിതയാണ് 'കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍' എന്ന കഥയുടെ ശ്രുതി നിര്‍ണ്ണയിക്കുന്ന അദൃശ്യതംബുരുവായി നിലകൊള്ളുന്നതെന്ന് ഈ പ്രാരംഭവാക്യങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു -
'പുതിയ കോട്ടയില്‍ നിന്നു നോക്കിയാല്‍ ഇപ്പോള്‍ കോട്ടച്ചേരി കാണാം. കോട്ടച്ചേരിയില്‍ നിന്നു നോക്കിയാല്‍ പുതിയ കോട്ടയും കാണാം.
പുതിയ കോട്ടയ്ക്കും കോട്ടച്ചേരിക്കുമിടയില്‍ കാഞ്ഞങ്ങാട് പട്ടണം നേര്‍രേഖ പോലെ കിടന്നു.'
- ഇത് 'പാരഡി'യല്ല, 'പാസ്റ്റിഷ്' ആണ്. പരിഹാസലേശം പോലുമില്ല ഇവിടെ, പകരം ആദരപൂര്‍ണ്ണമായ ഹൃദയാഭിവാദനം.
നിസ്വതയും നിരാലംബതയും ആര്‍ദ്രമായ വൈകാരികതയും പ്രമേയമാകുന്ന 'കര്‍ക്കിടകം', 'വരിക്കച്ചക്കയുടെ മണം', 'രാജധാനി' തുടങ്ങിയ കഥകളുടേതാണ് ഈ സമാഹാരത്തിലെ വേറിട്ട കഥകളുടെ മറ്റൊരു ഗണം. തെയ്യംകഥകളുടെ വിപുലമായ ഒരു ശേഖരം തന്നെ സ്വന്തമായുള്ള കഥാകാരനാണ് അംബികാസുതന്‍ മാങ്ങാട് . ദേശാനുഭവത്തില്‍ വേരൂന്നി നിന്നു കൊണ്ടുള്ള എഴുത്തിന്റെ സവിശേഷചൈതന്യം പ്രസരിപ്പിക്കുന്ന കഥകളാണവ , ഒരു പക്ഷേ അത്യുത്തരകേരളത്തിലെ അനുഷ്ഠാനകലകളുടെ അന്തരീക്ഷത്തില്‍ വളര്‍ന്ന ഒരു കഥാകാരനു മാത്രം സൃഷ്ടിക്കാനാവുന്നവ. അക്കൂട്ടത്തില്‍ നിന്ന് ഈ സമാഹാരത്തില്‍ ഇടം പിടിക്കുന്ന തീരെ ചെറിയൊരു കഥയാണ് 'കര്‍ക്കിടകം'. പതിവായി ആടിവേടന്‍ തെയ്യം കെട്ടിയിരുന്ന യുവാവായ മകന്‍ കുളത്തില്‍ വീണോ കുളത്തില്‍ ചാടിയോ മരിച്ചതിനു ശേഷം, തൊട്ടടുത്ത വര്‍ഷം അതേ കാലത്ത്, പ്രായം തികയാത്ത ഇളയ മകനെ തെയ്യം കെട്ടിച്ച് വീടുവീടാന്തരം കയറിയിറങ്ങുകയാണ് വൃദ്ധനും നിസ്വനുമായ രാമന്‍ പണിക്കര്‍. കൂട്ടത്തില്‍ അവര്‍ അരീക്കാട്ട് തറവാട്ടിലുമെത്തുന്നു. പണിക്കരോട് എക്കാലവും വലിയ സ്‌നേഹവും പരിഗണനയും കാണിച്ചിട്ടുള്ളയാളാണ് ജന്മിയും സമ്പന്നനുമായ അരീക്കാടന്‍ കണ്ണന്‍ നായര്‍. ആ സ്‌നേഹോദാരത, രാമന്‍ പണിക്കനെ വികാരാധീനനാക്കുന്നതിന്റെ സൂക്ഷ്മവും അനലംകൃതവും അതിവൈകാരികതയിലേയ്ക്കു വഴുതാത്തതുമായ ആഖ്യാനമാണ് 'കര്‍ക്കിടകം'. ഒ. വി. വിജയന്റെ 'കടല്‍ത്തീരത്ത്' പോലൊരു കഥയുടെ കഥനസാഫല്യം പോലൊന്ന് ഈ കഥയെയും അനുഗ്രഹിച്ചിരിക്കുന്നു എന്നാണ് എന്റെ വായനാനുഭവം. അതിവിടെ രേഖപ്പെടുത്തുന്നു.
'വരിക്കച്ചക്കയുടെ മണ'മാണ്, ഇതു പോലെ, വായനക്കാരെ പിന്‍തുടര്‍ന്ന് അലട്ടാനിടയുള്ള മറ്റൊരു കഥ. നാഗരികതയുടെ വേഗങ്ങള്‍ക്കു പുറത്തോ അതിനു മുന്‍പോ ആണ് കൈപ്പുണിയന്‍ എന്ന പ്രാകൃതരൂപിയായ പാവം മനുഷ്യന്‍. ഭാര്യ, കാരിച്ചിപ്പാറു കൊടുത്തു വിട്ട പഴുത്ത വരിക്കച്ചക്കയുമായി അയാള്‍ ഗര്‍ഭിണിയായ മകളുടെ അടുക്കലേയ്ക്ക് കാല്‍നടയായി പുറപ്പെടുന്നതും കാക്കയും കുറുക്കനും കാട്ടുപാമ്പുമെല്ലാം കൊതിപിടിച്ചെത്തുന്നതും ദേശീയപാതയുടെ ഭ്രാന്തവേഗത്തില്‍ അയാള്‍ക്ക് വഴി തിരിയാതാകുന്നതും അകലെയിരുന്ന് മകളും പേരക്കുട്ടികളും ആ മണം ശ്വസിച്ച് ആതുരരാകുന്നതുമാണ് കഥയില്‍. പത്തു കൊല്ലം മുന്‍പ്, ഈ പെരുംപാതയോരത്ത് അയാള്‍ ഇങ്ങനെ നിന്നപ്പോള്‍ മണ്ണു മാന്തുന്ന വാഹനങ്ങളായിരുന്നു ഏറെയും. ഇപ്പോള്‍ ആംബുലന്‍സുകള്‍ . ഈ വിപല്‍സൂചന, കഥയെയും കവിഞ്ഞു പരക്കുന്ന പഴംചക്കമണത്തെ ഗാഢതരമാക്കുന്നു. നമ്മുടെ വിരൂപനാഗരികത പുറംതള്ളിക്കഴിഞ്ഞ സഹജവാസനകളുടെ വേദനിപ്പിക്കുന്ന ഏകാന്തഗന്ധമാകുന്നു അത്.
'കര്‍ക്കിടകം' എന്ന കഥയിലെ ഋുതുസൂചന പോലെ, 'രാജധാനി' എന്ന അതിവേഗത്തീവണ്ടിയുടെ പേരിന്റെ ധ്വനിമൂല്യം കൂടി ചൂഷണം ചെയ്യപ്പെടുകയാണ് അതേ പേരുളള കഥയില്‍. നിസ്വയായ വൃദ്ധയുടെയും 'സത്യപാലന്‍' എന്ന പേരുകാരനായ റെയില്‍വേ ഉദ്യോഗസ്ഥന്റെയും കഥയില്‍ , 'അന്തരീക്ഷത്തില്‍ പെട്ടെന്ന് വെളിച്ചം കുറഞ്ഞതു പോലെ സത്യപാലന് തോന്നി', 'എല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതായി സത്യപാലനു തോന്നി' തുടങ്ങിയ വാക്യങ്ങള്‍ക്കുമുണ്ട് സമാനമായ ധ്വനനശേഷി. ഒരര്‍ത്ഥത്തില്‍ അംബികാസുതന്‍ മാങ്ങാടിന്റെ കഥകളില്‍ എമ്പാടുമുള്ള ഒരു ഭാവപ്രതീതിയാണത്, വെളിച്ചം പൊടുന്നനേ കുറഞ്ഞു പോവുകയും എല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീഴുകയും ചെയ്യുന്ന ഒരു ലോകത്തിന്റെ കഥകളാണ് അവ എന്നതിനാല്‍ . 'നട്ടുച്ചയിലെ ഇരുട്ട്',' ലിപിന്‍ എന്ന കുട്ടി' എന്നീ കഥകള്‍ കൂടി പങ്കിടുന്ന ഒരു ഭാവലോകമാണത്. അംബികാസുതന്റെ അധ്യാപക/ കലാലയകഥകളിലേയ്‌ക്കെത്തുന്നതോടു കൂടി ഈ തകര്‍ച്ച ഏതാണ്ട് പൂര്‍ണ്ണമാകുന്നു എന്നും വെളിച്ചം നിശ്ശേഷം മാഞ്ഞു പോകുന്നു എന്നും പറയാം. ഈ സമാഹാരത്തിന്റെ, ഏതാണ്ട്, മുക്കാല്‍ പങ്കോളം വരും, അവ . പരിഹാസമാണിവിടെ കഥാകാരന്റെ കയ്യിലെ ചൂരല്‍. മഴവില്‍ച്ചൂരലൊന്നുമല്ല, കയ്പിനെ കയ്പുകൊണ്ടു നേരിടാമെന്നു കരുതുന്ന പ്രഹരചികിത്സയുടെ പരിഹാസവിദ്യയാണിവിടെ. 'ഏജിയന്‍ തൊഴുത്ത്' എന്ന് യവനപുരാണത്തില്‍ പറയുന്നതിന്റെ കാലിക ദൃഷ്ടാന്തങ്ങള്‍ പോലെ ആ അറിവിടങ്ങള്‍. അവിടെ നിന്നു പൊന്തുന്നതാകട്ടെ സംസ്‌കാരവിരുദ്ധതയുടെയും സൗന്ദര്യവിരുദ്ധതയുടെയും പണക്കൊതിയുടെയും ഭോഗലാലസതയുടെയും മടുപ്പിക്കുന്ന ദുര്‍ഗ്ഗന്ധം. കേവലം അധ്യാപക/ കലാലയകഥകള്‍ മാത്രമല്ല, നാമകപ്പെട്ടിരിക്കുന്ന അന്ധകൂപസമാനമായ കെടുകാലത്തിന്റെ കഥകള്‍ കൂടിയാകുന്നു അവ.
പുഴകളില്‍ താണുപോകുന്ന ജലവിതാനത്തിന്റെയും നമ്മുടെ സാമൂഹിക- കുടുംബ - വ്യക്തിജീവിതങ്ങളില്‍ താണുകൊണ്ടിരിക്കുന്ന മനുഷ്യത്വവിതാനത്തിന്റെയും കഥകളാണ് അംബികാസുതന്‍ മാങ്ങാട് എഴുതുന്നത്. അവയിലെ കേന്ദ്രരൂപകം പോലെ 'കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍' എന്ന കഥയിലെ ധൂമാഭഗവതിയുടെ ചിത്രം ജ്വലിച്ചു നില്‍ക്കുന്നു- അടിമുടി തീയില്‍ക്കുളിച്ച, ഒരു പൊറുതികെട്ട കാലത്തിന്റെ പൊള്ളുന്ന പ്രതിരൂപം പോലെ. ധൂമാഭഗവതിക്ക് അന്തിത്തിരി വെച്ച് മടങ്ങുന്ന പൊക്കിളിയനെപ്പോലെ, കഥനത്തിന്റെ അന്‍പതാണ്ടുകള്‍ പിന്നിടുന്നു ഈ കാഞ്ഞങ്ങാടന്‍ വെളിച്ചം.
Content Highlights: sajay kv reviews story collection by ambikasuthan mangad