‘പുറത്ത് മുദ്രാവാക്യങ്ങൾ മുഴങ്ങുമ്പോൾ, അകത്തളങ്ങളിൽ നിശബ്ദമാക്കപ്പെട്ട നിലവിളികളുടെ കഥ’

#വിജോഷ് സെബാസ്റ്റ്യന്‍
പ്രതീകാത്മക ചിത്രം | ചിത്രീകരണം: ഉള്ള്യേരിക്കാരന്‍
പ്രതീകാത്മക ചിത്രം | ചിത്രീകരണം: ഉള്ള്യേരിക്കാരന്‍

ജിസ ജോസിന്റെ ഏറ്റവും പുതിയ നോവലാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'രൂത്തിന്റെ പുസ്തകം രക്ഷയുടെയും'. പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം.

ചരിത്രം പലപ്പോഴും വിജയങ്ങളുടെയും യുദ്ധങ്ങളുടെയും കണക്കുപുസ്തകമാകുമ്പോൾ, സാഹിത്യം തോൽപ്പിക്കപ്പെട്ടവരുടെയും നിശബ്ദമാക്കപ്പെട്ടവരുടെയും ആത്മവിലാപങ്ങളെയാണ് നെഞ്ചേറ്റാറുള്ളത്. മലയാള നോവൽ സാഹിത്യത്തിന്റെ വർത്തമാനകാലത്ത്, ജിസ ജോസ് എഴുതിയ 'രൂത്തിന്റെ പുസ്തകം രക്ഷയുടെയും' എന്ന കൃതി നിർവഹിക്കുന്ന ദൗത്യവും അത്തരമൊരു വീണ്ടെടുപ്പിന്റേതാണ്.

1950-കളുടെ പശ്ചാത്തലത്തിൽ, കേരളീയ നവോത്ഥാനത്തിന്റെയും രാഷ്ട്രീയ ഉണർവുകളുടെയും ആരവങ്ങൾക്കിടയിൽ, ആരും കേൾക്കാതെ പോയ ചില പെൺനെടുവീർപ്പുകളുടെ ഈ സമാഹാരം, വായനക്കാരനെ അസ്വസ്ഥമാക്കുകയും ഒപ്പം ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ദേശകാലങ്ങളുടെ അതിരുകൾ മായ്ക്കുന്ന ഈ ആഖ്യാനത്തിന് ലോകസാഹിത്യത്തോളം പോന്ന മുഴക്കമുണ്ടെങ്കിലും, അതിന്റെ ആത്മാവ് നിൽക്കുന്നത് കേരളത്തിന്റെ മണ്ണിലാണ്.

കാലത്തിന്റെ മറുപുറം തേടുന്ന പ്രമേയം: നിശബ്ദതയുടെ രാഷ്ട്രീയം
ഈ നോവലിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ പ്രമേയപരിസരമാണ്. ഔദ്യോഗിക ചരിത്രം 1950-കളെ രാഷ്ട്രീയ പോരാട്ടങ്ങളുടെയും വിപ്ലവങ്ങളുടെയും കാലമായി രേഖപ്പെടുത്തുമ്പോൾ, ജിസ ജോസ് അതിനു താഴെ ഒളിഞ്ഞുകിടക്കുന്ന 'പെൺകാല'ത്തെയാണ് കണ്ടെടുക്കുന്നത്. പുറത്ത് മുദ്രാവാക്യങ്ങൾ മുഴങ്ങുമ്പോൾ, അകത്തളങ്ങളിൽ ശ്വാസംമുട്ടി മരിച്ച സ്വപ്നങ്ങളുടെയും, നിശബ്ദമാക്കപ്പെട്ട നിലവിളികളുടെയും കഥയാണിത്.

ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങളിൽ' രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന ഗ്രാമീണ ജീവിതങ്ങളെ കാണാം; സമാനമായ രീതിയിൽ കേരളീയ നവോത്ഥാന കാലത്തെ പെൺജീവിതങ്ങളുടെ ഏകാന്തതയെ നോവലിസ്റ്റ് ഇവിടെ അടയാളപ്പെടുത്തുന്നു. അടുക്കളപ്പുറങ്ങളിൽ, കിണറ്റുകരകളിൽ, തൊഴുത്തുകളിൽ തളംകെട്ടിക്കിടന്ന സ്ത്രീകളുടെ ഏകാന്തതയ്ക്ക് ഇവിടെ ചരിത്രപരമായ പ്രാധാന്യം കൈവരുന്നു. വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ, ഒരു സ്ത്രീയുടെ മൗനം എത്രമേൽ വലിയ രാഷ്ട്രീയപ്രവർത്തനമാണെന്ന് ഈ നോവൽ നമ്മെ ഓർമിപ്പിക്കുന്നു.

അമോദിനി: മുറിവേറ്റവരുടെ പ്രതിരൂപം
നോവലിലെ കേന്ദ്രബിന്ദുവായ അമോദിനിയിലേക്ക് നോക്കുമ്പോൾ, നാം കാണുന്നത് വ്യക്തിപരമായ സങ്കടങ്ങളെക്കാൾ ഉപരിയായി, ഒരു കാലഘട്ടം മുഴുവൻ ഏൽപ്പിച്ച മുറിവുകളെയാണ്. 'മറവിക്ക് മരുന്നില്ലാത്തവൾ' എന്ന് അമോദിനിയെ വിശേഷിപ്പിക്കാം. സ്വന്തം അനുഭവങ്ങളെക്കാൾ, താൻ ജീവിക്കുന്ന കാലഘട്ടത്തിന്റെ ക്രൂരതകൾ മുഴുവൻ ആവാഹിച്ചെടുക്കുന്ന ഒരു 'മീഡിയം' (Medium) ആണ് അവർ.

ഈ സന്ദർഭത്തിൽ, ആഗോളതലത്തിൽ ടോണി മോറിസൺ (Toni Morriosn) തന്റെ 'ബിലവഡ്' (Beloved) എന്ന നോവലിൽ ആവിഷ്‌കരിച്ച അടിമത്തത്തിന്റെ വടുക്കൾ പേറുന്ന 'സെത്തി'യെ (Sethe) ഓർമവരുന്നത് സ്വാഭാവികമാണ്. സെത്തിയുടെ മുതുകിൽ പടർന്ന ചാട്ടവാറടികളുടെ പാടുകൾ പോലെ, അമോദിനിയുടെ മനസ്സിനുള്ളിൽ ജാതിയും അധികാരവും ഏൽപ്പിച്ച ഉണങ്ങാത്ത മുറിവുകളുണ്ട്. എന്നാൽ, സെത്തിയിൽ നിന്ന് വ്യത്യസ്തമായി അമോദിനി പ്രതിനിധീകരിക്കുന്നത് കേരളീയ ജാതി-രാഷ്ട്രീയ വ്യവസ്ഥകൾക്കുള്ളിൽ ശ്വാസംമുട്ടി മരിച്ച സ്ത്രീജന്മങ്ങളെയാണ്.

മലയാളത്തിൽ കെ.ആർ. മീരയുടെ 'ആരാച്ചാരി'ലെ ചേതനയെപ്പോലെയോ, 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'യിലെ ജെസീന്തയെപ്പോലെയോ ഉള്ള കരുത്തുറ്റ കഥാപാത്രങ്ങളുടെ നിരയിലാണ് അമോദിനിയുടെയും സ്ഥാനം. ചരിത്രത്തിന്റെ ഭാരം ചുമക്കുമ്പോഴും, അത് തന്റേതായ രീതിയിൽ അതിജീവിക്കാൻ ശ്രമിക്കുന്ന അമോദിനി, അനുകരണത്തിനപ്പുറം സ്വന്തമായൊരു അസ്തിത്വമുള്ള, ചോരയും നീരുമുള്ള കഥാപാത്രമായി മാറുന്നു. അമോദിനിയുടെ ഓരോ ചലനവും, തോറ്റുപോയെന്ന് വിധി എഴുതിയവർക്കുള്ള മറുപടിയാണ്.

രക്ഷയും ജൈവികമായ പെൺകൂട്ടായ്മയും (Organic Sisterhood)
അമോദിനിയുടെ നോവിന്റെയും ഇരുട്ടിന്റെയും മറുപുറത്താണ് 'രക്ഷ' എന്ന സാന്ത്വനത്തിന്റെ സ്ഥാനം. പേര് സൂചിപ്പിക്കുംപോലെ, ഒരു വീണ്ടെടുപ്പിന്റെ പ്രവാചികയാണവർ. ബൈബിളിലെ രൂത്തിനെപ്പോലെ അന്യദേശത്ത് വേരുപിടിക്കുന്നവളാണെങ്കിലും, രക്ഷയുടെ വ്യക്തിത്വം തികച്ചും ആധുനികമാണ്. പരസ്പരം താങ്ങാവുന്ന, ഒരാളുടെ വേദന മറ്റൊരാൾ ഏറ്റുവാങ്ങുന്ന ഇവരുടെ ബന്ധം, മലയാള നോവലുകളിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഒന്നാണ്.

പുസ്തകത്തിന്റെ കവർ പേജ്

ഇറ്റാലിയൻ എഴുത്തുകാരി എലീന ഫെറാന്റെ (Elena Ferrante) തന്റെ 'നിയാപോളിറ്റൻ നോവലുകളിൽ' വരച്ചിട്ട സങ്കീർണമായ പെൺസൗഹൃദങ്ങളുടെ ആഴം ഇവിടെയുണ്ട്. ലിനുവും ലിലയും തമ്മിലുള്ള ബന്ധം പോലെ, പരസ്പരം കണ്ണാടി നോക്കുന്നതുപോലെയുള്ള ഒരടുപ്പമാണ് അമോദിനിയും രക്ഷയും തമ്മിലുള്ളത്. എന്നാൽ ജിസ ജോസ് ഇവിടെ സ്വീകരിക്കുന്നത് തികച്ചും മൗലികമായ ഒരു പാതയാണ്. ബൈബിൾ ബിംബങ്ങളെ പെൺപക്ഷത്ത് നിന്ന് കണ്ടെടുക്കുന്ന സാറാ ജോസഫിന്റെ ശൈലിയോട് (ഉദാഹരണത്തിന് 'ആലാഹയുടെ പെൺമക്കൾ') ചേർന്നുനിൽക്കുമ്പോഴും, രക്ഷയും അമോദിനിയും തമ്മിലുള്ള ബന്ധം കേരളീയ ഗാർഹികതയുടെ പച്ചയായ യാഥാർഥ്യങ്ങളിൽ ഊന്നിയുള്ളതാണ്. പാശ്ചാത്യ സാഹിത്യത്തിലെ ഫെമിനിസ്റ്റ് ചിന്തകളെ അനുകരിക്കുകയല്ല, മറിച്ച് മലയാളി സ്ത്രീയുടെ ഏകാന്തതയ്ക്ക് 'രക്ഷ'യിലൂടെ ഒരു പരിഹാരം തേടുകയാണ് നോവലിസ്റ്റ്.

ഭാഷയും ശൈലിയും: കാവ്യാത്മകമായ റിയലിസം 
ജിസ ജോസിന്റെ രചനാശൈലിയിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഭാഷയാണ്. പരുക്കൻ യാഥാർഥ്യങ്ങളെ (Hard Realities) അവതരിപ്പിക്കുമ്പോൾ പോലും, നോവലിസ്റ്റ് ഉപയോഗിക്കുന്നത് കാവ്യാത്മകമായ ഗദ്യമാണ്. 'വെയിൽ പരന്ന മുറ്റം പോലെ ശൂന്യമായ മനസ്സ്,' 'ഓർമകൾക്ക് തുരുമ്പിച്ച ഇരുമ്പിന്റെ മണമാണ്,' എന്നിങ്ങനെയുള്ള വരികളിൽ, സാധാരണ ഗദ്യത്തിനപ്പുറമുള്ള ഒരു കവിതാത്മകത (Poetic quality) തെളിഞ്ഞുകാണാം. വായനക്കാരന്റെ ഇന്ദ്രിയങ്ങളെ തൊട്ടുവിളിക്കുന്ന 'സെൻസറി ഡീറ്റെയിൽസ്' (Senosry Details) കൊണ്ട് സമ്പന്നമാണ് ഈ നോവൽ.

ഇവിടെ നോവലിസ്റ്റ് വെർജീനിയ വൂൾഫിന്റെ 'സ്ട്രീം ഓഫ് കോൺഷ്യസ്‌നസ്' (Stream of Consciounsess) രീതിയെ ഓർമിപ്പിക്കുന്നുണ്ട്; വർത്തമാനവും ഭൂതകാലവും കൂടിക്കലരുന്ന ചിന്തകളുടെ ഒഴുക്കാണിത്. സമയത്തെ രേഖീയമായി (Linear) കാണാതെ, ഒരു വലിയ വൃത്തമായിട്ടാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അതേസമയം, വൈകാരികതയുടെ തീവ്രതയിൽ ജിസയുടെ ഭാഷ സ്പർശിക്കുന്നത് മാധവിക്കുട്ടിയുടെ സത്യസന്ധമായ ആത്മവിചാരണകളെയാണ്. ഉള്ളിലെ മുറിവുകളെ കവിതയാക്കി മാറ്റുന്ന മാധവിക്കുട്ടിയുടെ മാന്ത്രികത, ജിസയുടെ 'കാവ്യാത്മക റിയലിസ'ത്തിലും (Poetic Realism) മിന്നിമറയുന്നു. ഇത് മറ്റ് സാഹിത്യകാരന്മാരിൽ നിന്ന് കടമെടുത്തതല്ല, മറിച്ച് ഈ നോവലിന്റെ മാത്രം ആത്മാവാണ്.

'രൂത്തിന്റെ പുസ്തകം രക്ഷയുടെയും' മലയാള നോവൽ സാഹിത്യത്തിലെ ഒരു ഒറ്റപ്പെട്ട ശബ്ദമാണ്. മോറിസണെയും ഫെറാന്റെയെയും മീരയെയുമൊക്കെ ഓർമിപ്പിക്കുമ്പോഴും, ഇത് അവയുടെയൊന്നും നിഴലിലല്ല നിൽക്കുന്നത്. മറിച്ച്, ലോകസാഹിത്യത്തിലെ ഈ മഹത്തായ കൃതികളോട്, തന്റേതായ ഭാഷയിലും ശൈലിയിലും സംവദിക്കുന്ന ഒരു സ്വതന്ത്ര സൃഷ്ടിയാണിത്.

ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടുന്ന ഫെമിനിസ്റ്റ് ചിന്തകളെ, കേരളത്തിന്റെ മണ്ണിലേക്ക്, ഇവിടുത്തെ ഭാഷയിലേക്ക്, ഇവിടുത്തെ സംസ്‌കാരത്തിലേക്ക് വിജയകരമായി പറിച്ചുനട്ടു എന്നതാണ് ഈ കൃതിയുടെ വിജയം. ഫ്രഞ്ച് ഫെമിനിസ്റ്റ് ചിന്തകയായ ഹെലൻ സിക്‌സു (Hélène Cixous) പറഞ്ഞ 'ശരീരഭാഷയിലുള്ള എഴുത്ത്' (Écriture féminine) മലയാളത്തിൽ സാധ്യമാകുമെന്ന് ഈ നോവൽ തെളിയിക്കുന്നു. വായന കഴിഞ്ഞാലും, അമോദിനിയുടെ മൗനവും രക്ഷയുടെ സാന്നിധ്യവും വായനക്കാരനെ വിട്ടുപോകില്ല. ചരിത്രം തോൽപ്പിച്ചവരുടെ പക്ഷത്തുനിന്ന്, വർത്തമാനകാലത്തോട് കലഹിക്കുന്ന, വരുംകാലങ്ങളിൽ മലയാളം ഏറെ ചർച്ചചെയ്യാൻ പോകുന്ന ഒരു മികച്ച കലാസൃഷ്ടിയാണിത്.

(അധ്യാപകനും എഴുത്തുകാരനും നിരൂപകനുമാണ് ലേഖകൻ)

Content Highlights: Explore Jisa Jose`s novel `Roothinte Pusthakam Rakshayudeyum`, a poignant exploration of silenced voices and women`s resilience in 1950s Kerala.