പെൺമനസ്സിന്റെ കാഴ്ചകൾ, പരമരഹസ്യങ്ങളുടെ കാവൽക്കാരായ പതിനൊന്ന് കഥകൾ

The only way for a woman as for a man , to find herself, to know herself as a person, is by creative work of her own - Betty Friedan (The Feminine Mystique)
ഭാവനയുടെ സുരക്ഷിതമായ ഇളംതോടുകൾ പൊട്ടിച്ചെറിഞ്ഞ് സർഗാത്മകരചനകൾ ജീവിതത്തിൻ്റെ ഊഷ്മാവിലേക്ക് രണ്ടും കൽപ്പിച്ചിറങ്ങുകയെന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്. ജീവിതവും ഭാവനയും മത്സരബുദ്ധിയോടെ രഹസ്യങ്ങളുടെ നിലവറകളിലേക്ക് വായനക്കാരെ ആനയിക്കുന്നതും അപൂർവമാണ്. ഈ രണ്ടപൂർവ്വകാര്യങ്ങളും ചേർന്ന വായനാനുഭവമാണ് ഒരു പരമ രഹസ്യത്തിന്റെ ഓർമ്മയ്ക്ക് എന്ന കഥാസമാഹാരം. സാറാ ജോസഫിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ഒരു പരമ രഹസ്യത്തിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ നമ്മളിന്ന് വരെ കേൾക്കാത്ത, അടിച്ചമർത്തപ്പെടുന്ന സ്ത്രീ നിലവിളികളും നമ്മളിതുവരെ കണ്ടിട്ടില്ലാത്ത പെൺമനസിന്റെ കാഴ്ചകളുമാണുള്ളത്.
'ഒരു പരമ രഹസ്യത്തിന്റെ ഓർമ്മയ്ക്ക്' എന്ന ആദ്യകഥ ഏറ്റവും നിസ്സാരമെന്ന് മറ്റുള്ളവർക്ക് തോന്നാൻ സാധ്യതയുള്ളതും എന്നാൽ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ മൂത്രമൊഴിക്കൽ എന്ന് പ്രവൃത്തിയിലേക്കാണ് നമ്മുടെ ശ്രദ്ധ കൊണ്ടുപോകുന്നത്. ഏതിടവും തൻ്റെ ഇടമാക്കുന്ന പുരുഷന്മാരുടെയും ചുമരുകളുടെ സുരക്ഷിതത്വത്തിൽ കാര്യം സാധിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടേതുമല്ല ഈ കഥ ജനനത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ നിത്യജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കസർത്ത് നടത്തുന്ന പാവപ്പെട്ട പെണ്ണുങ്ങളെക്കുറിച്ചാണ്, നിങ്ങൾക്ക് നിസ്സാരം എന്ന് തോന്നുന്ന അവരുടെ ശാരീരികാവശ്യത്തെക്കുറിച്ചാണ്, സ്ത്രീകൾക്ക് ശുചിമുറി പോലും അനുവദിക്കാത്ത തൊഴിലിടങ്ങളെക്കുറിച്ചാണ്, പൊതുവാഹനങ്ങളിലും പൊതുവിടങ്ങളിലും അവൾക്ക് കേൾക്കുകയും കാണുകയും ചെയ്യേണ്ടി വരുന്ന അശ്ലീലങ്ങളെക്കുറിച്ചാണ്, ഒറ്റവാക്കിൽ പറഞ്ഞാൽ പെണ്ണുങ്ങളെക്കുറിച്ചാണ്.
ഒരു പൊതുപ്രവർത്തക കൂടിയായ എഴുത്തുകാരി അവരുടെ ജീവിതത്തിൽ പുലർത്തുന്ന വിശ്വാസങ്ങളെയും സ്വന്തം ബോധ്യങ്ങളെയും തൻ്റെ കൃതികളിലൂടെ അടയാളപ്പെടുത്തുക എന്ന വലിയ ഒരു ഉത്തരവാദിത്വത്തിന്റെ ബാധ്യത കൂടിയുള്ളവളാണ്. ബെറ്റി ഫ്രീഡൻ പറഞ്ഞതുപോലെ തൻ്റെ സർഗാത്മക സൃഷ്ടിയിലൂടെ 'ആരാണ് സ്ത്രീ' എന്ന് അടയാളപ്പെടുത്തുക എന്ന വലിയ ഒരു ദൗത്യം കൂടി സാറാ ജോസഫ് പിന്തുടരുന്നു. ഭരണകൂട ധാർഷ്ട്യങ്ങളെ അടയാളപ്പെടുത്തുകയാണ് അവൻ വരുന്ന ദിവസം, കറുപ്പ്, കുറ്റവും ശിക്ഷയും എന്നീ കഥകളുടെ രാഷ്ട്രീയദൗത്യം. കഥാസരിത് സാഗരത്തിലെ ഏഴ് ബ്രാഹ്മണകുമാരന്മാർ എന്ന കഥയുടെ പുനരാഖ്യാനമായ മരണം മാംസഭുക്കാണ് എന്ന കഥ സമകാലിക ജീവിതത്തിന്റെ നേർപകര്‍പ്പാണ്.
നമ്മൾ നേടുന്നതെന്ത്? നമ്മൾക്ക് നഷ്ടപ്പെടുന്നതെന്ത്? എന്നീ ചിന്തകളിലൂടെ മാത്രമാണ് ഓരോ ജീവിതവും നിരന്തരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോഴാണ് നമ്മൾ പരാജയത്തിലേക്കാണല്ലോ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നത് എന്ന തോന്നലുമുണ്ടാകുന്നത്. പത്രപ്രവർത്തനം, ആരോഗ്യരംഗം എന്നിവ പോലുള്ള സേവനമേഖലകളും ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്ന ബിസിനസായി മാറികഴിഞ്ഞിരിക്കുന്നു. ടാർഗറ്റുകൾ പൂർത്തീകരിക്കാനുള്ള മിടുക്കില്ലാത്തവർ കഴിവുകെട്ടവരായി തീരുന്ന കാലത്ത് സ്നേഹത്തിനും നന്മയ്ക്കും എന്തു വില? മഷിയുടെ മുക്കൂട്ടും കഥയും ഇപ്രകാരമുള്ള ജീവിതത്തെയാണ് ചേർത്തു പിടിക്കുന്നത്
മതം നമ്മുടെ ജീവിതത്തെ, നമ്മുടെ സ്വാസ്ഥ്യത്തെ കാർന്നുതിന്നുന്നത് എങ്ങനെയെന്ന് വേദനയോടെ അടയാളപ്പെടുത്തുകയാണ് വീടിരിക്കുന്ന ദിക്ക് എന്ന കഥ. മനുഷ്യരുടെ മനസ്സിനെ അറിയാത്ത വികസനമാണ് അത്താഴത്തിന് മുൻപ് എന്ന കഥയുടെ ജീവൻ. മഹാഭാരതത്തിലെ ശാന്തി പർവ്വത്തിൽ നിന്ന് ആശയം ഉൾക്കൊണ്ട സഹ എന്ന കഥയും വ്യത്യസ്തമാണ്. എഴുത്തുകാരി എന്ന നിലയിൽ ഈ സമാഹാരത്തിലെ കൃതികളെല്ലാം തന്നെ സാറാ ജോസഫിന്റെ വ്യതിരിക്തമായ ശൈലിയും അസുലഭമായ ആഖ്യാനപാടവവും ജന്മസിദ്ധമായ സഹാനുഭൂതിയും വിപ്ലവ വീര്യവും പ്രകടിപ്പിക്കുന്നുണ്ട്. കൂട്ടത്തിലെ ഏറ്റവും വ്യത്യസ്തമായ നമ്മോട് കൂടെയുള്ളവൻ എന്ന കഥ എല്ലാ അർത്ഥത്തിലും മുന്നിട്ടുനിൽക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ഒന്നും ചിന്തിക്കാതെ അവനവനിലേക്ക് മാത്രം നോക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഇക്കാലഘട്ടത്തിൽ ഏറ്റവും സാധ്യതയുള്ള ഒരു ബിസിനസ്സിന്റെ, ഒരു കരച്ചിൽ പാർലറിന്റെ, അതിൻ്റെ നടത്തിപ്പുകാരന്റെ കഥ പറയുന്ന നമ്മോട് കൂടിയുള്ളവൻ സമകാലിക രാഷ്ട്രീയത്തെയും മനുഷ്യജീവിതത്തിന്റെ അനിശ്ചിതാവസ്ഥയെയും തുറന്നുകാട്ടുന്നു. ഈ പതിനൊന്നു കഥകളും മതവും രാഷ്ട്രീയവും തൊഴിലിടങ്ങളും ചേർന്ന് അധികാരവും സമ്മർദ്ദവും ചെലുത്തുന്ന പതിനൊന്ന് തരം സ്ത്രീ ജീവിതത്തിലേക്കുള്ള കാഴ്ചകളാണ്.
Content Highlights: oru paramarahasyathinte ormakku book review