കണ്ണ് കൊണ്ട് എഴുതിയ ഒരു പുസ്തകം..!

#അഖില്‍ കൃഷ്ണന്‍

കണ്ണ് കൊണ്ടൊരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുള്ളവരേ കണ്ണ് കൊണ്ട് എഴുതിയ ഒരു പുസ്തകം കാണിച്ചു തരാം...കൃഷ്ണകുമാർ പി എസിന്റെ “നൂറ്റാണ്ടിന്റെ നടകളിൽ” ... സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന രോഗത്തോട് പൊരുതുന്ന ഒരു ചെറുപ്പക്കാരനാണ് കൃഷ്ണകുമാർ.

എന്നുവെച്ചാൽ ശരീരത്തിൽ കണ്ണും നാക്കും മാത്രമാണ് സ്വന്തം ഇഷ്ടപ്രകാരം അനക്കാനാകുന്നത്. അപ്പൊ ഈ പുസ്തകം എന്തായിരിക്കും ഓർമ്മക്കുറിപ്പുകൾ? ഇൻസ്പിരേഷൻ? കഥ? നോവൽ? കവിത ? ഞെട്ടിക്കൽ ബിരിയാണി പോലെ ഞെട്ടിക്കുന്ന സംഗതി ഇതാണ് ഇതൊരു യാത്രാ വിവരണമാണ്.
സോഷ്യൽ മീഡിയ , ജീവിതത്തിന്റെ ഭാഗമായതിൽ പിന്നെ ചായക്കടയിൽ പോകുന്നതിന്റെ വരെ യാത്രാവിവരണ വീഡിയോകൾ നമ്മൾ നിരന്തരം കാണുന്നുണ്ട്. കൃഷ്‌ണകുമാറിന്റേത് അത്തരമൊരു ക്ളീഷേ യാത്രയല്ല. അയാൾ ഒരു യാത്രയ്ക്ക് പോകാൻ നടത്തേണ്ട തയ്യാറെടുപ്പുകളും ബുദ്ധിമുട്ടുകളും പെരുപ്പിച്ചു പറയുന്ന അമ്പട ഞാനേ കഥയുമല്ല . ചരിത്രം ചിതറിക്കിടക്കുന്ന ചേര-ചോള ദേശങ്ങളിലൂടെ ഒരു ഉസ്കൂൾ കുട്ടിയുടെ കൗതുകത്തോടെ നടത്തുന്ന വിജ്ഞാന യാത്രയാണ് ഈ പുസ്തകം.


ആ യാത്രയിൽ അയാൾ കണ്ട കാഴ്ചകളും അതിന്റെ ചരിത്രവും കണ്ട മനുഷ്യരെയും എല്ലാം എഴുതിക്കൂട്ടാൻ അയാൾക്കുള്ള ആയുധം കണ്ണുകളാണ്. കണ്ണുകളുടെ ചലനത്തിലൂടെ ഒരു ഐ ഗെയ്‌സ് ഡിവൈസ് ഉപയോഗിച്ച് അയാൾ കാഴ്ചകളെ അക്ഷരങ്ങളാക്കുന്നു.ആ അക്ഷരങ്ങൾ നമ്മളെ ആരാധകരാക്കുന്നു. കൃഷ്ണകുമാറിന്റെ ഈ പുസ്തകത്തെ കണ്ണിലെ കൃഷ്ണമണി പോലെ മലയാളി വായനക്കാർ കാക്കുമെന്ന ഉറപ്പിൽ സ്വാഗതം “നൂറ്റാണ്ടിന്റെ നടകളിൽ”.

Content Highlights: Authored by Krishnakumar PS, a patient with Spinal Muscular Atrophy., Written entirely using eye-gaze technology., A unique travelogue exploring the history of Chera-Chola regions., Reflects the author's intellectual curiosity and resilience.