മുംബൈ എന്ന മഹാനഗരത്തിൽ പച്ചത്തുരുത്ത് ഉണ്ടാക്കിയൊരു മനുഷ്യൻ

എറണാകുളം കടവന്ത്രറോഡിലുള്ള മാതൃഭൂമി ബുക്സിൽനിന്നും ഒരിക്കൽ ഒരു വിളിവന്നു. 'നിങ്ങളുടെ എഴുത്തിഷ്ടപ്പെട്ട ഒരാൾ മുംബെയിൽനിന്നും വിളിക്കും ഫോൺ ഒന്നെടുക്കണേ...'
എന്റെ കാടനുഭവങ്ങളുടെ എഴുത്തിലൂടെയാണ് മുംബെയിൽനിന്നും സജികുമാറിന്റെ സൗഹൃദം എത്തിയത്. ആൾ വലിയ ബിസിനസ്സുകാരനാണ്. അതോടൊപ്പം മണ്ണ്, പച്ചപ്പ്, ജലം, വായു, ആയുർവ്വേദം, യോഗ, പുസ്തകങ്ങൾ, കാറുകൾ, എഴുത്ത്...
സജികുമാറിന് മണ്ണുമായുമുള്ള ബന്ധം, ബാല്യത്തിൽ ജന്മനാടിന്റെ പച്ചപ്പിൽനിന്നും അറിയാതെ ഹൃദയത്തിലേക്കു കയറിയതാണ്.
ജീവിതം നൽകിയ പാതയിൽ ആദ്യകാലത്ത് തീക്കനലുകളായിരുന്നു. പാദങ്ങൾ വെച്ചയിടമെല്ലാം പൊള്ളിയിട്ടുണ്ട്. വൈഷമ്യങ്ങളും ദാരിദ്ര്യവും പ്രതിസന്ധികളും ഒപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ച് ഇടയ്ക്കിടെ ഞങ്ങൾ കണ്ടുമുട്ടുമ്പോൾ, സജികുമാർ പറയുമായിരുന്നു.
തനിക്ക് അപരിചിതമായ ജോലിയിൽ പ്രവേശിച്ചപ്പോൾ നേരിട്ട തിരസ്‌കാര അനുഭവങ്ങൾ സൃഷ്ടിച്ച വ്യാകുലതകളും ക്ലേശങ്ങളുമൊക്കെ സജികുമാറിനെ പാകപ്പെടുത്തിയിട്ടുണ്ടാകണം. അതുകൊണ്ട് തനിക്ക് അപരിചിതമായ മേഖലകളെ ചങ്കൂറ്റത്തോടെ പരിചിതമാക്കി മാറ്റി.
മുംബൈ എന്ന മഹാനഗരത്തിൽനിന്നും ഒരാളുടെ വാക്കിനാൽ മറ്റൊരു ജോലിക്കായി തിരികെ കേരളത്തിലേക്കെത്തുമ്പോൾ, സജികുമാറിന്റെ മനസ്സിൽ ജനിച്ച മണ്ണിനോടുള്ള സ്നേഹം കാണാനാകും. പക്ഷേ, ഏതോ സമയത്തെ മദ്യലഹരിയിലായിരുന്നു ആ പൊള്ളയായ വാക്ക് അയാൾ നൽകിയതെന്ന തിരിച്ചറിവ് സജികുമാറിൽ എത്രത്തോളം ആഴത്തിൽ മുറിവുണ്ടാക്കി എന്നതും നാട്ടിൽ അത് തന്നെ എങ്ങനെയൊക്കെ മറ്റുള്ളവരിൽ അപമാനിതനാക്കി എന്നതുമൊക്കെ അയാൾ വരച്ചിടുമ്പോഴും, തന്റെ മുന്നോട്ടുള്ള സ്വപ്നങ്ങൾക്ക് ഇവയൊക്കെയായിരുന്നു പിൽക്കാലത്ത് കരുത്ത് എന്നും തിരിച്ചറിഞ്ഞിരുന്നു.
ഗബ്രിയേൽ ഗാർസിയ മാർകേസ് ഇങ്ങനെ എഴുതിയിട്ടുണ്ട്: 'നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു എന്നതിനല്ല, എന്താണ് നിങ്ങൾ ഓർമ്മിക്കുന്നത്, എങ്ങനെയാണ് അത് ഓർമ്മിക്കുന്നത് എന്നതിനാണു പ്രാധാന്യം.'
മുംബൈയിലെ തിരക്കുകളിൽനിന്നകന്ന് ഒരിടം. അതിന്റെ അതിരിലൂടെ ഒരു ചെറുനദി ഒഴുകുന്നുണ്ട്. വേനലിൽ ആ പ്രദേശമാകെ വരണ്ടുണങ്ങും. പലയിടങ്ങളിൽനിന്നും പുക ഉയരുന്നതു കാണാം. അവിടെ സജികുമാറിന് പച്ചയിൽ പൊതിഞ്ഞ ഒരു ഫാം ഹൗസുണ്ട്. ആ പ്രദേശത്തെ ഏക പച്ചത്തുരുത്ത് എന്നു വേണമെങ്കിൽ പറയാം. ഒരിക്കൽ എന്നെ അങ്ങോട്ട് ക്ഷണിക്കുകയുണ്ടായി.
ഭൂമിക്കുമേൽ പരുക്കുകൾ ഏതുമേൽപ്പിക്കാതെ, സകല പച്ചക്കറികളും മാവും പ്ലാവും വാഴയും ഔഷധച്ചെടികളും പൂച്ചെടികളും അമ്പതോളം ഗീർ പശുക്കളുമൊക്കെയുള്ള ഒരു വിസ്മയലോകം അയാൾ തീർത്തിരിക്കുന്നു.
ഭൂമിക്കുമേൽ വിഷം ചൊരിഞ്ഞല്ല സജികുമാർ ആ പച്ചപ്പു വളർത്തിയത്. അതൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരാവസ്ഥകളെക്കുറിച്ച് സജികുമാർ ബ്ലോഗുകളിലൊക്കെ ധാരാളം എഴുതിയിട്ടുണ്ട്. മനുഷ്യനെ നിലനിർത്തേണ്ടുന്ന ഈ ഭൂമിക്കുമേൽ മനുഷ്യൻതന്നെ ചെയ്തുകൂട്ടുന്ന മായ്ക്കാൻ പറ്റാത്ത പരുക്കുകളെക്കുറിച്ച് സജികുമാർ നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഇപ്പോൾ സജികുമാർ ഒരു മനുഷ്യന് എത്താൻപറ്റുന്ന ഉയരത്തിൽത്തന്നെയാണ് തന്റെ ബിസിനസ്സുകൊണ്ടും നിലപാടുകൾകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും എത്തിയിരിക്കുന്നതെങ്കിലും, കടുത്ത ഏകാന്തത അയാളെ ചുഴിഞ്ഞുനിൽക്കുന്നുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
അത് ഭൂമിക്കുമേൽ മനുഷ്യർ ചെയ്യുന്ന അശാസ്ത്രീയമായ ഇടപെടലുകളും മനുഷ്യർ മനുഷ്യരെ കൊന്നൊടുക്കുന്നതും തന്റെ ഒപ്പം നിൽക്കുന്നവരെ ചതിക്കുവാനുള്ള മനുഷ്യന്റെ മനോഭാവവും കണ്ടുമടുത്തതുകൊണ്ടാകാം.
ഞങ്ങൾ ഒരുമിച്ച് കാടുകയറിയേപ്പാഴൊക്കെ ഞാൻ സജികുമാറിനെ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോൾ അയാൾ തന്റെ വേരുകളിലേക്കുള്ള മടക്കത്തിൽ എത്തിയിരിക്കുന്നതായി തിരിച്ചറിയുന്നുണ്ടായിരുന്നു. താൻ വസിച്ച, തന്നെ പോറ്റിയ ജനനിബിഡമായ മുംബൈ എന്ന നഗരമൊക്കെ ഈ മഹാവനത്തിനു മുന്നിൽ എത്ര ദുർബ്ബലമാണെന്ന തിരിച്ചറിവിലേക്കുള്ള മടക്കം. നമ്മൾ എത്രയോ ആത്മകഥകൾ വായിച്ചിരിക്കുന്നു. അവയിൽനിന്നുമൊക്കെ എന്തെങ്കിലും നമ്മുടെ ജീവിതത്തിനു തുണയായാൽ അതാണ് അത്തരം പുസ്തകങ്ങളുടെ മഹത്തായ സന്ദേശമെന്നു വിശ്വസിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ.
കനൽവഴിയിലൂടെ നടന്നെത്തിയ സജികുമാറിന്റെ ഈ ജീവിതകഥ നാം വായിച്ചുതീരുമ്പോൾ, ഉള്ളിൽ നേർത്തൊരു നിലാപ്പെയ്ത്തുപോലെ എന്തോ...
അതെ, ആ ജീവിതം നമ്മെ പച്ചപ്പരവതാനി വിരിച്ച ഭൂമിയോട് ചേർത്തുപിടിക്കുന്നുണ്ട്
Content Highlights: The transformative power of nature in overcoming personal and professional adversity., A testament to sustainable living through organic farming and biodiversity., Critical reflections on human impact and plastic pollution on Earth., The importance of memory and perspective in shaping one's life path.