'അപരൻ പുറത്ത് നിൽക്കുന്ന ഒരാൾ മാത്രമല്ല; സമൂഹം നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരാൾകൂടിയാണ്‌’

#അരുൺ സെബാസ്റ്റ്യൻ
അമര്‍ഷനഗരം പുസ്തകത്തിന്റെ കവര്‍, മോബിന്‍ മോഹന്‍
അമര്‍ഷനഗരം പുസ്തകത്തിന്റെ കവര്‍, മോബിന്‍ മോഹന്‍

ചില കഥകൾ ഒരു ദേശത്തെ മാത്രമല്ല, അവിടുത്തെ ഓർമ്മകളും മനുഷ്യരും ചരിത്രവും പ്രകൃതിയും ചേർന്ന ഭാവുകത്വത്തെ സാഹിത്യത്തിന്റെ ഭാഗമാക്കുന്നു. അത്തരമൊരു ഭാവുകത്വത്തിന്റെ അടയാളപ്പെടുത്തലാണ് മോബിൻ മോഹന്റെ ‘അമർഷനഗര’മെന്ന കഥാലോകം. ഇതിലെ കഥകളുടെയൊക്കെ ഭൂമിശാസ്ത്രം ഹൈറേഞ്ച് ആണെങ്കിലും സാഹിത്യപ്രവർത്തനം സങ്കീർണ്ണമാണ്. ഭൂമി, കുടിയേറ്റം, കൃഷി, പ്രകൃതി, ഓർമ്മ, ശരീരം, മതം, സാങ്കേതികവിദ്യ, വർഗ്ഗീയവും സാമൂഹികവുമായ വേർതിരിവുകൾ, ആധുനികത, ഏകാന്തത എന്നിവയെല്ലാം ഈ കഥകളിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് ഈ കഥാസമാഹാരത്തെ പരിശോധിക്കേണ്ടത് 'ഹൈറേഞ്ച് കഥകൾ' എന്ന നിലയിൽ മാത്രമല്ല, മറിച്ച് ദേശത്തിന്റെ നിർമ്മിതി, വ്യക്തിയുടെ സ്വത്വം, ഓർമ്മയുടെ പ്രവർത്തനം, അപരവത്കരണത്തിന്റെ സാമൂഹിക ഘടന, ആധുനികതയുടെ പ്രതിസന്ധി എന്നീ പരസ്പരബന്ധിത ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്.

പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അവയുടെ പശ്ചാത്തലങ്ങളും ആഖ്യാനരീതികളും പരസ്പരം വ്യത്യസ്തമാണെങ്കിലും, അവയ്ക്കിടയിൽ ചില ശക്തമായ അന്തർധാരകൾ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ഹൈറേഞ്ച് ഒരു ഭൗതിക സ്ഥലമെന്നതിലുപരി ഓർമ്മയും സ്വത്വവും നിർമ്മിക്കപ്പെടുന്ന ഇടം എന്ന നിലയിലാണ് ഇതിലെ കഥകളിലെല്ലാം കാണുന്നത്.

ഇവിടെ 'ദേശം' എന്ന സങ്കൽപ്പം ഭൂമിശാസ്ത്രപരമായ അതിരുകളായല്ല, മറിച്ച് മനുഷ്യരുടെ ജീവിതചരിത്രം അടിഞ്ഞുകൂടിയ ഒരു സ്മൃതിഭൂമിയായിട്ടാണ് കാണാൻ കഴിയുന്നത്. മല കയറിവന്ന ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതം, കാട് വെട്ടിത്തെളിച്ച് കൃഷിയിടമാക്കുന്ന പ്രക്രിയ, പിന്നീട് റോഡും പള്ളിയും പള്ളിക്കൂടവും ആശുപത്രിയും സഹകരണസംഘവും വരുന്നതോടെ രൂപപ്പെടുന്ന സാമൂഹിക പരിവർത്തനം, ഇവയെല്ലാം ഒരു പ്രദേശത്തിന്റെ വികസനചരിത്രം മാത്രമല്ല, ഒരു ദേശം എങ്ങനെ സാമൂഹികമായി നിർമ്മിക്കപ്പെടുന്നു എന്നതിന്റെ ആഖ്യാനമാണ്.

ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് 'ബേബിയാശാന്റെ മകൾ' എന്ന കഥ. കൊച്ചുപൈലിയും ബേബിയാശാനും കാട്ടുമൃഗങ്ങളെ നേരിട്ട്, കാട് വെട്ടിത്തെളിച്ച്, കൃഷിയിടം സൃഷ്ടിച്ച് മലയിൽ കുടിയേറുന്നവരായി പ്രത്യക്ഷപ്പെടുന്നു. അവരുടെ സ്വകാര്യജീവിതം ക്രമേണ ഒരു സമൂഹത്തിന്റെ രൂപീകരണത്തിലേക്ക് വികസിക്കുന്നു. പിന്നീട് ചായക്കട ഒരു ഭക്ഷണശാല മാത്രമല്ലാതായി ആളുകൾ ഒത്തുകൂടുന്ന സാമൂഹിക ഇടമായി മാറുന്നു. റോഡ്, പള്ളി, പള്ളിക്കൂടം, ആശുപത്രി, വായനശാല, സഹകരണസംഘം, തപാൽപ്പീസ് എന്നിവ എത്തുന്നതോടെ 'കാട്' 'നാട്' ആയി രൂപപ്പെടുന്നു. ഇത് തന്നെയാണ് ഇടുക്കിയിലെ ഒട്ടുമിക്ക സ്ഥലങ്ങളുടെയും ചരിത്രം.

ഈ പരിണാമം അമർഷനഗരം എന്ന കഥാലോകത്തിലെ ദേശബോധത്തിന്റെ സവിശേഷത വ്യക്തമാക്കുന്നു. ദേശം പ്രകൃതിയിൽ മുൻകൂട്ടി നിലനിൽക്കുന്ന ഒന്നല്ല; ഇവിടെ അത് മനുഷ്യരുടെ അധ്വാനത്തിലൂടെയും ഓർമ്മകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും നിർമ്മിക്കപ്പെടുന്ന ഒന്നാണ്. അതേസമയം ഈ നിർമ്മിതിക്ക് വിലയുണ്ട്. ആ വില നൽകേണ്ടി വരുന്നത് കാടിന്റെ നഷ്ടപ്പെടലിലൂടെയാണ്. അങ്ങനെ കാട് നാടാകുമ്പോൾ കാട് നഷ്ടപ്പെടുന്നു. പിന്നീടവിടെ വികസനങ്ങൾ വരുമ്പോൾ പഴയ രീതികൾ പിന്മാറുന്നു. സാമൂഹികബന്ധങ്ങളുടെ രൂപം മാറുന്നു.

ഇതിന്റെ മറ്റൊരു വശം കുടിയേറ്റത്തിന്റെ അനുഭവത്തിലാണ്. കണ്ടോനെക്കുത്തിയിലെ പട്ടം കോളനിയുടെ ഓർമ്മകൾ അതിനെ കൂടുതൽ വ്യക്തതയോടെ കാണിക്കുന്നു. വിവിധ പ്രദേശങ്ങളിൽനിന്ന് കുടിയേറിയ കുടുംബങ്ങൾ ഭൂമിയുടെ ബ്ലോക്ക് നമ്പറുകളിലൂടെയാണ് തിരിച്ചറിയപ്പെടുന്നത്. വ്യക്തികളുടെ പേരുകൾക്ക് പകരം നമ്പറുകൾ അവരുടെ തിരിച്ചറിയലായി മാറുന്നു. ആയിരത്തിലധികം കുടുംബങ്ങൾ അഞ്ചു കോളനികളിലായി കുടിയിരുത്തപ്പെട്ടതും ഓരോരുത്തരും സംഖ്യയുടെ ഗണിതത്തിലേക്ക് ചേക്കേറിയതുമാണ് കഥ പറയുന്നത്.

ഇവിടെ ശ്രദ്ധേയമായത് കുടിയേറ്റവും അപരവത്കരണവും തമ്മിലുള്ള ബന്ധമാണ്. സ്വന്തം നാടും ബന്ധങ്ങളും ഉപേക്ഷിച്ച് മറ്റൊരു ഭൂമിയിലേക്ക് വരുന്ന മനുഷ്യൻ പുതിയ സ്ഥലത്ത് ഒരു പൗരനായി മാത്രം പ്രവേശിക്കുന്നില്ല; അവൻ ആദ്യം ഒരു 'നമ്പർ' ആകുന്നു. ഭരണപരമായ തിരിച്ചറിയൽ മനുഷ്യന്റെ സാമൂഹിക തിരിച്ചറിയലിനെ മറികടക്കുന്നു. എന്നാൽ, ഇതിന് എതിരായി കഥയിൽ മറ്റൊരു പേരിടൽരീതി നിലനിൽക്കുന്നു. അത് സ്‌നേഹത്തിൽനിന്ന് ജനിക്കുന്ന വിളിപ്പേരുകളാണ്. ബാലചന്ദ്രന് ലഭിക്കുന്ന വിവിധ വിളിപ്പേരുകളെക്കുറിച്ചുള്ള ഓർമ്മയും അവയുടെ 'സ്‌നേഹോഷ്മളത'യെക്കുറിച്ചുള്ള ചിന്തയും ഇതിന്റെ മറുവശമാണ്.

അങ്ങനെ അമർഷനഗരം മനുഷ്യന്റെ സ്വത്വത്തെ രണ്ട് വിരുദ്ധ സംവിധാനങ്ങൾക്കിടയിൽ സ്ഥാപിക്കുന്നു: അധികാരത്തിന്റെ നമ്പറും ബന്ധത്തിന്റെ പേരും. നമ്പർ മനുഷ്യനെ വർഗ്ഗീകരിക്കുന്നു. പേര് മനുഷ്യനെ ബന്ധിപ്പിക്കുന്നു. ഈ സംഘർഷം സമാഹാരത്തിന്റെ സാമൂഹികമായ വായനയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഇതേ കഥയിൽ പിന്നീട് ബാലചന്ദ്രന്റെ ഗോത്രസമൂഹങ്ങളുമായുള്ള ബന്ധം കടന്നു വരുന്നുണ്ട്. കർഷക കുടിയേറ്റത്തിന് നൂറ്റാണ്ടുകൾക്കുമുമ്പ് മലനിരകളിൽ താമസമുറപ്പിച്ചിരുന്ന മന്നാൻ, മുതുവാൻ, മലപ്പുലയൻ, പളിയൻ, മലയരയൻ, ഊരാളി, ഉള്ളാടൻ തുടങ്ങിയ സമൂഹങ്ങളുടെ ജീവിതരീതികളും ഭാഷയും ആചാരങ്ങളും കലകളും രേഖപ്പെടുത്താനുള്ള ബാലചന്ദ്രന്റെ ശ്രമം ഒരു പുതിയ തലത്തിലേക്ക് കഥയെ കൊണ്ടുപോകുന്നു.

ഇവിടെ ഒരു പ്രധാന ചോദ്യമുണ്ടാകുന്നുണ്ട്. ആരാണ് ഒരു ദേശത്തിന്റെ യഥാർത്ഥ അവകാശി?

കുടിയേറ്റക്കാരൻ കാട് വെട്ടിത്തെളിച്ച് ഭൂമി കൃഷിയോഗ്യമാക്കുന്നു. എന്നാൽ, ആ ഭൂമിക്ക് അതിനു മുമ്പുള്ള മനുഷ്യചരിത്രമുണ്ട്. അമർഷനഗരം ഈ സംഘർഷത്തെ നേരിട്ടുള്ള രാഷ്ട്രീയവാദമായി അവതരിപ്പിക്കാതെ ഓർമ്മകളുടെയും ജീവിതരീതികളുടെയും സാംസ്‌കാരിക അടയാളങ്ങളുടെയും വഴി വരച്ചുകാട്ടുന്നു. ഗോത്രകലകളും ഗാനങ്ങളും ഭാഷയും വിശ്വാസങ്ങളും കഥയിൽ വെറും 'ഫോക്' ഘടകങ്ങൾക്കും അപ്പുറം ഒരു പ്രദേശത്തിന്റെ ബഹുസ്വരമായ ചരിത്രത്തിന്റെ തെളിവുകളായി അവ പ്രവർത്തിക്കുന്നു.

ഇതിന്റെ തുടർച്ചയായി 'മ്യാവോ' പോലുള്ള കഥയിൽ വിശ്വാസവും അധികാരവും തമ്മിലുള്ള ബന്ധം പ്രത്യക്ഷപ്പെടുന്നു. ചെറിയ കാവുകളും പ്രാദേശിക ആരാധനാസങ്കൽപ്പങ്ങളും ക്രമേണ വലിയ ക്ഷേത്രസംവിധാനങ്ങളായി മാറുന്നതിലൂടെ ഭൂരിപക്ഷത്തിന്റെ മതപരമായ അധികാരം പാർശ്വവത്കൃതരുടെ വിശ്വാസലോകത്തെ എങ്ങനെ കൈയടക്കുന്നു എന്ന പ്രശ്‌നം കഥയിലൂടെ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. മുത്തിക്കാവ് കൈയേറി മഹാവിഷ്ണുക്ഷേത്രം നിർമ്മിക്കുന്ന സംഭവത്തിലൂടെ വിശ്വാസത്തിന്റെ സ്ഥാപനവൽക്കരണവും സാംസ്‌കാരിക അധിനിവേശവും തമ്മിലുള്ള ബന്ധമാണ് പരിശോധിക്കപ്പെടുന്നത്.

ഇവിടെ മതത്തെ എഴുത്തുകാരൻ വ്യക്തിയുടെ സ്വകാര്യ വിശ്വാസമായി കാണുന്നില്ല. അത് ഇവിടെ ഭൂമിയുമായും സമൂഹവുമായും അധികാരവുമായും ബന്ധപ്പെട്ട ഒരു സാമൂഹിക സ്ഥാപനമാണ്. ഒരു ചെറിയ കാവ് വലിയ ക്ഷേത്രമാകുമ്പോൾ ആരാധനയുടെ രൂപം മാത്രമല്ല മാറുന്നത്; ആരുടേതാണ് വിശ്വാസം, ആരാണ് അതിന്റെ ഉടമ, ആരുടെ സ്മൃതിയാണ് പൊതുസ്മൃതിയാകുന്നത് എന്ന ചോദ്യവും സൃഷ്ടിക്കപ്പെടുന്നു.

അമർഷനഗരത്തിലെ ഓർമ്മയുടെ രാഷ്ട്രീയം മറ്റൊരു പ്രധാന പഠനമേഖലയാണ്. കണ്ടോനെക്കുത്തിയിൽ ബാലചന്ദ്രന്റെ ഓർമ്മകൾ വ്യക്തിപരമായ ഭൂതകാലത്തിന്റെ ശേഖരം മാത്രമല്ല. അവന്റെ ശരീരത്തിലും ഭാഷയിലും ജീവിതത്തിലും ഒരു ദേശത്തിന്റെ ചരിത്രം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. വിരമിച്ചശേഷം കല്ലാർപ്പുഴയിൽ മുങ്ങാംകുഴിയിട്ട് 'ഓർമ്മകളുടെ വെള്ളാരംകല്ലുകൾ' പെറുക്കുന്ന മനുഷ്യനായാണ് അയാൾ പ്രത്യക്ഷപ്പെടുന്നത്. ഓർമ്മകൾക്ക് വ്യത്യസ്ത ഭാവങ്ങളും സ്വഭാവങ്ങളും ഉണ്ടെന്ന് കഥ പറയുന്നു. ചിലത് നൂൽമഴപോലെ കുളിർമയുള്ളത്, ചിലത് കോടമഞ്ഞിൽ മറഞ്ഞത്, ചിലത് മുറിവുപോലെ നീറുന്നത്.

നേരിട്ടുള്ള കാലക്രമത്തിൽ സംഭവങ്ങൾ പറയുന്നതിനുപകരം ഓർമ്മകളുടെ സ്വഭാവമനുസരിച്ചാണ് ഇതിലെ പല കഥകളും സഞ്ചരിക്കുന്നത്. ഇപ്പോഴത്തെ ഒരു സംഭവം പെട്ടെന്ന് ഭൂതകാലത്തിലേക്ക് തുറക്കുന്ന വാതിലായി മാറുന്നു. അതിനാൽ കഥയുടെ സമയബോധം രേഖീയമല്ല. വർത്തമാനവും ഭൂതകാലവും പരസ്പരം കടന്നുകയറുന്നു. കണ്ടോനെക്കുത്തിയിൽ കൊച്ചുപൈലിയുടെ ഓർമ്മയിൽനിന്ന് കുടിയേറ്റത്തിന്റെ ചരിത്രത്തിലേക്കും അവിടെനിന്ന് ഗോത്രജീവിതത്തിലേക്കും സഞ്ചരിക്കുന്ന രീതി ഇതിന് ഉദാഹരണമാണ്.

'ഗന്ധം' എന്ന കഥയിൽ ഈ ഓർമ്മയുടെ പ്രവർത്തനം കൂടുതൽ ഇന്ദ്രിയപരമാകുന്നു. പിതാവിന്റെ ശരീരം ഇല്ലാതായശേഷം യൂണിഫോമിൽ അവശേഷിക്കുന്ന ഗന്ധമാണ് കുടുംബത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യമായി മാറുന്നത്. പിന്നീട് ആ ഗന്ധം ഇല്ലാതാകുമ്പോൾ നഷ്ടം വീണ്ടും സംഭവിക്കുന്നു. ഗന്ധം വീണ്ടെടുക്കാനുള്ള യാത്ര മറ്റൊരു മനുഷ്യന്റെ നഷ്ടപ്പെട്ട ഗന്ധത്തെ തേടുന്ന ജീവിതവുമായി കൂടിച്ചേരുന്നു.

ഇവിടെ ഓർമ്മ ഒരു മാനസിക പ്രക്രിയയിൽനിന്ന് ശരീരാനുഭവമായി മാറുന്നു. കാണാനാവാത്തത് മണക്കാം; ഇല്ലാത്ത മനുഷ്യനെ ഗന്ധത്തിലൂടെ അനുഭവിക്കാം. സാഹിത്യത്തിൽ ഓർമ്മയുടെ പ്രതിനിധാനത്തിന് ഒരു ഇന്ദ്രിയശാസ്ത്രം സൃഷ്ടിക്കുകയാണ് കഥ.

ഇതുമായി ബന്ധപ്പെടുത്തി അമർഷനഗരത്തിലെ പ്രകൃതിചിത്രണത്തെയും വായിക്കേണ്ടതുണ്ട്. മഞ്ഞ്, മഴ, കാറ്റ്, കാട്, മണ്ണ്, മല, നദി എന്നിവ പ്രകൃതിവിവരണത്തിനുള്ള വസ്തുക്കൾ മാത്രമല്ല, അവ മനുഷ്യന്റെ മാനസികാവസ്ഥയുടെ ഭാഗമാണ്. അങ്ങനെ ഈ കഥകൾ ഹൈറേഞ്ചിന്റെ മഞ്ഞും മഴയും കുന്തിരിക്കത്തിന്റെയും വാറ്റുചാരായത്തിന്റെയും മണവും വിവിധ മലകളുടെ പേരുകളും ചേർന്ന് വായനക്കാരനെ കഥാപാത്രങ്ങളുടെ ലോകങ്ങളിലേക്ക് കൊണ്ടുപോകുന്നു.

ഇതിനെ ഇക്കോക്രിട്ടിക്കൽ വായനയ്ക്ക് സാധ്യതയുള്ള ഒരു ഘടനയായി കാണാം. എന്നാൽ, ഇവിടെ പ്രകൃതിയെ  'സംരക്ഷിക്കേണ്ട പുറംലോകം' എന്ന നിലയിൽ മാത്രം കാണുന്നത് ശരിയല്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം സംഘർഷാത്മകമാണ്. കാട് ജീവിതം നൽകുന്നു; അതേ കാട് അപകടവും നൽകുന്നു. ഭൂമി കൃഷി നൽകുന്നു; അതേ ഭൂമി കൃഷിനാശത്തിലേക്കും നയിക്കുന്നു. കാട്ടുമൃഗങ്ങൾ മനുഷ്യന്റെ ശത്രുക്കളായി പ്രത്യക്ഷപ്പെടുമ്പോഴും അവ മനുഷ്യരുടെ അധിനിവേശത്തിന്റെ ഇരകളുമാണ്. അതിനാൽ മനുഷ്യൻ പ്രകൃതിബന്ധം അമർഷനഗരത്തിൽ ദ്വന്ദ്വാത്മകമാണ്.

സമാഹാരത്തിന്റെ മറ്റൊരു പ്രധാന അടരാണ് ആധുനികത. ഇവിടെ ആധുനികത ഒരു ലളിതമായ 'പുതിയത് നല്ലത്, പഴയത് മോശം' എന്ന ദ്വന്ദ്വത്തിൽ അവതരിപ്പിക്കപ്പെടുന്നില്ല. സാങ്കേതികവിദ്യ മനുഷ്യന് പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള അവസരം നൽകുന്നു; അതേസമയം, വ്യാജസ്വത്വങ്ങൾ സൃഷ്ടിക്കാനും മനുഷ്യരെ വലയിലാക്കാനും അത് സഹായിക്കുന്നു. 'മുഴയൻ' എന്ന കഥയിൽ മിഖായേൽ തന്റെ ശരീരപരമായ വൈരൂപ്യം മറച്ചുവച്ച് മറ്റൊരു വ്യക്തിത്വത്തിൽ ജീവിക്കുന്നതിലൂടെ സൈബർലോകത്തിലെ അപരജീവിതത്തെ പ്രതിനിധീകരിക്കുന്നു.

ഇവിടെ 'അപരൻ' എന്ന ആശയം പ്രത്യേക പ്രാധാന്യം നേടുന്നു. സമൂഹം ഒരാളെ അവന്റെ ശരീരത്തിന്റെ പേരിൽ പുറന്തള്ളുമ്പോൾ, അയാൾ മറ്റൊരു സ്വത്വം സൃഷ്ടിക്കുന്നു. അതായത് സാങ്കേതികവിദ്യ സ്വത്വത്തെ മോചിപ്പിക്കാനും മറയ്ക്കാനും ഒരേസമയം കഴിയും. എന്നാൽ ആ പുതിയ സ്വത്വം യാഥാർത്ഥ്യത്തിൽനിന്നുള്ള രക്ഷയാണോ, അതോ മറ്റൊരു തടവറയാണോ എന്ന ചോദ്യം കഥ തുറന്നുവിടുന്നു.

അതുപോലെ അമർഷനഗരത്തിലെ 'മനുഷ്യവിഷം' എന്ന ആശയം വ്യക്തിപരമായ വിഷബാധയിൽനിന്ന് സാമൂഹിക വിഷത്തിലേക്ക് മാറുന്നു. വിഷഹാരി വളയത്തപ്പന്റെ കൈവശം വിഷം നീക്കാനുള്ള പരമ്പരാഗത വിദ്യകളും വിഷക്കല്ലുകളും ഉണ്ടെങ്കിലും മനുഷ്യവിഷമേറ്റ ശരീരത്തെ രക്ഷിക്കാൻ കഴിയുന്നില്ല. ഒടുവിൽ 'മനുഷ്യവിഷം' എന്ന തിരിച്ചറിവിലാണ് അയാളുടെ പരാജയം.

ഇവിടെ വിഷം ഒരു ജൈവവസ്തുവല്ലാതാകുന്നു. മനുഷ്യന്റെ ക്രൂരത, സാമൂഹിക വൈരം, അധികാരം, വിഭജനം എന്നിവ ചേർന്ന് നിർമ്മിക്കുന്ന വിഷമാണ് അത്.

'റിപ്പബ്ലിക് ഓഫ് ക്രോക്കലാൻഡ്' ഇതിന്റെ മറ്റൊരു രൂപകമാണ്. വെളുത്ത കാക്കകളും കറുത്ത കാക്കകളും തമ്മിലുള്ള വിഭജനം ഒടുവിൽ അവരുടെ ഉടമസ്ഥരുടെ സംഘർഷമായി മാറുന്നു. ഭക്ഷണശീലത്തിന്റെ പേരിലുള്ള വ്യത്യാസം സാമൂഹിക ചേരിതിരിവിന്റെ പ്രതീകമാകുന്നു; അതിന്റെ ഫലമായി രക്തപ്പുഴ ഒഴുകുന്നു. ഇവിടെ മൃഗലോകം മനുഷ്യസമൂഹത്തിന്റെ രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അന്യീകരണ ഉപാധി (Alienation Techinque) യായി പ്രവർത്തിക്കുന്നു. നേരിട്ട് മനുഷ്യരെക്കുറിച്ച് പറയാതെ മനുഷ്യരുടെ വിഭജനബോധത്തെ കൂടുതൽ തെളിച്ചത്തോടെ കാണാൻ മൃഗരൂപകം സഹായിക്കുന്നു.

യാഥാർത്ഥ്യവും രൂപകവും തമ്മിലുള്ള നിരന്തരമായ കൈമാറ്റങ്ങൾ ഈ കഥകളിൽ കാണാം. ചില കഥകൾ രേഖാചിത്രത്തോട് ചേർന്നുനിൽക്കുമ്പോൾ ചിലത് അസംബന്ധതയിലേക്കും അതിശയോക്തിയിലേക്കും രൂപകാത്മകതയിലേക്കും നീങ്ങുന്നു. എന്നാൽ, അവയുടെ ലക്ഷ്യം യാഥാർത്ഥ്യത്തിൽനിന്ന് രക്ഷപ്പെടുക എന്നതല്ല; യാഥാർത്ഥ്യത്തിന്റെ മറ്റൊരു പാളി തുറക്കുക എന്നതാണ്.

ഭാഷയാണ് ഈ പ്രക്രിയയുടെ പ്രധാന മാധ്യമം. ഹൈറേഞ്ചിന്റെ പ്രാദേശിക പദസമ്പത്ത്, ഭക്ഷണം, കൃഷി, വിശ്വാസങ്ങൾ, മണം, ശബ്ദം, വിളിപ്പേരുകൾ, നാട്ടുഭാഷയുടെ താളം എന്നിവ കഥകളുടെ ഭാഷയിൽ ലയിക്കുന്നു. ഇതിലൂടെ ഭാഷയ്ക്ക് ഒരു ഭൂപ്രദേശപരമായ സ്വത്വം ലഭിക്കുന്നു.

അതിനാൽ അമർഷനഗരത്തിലെ ഭാഷയെ കേവലം ശൈലി എന്ന നിലയിൽ കാണുന്നത് പോരാ. ഭാഷ തന്നെയാണ് ദേശത്തിന്റെ ഒരു രേഖ. ഒരു പ്രദേശത്തിന്റെ ജീവിതം അതിന്റെ വാക്കുകളിൽ സൂക്ഷിക്കപ്പെടുന്നു. പ്രത്യേകിച്ച് കുടിയേറ്റവും ഗോത്രസംസ്‌കാരവും ഒരേ കഥാലോകത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഭാഷകൾ തമ്മിലുള്ള സഹവർത്തിത്വവും സാംസ്‌കാരിക സ്മൃതിയുടെ സംരക്ഷണവും പ്രധാനമാകുന്നു.

ഈ പശ്ചാത്തലത്തിൽ അമർഷനഗരത്തെ ഒരു 'ഹൈറേഞ്ച് സാഹിത്യം' എന്ന ലേബലിൽ മാത്രം അടച്ചിടുന്നതിന് ഒരു പ്രശ്‌നമുണ്ട്. ഹൈറേഞ്ച് ഇവിടെ കേന്ദ്രമെങ്കിലും കഥകളുടെ വിഷയങ്ങൾ പ്രാദേശികതയെ മറികടക്കുന്നു. കുടിയേറ്റം ആഗോള മനുഷ്യാനുഭവമാണ്; സ്വത്വത്തിന്റെ പ്രതിസന്ധി ആധുനിക മനുഷ്യന്റെ പ്രശ്‌നമാണ്; ഓർമ്മയുടെ നഷ്ടം സർവമാനുഷികമാണ്; അപരവത്കരണം എല്ലാ സമൂഹങ്ങളിലും പ്രവർത്തിക്കുന്ന അധികാരരീതിയാണ്; സാങ്കേതികവിദ്യയുടെ ഇരട്ടസ്വഭാവം സമകാലിക ലോകത്തിന്റെ പ്രശ്‌നമാണ്.

ഇവിടെ 'അമർഷം' എന്ന പദത്തിനും കൂടുതൽ സങ്കീർണ്ണമായ അർത്ഥം ലഭിക്കുന്നു. ഭൂമിയിൽനിന്ന് പുറത്താക്കപ്പെടുന്നവന്റെ അമർഷം, സ്വന്തം ചരിത്രം മറക്കേണ്ടിവരുന്നവന്റെ അമർഷം, തിരിച്ചറിയൽ നമ്പറായി ചുരുക്കപ്പെടുന്നവന്റെ അമർഷം, സ്‌നേഹിച്ച ഒരാളെ നഷ്ടപ്പെടുന്നവന്റെ അമർഷം, ശരീരത്തിന്റെ പേരിൽ സമൂഹം നിരസിക്കുന്നവന്റെ അമർഷം, വിശ്വാസത്തിന്റെ ഇടം മറ്റൊരാൾ കൈയേറുന്നതിന്റെ അമർഷം. ഇവയെല്ലാം വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങളാണ്.

അതിനാൽ അമർഷനഗരം എന്ന തലക്കെട്ടിനെ മനഃശാസ്ത്രപരമായ ഒരു വികാരമായി മാത്രം വായിക്കാനാവില്ല. അത് സാമൂഹിക ഘടനകളിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കൂട്ടായ അനുഭവാവസ്ഥ കൂടിയാണ്.

അമർഷനഗരം എന്ന കഥാലോകം ദേശവും സ്വത്വവും തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുന്ന ഒന്നാണ്. അതിന്റെ ശരീരം ഭൂമിയല്ല; ഓർമ്മയാണ്. അത് വ്യക്തിപരമല്ല; സാമൂഹികമാണ്. അപരൻ പുറത്ത് നിൽക്കുന്ന ഒരാൾ മാത്രമല്ല; സമൂഹം നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. അതിന്റെ ഫലം പുരോഗതി മാത്രമല്ല; പുതിയ ഏകാന്തതകളും പുതിയ വ്യാജസ്വത്വങ്ങളും പുതിയ അധികാരരൂപങ്ങളും സൃഷ്ടിക്കുന്ന പ്രക്രിയയാണ്.