വേര്: പെണ്ണിന്റെ പ്രകൃതിയെ തിരിച്ചറിയാത്ത ലോകത്തിന്റെ മുന്നില്‍ ചോദ്യം ഉയര്‍ത്തുന്ന നോവല്‍

നോവലെഴുത്ത് ചിലപ്പോള്‍ ഒരു വനയാത്രയോടു ഉപമിക്കാവുന്നതാണെന്ന് ഓര്‍ഹാന്‍ പാമുഖ് പറയുന്നുണ്ട്. 'ഓരോ മരത്തെയും വികാരപൂര്‍വ്വം വിസ്തരിച്ചുകൊണ്ട് ഓരോ വിശദാംശവും ശ്രദ്ധിച്ചു കൊണ്ട്, വെറുതെ കഥ പറയുകയാണെന്ന്, കാടൊന്ന് കടന്നു കിട്ടുകയാണെന്ന് വിചാരിക്കും പോലെ, ഈ ഭൂവിഭാഗങ്ങളില്‍ ഗൂഢമായതെന്തോ ഒളിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നും പോലെ ',നോവല്‍ വായനയും പാമുഖ് പറയും പോലെ വനയാത്രയുടെ അനുഭവം പകരാം എന്നതിനു തെളിവാണ് മിനി പി.സിയുടെ വേര് ' എന്ന ബൃഹത്തായ രചന,' ആഖ്യായികാ കലയുടെ വനത്തിലൂടെയുള്ള വിസ്മയിപ്പിക്കുന്ന യാത്രയാണ്. ചരിത്രവും കാലവും പ്രകൃതിയും മനുഷ്യരും അധിനിവേശവും കൃഷിയും മതവും ആധുനികതയും പ്രവാസവും ചിതറലും കൂടിച്ചേരലും ത്യാഗവും സഹനവും അതിജീവനവുമെല്ലാം ചേര്‍ത്തു വയ്ക്കുന്നു ഈ ബൃഹദാഖ്യായികയില്‍.
ഗതകാലവും സമകാലവും മിത്തായും ചരിത്രമായും പ്രകൃതിയില്‍ നിന്നും മനുഷ്യരില്‍ നിന്നും പൊട്ടിക്കിളിര്‍ത്തു ആഴങ്ങളിലേക്കും അകലങ്ങളിലേക്കും പടരുന്നതും കെട്ടുപിണഞ്ഞു സങ്കീര്‍ണ്ണമാകുന്നതും, ജീവിതത്തിന്റെ മഹാ സമസ്യകളിലേക്കുള്ള നോട്ടങ്ങളായും, മാനവികതയുടെ മഹാഭാവങ്ങളുടെ വീണ്ടെടുക്കലായും മാറുന്നതുമറിയാം, ഈ അതിസാധാരണരായ മനഷ്യരുടെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ എല്ലാം കൊണ്ടും ക്ലാസ്സിക് ശൈലി പിന്തുടരുന്ന വേര് ',ഒരനുഭവമാണ്, അലക്‌സ് ഹേലിയുടെ റൂട്ട്‌സ് എന്ന നോവല്‍ ഓര്‍മ്മ വരാം, വംശീയതയുടെ വേരുകള്‍ തേടുന്ന കഥ. വംശീയതയുടെ വേരുതേടല്‍ ഇവിടെയും ഉണ്ടെന്നു മാത്രം. കാലത്തിന്റെയും കഥകളുടെയും കഥാപാത്രങ്ങളുടെയും വിസ്തൃതിയാണ് ഇതിനെ അസാധാരണ നോവല്‍ ശില്പമാക്കുന്നത് നിത്യജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്, പൊട്ടിക്കിളിര്‍ക്കുന്നതാണ് ആഖ്യാനം, ഒരു ഭൂവിഭാഗമോ, ഒരു വസ്തുവോ വ്യക്തിയോ, ഓര്‍മ്മയോ, മരമോ, പക്ഷിയോ, എന്തുമാവാം കണ്‍മുന്നില്‍ പെടുന്നതോ മനസ്സില്‍ നിറയുന്നതോ ആയ എന്തും കഥാരൂപം കൊള്ളുകയാണ്. ഒരു തരം വക്രതകളുമില്ലാതെ പത്ര റിപ്പോര്‍ട്ടിന്റെയോ സംസാരത്തിന്റെയോ മട്ടിലുള്ള ആഖ്യാനം ഈ സാധാരണത്വം, സാഹസികമായി ജീവിച്ച നിരവധി സാധാരണ മനുഷ്യരെക്കുറിച്ചുള്ള ഗാഢമായ അറിവായിത്തീരുന്നു. അതിന്റെ വിസ്തരിക്കലില്‍, സൂക്ഷ്മ ഭാവങ്ങളില്‍ നിന്ന് കഥകളും ഉപകഥകളും മനുഷ്യ ചരിത്രത്തെയും പ്രകൃതി ചരിത്രത്തെയും കുറിച്ചുള്ള വേറിട്ട കാഴ്ചകളായിത്തീരുന്നു.
സംസ്‌കാരചരിത്രത്തിലേക്കും ദേശചരിത്രത്തിലേക്കുമുള്ള നിഗൂഢ വഴികള്‍ തെളിച്ചെടുക്കുകയാണ് കാരോത്ത് പറമ്പ് എന്ന മലയോര ഗ്രാമത്തിന്റെ അതിരുകള്‍ ഭേദിച്ച് ഇന്ത്യയുടെ അവസാന ഗ്രാമത്തില്‍ വരെയെത്തുന്ന മനുഷ്യപടര്‍ച്ചയുടെ കഥ. ഗോത്ര ജീവിതത്തിന്റെ ചിതറല്‍, മതാധിനിവേശം,, വംശീയതയുടെ വേരുകള്‍, ജന്മിത്തം, ഗോത്ര ചൂഷണം, പ്രതിരോധം, കുടിയേറ്റം, പൗരോഹിത്യം തോട്ടവിളകൃഷി വ്യാപനം, അണക്കെട്ടു നിര്‍മ്മാണം, വ്യവസായം, ബംഗാള്‍ കലാപം,, ഇന്ത്യാ വിഭജനം, അടിയന്തരാവസ്ഥ, തുടങ്ങി സമീപകാല ചരിത്രത്തിലെ പ്രളയവും, മഹാമാരിയും വരെ നീളുന്ന വിസ്തൃതമായ ആഖ്യാന ഭൂമികയിലാണ് ഈ നോവല്‍ വേരു പടര്‍ത്തിയിരിക്കുന്നത്. ഏലമലയിലെ കുറവന്‍താഴം ദാനിയേലിന്റെയും മാര്‍ത്തയുടെയും മൂന്നു പെണ്‍മക്കളാണ് കഥയുടെ കേന്ദ്രത്തില്‍. പി ടി ഉഷയുടെ ഒപ്പം സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിച്ച മാര്‍ത്ത, സഫലീകരിക്കാന്‍ കഴിയാതെ പോയ കായിക സ്വപ്നത്തെ മക്കളിലൂടെ വീണ്ടെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും ,രണ്ടു മക്കള്‍ റോസയും, ലില്ലിയും സ്വന്തം വഴി തേടിപ്പോയി. അവര്‍ എത്തിപ്പെട്ട ജീവിതത്തില്‍ അതിജീവനത്തിന്റെ കനല്‍വഴികളില്‍ അവര്‍ തളരാതെ മുന്നേറുന്നു, ഓര്‍മ്മകളും കഥകളും അവര്‍ക്ക് ഇച്ഛാശക്തിയും ധാര്‍മ്മിക ബലവും നല്‍കുന്നു. ഗോത്ര ജീവിതം മുതല്‍ സമകാലിക ലോകം വരെ നീളുന്ന പച്ചയായ മനുഷ്യ കഥയില്‍, പെണ്ണിന്റെ അതിജീവനവും, സര്‍ഗ്ഗാത്മകതയും തിളങ്ങി നില്‍ക്കുന്നു, സീതയുടെ അന്തര്‍ധാനം പോലെ ചിറയില്‍ ഒടുങ്ങുന്ന റോസയുടെ ചിത്രീകരണം, പെണ്ണിന്റെ പ്രകൃതിയെ തിരിച്ചറിയാത്ത ലോകത്തിന്റെ മുന്നില്‍ ഒരു ചോദ്യം ഉയര്‍ത്തുകയാവാം. ജീവിതാഖ്യാനത്തിലെ മഹാവിസ്തൃതി കൊണ്ട്, മിനി പി.സി യുടെ വേര്, സമകാലനോവലിലെ വിസ്മയം തന്നെയാകുന്നു.
Content Highlights: Mini P.C, Dr.Chandrabose, Novel, Veru, Mathrubhumi Books