അയാൾ ഞാൻ തന്നെയല്ലേയെന്ന് സന്ദേഹിക്കുന്ന കഥാപാത്രങ്ങൾ, കഥകളുടേയും ഉപകഥകളുടേയും സഞ്ചയമായ മാതംഗലീല

#ആര്‍.ഗിരീഷ് കുമാര്‍
സന്തോഷ് ഏച്ചിക്കാനം | Photo: Mathrubhumi
സന്തോഷ് ഏച്ചിക്കാനം | Photo: Mathrubhumi

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മാതംഗലീല' എന്ന നോവലിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാം

ങ്ങനെ മാതംഗലീല വായിച്ചുതീർത്തു. വായിച്ചുവെന്നല്ല, അതിൽ ആറാടിയെന്നുതന്നെവേണം പറയാൻ. മാതംഗലീല നിങ്ങൾക്ക് വായിക്കാൻ പറ്റില്ല. അതിൽ മുങ്ങിനിവരാം. മുങ്ങാംകുഴിയിട്ട് നീന്താം. കഥാപാത്രങ്ങളെ ഓരോന്നിനെയായി നിങ്ങൾക്കണിയാം. നോവലിന്റെ അവസാന അധ്യായത്തിന്റെ തലക്കുറിപോലെ, 'അയാൾ ഞാൻ തന്നെ'യല്ലേയെന്ന് സന്ദേഹിക്കാം. പക്ഷേ, സന്ദേഹിക്കാൻതുടങ്ങുംമുന്നെ ആ കഥാപാത്രം നിങ്ങളിൽനിന്ന് കുതറിയോടും. മറ്റൊന്ന് നിങ്ങളിൽ ആവേശിക്കുകയും ചെയ്യും.

മാതംഗലീല

₹325.00

സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥകളുടെയൊക്കെ സവിശേഷത, അതിന്റെ അപ്രവചനീയ ക്ലൈമാക്‌സാണ്. ആരും പ്രതീക്ഷിക്കാത്തയിടത്തേക്കാണ് ഓരോ കഥയും നമ്മെ കൂട്ടിക്കൊണ്ടുപോവുക. ഓരോ കഥയും വായിക്കാൻതുടങ്ങുമ്പോൾത്തന്നെ, എന്താകും ഇതിനവസാനം എന്ന ആകാംക്ഷ എന്നെ പൊതിയാറുണ്ട്. മാതംഗലീല, അനേകം കഥകളുടെയും ഉപകഥകളുടെയും സഞ്ചയമാണ്. അതിലോരോന്നിനും ഇതേ ആകാംക്ഷ നിലനിർത്താനാകുന്നുണ്ട്.

മാതംഗലീലയുടെ ഓരോ താളും ഉദ്വേഗഭരിതമാണ്. കെട്ടുപിണഞ്ഞു കിടക്കുന്ന ആഖ്യാനശൈലി. തിരുമിറ്റക്കോട് ബാലകൃഷ്ണനിൽതുടങ്ങി, പതുക്കെ തെച്ചോരനിലേക്കും താഴമ്പുവിലേക്കും പാർവതിയിലേക്കും സെൽവിയിലേക്കും നമ്പീശനിലേക്കും പാങ്ങോട് മാധവനിലേക്കും ഈശ്വരപ്പണിക്കരിലേക്കും ഹൈദരലിയിലേക്കും കണ്ണദാസനിലേക്കും വെള്ളാങ്കിരിയിലേക്കുമൊക്കെയായി പടർന്നുകയറുകയാണത്. മനുഷ്യനിലേക്കും മൃഗങ്ങളിലേക്കും തിരിച്ചും ഒരേപോലെതന്നെ കഥാകാരൻ നമ്മെ കൈപിടിച്ചുകൊണ്ടുപോകുന്നു. പ്രകൃതിയിലെ ഓരോ അണുവും മാതംഗലീലയിൽ കഥാപാത്രങ്ങളാണ്. കടമ്പനെന്ന മയിൽ, താഴമ്പുവിന് നാൻ പെറ്റ മകനാണ്. മൂരീയനെന്ന മൂർഖൻ സെൽവിയുടെ അംഗരക്ഷകനും.

മനുഷ്യസാധ്യവും സഹജവുമായ വികാരങ്ങളെല്ലാം മാതംഗലീലയിലുണ്ട്. എന്നാലത് മനുഷ്യനിലൊതുങ്ങുന്നില്ല. കാടിനെയും കാടകങ്ങളെയും മൃഗചോദനകളെയും ഉൾക്കൊള്ളുന്നു. മനുഷ്യകാമനകൾ മാത്രമല്ല, കാടിന്റെ കാമനകളും മാതംഗലീലയിൽ കടന്നുവരുന്നുണ്ട്. മനുഷ്യൻ ആനയായി മാറുകയല്ല, ആനയും മനുഷ്യനും സർവചരാചരങ്ങളും ഒന്നായിമാറുന്ന മാന്ത്രികമായൊരു കഥാപരിസരമാണതിന്റേത്.

അതിൽ രാഷ്ട്രീയമുണ്ട്. പകയുണ്ട്. പ്രതികാരമുണ്ട്. പ്രണയമുണ്ട്, രതിയുണ്ട്. കുറ്റമുണ്ട്, ശിക്ഷയുണ്ട്. നീതിയും നീതിനിഷേധവുമുണ്ട്. ജാതിയും വർണവുമുണ്ട്, വർണവെറിയുമുണ്ട്. വെളുപ്പിനെ വെറുക്കുന്ന കറുപ്പുമുണ്ട്. കറുപ്പിലലിയുന്ന വെളുപ്പുമുണ്ട്. ഒടിയനും ഒടിയും ചതിയുമുണ്ട്. ഫുട്‌ബോളുണ്ട്, അതിന്റെ ആവേശവുമുണ്ട്. മാതംഗലീല മലയാള നോവലുകളിൽ ഒരു ദിശാസൂചിയാകുമെന്നതിൽ സംശയമില്ല.

ഈ നോവൽ പകർന്നുതന്നെ ആവേശം ഒരു ലഹരിയായി വന്നു പൊതിയുന്നു. വീണ്ടുമൊരു മാതംഗലീലയ്ക്കായി കാത്തിരിക്കുന്നു.

Content Highlights: Detailed review of Santhosh Echikkanam's latest novel Mathangalila., Exploration of the unique narrative style and unpredictable climaxes., Analysis of the intersection between human characters and animal instincts