'കാടട്ത്തു, ബീട് ദൂരായി...'

'മരണവംശത്തിന്റെ എഴുത്തുകാരാ...
അല്ലറച്ചില്ലറ എഴുത്തുകുത്ത് പരീക്ഷണങ്ങൾ അഞ്ചു പൈസ പോലും ചെലവില്ലാതെ അവനവനാൽ പ്രസിദ്ധപ്പെടുത്തി സായൂജ്യം അടഞ്ഞിരുന്ന ബ്ലോഗിംഗ് കാലം. രണ്ടായിരത്തിന്റെ രണ്ടാം ദശകത്തിന്റെ ആരംഭകാലം. സന്ധ്യയോടെ തുടരുന്ന ചിലന്തിവലക്കകത്തെ പതിവ് പരതലുകൾക്കിടെ എപ്പോഴോ ആണ് കാലിച്ചാം പൊതിയിലേക്കുള്ള എന്റെ ആദ്യ എൻട്രി.
ആത്മാംശമുള്ള എഴുത്തുരീതികളോട് പണ്ടേ ഒരുതരം ഭ്രമമായിരുന്നു. അതുകൊണ്ടുതന്നെയാവാം 'എന്റെ കഥ', 'ചിദംബര സ്മരണ', 'നന്ദിതയുടെ കവിതകൾ' തുടങ്ങിയവയെല്ലാം അത്രമേൽ ഇഷ്ടത്തോടെ ഇടം പിടിച്ചത്. യാഥാർത്ഥ്യത്തോട് ഒന്നുകൂടി ഇഴ ചേർന്ന് നിൽക്കുന്നത് കൊണ്ടാവാം അവയ്ക്ക് കുറേക്കൂടി ജീവാംശം ഉള്ളതായി തോന്നാറുണ്ടായിരുന്നു.
പി. വി. ഷാജികുമാറിന്റെ 'കാലിച്ചാംപൊതി' എന്ന സൈബർ ബ്ലോഗിനോടും അടുപ്പിച്ചത് അതുതന്നെയാണ്. വളർന്നുവന്ന കാസർകോടൻ ജീവിതപരിസരവും നാട്ടുകഥാപാത്രങ്ങളും ഭാഷയും കാലിച്ചാംപൊതിയിലെ എഴുത്തുകളെ കുറേക്കൂടി ജീവന്മയമുള്ളതാക്കി. എന്നെ അജ്ഞാതനായ വായനക്കാരനുമാക്കി.
ഇത്രയും ആമുഖമായി കുറിക്കാൻ കാരണമായത് തീർച്ചയായും മരണവംശം തന്നെയാണ്. ഷാജിയുടെ ആദ്യ നോവലായ 'മരണവംശം' ഇറങ്ങുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചപ്പോൾ തന്നെ, അതിന്റെ ആദ്യ വായനക്കാരിലൊരാളാവണം എന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് സാധ്യമായില്ല.
നിരൂപകപ്രശംസയും ആസ്വാദകഹൃദയങ്ങളും കീഴടക്കി മരണവംശം പുതിയ പതിപ്പുകൾക്കു പിന്നാലെ പുതിയ പതിപ്പുകളുമായി അതിവേഗം വായനക്കാരിലേക്ക് പടർന്നുകൊണ്ടിരുന്നു. അപ്പഴും എന്റെ വായനക്കകത്തീക്ക് അത് ഒത്തുവന്നില്ല. കഴിഞ്ഞ കെഎൽഎഫിൽ വെച്ച് പുസ്തകം കൈപ്പറ്റി. വായന തുടങ്ങുകയും ചെയ്തു. പക്ഷേ, എന്തുകൊണ്ടോ ഇത്തവണയും പൂർണമായി വായിച്ചുതീർക്കാതെ ആ വായന വീണ്ടും വഴിയിൽ എവിടെയോ നിന്നുപോയി. ചില പുസ്തകങ്ങൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല; അവ നമ്മളെ തിരഞ്ഞെടുക്കുന്ന ഒരു സമയത്തിനായി കാത്തിരിക്കുകയാണ് എന്നുതോന്നുന്നു. മരണവംശം അത്തരമൊരു കാത്തിരിപ്പിലായിരുന്നിരിക്കണം.
മൂകാംബികയിലേക്കുള്ള യാത്രപോലെതന്നെ ഇഷ്ടപ്പെട്ട എഴുത്തും അതിന്റെ സമയമാകുമ്പോൾ സംഭവിച്ചിരിക്കും എന്നൊരു വിശ്വാസമുണ്ട്. അതുതന്നെ ഇവിടെയും സംഭവിച്ചു.
കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഏർക്കാനക്കകത്താണ്. എറണാകുളത്തെ അച്ഛനോടൊപ്പമുള്ള ആശുപത്രിവാസത്തിന്റെ വിരസമായ ഇടവേളകൾ മരണവംശം എന്ന പുസ്തകത്തിന്റെ താളുകളിലേക്കുള്ള പിന്മടക്കമായി. പകലും രാത്രിയും അർധരാത്രിയുമൊക്കെയായി ഏർക്കാന ചരിതം തീർത്തു. എന്നിട്ടും പടിയിറങ്ങാതെ അവിടെത്തന്നെ അകപ്പെട്ടുകിടക്കുകയാണ് മനസ്സും ചിന്തയും ഞാനും.
എന്തൊരു എഴുത്ത്!
അസൂയയോ അഭിമാനമോഏതാണെന്ന് തിരിച്ചറിയാനാവാത്ത ഒരനുഭവം. ഏതാണ്ട് സമപ്രായക്കാരനായ ഒരാളുടെ എഴുത്തഴകിൽ തോന്നുന്ന വിസ്മയമാണ് അസൂയയ്ക്ക് കാരണം. തുടക്കംമുതലുള്ള വായനക്കാരനെന്ന നിലയിൽ, എഴുത്തുകാരൻ ഇന്നെത്തി നിൽക്കുന്ന ഉയരത്തിലേക്കുള്ള യാത്ര കാണുമ്പോഴുണ്ടാകുന്നത് അഭിമാനം.
പകയും പ്രണയവും മരണവും മിത്തും, കാടും കുന്നും തോക്കും കത്തിയും, തിറയും തെയ്യവും മനുഷ്യനും മൃഗങ്ങളുംഎല്ലാം സംഗമിക്കുന്ന ഒരു സാഹിത്യസൃഷ്ടി.
'രമണിയിൽ' തുടങ്ങി 'രമണിയിൽ' അവസാനിക്കുന്ന 318 പേജുകളിലേക്ക് ഒന്ന് കയറിക്കഴിഞ്ഞാൽ, ചിലന്തിവലയിൽ കുടുങ്ങിയ ചെറുപ്രാണിയെപ്പോലെ ഒരു തിരിച്ചുവരവ് അസാധ്യമാകുന്നു. ഏർക്കാനയിലെ നിഗൂഢതയിലൂടെയുള്ള കഥാപ്രവാഹത്തിന്റെ നിലയ്ക്കാത്ത കുത്തൊഴുക്കിൽ, തടസ്സമില്ലാതെ, സ്വച്ഛമായി ഒഴുകിപ്പോകും വായന.
എഴുത്തുകാരൻ വിരാമമിട്ടത്രയും തീർത്ത് കഴിഞ്ഞാലും, തിരികെ കയറിവരാനാവാത്ത വിധം അകപ്പെട്ടുപോകുന്ന എഴുത്തിന്റെ വശ്യതയാണ് മരണവംശത്തിന്റെ അഭൂതപൂർവ്വമായ സ്വീകാര്യത.
പച്ചപ്പിന്റെ നിഗൂഢത പ്രതിഫലിക്കുന്ന കാടിന്റെ ഉള്ളറയിലേക്ക് നീണ്ടുനിൽക്കുന്ന വഴിത്താര. വഴിത്താരക്കിരുവശവും നിവർന്നുനിൽക്കുന്ന നിറതോക്കുകൾ,അതാണ് മുഖചിത്രം. അതുതന്നെയാണ് നോവലിന്റെ മരണവംശാവലിയുടെ ചരിത്രത്തിലേക്കുള്ള ദിശാസൂചിയും.നൂറോളം വരുന്ന കഥാപാത്രങ്ങളിൽ പകുതിയിലധികവും നിഷ്ഠൂരമായി ഇല്ലാതാക്കപ്പെടുന്നുണ്ട്. മനുഷ്യർ മാത്രമല്ലനരിയും നായയും എലിയും പൂച്ചയും, പട്ടിയും പശുവും, കോഴിയും കാക്കയും, മൂങ്ങയും മൈനയും വരെ കഥയുടെ വഴിത്തിരിവുകളിൽ ചത്തൊടുങ്ങുമ്പോൾ, മരണവംശം എന്ന പുസ്തകത്തിന്റെ പേര് ഏറ്റവും ഉചിതമെന്ന് സാധൂകരിക്കപ്പെടുന്നു.
മരണം മാത്രമല്ല പച്ചയായ പ്രണയത്തിന്റെ ചിത്രീകരണത്തിലും സമ്പന്നമാണ് പുസ്തകം. കാൽ സെഞ്ചുറിയോളം നീളുന്ന പ്രണയജോഡികളുടെ തീവ്രാനുരാഗത്തിന്റെ നേർസാക്ഷ്യം ഭ്രമിപ്പിക്കുന്ന ഭാഷയിൽ എഴുത്തുകാരൻ പുസ്തകത്തിൽ പകർത്തിവെക്കുന്നുണ്ട്.
പ്രണയത്തിനും പകയ്ക്കും മരണത്തിനും ഒരേപോലെ തീവ്രത പകരുന്ന എഴുത്ത്. ഒരിടത്ത് പ്രണയം അതിന്റെ ഏറ്റവും ആർദ്രമായ മുഖം കാണിക്കുമ്പോൾ, മറ്റൊരിടത്ത് പക അതിന്റെ ഏറ്റവും ഇരുണ്ട രൂപത്തിലേക്ക് വളരുന്നു. അതിനിടയിലൂടെ മരണം, ഇടവേളകളില്ലാതെ, കഥയുടെ നിഴലായി സഞ്ചരിക്കുന്നു.
പ്രണയത്തിനും പകയ്ക്കും മരണത്തിനും റാക്കിന്റെയും തോക്കിന്റെയും രാഷ്ട്രീയത്തിന്റെയും നിറങ്ങൾ കൂടി കലരുമ്പോൾ നോവൽ കുറേക്കൂടി വിസ്തൃതമാവുന്നു. പതിയിരിക്കുന്ന മരണത്തിന്റെ നേർവഴിയിലേക്ക് നടന്നടുക്കുന്നവരുടെയും, നിസ്സഹായരായി അതിൽ അകപ്പെട്ടുപോകുന്നവരുടെയും അലർച്ചയും നോവും നോവലിനെ കൂടുതൽ സജീവമാക്കുന്നു. നാടൻ ഭാഷാപ്രയോഗങ്ങളും വഴക്കങ്ങളും മൊഴികളും സമന്വയിക്കുന്ന എഴുത്തുശൈലി കൂടിയാകുമ്പോൾ, നിസ്സംശയം പറയാം'മരണവംശം' സമീപകാല മലയാള എഴുത്തിലെ സമാനതകളില്ലാത്ത ഒരു സാഹിത്യസൃഷ്ടിയാണ്.
അവസാനമായി, അത്രമേൽ മർലോടെ ഇത്രയും കൂടി കൂട്ടിചേർക്കട്ടെ.
ഏർക്കാന എന്ന കാസർകോടൻ കാടകത്തിന്റെ ഉള്ളറയിലേക്ക് കയറിയാൽ, തീർച്ചയായും തിരിച്ചിറങ്ങാനാവാത്ത വിധം കുറച്ചേറെക്കാലം അകപ്പെട്ടുപോകും. അനുഭവം സാക്ഷി. ആ അകപ്പെടലിന്റെ ആസ്വാദനതലം സ്വയം അനുഭവിച്ചറിയാൻ മരണവംശം എന്ന നോവലിന്റെ താളുകളിലൂടെ കണ്ണോടിക്കൂ.
''കാടട്ത്തു, ബീട് ദൂരായി...''
Content Highlights: In-depth personal review of P.V. Shajikumar's acclaimed Malayalam novel Maranavamsham., Explores the dark, mysterious backdrop of Eerkana and its Kasaragod landscape., Analyzes the intense themes of love, revenge, death, and myths woven into the narrative.