മരണവംശം: ഏര്‍ക്കാനയുടെ വീരേതിഹാസം, പെണ്ണുങ്ങളുടെ സങ്കടത്തിന്റെയും പ്രതികാരത്തിന്റെയുംകൂടി കഥ!

Death is the penalty we all pay for the previlege of life - Robert Half
ഏര്‍ക്കാന എന്ന ഒരു സാങ്കല്പിക പ്രദേശം അതിന്റെ ഒരിക്കലും തീരാത്ത കഥകളുടെ കെട്ടഴിച്ചുവിട്ട പോലൊരു അനുഭവമാണ് പി.വി. ഷാജികുമാറിന്റെ 'മരണവംശം' എന്ന നോവല്‍. കഥയില്‍ നിന്ന് കഥയിലേക്കും പിന്നെ കഥകളിലേക്കും നീളുന്ന ഒരു പുഴപോലെ തുടങ്ങി ജീവിതത്തിന്റെ നൈരന്തര്യങ്ങളിലേക്ക്, മരണത്തിന്റെ അനശ്വരതയിലേക്ക് ഇതിഹാസസമാനമായ ഉപാഖ്യാനങ്ങളോടെ പ്രതികാരദുര്‍ഗയായ കടലുപോലെ അവസാനിക്കുന്ന നോവലാണ് മരണവംശം. പ്രണയം, രതി, പ്രതികാരം എന്നിവയുടെ കലര്ന്നൊഴുക്കായ ജീവിതത്തിന്റെ സത്യം മരണമാണെന്ന് സ്ഥാപിക്കുവാന്‍, കുഞ്ഞമ്മാറിലും കൊട്ടനിലും തുടങ്ങുന്ന വംശാവലിയുടെ ജീവചരിത്രത്തെ നോവലിസ്റ്റ് കൂട്ടുപിടിക്കുന്നു. കാസര്‍ഗോഡിന്റെ ജീവിതവും ജീവതാളവുമായ തെയ്യത്തിന്റെ വിവിധ ഭാവങ്ങളെ മനുഷ്യന്റെ ജീവിതവുമായിചേര്ത്ത് വായിക്കുമ്പോള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള അകലം തന്നെയാണ് ഇല്ലാതാകുന്നത്.
കദ്രോളിയില് നിന്ന് ഏര്‍ക്കാനയിലേക്ക് പോകുന്ന രമണിയില്‍ നിന്നാണ് മരണവംശം ആരംഭിക്കുന്നത്. ചനിയറുവിന്റെ വിലക്കുകളെ സൗമ്യവും ദൃഢവുമായ ശബ്ദത്തില്‍ 'എനക്ക് എല്ലാം തീര്‍ക്കണം' എന്ന ഖണ്ഡിച്ചുകൊണ്ട് രമണി കദ്രോളി കുന്നിറങ്ങുമ്പോള്‍ 18 നിറങ്ങളിലായി അടയാളപ്പെടുത്തിയ ഏര്‍ക്കാനയുടെ ചരിത്രത്തിലേക്കാണ് നമ്മള് നടന്നുകയറുന്നത്. വെള്ളുവീട്ടില്‍ കുഞ്ഞികോമന്‍ എന്ന കള്ളന് കോമനില്‍ തുടങ്ങുന്ന സംഭ്രമജനകമായ അനുഭവത്തിലൂടെ തുടങ്ങുന്നു. മരണവംശത്തിലെ നായകനും നായികയും ഭാസ്കരനും നളിനിയുമാണ്. അവരുടെ വംശാവലി ആരംഭിക്കുന്നതാകട്ടെ 'ചരട് കെട്ടിയ അഞ്ചു പുരുഷന്മാരെയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിടുകെടയാക്കിയ' കുഞ്ഞമ്മാരില് നിന്ന്. കുഞ്ഞമ്മാറിന്റെ ജീവിതത്തില്‍ വസന്തം വിരിയിച്ചത് കാടിന്റെ മണമായി അവളെ പൊതിഞ്ഞ കൊട്ടന്റെ സ്നേഹമാണ്.
മരണവംശം ഏര്‍ക്കാനയുടെ ചരിത്രത്തിലേക്ക് മാത്രമല്ല, വേദങ്ങളുടെയും ഇതിഹാസങ്ങളുടെയും കാലങ്ങളിലേക്ക് കടക്കുകയും അര്‍ജുന പുത്രന് ഇരവാന്റെ ചരിത്രാവശേഷിപ്പുകളായ പോരുകോഴികളുടെ ചരിത്രത്തിലേക്കുവരെ കണ്ണറിയുന്നു. മരണംകൊണ്ട് കളിക്കുന്ന ദൈവങ്ങളുടെ ആ നാട്ടില്‍ കുഞ്ഞമ്മാറും അമ്മായിയമ്മ വെള്ളച്ചിയും പെണ്ണിന്റെ ഉളളുറപ്പിന്റെ പര്യായങ്ങളായി നിലനിന്നു. അവര്‍ മാത്രമല്ല ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങളെല്ലാം അനിതരസാധാരണമായ വ്യക്തിപ്രഭാവം പുലര്‍ത്തുന്നു. വിദ്വേഷത്തില്‍ ജീവിതത്തെ വളര്‍ത്തിയ ജാനകിയും ജാനകിയുടെ കെണിയില്‍ പെട്ടുപോയ നളിനിയും മായാജാലത്തിലൂടെ ഇല്ലാതായ സതിയും അരവിന്ദന് ഹൃദയവും ജീവിതവും നല്കിയ സുമതിയും തുടങ്ങി പെണ്ണുങ്ങളുടെ സങ്കടത്തിന്റെയും പ്രതികാരത്തിന്റെയും അവര്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെയും സ്നേഹരാഹിത്യത്തിന്റെയും ബലാത്കാരങ്ങളുടെയും കരളലിയിപ്പിക്കുന്ന ചരിത്രം കൂടിയാണ് 'മരണവംശം'.
കൈവിട്ടുപോകുന്ന മനസ്സിനെ വേദനയോടെ നോക്കിനില്ക്കേണ്ടിവരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകാം. 'ഒറ്റയ്ക്ക് നടക്കുന്ന കാട്ടുമൃഗമാണ് മനസ്സ്. മെരുക്കിയെടുക്കാന്‍ പ്രയാസം. സ്വന്തം ഇഷ്ടത്തിന് കെട്ടിയിടുന്നവര്‍ നിലനില്ക്കും അല്ലാത്തവര്‍ നശിക്കും.' ഇത്തരത്തില്‍ മനസ്സിന്റെ പിടച്ചിലുകളെ പല സന്ദര്‍ഭങ്ങളിലും സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ ജീവിതത്തെ തന്നെയാണ് എഴുത്തുകാരന് കൂട്ടുപിടിച്ചിട്ടുള്ളതെന്ന് തോന്നും. 'വേദനയും അപമാനവും തുടര്‍ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ശീലമാവും. അതാണ് ശരിയെന്ന് തോന്നും, അത് ഇല്ലാതാവുമ്പോള്‍ തെറ്റ് ചെയ്തതായി സ്വയം പേടിക്കും. നളിനിയുടെ ഈ ചിന്തയില്‍ ലോകമെമ്പാടുമുള്ള ഉറക്കെ ശബ്ദിക്കാനാവാത്ത പെണ്ണുങ്ങളെല്ലാം കൂടെ ചേരുന്നുണ്ട്. മനുഷ്യര്‍ക്കു പുറമെ കാടും മലകളും വെയിലും കാറ്റും ഇരുട്ടുമെല്ലാം ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിതസത്യങ്ങള്‍ ഉപദേശിക്കുന്നുണ്ട്.
വീരരസമാണ് നോവലിന്റെ ശക്തി എന്ന തെറ്റിദ്ധരിക്കാമെങ്കിലും നവരസങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ഒരു പ്രത്യേക രചനാശൈലിയാണ് പി.വി. ഷാജികുമാര്‍ ഇതില്‍ പിന്തുടര്ന്നിരിക്കുന്നത്. യാഥാര്‍ഥ്യവും ഫാന്റസിയും തമ്മില്‍ അതിസൂക്ഷ്മമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ ക്ഷണികതയെ മുന്‍നിര്‍ത്തിയ ദര്‍ശനമാണ് മരണവംശത്തിന്റെ കാതല്‍.'
'ആകെയൊരു ജീവിതമേയുള്ളൂ അത് സ്നേഹത്തിലും സമാധാനത്തിലും ജീവിച്ചു തീര്‍ക്കുക. സമാധാനം ആഗ്രഹിച്ചാലും, നമ്മള് പോലുമറിയാതെ ദുരന്തത്തിന്റെയും പ്രശ്നങ്ങളുടെയും സങ്കീര്‍ണതകളുടെയും നടുക്കടലില്‍ വീണേക്കാം. അതിനുത്തരവാദികള്‍ നമ്മളല്ലാത്തിടത്തോളം ആത്മനിന്ദയുടെ മുള്‍കാട്ടില്‍ നനഞ്ഞു കിടക്കേണ്ടതില്ല. മരണത്തെ നമ്മള് ക്ഷണിച്ച് വരുത്താന്‍ നില്‍ക്കരുത്, ആരുടേയും മരണത്തിന്റെ ക്ഷണിതാവും നമ്മളായിത്തീരരുത്' എന്ന രാജേന്ദ്രന്റെ ചിന്തയാണ് നോവലിന്റെ കാമ്പ്.
Content Highlights: Maranavamsam novel review by Dr. Swapna C. Kombath