ജീവിതം നല്‍കാന്‍ മടിച്ചതൊക്കെയും ജീവിച്ചു നേടിയെടുത്ത ഒരു മനുഷ്യന്‍ താണ്ടിയ തീക്കടല്‍!

ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ബാല്യവും കൗമാരവും കടന്ന് ജീവിതവിജയം നേടിയ മനുഷ്യരുടെ അനുഭവങ്ങള്‍ക്ക് ഒരു പ്രചോദക പ്രഭാഷകന് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കാനും തിരുത്താനും ഉള്ള കഴിവുണ്ട്.
എന്നാല്‍, ചിലപ്പോഴെങ്കിലും അത്തരം അനുഭവക്കുറിപ്പുകളില്‍ വായനയുടെ രസത്തിനുവണ്ടി, വായിക്കപ്പെടാന്‍ വേണ്ടിയുള്ള ചില കൂട്ടിച്ചേര്‍ക്കലുകള്‍
ഉണ്ടാവും. അതു പക്ഷേ വായിച്ചുപോവുമ്പോള്‍ നമ്മള്‍ തിരിച്ചറിയുകയും ചെയ്യും. അത്തരത്തില്‍ വായിക്കപ്പെടാന്‍ വേണ്ടിയുള്ള കൂട്ടിച്ചേര്‍ക്കലോ അതി വൈകാരികതയോ അതിഭാവുകത്വമോ ഒന്നുമില്ലാതെ ഒരു മനുഷ്യന്റെ ജീവിതപ്പോരാട്ടങ്ങളുടെ, അങ്ങനെ പോരാടി നേടിയെടുത്ത ജീവിതവിജയങ്ങളുടെ,
നേരെഴുത്താണ് ലെഫ്റ്റനന്റ് കേണല്‍ എം.കെ. സുരേന്ദ്രന്റെ 'ജീവിതമെന്ന തീക്കടല്‍' എന്ന പുസ്തകം. ശ്വാസകോശാര്‍ബുദത്തിന്റെ തീവ്രാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഈ പുസ്തകം എഴുതി പൂര്‍ത്തിയാക്കിയത്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ICU-വില്‍ വച്ചാണ് അദ്ദേഹത്തിന് കൈമാറിയതെന്ന്
മാതൃഭൂമി പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. പുസ്തകത്തിന്റെ ആദ്യ കോപ്പി കൈപ്പറ്റി രണ്ട് ദിവസത്തിനകം അദ്ദേഹം മരിക്കുകയും ചെയ്തു.
മരണം മുന്നില്‍ക്കണ്ട് ജീവിക്കുന്ന സമയത്ത് ഒരു മനുഷ്യന്‍ കുറിച്ചുവെച്ച ഈ വരികള്‍ അത്രയും സത്യസന്ധമാണെന്ന് വായിച്ചുപോകുമ്പോള്‍ ബോധ്യപ്പെടും.
കണ്ണൂരിലെ ഒരു നാട്ടിന്‍പുറത്ത് സാധാരണ കുടുംബത്തില്‍ ജനിച്ച എം കെ സുരേന്ദ്രന്‍ പഠിക്കാന്‍ മിടുക്കന്‍ ആയിരുന്ന, അത്യാവശ്യം കലാവാസനയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. ഒരു സുഹൃത്ത് നാട്ടിലെ വായനശാലയില്‍ മെമ്പര്‍ഷിപ്പ് എടുത്ത് കൊടുത്തിരുന്നത് കൊണ്ട് നന്നായി വായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പത്താം ക്ലാസ് ജയിച്ച അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോളേജില്‍ പോകാന്‍ കഴിഞ്ഞില്ല. പകരം അദ്ദേഹവും ജ്യേഷ്ഠനും ഐ.ടിഐയില്‍ ചേരുന്നു.
അവിടത്തെ പഠനം പൂര്‍ത്തിയാക്കിയ ഉടനെ, ജ്യേഷ്ഠന് അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ജോലി ശരിയാവുന്നു. താന്‍ ജോലിയില്‍നിന്ന് പിരിയും മുമ്പേ മക്കള്‍ കരപറ്റട്ടെ എന്ന് ആ പിതാവ് ആഗ്രഹിക്കുന്നു. സുരേന്ദ്രനും കൂടി ജോലി ശരിയാക്കണം എന്ന് മാനേജരോട് അപേക്ഷിക്കുന്നുണ്ടെങ്കിലും അവനു പതിനെട്ട് വയസ്സ് ആവട്ടെ എന്ന് പറഞ്ഞ് ആ ആവശ്യം നിരസിക്കപ്പടുകയാണ്.
ഇതിനിടെ കണ്ണൂരില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ്‌റാലിയില്‍ പങ്കെടുത്തെങ്കിലും സെലക്ഷന്‍ ലഭിച്ചില്ല.
ജോലിയില്‍നിന്നു വിരമിച്ച ദിവസം രാത്രി തന്നെ അച്ഛന്‍ മരണമടയുകയും ചെയ്തതോടെ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ് സുരേന്ദ്രന്‍. വീണ്ടുമൊരു ആര്‍മി റിക്രൂട്‌മെന്റ് റാലി നടക്കുന്നത് അറിഞ്ഞ്, മുന്‍പ് അയോഗ്യനാക്കാനുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അതില്‍ പങ്കെടുക്കുകയും, തെരെഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.
പട്ടാളത്തിലെ കഠിനമായ പരിശീലനവും അതിന്റെ ബുദ്ധിമുട്ടുകളും എല്ലാം വിശദമായി വിവരിക്കുന്നുണ്ടദ്ദേഹം.
എന്നാല്‍, തന്റെ ശമ്പളം കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറ്റുന്നതും അമ്മയുടെ സമൂഹത്തിലെ പദവി ഉയര്‍ത്തുന്നതിമെല്ലാം ഓര്‍ക്കുമ്പോള്‍ അതെല്ലാം സഹിക്കാന്‍ കഴിയുന്നു. (സത്യത്തില്‍ ചെറിയ പ്രായത്തില്‍ സൈനിക സേവനത്തിനു തയ്യാറാകാന്‍ സാധാരണക്കാരായ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതും രാജ്യസേവനമെന്ന അഭിമാനത്തിനൊപ്പം തങ്ങളുടെ കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടണം എന്ന പ്രതീക്ഷയുമാണല്ലോ.)
പരിശീലനത്തിന് ശേഷം വീട്ടിലെല്ലാവര്‍ക്കും സമ്മാനങ്ങളുമായി ആദ്യമായി ലീവില്‍ വരുന്ന രംഗമൊക്കെ ഒരു സിനിമയിലെന്ന പോലെ കാണാന്‍ സാധിക്കും വായനക്കാര്‍ക്ക്. ആത്മാര്‍ത്ഥമായി ജോലിചെയ്യുന്നത് കൊണ്ട് മേലുദ്യോഗസ്ഥരില്‍ എല്ലാം നല്ല മതിപ്പുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പലപ്പോഴും ഓഫീസ് ജോലികള്‍ ഒക്കെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍, സൈന്യത്തിലെ ഓഫീസര്‍മാരുമായി അടുത്ത് ഇടപഴകാന്‍ കഴിയുന്നുണ്ട്. അതദ്ദേഹത്തില്‍ ഒരു ഓഫീസര്‍ ആകണം എന്നുള്ള മോഹം ഉണ്ടാക്കുന്നു. പിന്നീട് അതിനുള്ള കഠിന ശ്രമങ്ങളാണ് സുരേന്ദ്രന്‍െര ജീവിതം മാറ്റിമറിക്കുന്നത്.
പ്രീഡിഗ്രി ഇല്ലാത്തതിനാല്‍ വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ ഡിഗ്രിക്ക് പ്രവേശനം നേടുകയാണ് അദ്ദേഹം. ജോലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഒഴിവുസമയം ഉപയോഗിച്ച് ഡിഗ്രിപഠനം തുടരുന്നു. ഒപ്പം ഇംഗ്ലീഷ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും. ഇതിനിടയില്‍ ജ്യേഷ്ഠന് പോലീസില്‍ ജോലി കിട്ടുന്നതും, സഹോദരങ്ങളുടെയും തന്റെയും വിവാഹം അങ്ങനെ കുടുംബത്തിനുണ്ടാവുന്ന ഉയര്‍ച്ചയും സന്തോഷങ്ങളും വായനക്കാരുമായി അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഓഫീസര്‍ ആകാനുള്ള ആദ്യ അവസരം നന്നായി പരിശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് നേടിയെടുക്കാനായില്ല.
അവിടെയും നിരാശനാകാതെ തന്റെ പ്രയത്‌നം തുടരുകയും അടുത്ത അവസരത്തില്‍ ഓഫീസര്‍ ആവുകയും ചെയ്യുന്നു. അപ്പോഴേക്കും സര്‍വീസില്‍ കയറിയിട്ട് 16 വര്‍ഷം കഴിഞ്ഞിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും ആയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് തന്റെ ജീവിതത്തിലെ വലിയ ലക്ഷ്യത്തിലേക്കുളള അദ്ദേഹത്തിന്റെ യാത്രയും ഒടുവില്‍ ആ ലക്ഷ്യം നേടിയതും എല്ലാം ചിലപ്പോള്‍ ഒരു കഥ പോലെ നമുക്ക് തോന്നുമെങ്കില്‍ ഇ തിനേക്കാള്‍ വലിയ ട്വിസ്റ്റുകള്‍ ആണ് തുടര്‍ന്നുള്ള ജീവിത്തില്‍ അദ്ദേഹത്തിനു മുന്നില്‍ ഉണ്ടായിരുന്നത്.
ഏറെ ആഗ്രഹിച്ച, 16 വര്‍ഷക്കാലം ജോലി ചെയ്യുന്നതിനൊപ്പം കഠിനമായി പരിശ്രമിച്ച് നേടിയ ഓഫീസര്‍ പദവിയില്‍ എത്തി ഒരു വര്‍ഷം പിന്നിടും മുന്നേ അദ്ദേഹത്തിന് നെഞ്ചില്‍ വെടിയെല്‍ക്കുന്നു. അതും സിയാച്ചിനിലെ 18000 അടി ഉയരമുള്ള ഒരിടത്ത് വെച്ച്. അത്രയും ഉയരത്തുനിന്നും താഴെയിറക്കാന്‍ കഴിയാത്തതിനാല്‍ ടെന്റ് ഷീറ്റില്‍ പൊതിഞ്ഞ് മഞ്ഞിലൂടെ വലിച്ചു മറ്റും ഹെലികോപ്റ്റര്‍ എത്താന്‍ കഴിയുന്ന സ്ഥലത്ത് എത്തിച്ച വിവരണമൊക്കെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
ഏറെക്കാലത്തെ ചികിത്സക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും, വലുതുകൈയിന്റെ സ്വാധീനം നഷ്ടമായിരുന്നു.
എന്നാല്‍ അതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. പിന്നീട് അങ്ങോട്ട് തന്റെ ശാരീരിക പരിമിതിയെക്കൂടി അതിജീവിച്ചു മികച്ച ഓഫീസറായി പേരെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഡ്രൈവിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടുന്നു. താന്‍ ജോലി ചെയ്ത വിവിധ സ്ഥലങ്ങളുടെ പ്രത്യേകതകള്‍, വയനാട് ദുരന്ത സമയത്തെ ബെയ്ലി പാലം നിര്‍മ്മാണത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ ആയി മാറിയ 'തമ്പീസ് ' എന്ന മദ്രാസ് റെജിമെന്റ്, ജാട്ട് റെജിമെന്റ് തുടങ്ങി വിവിധ റെജിമെന്റ്റുകളുടെ സവിശേഷതകള്‍ തുടങ്ങിയവയെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ പുസ്തകത്തില്‍.
അമ്മയെ തന്റെ ജോലിസ്ഥലത്തു കൊണ്ട് വന്ന താമസിപ്പിക്കാനും കൃഷ്ണന്റെ ജന്മസ്ഥലമായി കരുതുന്ന മഥുര ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോവാന്‍ കഴിഞ്ഞതും പോലെയുള്ള സ്വകാര്യ സന്തോഷങ്ങള്‍. ജ്യേഷ്ഠന്റെയും, ജ്യേഷ്ഠപുത്രന്റെയും അപകട മരണമുള്‍പ്പടെയുള്ള സ്വകാര്യ ദുഃഖങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സര്‍വീസിലെ അവസാന നാളുകള്‍ സ്വന്തം നാടായ കണ്ണീരില്‍ ചെലവഴിക്കാന്‍ പറ്റിയതും പ്രളയസമയത്ത് ജന്മനാട്ടില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും എല്ലാം ഏറെ അഭിമാനത്തോടെ പങ്കുവയ്ക്കുന്നുണ്ട്.
അങ്ങനെ അഭിമാനര്‍ഹവും സംഭവ ബഹുലവുമായ സര്‍വീസ് ജീവിതം അവസാനിപ്പിച്ച് കൂടുതല്‍ സജീവമായ ഒരു വിശ്രമജീവിതത്തിലേക്ക് കടന്ന അദ്ദേഹത്തെ അടുത്ത വെല്ലുവിളി കാത്തിരിക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിത അതിഥിയായി വന്ന രോഗത്തിന് മുന്നിലും അദ്ദേഹം പതറുന്നില്ല. രോഗവുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഒരുപാട് മനുഷ്യര്‍ക്ക് പ്രചോദനമാവാന്‍ കഴിയുന്ന ഈ ജീവിതകഥ അദ്ദേഹം എഴുതി പൂര്‍ത്തിയാക്കുന്നത്.
തന്റെ ജീവിതകഥയെ മൂന്ന് ഭാഗങ്ങളായി തിരിക്കുന്നുണ്ട് അദ്ദേഹം. ഓരോ ഭാഗവും ഓരോ വഴിത്തിരിവിന്റെയും, വെല്ലുവിളികളുടെയും, അതിജീവനത്തിന്റെയും കഥയാണ്. ചെറുപ്പം മുതലേ ഉറച്ച യുക്തിചിന്തയും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ജീവിതം നല്‍കാന്‍ മടിച്ചതൊക്കെയും ജീവിച്ചു നേടിയെടുത്ത ഒരു മനുഷ്യന്റെ വാക്കുകള്‍ തന്നെ കടമെടുത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
'ഞാന്‍ എന്ന ഒരാള്‍ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി ഈ പുസ്തകം അവശേഷിക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നു പറയാറില്ലേ. 'തലവിധി' എന്ന ഒരു സാങ്കല്‍പ്പികത, അതു മറ്റാരും എഴുതുന്നതല്ല, സ്വയം തീരുമാനിക്കുന്നതാണ് എന്നു ഞാന്‍ എന്റെ ജീവിതത്തിലൂടെ തെളിയിച്ചു കഴിഞ്ഞു. അതേ, അതുതന്നെയാണ് എനിക്കുപറയാനുള്ളത്. സ്വന്തം വിധി സ്വയം എഴുതൂ...'
Content Highlights: lt colonel mk surendran life jeevitham enna theekkadal arun kalladikkode review