ദേശാടനപ്പക്ഷിയുടെ സഞ്ചിതസ്മൃതികൾ: ജി.പി. പിള്ള മുതൽ ടി.എസ്. ദീപ വരെയുള്ള ബിലാത്തിക്കാഴ്ചകൾ

ടി.എസ് ദീപയുടെ പുസ്തകത്തിന്റെ കവര്‍/ ടി.എസ് ദീപ | Photo: Mathrubhumi/ facebook/ ts deepa
ടി.എസ് ദീപയുടെ പുസ്തകത്തിന്റെ കവര്‍/ ടി.എസ് ദീപ | Photo: Mathrubhumi/ facebook/ ts deepa

ലോകത്തിലേറ്റവും വലിയ ആഹ്ലാദം വൈകുന്നേരം റീജന്റ്‌സ് പാർക്കിലെ നനഞ്ഞ പച്ചപ്പിലൂടെ നടന്നു പുതിയ പദങ്ങൾ മെനയുന്നതാണ് എന്നു പറഞ്ഞത് വിർജീനിയ വൂൾഫ് ആണ്. ലണ്ടൻതന്നെ ഒരു നോവലാണെന്നും വൂൾഫ് പറഞ്ഞു. അദ്ധ്യായങ്ങളായി വിഭജിക്കപ്പെട്ടതും ഓരോ അദ്ധ്യായവും രംഗങ്ങളായും രംഗങ്ങൾ വാക്കുകളായും ഇഴപിരിക്കാവുന്നതുമായ ഒരു നോവൽനഗരം.
ലണ്ടൻ, മെൽബൺ എന്നീ നഗരങ്ങളിലൂടെ ടി.എസ്. ദീപ നടത്തിയ യാത്രകളുടെ ഓർമ്മക്കുറിപ്പുകളാണ് ഓ ബിലാത്തീ ഓമൽക്കിനാത്തീ. ഇതു തന്റെ ആദ്യ യാത്രാവിവരണമാണെന്നും ഓർമ്മയെഴുത്തുപോലെയല്ല യാത്രാവിവരണമെന്നും ഓർമ്മകൾ നമ്മെ നമ്മിലേക്കു നോക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, യാത്രകൾ നമ്മെ ലോകത്തിലേക്കു നോക്കാൻ നിർബ്ബന്ധിക്കുന്നു എന്നും ആമുഖത്തിൽ ദീപ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, എഴുതുന്നതു ദീപയല്ലേ, ദീപയുടെ ഉംവെൽറ്റ് ഭൂതകാലവും ഓർമ്മയും മഴയും പെയ്ത്തുമല്ലേ. ഓരോ യാത്രയും അവരവരെ കണ്ടെത്തലാണ് എന്നു സമർത്ഥിക്കാതെ എഴുത്താകട്ടെ, യാത്രയാകട്ടെ, ദീപ എങ്ങനെ സാക്ഷാത്കരിക്കും?
പേരാമംഗലത്തുനിന്നു ബസ് മാറിക്കയറിയ പെൺകുട്ടിയുടെ പരിഭ്രമത്തിൽനിന്നു തുടങ്ങുന്ന ഓർമ്മയെഴുത്തും, അതേ ഓർമ്മയിൽത്തന്നെ ആരംഭിക്കുന്ന യാത്രയെഴുത്തും മരവും മഴയും ഒന്നായി പെയ്യുംകണക്കെ സമന്വയിക്കുന്ന അനുഭവമാണ് ഓ ബിലാത്തീ ഓമൽക്കിനാത്തീ. ഹ്രസ്വവും ദീർഘവുമായ പലവിധ സഞ്ചാരങ്ങളിലൂടെ പൂർത്തിയാക്കപ്പെടുന്ന, മണ്ണിൽനിന്നു മണ്ണിലേക്കുള്ള യാത്രയാണു ജീവിതം എന്നിരിക്കെ, ഏതു രചനയാണ് യാത്രാവിവരണമല്ലാത്തത്? ശരീരത്തെക്കാൾ മുമ്പേ പുറപ്പെടുന്നതു മനസ്സാണ് എന്നതിനാൽ ഏതു യാത്രാവിവരണമാണ് ഓർമ്മയെഴുത്ത് ആകാത്തത്?
അല്ലെങ്കിൽ, ‘221 B, ബേക്കർ സ്ട്രീറ്റി’ൽ ഷെർലക് ഹോംസ് മ്യൂസിയത്തെ വിവരിക്കുമ്പോൾ, ‘ആ കെട്ടിടത്തിനകത്തെ ഓരോ കാഴ്ചയും എന്നെ ഭൂതകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടിരുന്നു. അവിടുത്തെ ഓരോ വസ്തുവിനും ഓരോ ഗന്ധം. ഓരോ വസ്തുവും ഓരോ മനുഷ്യനും എനിക്കെന്നും ഗന്ധംകൂടിയായിരുന്നു. വായനശാലയിലെ പഴയ പുസ്തകങ്ങളുടെ ഗന്ധം. പാമ്പുകടിയേറ്റു മരിച്ചുകിടക്കുന്ന കിഷോറേട്ടനെ ചിതയിലേക്കെടുക്കുമ്പോൾ നീലനിറത്തിലുള്ള കിഷോറേട്ടന്റെ നെറ്റിയിൽ അവസാനമായി ചുംബിച്ചപ്പോഴുള്ള മരണത്തിന്റെ ഗന്ധം’ എന്ന പൊള്ളിക്കുന്ന ഓർമ്മ ദീപ പങ്കുവെക്കുമായിരുന്നില്ല.
ഐസക് ന്യൂട്ടന്റെ ജന്മഗൃഹം കണ്ടതിനെക്കുറിച്ച്, ‘ഒരു മരച്ചുവട്ടിലെ തണൽ, പുൽമേടുകളിലെ ഇളങ്കാറ്റ്, ചാറ്റൽമഴയിൽ മൂക്കിൻതുമ്പിൽ വീഴുന്ന ഒറ്റമഴത്തുള്ളി, കിളികളുടെ പാട്ട്, ഒരു പുസ്തകം, ഏറ്റവും പ്രിയമുള്ള ഒരാളോടൊപ്പം പാതിരാവിലെഴുന്നേറ്റ് ഒന്നിച്ചു പങ്കിടുന്ന ഒരു കാപ്പിയുടെ രുചി, നെറ്റിയിൽ വീണുകിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കി കവിളിലൊരു തലോടൽ... ജീവിതാനന്ദത്തിന്റെ ഉറവിടങ്ങൾ അത്ര ലളിതമായിരിക്കും’ എന്നെഴുതി സങ്കടപ്പെടുത്തുമായിരുന്നില്ല.
‘കാത്തുവെച്ച കാലത്തിന്റെ വിചിത്രവഴിത്താരകൾ ഇനി എവിടേക്കൊക്കെ എന്നെക്കൊണ്ടെത്തിക്കും’ എന്ന് ഇടയ്ക്കിടെ വേവലാതിപ്പെടുമായിരുന്നില്ല. മഴനൂലുകൾക്കിടയിലൂടെ ബിഗ് ബെൻ കണ്ടതിനെ ‘പലകച്ചുമരിൽ പഴഞ്ചനാം ഘടികാരക്കിളി’ എന്ന ചുള്ളിക്കാടൻ വരിയുമായി കൊരുത്ത്, ആ വരികൾ പഠിപ്പിച്ചുകൊണ്ടുനിൽക്കെ ശ്രീദേവി ടീച്ചറെ തേടി ആൾ വന്നതു ടീച്ചറുടെ ഏഴാം ക്ലാസുകാരനായ മകൻ മരിച്ച വിവരം അറിയിക്കാനായിരുന്നു എന്നോർമ്മിച്ചു വേദനിപ്പിക്കുമായിരുന്നില്ല.
‘ഭൗതികലോകത്ത് ന്യൂട്ടന്റെ ചലനനിയമങ്ങൾ ചിലപ്പോൾ ദയനീയമായി പരാജയപ്പെടു’മെന്ന് നെടുവീർപ്പിടുമ്പോൾ, ‘പ്രതികരണമില്ലാതെ നിസ്സഹായരാകുന്ന സന്ദർഭങ്ങളെയും നൽകുന്ന സ്‌നേഹത്തിനു തിരികെ ലഭിക്കുന്ന കല്ലിച്ച മൗനങ്ങളെയും’ ഗുരുത്വാകർഷണസിദ്ധാന്തത്താൽ സാധൂകരിക്കുമ്പോൾ, ‘ചില മനുഷ്യർ അങ്ങനെയാണ് കണ്ടുമുട്ടുന്നത്, നിമിഷങ്ങൾ മാത്രമാണെങ്കിലും അവർ നമ്മെ മറ്റൊരു ലോകത്തേക്കു നയിക്കുന്നു’ എന്നു വിവശതപ്പെടുമ്പോൾ ദീപ സഞ്ചരിക്കുന്നതു സ്ഥലരാശിയിലൂടെയല്ല, കാലരാശിയിലൂടെയാണ്. ദീപ ഒരു യാത്രിക പോലുമല്ല, വംശസ്മൃതിയുടെ ചോദനയാൽ പറക്കാൻ നിർബ്ബന്ധിതയായ ദേശാടനപ്പക്ഷിയാണ്.
‘കാലം എന്തിനാണ് മുട്ടയ്ക്കുള്ളിൽനിന്നു പക്ഷിക്കുഞ്ഞിനെ യെന്ന’പോലെ മനുഷ്യരെ തോടു കുത്തിപ്പൊട്ടിച്ച് പുറത്തേക്കു വലിച്ചിടുന്നത്? തോടിനുള്ളിലല്ല, പുറത്താണ് ലോകമെന്നു പഠിപ്പിക്കാനോ? അതോ തോട് ഉടയുമ്പോൾ അകത്തും പുറത്തുമുള്ള ലോകങ്ങൾ സമന്വയിക്കുന്നതാണ് പൂർണ്ണലോകം എന്നു ബോദ്ധ്യപ്പെടുത്താനോ? ഓർമ്മയെഴുത്തുകളിൽനിന്നു യാത്രയെഴുത്തിലേക്കു പറക്കുമ്പോൾ ദീപയുടെ ഭാഷ തൂവൽപോലെ മിനുസമാകുന്നു. വീക്ഷണങ്ങൾ വിഹഗത്തിന്റേതാകുന്നു. എല്ലാവർക്കും ഒരേ അർഹതയുള്ള സ്‌നേഹംപോലെ, എല്ലാവർക്കും ഒരേ അവകാശമുള്ള സ്ഥലമോ കാലമോ ഓർമ്മയോ ഇല്ലെന്നു തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ പറന്നുകൊണ്ടേയിരിക്കുന്ന പക്ഷിയാകുന്നു, ദീപ.
ലണ്ടനിൽത്തന്നെ, സന്ദർശിക്കാൻ ദീപ തിരഞ്ഞെടുത്ത സ്ഥലങ്ങൾ നോക്കൂ. സാധാരണ സഞ്ചാരികൾ മറന്നുപോകുന്ന ഇടങ്ങൾ. ഒരു ശരാശരി ടൂറിസ്റ്റിന്റെ കൗതുകത്തിനപ്പുറം, കുട്ടിക്കാലത്തെ ഭാവനയെ പക്വതയുടെ യാഥാർത്ഥ്യവുമായി താരതമ്യം ചെയ്യാനുള്ള ശ്രമമാണ് ദീപയുടെ യാത്രകളുടെ പ്രേരണ. അതിനാൽത്തന്നെ ഈ യാത്രയെഴുത്ത് വേറിട്ടതാകുന്നു. ദീപത്തിനു രാഗമെന്നതുപോലെ സർഗ്ഗസ്ഫുരണത്തിന് അനുപേക്ഷണീയമായ തീവ്രവൈകാരിത ഭാഷയെ സുദീപ്തമാക്കുന്നു. വായനയെ പ്രകാശമാനമാക്കുന്നു. ചിലപ്പോഴൊക്കെ വായനക്കാരെ പൊള്ളിക്കുകയും ചെയ്യുന്നു.
രണ്ടിടത്ത് ദീപ പ്രകാശിപ്പിച്ചത് എന്റെയും ഓർമ്മകളെയാണ്. ആദ്യം, ആമുഖത്തിൽ പരാമർശിച്ച ‘അദൃശ്യത.’ ‘അദൃശ്യത’ യല്ല ഞാൻ 2005-ൽ ലണ്ടനിൽ അനുഭവിച്ചത്. പൂർണ്ണപൗരത്വമായിരുന്നു.
പിന്നീട്, ‘അരുൾ, അൻപ്, അനുകമ്പ’ എന്ന അദ്ധ്യായം. ഇലക്ട്രിക് വീൽചെയറിൽ ലൈബ്രറിയിലും മ്യൂസിയത്തിലും കടൽത്തീരത്തും ഒറ്റയ്ക്കും സുഹൃത്തുക്കളോടൊപ്പവും ആഹ്ലാദിക്കുന്ന മനുഷ്യരെ ഞാൻ ആദ്യം കണ്ടതു ലണ്ടനിലാണ്. ലോകം ആരുടേതാണ് എന്നു ചിന്തിച്ചുതുടങ്ങിയതും അന്നാണ്.
ദീപയ്ക്കു മുമ്പേ ബിലാത്തിയാത്രയെക്കുറിച്ച് എഴുതിയവരെത്രയോ. ഓക്‌സ്ഫഡ് ഡിക്ഷ്‌ണറി പ്രകാരം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷ് സൈനികർ ജന്മനാടിനിട്ട ഓമനപ്പേരാണ് ‘ബ്ലൈറ്റി.’ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കടംകൊണ്ട ഇന്ത്യൻ ഭാഷാപദങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ വാക്ക്. സ്വദേശത്തെയും വീടിനെയും ഗൃഹാതുരത്വത്തെയും കുറിച്ച മിലിട്ടറി സ്ലാങ്. അറബിയിലെ ‘വിലായത്’ ഉർദുവിലും ഹിന്ദിയിലും ബംഗാളിയിലും ബിലായതും ബിലാതും ആയി. മലയാളം അതിനെ ബിലാത്തി ആക്കി. ‘ബിലാത്തി’ക്ക് ‘ശീമ’യെക്കാൾ ഇമ്പമുണ്ടായി.
കെ.പി. കേശവമേനോനും ഇംഗ്ലണ്ടിനെ ‘ബിലാത്തി’ എന്നു വിളിച്ചു. ‘ബിലാത്തിവിശേഷം’ എന്നാണ് അദ്ദേഹത്തിന്റെ കൃതിയുടെ ശീർഷകം. 1916-17 ൽ എഴുതി പ്രസിദ്ധീകരിച്ചത്. യാത്രാവിവരണത്തിന്റെ ഒന്നാന്തരം മാതൃക. പുറപ്പെടുന്ന നിമിഷം മുതലുള്ള വിവരണമാണ് ആ കൃതി. യാത്രയുടെ വിവരണം, പ്രദേശത്തിന്റെ വിവരണം, കപ്പലിന്റെ വിവരണം, യാത്രികർക്കുള്ള മാർഗ്ഗനിർദേശം... എന്നുവേണ്ട, ഇന്നത്തെ ‘ലോൺലി പ്ലാനറ്റി’നെ കൊമ്പുകുത്തിക്കുന്ന രചന.
എങ്കിലും, ആദ്യ ലണ്ടൻ യാത്രാവിവരണമെഴുതിയ മലയാളി കേശവമേനോൻ അല്ല. മലയാളയാത്രാവിവരണമെന്ന ഗദ്യശാഖയെ പരിപോഷിപ്പിച്ച എസ്.കെ. പൊറ്റെക്കാട്ടും അല്ല. അതു ബാരിസ്റ്റർ ജി.പി. പിള്ളയാണ്. ലണ്ടൻ യാത്രാവിവരണം എഴുതിയ ആദ്യ ഇന്ത്യക്കാരിയുടെ പേര് കൃഷ്ണഭാബിനി ദാസ്. ജി.പി. പിള്ളയുടെ കൃതി 1897-ൽ പ്രസിദ്ധീകരിച്ചു. കൃഷ്ണഭാബിനി ദാസ് അതിനും പന്ത്രണ്ടു കൊല്ലം മുമ്പേ 1885ലും. വീട്ടുകാരെയും നാട്ടുകാരെയും ഭയന്ന് ഒരു ബംഗാളിസ്ത്രീ എന്ന പേരിലാണ് അവർ പുസ്തകം പ്രസിദ്ധീകരിച്ചത്. പിൽക്കാലത്ത് അവർ പേരു വെളിപ്പെടുത്തി. ലേഖനങ്ങൾ എഴുതി. ഇന്ത്യയിലെ ആദ്യ തലമുറ ഫെമിനിസ്റ്റുകളിൽ ഒരാളായി.
‘ഓ ബിലാത്തി’ക്കു മേൽപ്പറഞ്ഞ നാലുപേരുടെയും യാത്രാവിവരണങ്ങളോടു സാമ്യമില്ല. താരതമ്യപഠനം ഇവിടെ സംഗതവുമല്ല. എങ്കിലും, രണ്ടു നൂറ്റാണ്ടിനു മുമ്പ്, രണ്ടു വ്യത്യസ്ത ജീവിതപരിസരങ്ങളിൽനിന്നുള്ള രണ്ട് ഇന്ത്യക്കാരും, ഇക്കാലത്തെ ഒരു എഴുത്തുകാരിയും ഒരേ നഗരത്തെ വീക്ഷിച്ചതെങ്ങനെ എന്നൊരു ആകാംക്ഷ!
London And Paris Through The Indian Spectacles ഇംഗ്ലീഷ് രചനയാണ് (എം.പി. ശങ്കുണ്ണിമേനോന്റെ പരിഭാഷയുണ്ട്-ലണ്ടനും പാരീസും).
ജി.പി. പിള്ളയുടെ ഭാഷയും ക്രാഫ്റ്റും ഇക്കാലത്തും ‘വേറെ ലെവൽ’തന്നെ. ‘It is day dawn’ എന്നാണ് ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യം. തുടർന്നൊരു പ്രവാഹമാണ്. ഉത്തമപുരുഷസർവ്വനാമം എവിടെയുമില്ല. മദ്ധ്യമപുരുഷസർവ്വനാമമാണ് ആദ്യന്തം. അതായത്, ‘നിങ്ങൾ.’ ‘നേരം പുലർന്നിരിക്കുന്നു. ജനാലശീലയ്ക്കിടയിലൂടെ നിങ്ങൾ പുറത്തെ പ്രകാശമുള്ളതായി ഗ്രഹിക്കുന്നു. കൂടുതൽ ഉറങ്ങാൻ സാദ്ധ്യമല്ലെന്നു വിചാരിക്കുന്നു. നിങ്ങൾ എഴുന്നേൽക്കുന്നു...’ -കൂസലില്ലായ്മയ്ക്ക് ഒരു ഭാഷയുണ്ടെങ്കിൽ അത് ഇതാണ്. ചിലപ്പോഴൊക്കെ നർമ്മം, മിക്കപ്പോഴും ആക്ഷേപഹാസ്യം.
ബ്രിട്ടീഷുകാരെ അവരുടെ നല്ലകാലത്ത് അവരുടെ നാട്ടിൽച്ചെന്ന് ഒരു മലയാളി പരിഹസിക്കുക! ആളെ അറിഞ്ഞാൽ അദ്ഭുതം മായും. ജി.പി. പിള്ളയാണ് തിരുവിതാംകൂറിൽനിന്ന് ആദ്യമായി നാടുകടത്തപ്പെട്ട യുവാവ്. തിരുവിതാംകൂറിലെ പ്രക്ഷോഭങ്ങളുടെ പിതാവ്. കോൺഗ്രസ് പാർട്ടിയുടെ സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യ മലയാളി, തിരുവിതാംകൂറിൽനിന്നു ലണ്ടനിൽ പോയ ആദ്യ മലയാളി, ഗാന്ധിജി വഴികാട്ടിയായി കണക്കാക്കിയ മലയാളി. മദ്രാസ് സ്റ്റാൻഡാർഡ് എന്ന വിപ്ലവ പത്രത്തിന്റെ പത്രാധിപർ. തികഞ്ഞ വാഗ്മി. പിൽക്കാലത്തു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതിയമ്മയെയാണ് അദ്ദേഹം വിവാഹം കഴിച്ചത് എന്ന കൗതുകവുമുണ്ട്.
ജി.പി. പിള്ളയുടെ കൃതിയിലെ ‘...You bathe and you dress. Fondly attached as you are to your orthodox turban, you and your turban become gradually estranged in London’ എന്നു തുടങ്ങുന്ന ഖണ്ഡികയാണ് എന്റെ വിഷയം.
‘നിങ്ങൾ കുളി കഴിഞ്ഞു വസ്ത്രം ധരിക്കുന്നു. നിങ്ങളുടെ യാഥാസ്ഥിതികമായ തലപ്പാവിനോടുള്ള ആത്മബന്ധം എത്രയേറെയാണോ അത്രയേറെ നിങ്ങൾ ലണ്ടനിൽ അന്യനാകുന്നു. നിങ്ങളതു ധരിക്കുന്ന സന്ദർഭങ്ങൾ കുറഞ്ഞു കുറഞ്ഞുവരുന്നു. വിരുന്നുമേശയിൽ നിങ്ങളുടെ പൗരസ്ത്യവസ്ത്രാലങ്കാരം കാണണമെന്നു നിങ്ങളുടെ സുഹൃത്തായ ആതിഥേയൻ, അതിലേറെ ആതിഥേയ നിർബ്ബന്ധം പിടിച്ചില്ലെങ്കിൽ, പൊതുസമ്മേളനത്തിൽ ഭാഷാനൈപുണിയുടെ കുറവ് ശിരോവസ്ത്രംകൊണ്ടു നികത്തേണ്ടതില്ലെങ്കിൽ, നിങ്ങളതു ധരിക്കാതിരിക്കുകയും വൈകാതെ എത്ര പരിഹാസ്യം എന്നു ലണ്ടനിലെ മിക്കവാറും മനുഷ്യരെപ്പോലെ ചിന്തിക്കുകയും ചെയ്യും. തലപ്പാവ് ധരിച്ചു നടക്കുമ്പോഴുള്ള ഏറ്റവും വലിയ കുഴപ്പം, നിങ്ങൾ ആവശ്യത്തിലേറെ മറ്റുള്ളവരുടെ ശ്രദ്ധാപാത്രമാകുമെന്നതാണ്. ലണ്ടനിലെ എല്ലാ കണ്ണുകളുടെയും ആകർഷണബിന്ദുവാകാൻ ആരുതന്നെ കൊതിക്കില്ല, അതും അത്രയേറെ സുന്ദരമായ കണ്ണുകളുടെ! പക്ഷേ, മുന്നോട്ടു പോകുന്തോറും നിങ്ങൾക്കു പതർച്ചയുണ്ടാകും, സുന്ദരികളുടെ അത്രയേറെ ചുഴിഞ്ഞുള്ള നോട്ടം നിങ്ങൾക്കു ദുസ്സഹമാകും. തൊലി ഇരുണ്ടതാണെങ്കിലും നിങ്ങളുടെ സൗന്ദര്യമാണ് അവരെ ആകർഷിക്കുന്നതെന്നു നിങ്ങൾ സങ്കൽപ്പിക്കും. പക്ഷേ, പെട്ടെന്നുതന്നെ നിങ്ങളുടെ തെറ്റിദ്ധാരണ മാറും. ‘ആ തൊപ്പി എവിടുന്നു കിട്ടി’ എന്ന് ഒരാൾ ചോദിക്കും. ‘കുറച്ചുകൂടി മാന്യമായതൊന്നും കിട്ടിയില്ലേ’ എന്നു വേറൊരാൾ പിറുപിറുക്കും. നേരേ മുറിയിലേക്കു മടങ്ങി അപ്പോൾത്തന്നെ നിങ്ങളുടെ പ്രിയപ്പെട്ട സുന്ദരശിരോവസ്ത്രത്തോട് യാത്രാമൊഴി, അതും എന്നേക്കുമായി പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ മനക്കരുത്തിനെ സമ്മതിച്ചുതരേണ്ടിവരും.’
ഇന്ത്യൻ യാഥാസ്ഥിതിക ശിരോവസ്ത്രം ഇന്ത്യയ്ക്കു പുറത്ത് എത്ര അസംബന്ധമാണ് എന്നാകാം ഇതിന്റെ സൂചന. ഇന്ത്യൻ സാംസ്‌കാരിക ചിഹ്നങ്ങൾ വിദേശത്ത് ഒരു കാഴ്ചവസ്തു മാത്രമാണെന്നുമാകാം. അത്തരം ചിഹ്നങ്ങൾ ഇല്ലാത്തതാണ് ചുറ്റുപാടുകളിൽ ലയിക്കാൻ കൂടുതൽ സഹായകമെന്നുമാകാം. പക്ഷേ, ഇതു മറ്റൊരു വിധത്തിലും വായിക്കാം. ഒരു ഇന്ത്യൻ പുരുഷൻ, പ്രത്യേകിച്ചും പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഉത്കൃഷ്ട ഇന്ത്യൻ പുരുഷൻ, നിറത്തിന്റെയും വർഗ്ഗത്തിന്റെയും വസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിലുള്ള തുറിച്ചുനോട്ടവും വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടതിന്റെ അനുഭവവിവരണമാണിത്. ഒരു ഇന്ത്യൻ സ്ത്രീ സ്വദേശത്ത് ഇന്നും നിത്യേനെ അനുഭവിക്കുന്ന ഈ അന്യവത്കരണം, വിദേശത്തു പോയപ്പോൾ പുരുഷനും അനുഭവിക്കേണ്ടിവന്നു. അതു യാദൃച്ഛികമല്ല. ആ തുറിച്ചുനോട്ടം ഒരു മൈൻഡ് സെറ്റ് ആണ്. അതിന് ഇരയാകുന്നത് ഒരു മനുഷ്യാവസ്ഥയും.
എന്നാൽ, കൃഷ്ണഭാബിനി ദാസിന്റെ കഥ മറ്റൊന്നാണ്. അവരുടെ കൃതിയുടെ പേര് ഇംഗ്ലണ്ടേയ് ബംഗ മഹിള (ബംഗാളി വനിത ഇംഗ്ലണ്ടിൽ). പുസ്തകത്തിന്റെ ആമുഖത്തിൽ അവർ കഴിയുന്നത്ര വിനയം പ്രകടിപ്പിക്കുന്നു:
‘ഞാനും നിങ്ങളെപ്പോലെ ഒരു വീടിനുള്ളിൽ ഒതുങ്ങിക്കൂടിയവളാണ്. എനിക്ക് എന്റെ രാജ്യവുമായോ ലോകവുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ആരെങ്കിലും ‘വിലായത്തി’ൽ പോകുന്നെന്നോ തിരികെ വന്നെന്നോ കേൾക്കുമ്പോൾ എന്റെ ഹൃദയം ആനന്ദത്താൽ കുതിക്കുമായിരുന്നു. ആ മനുഷ്യരെ പോയി കാണാനും അവർ കണ്ടതും കേട്ടതുമായ പുതിയ കാര്യങ്ങൾ അറിയാനും ആകാംക്ഷപ്പെട്ടിരുന്നു. പക്ഷേ, നിർഭാഗ്യവതികളും കോളനിവത്കരിക്കപ്പെട്ടവരുമായ ബംഗാളി സ്ത്രീകളുടെ ആശകൾ ഒരിക്കലും സാധിക്കാറില്ല. നിങ്ങളിൽ ഏറെപ്പേർ എന്നെപ്പോലെ ഇംഗ്ലണ്ടിനെക്കുറിച്ച് അറിയാൻ ആകാംക്ഷയുള്ളവർ ആയിരിക്കുമെന്നു ചിന്തിച്ച്, ആ ആഗ്രഹം സാധിച്ചുതരാൻവേണ്ടി ഞാൻ ഈ പുസ്തകം നിങ്ങൾക്കു സമർപ്പിക്കുന്നു.’
കൃഷ്ണഭാബിനി ദാസ് മൂർഷിദാബാദിൽ ജനിച്ചു. ശൈശവത്തിൽ വിവാഹിതയായി. ഭർത്താവ് ദേവേന്ദ്രനാഥ് ദാസ് വീട്ടുകാരെ ധിക്കരിച്ച് കേംബ്രിഡ്‌ജിൽ പോയി ബിരുദമെടുത്തു. തിരികെ നാട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവ് വീട്ടിൽ കയറ്റിയില്ല. കടൽ മുറിച്ചുകടന്നതിനാൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടു. ദേവേന്ദ്രനാഥ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഇത്തവണ അദ്ദേഹം ഭാര്യയെയും ഒപ്പം കൂട്ടി. പക്ഷേ, അഞ്ചുവയസ്സുകാരി മകളെ അദ്ദേഹത്തിന്റെ കുടുംബം വിട്ടുകൊടുത്തില്ല. എട്ടു വർഷം ദേവേന്ദ്രനാഥും കൃഷ്ണഭാബിനിയും ഇംഗ്ലണ്ടിൽ ജീവിച്ചു. കുടുംബം അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. മകളെ പിരിഞ്ഞുള്ള ജീവിതം കൃഷ്ണഭാബിനിക്കു ദുസ്സഹമായിരുന്നു. അതിൽനിന്നു രക്ഷപ്പെടാൻ അവർ ഇംഗ്ലണ്ടിലെ അനുഭവങ്ങൾ എഴുതി. ഭയന്നു ഭയന്നാണ് അവരതു പ്രസിദ്ധീകരിച്ചത്. ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ്സുള്ള, ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു യുവതിയുടെ യാത്രാനുഭവം.
‘സമ്പന്നരുടെ കൂട്ടത്തിൽ ആഡംബരജീവിതം നയിക്കുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. അവർ വീട്ടുകാര്യങ്ങളും കുട്ടികളുടെ പരിപാലനവും ജോലിക്കാർക്കു വിട്ട് സംഗീതത്തിലും ഫാഷനിലും സാഹിത്യത്തിലും മുഴുകിക്കഴിയും. പക്ഷേ, എനിക്കെങ്ങനെ അവരെ കുറ്റപ്പെടുത്താൻ കഴിയും? എല്ലാ രാജ്യങ്ങളിലും ധനികരായ സ്ത്രീകൾ അലസരാണ്. എല്ലായിടത്തും അമിതമായ സമ്പത്താണ് ആഡംബരത്തിന്റെ അടിസ്ഥാനം. സ്ത്രീകൾ കുടുംബത്തിന് അടിസ്ഥാനമിടുന്നു. ഇംഗ്ലണ്ടിലെ സ്ത്രീകളെല്ലാവരും അലസരായിരുന്നെങ്കിൽ ബ്രിട്ടീഷ് കുടുംബങ്ങൾ നന്നായി നടക്കില്ലായിരുന്നു. ഇംഗ്ലണ്ട് ഇത്രയേറെ വികസിക്കുമായിരുന്നില്ല. ഇംഗ്ലണ്ടിലെ സ്ത്രീകൾ പുരുഷന്മാരുടെ യഥാർത്ഥ മറുപകുതിയാണ് എന്നാണ് എന്റെ കാഴ്ചപ്പാട്. ഈ സ്ത്രീകൾ അവരുടെ പുരുഷന്മാരെ സഹായിക്കുന്നതും ചിലപ്പോഴൊക്കെ പുരുഷന്മാരുടെ ദൗത്യങ്ങൾ ഏറ്റെടുത്തു നടത്തുന്നതും നമ്മുടെ രാജ്യത്ത് ഒരിക്കലും കാണാനിടയില്ലാത്തതാണ്. അവരുടെ ജോലിക്കു പുറമേ, പുരുഷന്മാരുടെ ജോലികളും സ്ത്രീകൾ ഭംഗിയായി നിർവ്വഹിക്കുന്നു. അവർ കടകൾ നടത്തുന്നു, ക്ലാർക്കുപണി ചെയ്യുന്നു, പഠിപ്പിക്കുന്നു, പുസ്തകം എഴുതുന്നു, പത്രത്തിൽ ലേഖനങ്ങൾ എഴുതുന്നു, അങ്ങനെ പലതും നേടുന്നു. സ്ത്രീകൾ ഒരു രാജ്യത്തെ ജനസംഖ്യയുടെ പകുതി വരും. അവർ ജോലി ചെയ്യാതിരിക്കുന്നത് രാജ്യത്തിനു ദോഷം ചെയ്യും. ബ്രിട്ടീഷുകാരായ സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങുന്നില്ല. അവർ പുരുഷന്മാരോടൊപ്പം വലിയ കാര്യങ്ങൾ നേടുന്നു. അതിന്റെ ഫലമായി ഇവിടെ വലിയ പുരോഗതിയുണ്ടാകുന്നു.’
‘...ഇംഗ്ലണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ധാരാളം അവസരങ്ങൾ ഒരുക്കുന്നു. പെൺകുട്ടികൾക്കു വേണ്ടിയുള്ള നല്ല സ്‌കൂളുകൾക്കും കോളേജുകൾക്കും ഇവിടെ ഒരു ക്ഷാമവുമില്ല. എല്ലാ ഗ്രാമങ്ങളിലും രണ്ടോ മൂന്നോ പെൺപള്ളിക്കൂടങ്ങളുണ്ട്. ഇപ്പോൾ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലും ഓക്‌സ്‌ഫോർഡ്, കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റികളിലും പുരുഷന്മാർക്കു ലഭിക്കുന്ന അതേ വിദ്യാഭ്യാസം സ്ത്രീകൾക്കും ലഭിക്കും. അവർ പുരുഷന്മാർക്ക് ഒപ്പമിരുന്നു പഠിക്കുന്നു, അവർ എഴുതുന്ന അതേ പരീക്ഷകൾ എഴുതുന്നു, അതേ ഡിഗ്രികൾ നേടുന്നു. വളരെക്കുറച്ചു പുരുഷന്മാർ മാത്രം എഴുതാൻ ധൈര്യപ്പെടുന്ന മത്സരപ്പരീക്ഷകളിൽപ്പോലും പങ്കെടുക്കാൻ സ്ത്രീകൾക്കു ധൈര്യക്കുറവില്ല. ഇതു തെളിയിക്കുന്നത്, ബുദ്ധിയുടെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ ഒട്ടും പിന്നിലല്ല എന്നാണ്. ഈ നേട്ടം കൈവരിക്കുന്നത് പലതരം പ്രതിബന്ധങ്ങൾ തരണം ചെയ്താണെന്നതു വാസ്തവത്തിൽ പുരുഷന്മാരെക്കാൾ അവർക്കുള്ള മേന്മ തെളിയിക്കുന്നുണ്ട്.’
‘...ബുദ്ധിയോടൊപ്പംതന്നെ, ബ്രിട്ടീഷ് വനിതകൾ തങ്ങളുടെ ആരോഗ്യവും കരുതലോടെ കാക്കുന്നു. മിക്കവാറും എല്ലാ പെൺപള്ളിക്കൂടങ്ങളിലും കായികവ്യായാമങ്ങളും കളികളുമുണ്ട്. ശാരീരികക്ഷമത ഏറ്റവുമധികം വേണ്ട ജിംനാസ്റ്റിക്‌സ് പോലെയുള്ള ഇനങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെതന്നെ സാമർത്ഥ്യം തെളിയിച്ചിട്ടുണ്ട്. കാൽനടയിലും കുതിരസവാരിയിലും ഓട്ടത്തിലും ലോൺ ടെന്നീസിലും ഒക്കെ അവർ പുരുഷന്മാരോടൊപ്പമാണ്. പല സ്ത്രീകളും, ശരീരത്തിന്റെയും മനസ്സിന്റെയും കരുത്തിൽ ബംഗാളിപുരുഷന്മാരെ മറികടക്കുന്ന എത്രയോ സ്ത്രീകളെ ഞാൻ കണ്ടു. ഒരു ഇന്ത്യൻ പുരുഷന് ഒരു ധനിക ബ്രിട്ടീഷ് സ്ത്രീ നടക്കുന്ന അത്രയും ദൂരം നടക്കാൻ കഴിയുമോ എന്നുപോലും ഞാൻ സംശയിക്കുന്നു.’
ഈ പുസ്തകം പുറത്തിറങ്ങിയ കാലം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും ചർച്ചാവിഷയമായിത്തുടങ്ങിയ കാലം. പുസ്തകം ഇറങ്ങിയതിന്റെ അടുത്ത കൊല്ലമാണ് ആദ്യമായി ഒരു ഇന്ത്യക്കാരി ഒറ്റയ്ക്ക് അമേരിക്കവരെ യാത്ര ചെയ്ത് വൈദ്യശാസ്ത്രം പഠിച്ച് എം.ഡി. ഡിഗ്രിയെടുത്തത്; ഡോ. ആനന്ദി ഗോപാൽ റാവു ജോഷി. അതേകാലത്ത് മറ്റൊരു ഇന്ത്യക്കാരി ശൈശവവിവാഹത്തിനെതിരേ നീണ്ട നിയമയുദ്ധം ജയിച്ചു മെഡിസിൻ പഠിക്കാൻ ഇംഗ്ലണ്ടിലേക്കും കപ്പൽ കയറി; ഡോ. രുഖ്മബായി. പിന്നെയും രണ്ടു വർഷം കഴിഞ്ഞ് 1888ലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന പത്തൊമ്പതുകാരൻ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിക്കാൻ ലണ്ടനിൽ എത്തിയത്.
‘പാർലമെന്റിൽ സ്ത്രീകളെ എത്തിക്കാൻ സമരം ചെയ്യുന്ന ഇംഗ്ലീഷ് വനിതകളെപ്പോലെ നമ്മുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞാൽ, നമ്മൾ സ്വയം അബലകളെന്നും കുലീനകളെന്നും വിളിക്കുന്നത് അവസാനിപ്പിച്ച് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ആഘാതമുണ്ടാക്കിയാൽ, ചിലപ്പോൾ നമ്മുടെ പുരുഷന്മാർ നമ്മുടെ ദുരവസ്ഥ കാണാൻ തയ്യാറാകും’ എന്നു കൃഷ്ണഭാബിനി ദാസ് എഴുതി.
ഒരു നൂറ്റാണ്ടിനുശേഷം ജനിച്ച ദീപ ‘വീട്ടിൽനിന്നു മാറിനിൽക്കേണ്ടിവരുമ്പോൾ വളർത്തുമൃഗങ്ങളെ ഏൽപ്പിച്ചു പോരാവുന്ന ഇടങ്ങൾ നാട്ടിലുണ്ട്. പക്ഷേ, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെയും മുതിർന്നവരെയും സുരക്ഷിതമായി ഏൽപ്പിക്കാൻ ഇടമില്ല ഇപ്പോഴും എന്ന് ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ പ്രത്യേകിച്ചും അമ്മമാർ അനുഭവിക്കുന്ന ഭീകരമായ സാമൂഹിക തിരസ്‌കാരമുണ്ട്’ എന്നു വ്യാകുലപ്പെടുന്നു.
രണ്ടും കൂട്ടിവായിക്കുമ്പോൾ ഒരു കാര്യം ബോദ്ധ്യപ്പെടുന്നു. സ്ത്രീക്ക് അവളുടെ ലോകത്തെക്കുറിച്ചുള്ള ആധികളും ആശകളും അവസാനിക്കുന്നില്ല. അടുത്ത തലമുറയ്ക്കു കൂടുതൽ മെച്ചപ്പെട്ട ലോകം ഉറപ്പുവരുത്താൻ അവൾ അവളുടേതായ പാതകളിൽ സഞ്ചരിക്കുന്നു. എഴുപതിനായിരം വർഷം മുമ്പ്, എരിത്രിയയിൽനിന്നു രണ്ടു പെൺമക്കളെയും കൂട്ടി പുറപ്പെട്ട മൈറ്റോകോൺട്രിയൽ അമ്മയുടെ ജനിതകങ്ങൾ അവൾക്കു മുന്നോട്ടു പോകാൻ വഴിതെളിക്കുന്നു, വെളിച്ചംകാട്ടുന്നു. അവളുടെ സഞ്ചാരങ്ങൾ സഞ്ചിതസ്മൃതികളാൽ വൈകാരികമാകുന്നു.

*മൈറ്റോകോൺട്രിയൽ അമ്മ- ആഫ്രിക്കയ്ക്കു പുറത്തുള്ള എല്ലാ മനുഷ്യരുടെയും മാതൃജനിതകത്തിൽ കണ്ടെത്തിയ Haplogroup L3 എന്ന ജനിതക മാർക്കർ കിഴക്കൻ ആഫ്രിക്കയിൽ എഴുപതിനായിരം വർഷം മുമ്പു ജീവിച്ചിരുന്ന ഒരു ഗോത്രത്തിന്റേതാണ്. ആഹാരമോ ഭക്ഷണമോ തേടി ഒരു അമ്മയും രണ്ടു പെൺമക്കളും നടത്തിയ യാത്രയിൽനിന്നാണ് നമ്മളുണ്ടായത് എന്നർത്ഥം.


 

Content Highlights: This article provides a profound comparative exploration of London travelogues written by Indian and Malayali authors across different eras, highlighting how the intersection of personal memory, gender, and cultural alienation shapes the immigrant and traveler identity.