'ചില മനുഷ്യരോട് നാം നന്ദി പറയേണ്ടതുണ്ട്; മുഴുവന്‍ മനുഷ്യര്‍ക്കുമായി അവര്‍ ചെയ്തുവെച്ച ചിലതിനുവേണ്ടി'

സുഭാഷ് ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എംടിത്തം എന്ന പുസ്തകം ജെ.എല്‍ അര്‍ജുന്റെ വായനയില്‍
എം.ടി. ചിരിക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍? വെറുതെ പുഞ്ചിരിക്കുന്നതല്ല; പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?
സുഭാഷ് ചന്ദ്രന്‍ കണ്ടിട്ടുണ്ട്. വിലപ്പെട്ട അനുഭവങ്ങളുടെ കൂട്ടത്തിലേക്ക്, ആ നിമിഷവും ചേര്‍ത്തുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാതൃഭൂമിയുടെ കഥാമത്സരത്തില്‍ സമ്മാനം വാങ്ങാന്‍ കോഴിക്കോട് എത്തിയതായിരുന്നു സുഭാഷ്ചന്ദ്രന്‍. അന്നാണ് ആനുകാലികങ്ങളുടെ പത്രാധിപരായ എം.ടിയുമായുള്ള ആദ്യ കൂടിക്കാഴ്ച. എം.ടിയ്‌ക്കൊപ്പം എന്‍.പി. മുഹമ്മദുമുണ്ട്. എന്‍.പിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയില്‍, എം.ടി. പൊട്ടിച്ചിരിക്കുന്നത് സുഭാഷ് ചന്ദ്രന്‍ അന്ന് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
'എംടിത്തം' എന്ന സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ആ എം.ടിയുള്ളത്. പൊട്ടിച്ചിരിക്കുന്ന എം.ടി. ധാരാളം സംസാരിക്കുന്ന...തമാശ പറയുന്ന...അധികം ആര്‍ക്കും പരിചിതമല്ലാത്ത എം.ടി.
എം.ടിയെ കുറിച്ച് പുസ്തകം വരുന്നത് ആദ്യമായിട്ടല്ല. പക്ഷെ, ഒരേസമയം പത്രാധിപരും മഹാനായ സാഹിത്യകാരനുമാ യിരുന്ന വ്യക്തിയെക്കുറിച്ച്, അതേ സ്ഥാപനത്തില്‍ പത്രാധിപരായിരിക്കുന്ന മറ്റൊരു സാഹിത്യകാരന്‍ പുസ്തകം രചിക്കുന്നത് ഒരുപക്ഷേ അപൂര്‍വ്വമായിരിക്കും.
അനുഭവം, അഭിമുഖം, പഠനം- എഴുത്തിന്റെ പല രീതികളിലൂടെ, വായനക്കാരന് അപരിചിതനായ എം.ടിയെ പരിചയപ്പെടുത്തുകയാണ് 'എംടിത്തം' എന്ന ചെറിയ പുസ്തകം. സാഹിത്യകാരനിലും ചലച്ചിത്രകാരനിലും ഉപരി, എം.ടി. എന്ന വ്യക്തിയേയും പത്രാധിപരെയും ആഴത്തില്‍ തിരിച്ചറിയാന്‍ 'എംടിത്തം' സഹായിക്കുന്നു. ഓരോ അധ്യായവും ചെറുകഥ വായിക്കുന്ന പോലൊരു അനുഭവം നല്‍കുന്നു.
മൗനത്തിന്റെ സാക്ഷയിട്ട വാതില്‍
എം.ടി. എപ്പോഴും മൗനിയാണ്. ഈ മൗനത്തിന്റെ രഹസ്യം എം.ടിയോട് ചോദിച്ച സന്ദര്‍ഭത്തെ വിവരിച്ചുകൊണ്ടാണ് സുഭാഷ് ചന്ദ്രന്‍ പുസ്തകം ആരംഭിക്കുന്നത്. എം.ടി. ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. പക്ഷെ, എം.ടി. പറഞ്ഞതിനെക്കാള്‍ അനുയോജ്യമായ ഉത്തരം സുഭാഷ് ചന്ദ്രന്‍ തന്നെ കണ്ടെത്തുന്നു. 'വാചാലനായി കാണപ്പെടുന്ന നമ്മള്‍ പറയുന്നതു മുഴുവന്‍ അവനവന്റെ ഭൂഷണങ്ങളും പരദൂഷണങ്ങളും മാത്രം! എം.ടിക്ക് ഇത് രണ്ടുമില്ല'. അതുകൊണ്ട് എം.ടി. അധികം മിണ്ടുന്നില്ല.
എഴുത്തില്‍ ഒരിക്കലും സുഭാഷ് ചന്ദ്രന് എം.ടിയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എം.ടി. ഏറ്റവും പ്രശസ്തി കൈവരിച്ച ചലച്ചിത്രലോകം തന്റെ സ്വപ്നങ്ങളില്‍ എവിടെയും ഉണ്ടായിട്ടില്ല. എന്നിട്ടും 'തനിക്ക് ആരായിരുന്നു എം.ടി.' എന്നുകൂടി സുഭാഷ് ചന്ദ്രന്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
'മൗനത്തിന്റെ സാക്ഷയിട്ട വാഗ്-വാതില്‍'. മനസ്സിലെ അന്ധകാരത്തെ അകറ്റി അവിടെ സര്‍ഗ്ഗാത്മകതയുടെ പ്രകാശം കൊണ്ടുവരുന്ന ഗോപുരവാതിലാണ് എം.ടി. എന്ന രണ്ടക്ഷരം.
'ഈ നാലുകെട്ട് പൊളിക്കാന്‍ ഏര്‍പ്പാടു ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീട് മതി.'
- നാലുകെട്ട്
ഇരുട്ട് നുഴഞ്ഞു കയറുന്ന അന്തരീക്ഷത്തിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു; നാളെ എന്റെ പിറന്നാളാണ്.
- ഒരു പിറന്നാളിന്റെ ഓര്‍മ്മ
ആമുഖത്തില്‍ സൂചിപ്പിച്ച ഇരുട്ടിനെ കുറച്ചുകൂടി ആധികാരികമായി വിശദീകരിക്കുന്നുണ്ട്, 'ഇരുട്ട് കറന്ന് വെളിച്ചമിറ്റിക്കുന്ന വിദ്യ' എന്ന അദ്ധ്യായത്തില്‍.
'ഇരുട്ടിന്റെ ആത്മാവ്' എന്ന കഥ, ഉചിതമായ ഉദാഹരണമായി എഴുത്തുകാരന്‍ രേഖപ്പെടുത്തുന്നു. ഇരുട്ടുമുറിയില്‍നിന്ന് നിലവിളക്കിന്റെ വെളിച്ചത്തിലേക്ക് കയറിവരുന്ന, വേലായുധന്‍ കുട്ടിയുണ്ട് ആ കഥയില്‍. 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥയില്‍ തുറന്നിട്ട ജനലിലൂടെ വരുന്ന നേര്‍ത്ത നിലാവും, ഒപ്പം 'നിര്‍മ്മാല്യം' എന്ന ചലച്ചിത്രത്തില്‍ വെളിച്ചവുമായി ഇടകലര്‍ന്നു നില്‍ക്കുന്ന ഇരുട്ടും ഈ നിരീക്ഷണത്തെ ശക്തമാക്കുന്നതാണ്. ആരംഭത്തില്‍ പറഞ്ഞ പോലെ 'ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള സഞ്ചാരം'; സുഭാഷ് ചന്ദ്രന്റെ ഭാഷയില്‍, ഇരുട്ടും വെളിച്ചവും പരസ്പരം ഇണചേര്‍ന്നു കിടക്കുന്ന അവസ്ഥ, എം.ടിയുടെ സര്‍ഗ്ഗസൃഷ്ടികളിലെ പ്രത്യേകതകളില്‍ ഒന്നാണ്.
*എംടിത്തമാശകള്‍*
ബാലചന്ദ്രന്‍: എന്റെ അച്ഛന്‍ വലിയൊരു എഴുത്തുകാരനായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
ശ്യാമള: ആരാ?
ബാലചന്ദ്രന്‍: കേട്ടുകാണില്ല, ആധാരം എഴുത്തായിരുന്നു. പക്ഷെ, അതില്‍ വലിയ പ്രസിദ്ധന്‍.
സംശയിക്കണ്ട. എം.ടി. എഴുതിയത് തന്നെയാണ്. ചിത്രം, 'ഉത്തരം'. അഭിനയിച്ചത് മമ്മൂട്ടിയും പാര്‍വതിയും.
ആര്‍ത്തുചിരിക്കാന്‍ മാത്രമുള്ള തമാശയൊന്നും ഇതിലില്ല. നര്‍മ്മകഥകളോ നര്‍മ്മസിനിമകളോ അദ്ദേഹം എഴുതിയിട്ടുമില്ല. എങ്കിലും, സൂക്ഷ്മമായി പരിശോധിച്ചാല്‍ ഹാസ്യത്തിന്റെ നിഴലുകള്‍ എം.ടിയുടെ പല കൃതികളിലും സിനിമകളിലും ഇതുപോലെ തെളിഞ്ഞുകാണാം.
'യാത്രച്ചെലവിന് മൂന്നുറുപ്പിക, സമ്മാനം കൊടുക്കാന്‍ വാങ്ങിയ അഞ്ചുറുപ്പിക വിലയുള്ള പുസ്തകം, ഉറങ്ങാത്ത ഒരു രാത്രി, അസൂയയില്‍ നിന്നുടലെടുത്ത മാനസിക വൈഷമ്യങ്ങള്‍. ഇതെല്ലാം ആരറിയാനാണ്? ഏതായാലും ഈ ഏര്‍പ്പാട് നിര്‍ത്താന്‍ തന്നെ നിശ്ചയിച്ചു. ഇനി ഞാന്‍ ഒരൊറ്റ വിവാഹത്തില്‍ മാത്രമേ സജീവമായി പങ്കെടുക്കുകയുള്ളൂ; എന്റേത്.' - പുതിയ അടവുകള്‍
കൂടാതെ 'രേഖയില്ലാത്ത ചരിത്രം', 'ദയ എന്ന പെണ്‍കുട്ടി' തുടങ്ങിയ രചനകളിലും, 'ദയ' പോലുള്ള സിനിമകളിലും എം.ടി. നര്‍മ്മത്തെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ചിത്രത്തെരുവുകള്‍ എന്ന പുസ്തകത്തിലെ ചില അനുഭവങ്ങളും, ചെറുപുഞ്ചിരിയോടെയാണ് എം.ടി. എഴുതിയതെന്ന് തോന്നാം വായിക്കുമ്പോള്‍.
നര്‍മ്മം എം.ടിക്ക് അന്യമല്ല. കാഴ്ച്ചയില്‍ ഗൗരവക്കാരനെങ്കിലും, സ്‌നേഹം പോലെ തന്നെ ഉള്ളിലെവിടെയോ നര്‍മ്മവും എം.ടി. സൂക്ഷിക്കുന്നുണ്ട്. നിശ്ശബ്ദമെങ്കിലും ആസ്വദിക്കുന്നുണ്ട്.
സുഭാഷ് ചന്ദ്രന്‍ എഴുതുന്നു; എം.ടിയുടെ മൂന്ന് തമാശകള്‍. നോവലിലോ സിനിമയിലോ അല്ല. ജീവിതത്തില്‍ എം.ടി. പറഞ്ഞ മൂന്ന് തമാശകള്‍. മാതൃഭൂമിയില്‍ പത്രാധിപ ചുമതല വഹിക്കുന്ന സമയത്താണ് ഈ തമാശകളൊക്കെയും സംഭവിക്കുന്നത്. അത് നേരിട്ട് വായിക്കാന്‍ വായനക്കാരന് അവസരം നല്‍കുന്നു. ഇവിടെ എഴുതുന്നില്ല. പത്രാധിപരായിരിക്കുന്ന കാലത്ത് സംഭവിച്ച മറ്റ് ചില രസകരമായ സംഭവങ്ങളും പുസ്തകത്തിലുണ്ട്.
'ഇനി ആള്‍ക്കൂട്ടം തനിയെ' എന്ന ലേഖനത്തിലൂടെ എം.ടിയുടെ അവസാനയാത്രയും സുഭാഷ് ചന്ദ്രന്‍ ഓര്‍ക്കാതിരുന്നില്ല. പ്രിയ സാഹിത്യകാരനെ അവസാനമായി കാണാനെത്തുന്ന ജനക്കൂട്ടത്തെ കാണാം ആ ലേഖനത്തില്‍. അവിടെ കാഴ്ചശക്തിയില്ലാത്ത ബീനയുണ്ട്, ഭര്‍ത്താവ് രതീഷുണ്ട്. കഥയെക്കാള്‍ നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളുമുണ്ട്. അതുകൂടി ചേര്‍ക്കുമ്പോഴല്ലാതെ 'എംടിത്തം' പൂര്‍ണ്ണമാകില്ല.
സുഭാഷ് ചന്ദ്രന് എം.ടിയോടുള്ള നന്ദിയാണ് 'എംടിത്തം' എന്ന പുസ്തകം. ആമുഖത്തില്‍ സുഭാഷ് ചന്ദ്രന്‍ എഴുതുന്നു: 'ചില മനുഷ്യരോട് നാം നന്ദി പറയേണ്ടതുണ്ട്; മുഴുവന്‍ മനുഷ്യര്‍ക്കുമായി അവര്‍ ചെയ്തുവെച്ച ചിലതിനു വേണ്ടി'.
Content Highlights: jl arjun -bookreview- mttham- subhashchandran-mathrubhumibooks