'പിളർപ്പിൽ ഇടത്താണെങ്കിലും വലത് കമ്മ്യൂണിസ്റ്റെന്ന് വിളിപ്പേരുള്ള കെപിഎസി', നാടകങ്ങൾ പിറന്ന കഥകൾ

#അൻവർ ഹുസൈൻ
കെപിഎസിയുടെ 'ഒളിവിലെ ഓർമ്മകൾ' നാടകം അരങ്ങേറിയപ്പോൾ | ഫയൽ ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കെപിഎസിയുടെ 'ഒളിവിലെ ഓർമ്മകൾ' നാടകം അരങ്ങേറിയപ്പോൾ | ഫയൽ ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

മറ്റൊരു കലാരൂപത്തിനുമില്ലാത്ത ജീവിത ഗന്ധിത്വം നാടകത്തിനുണ്ട്. സാമൂഹ്യതിന്മകൾക്കെതിരെ അതിശക്തമായി പ്രതികരിച്ച പാരമ്പര്യമാണ് ഈ കലാരൂപത്തിനുള്ളത്. 'പാട്ടബാക്കി'യും 'ഇത് ഭൂമിയാണ്' എന്ന നാടകവും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു'മെല്ലാം അത്തരത്തിൽ വിപ്ലങ്ങളായി മാറിയത് ചരിത്രമാണ്. 

സമാനതകളില്ലാത്ത കലാ ജീവിതത്തിന്റെ ഉടമയാണ് കെ.പി.എ.സി. സുലോചന. അവരുടെ ജീവിതം കേരള രാഷ്ട്രീയ ജീവിതത്തോട് കോർത്തിണക്കിയല്ലാതെ അവതരിപ്പിക്കാനാവില്ല. കെ.പി.എ.സിയുടെ ചരിത്രം വലിയ തോപ്പി സഖാവായ തോപ്പിൽ ഭാസിയുടെയും ചെറിയ തോപ്പിയായ തോപ്പിൽ കൃഷ്ണപിള്ളയുടെയും കാമ്പിശ്ശേരിയുടെയും കെ കേശവൻ പോറ്റി സാറിന്റെയും ജനാർദ്ദനകുറുപ്പിന്റെയും ഒക്കെ ജീവിതം തന്നെയാണ്. പക്ഷെ രാമായണം രാമന്റെ അയനത്തെക്കാൾ രാമായായുടെ അഥവാ സീതയുടെ അയനമാണ് എന്ന് നിരീക്ഷിക്കപ്പെട്ടതു പോലെ, കെ.പി.എ.സിയുടെ ചരിത്രം സുലോചനയുടെ ജീവചരിത്രം തന്നെയാണ്. 

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്റെ 'ജീവിത നാടകം അരുണാഭം ഒരു നാടകകാലം' എന്ന പുസ്തകം കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടക പ്രവർത്തനങ്ങളുടെയും ഒപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും  ചരിത്രം രേഖപ്പെടുത്തുന്നു. കെ ദാമോദരന്റെ 'പാട്ടബാക്കി', ഇ കെ അയമുവിന്റെ 'ഇജ്ജ് നല്ല ഒരു മനിസനാകാൻ നോക്ക്', കെ ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്', പ്രൊഫ എൻ കൃഷ്ണപിള്ളയുടെ 'ഭഗ്നഭവനം' തുടങ്ങി എത്രയോ നാടകങ്ങൾ പിറന്ന കഥകൾ ഈ പുസ്തകത്തിലൂടെ  കടന്നു വരുന്നു. പ്രതിഭ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം, എൻ എൻ പിള്ളയുടെ വിശ്വ കേരള കലാസമിതി ...തുടങ്ങിയ നാടക സമിതികളും തിക്കുറിശ്ശിയും നസീറും  മുത്തയ്യയും സത്യനും ഉമ്മറും കവിയൂർ പൊന്നമ്മയും ലളിതയും  അടക്കം എത്രയോ നടീ നടൻമാരും   ഓ എൻ വി - പരവൂർ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ വിരിഞ്ഞ പാട്ടുകൾ, പിന്നീട് വന്ന വയലാർ - രാഘവൻ മാസ്റ്റർ ജോഡിയിൽ പിറന്ന ഗാനങ്ങൾ ഇവയിലൂടൊക്കെ പുസ്തകം നമ്മെ സഞ്ചരിപ്പിക്കുന്നു. 

ഇതിൽ പ്രതിപാദിക്കുന്ന ഓരോ നാടകങ്ങളിലൂടെയും പാട്ടുകളിലൂടെയും  അങ്ങനെ കടന്നു നീങ്ങി മാത്രം വായിച്ചു പോകാവുന്ന ഒരു പുസ്തകമാണ് ഇത്.  കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്കു വരും വഴി ഇടതു വശത്തു സ്ഥിതി ചെയ്യുന്ന, പാർട്ടിയോട് പിളർപ്പിൽ  ഇടത്താണെങ്കിലും വലത് കമ്മ്യൂണിസ്റ്റെന്ന് വിളിപ്പേരുള്ള പക്ഷം ചേർന്ന കെ.പി.എ.സിയുടെ ചരിത്രം ഓണാട്ടുകരയുടെ  ഇടതുരാഷ്ട്രീയത്തിന്റെ കൂടി ചരിത്രമാണ്. ജന്മിയെ കൊണ്ട് ചെങ്കൊടി പിടിപ്പിക്കുന്ന 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', അതിർത്തികൾ വിതച്ച ദുരന്തത്തെ പറ്റി പറയുന്ന 'സർവ്വേ കല്ല്', ഇടതു പാർട്ടികളുടെ പിളർപ്പിൽ  മനം നൊന്തെഴുതിയ 'ലയനം', രോഗം ഒരു കുറ്റമാണോ എന്ന വലിയ ചോദ്യം ഉയർത്തിയ 'അശ്വമേധം', 'സൂക്ഷിക്കുക ഇടതു വശം ചേർന്ന് പോവുക', 'മുടിയനായ പുത്രൻ', 'കയ്യും തലയും പുറത്തിടരുത്', 'മൃച്ഛകടികം', 'പുതിയ ആകാശം പുതിയ ഭൂമി', തുടങ്ങി മലയാളികൾ പല തവണ ആവേശ പൂർവം  കണ്ട എത്രയോ നാടകങ്ങളിലൂടെ ഈ പുസ്തകം നമ്മെ യാത്ര ചെയ്യിക്കുന്നു. 

കെ.പി. എ.സിയുടെ കർട്ടൻ ഉയരാനായ് കാത്തിരുന്ന നിമിഷങ്ങളിൽ പരവൂർ ദേവരാജൻ മാസ്റ്ററുടെ സ്വരം കേൾക്കുന്നത് എത്രയോ അനുഭൂതിദായകമാണ്..

'ഇക്കളിത്തട്ടിലിരിക്കാൻ പോരൂ 
ഇത്തിരി നേരമെൻ തത്തേ
തെങ്ങിള നീരുതരാം ഞാൻ കുളുർ
ത്തെന്നലിൻ ചാമരം വീശാം
മണ്ണിൽ വിരിയുമഴകിൻ കൊച്ചു
മഞ്ചാടിമാലതരാം ഞാൻ
മണ്ണിന്റെയാത്മാവിൽ നിന്നും ഒരു
പൊന്മുത്തെടുത്തു തരാം ഞാൻ..'

കെ.പി.എ.സി എന്ന പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത സുലോചനയിലൂടെയാണ് നമ്മളും സഞ്ചരിക്കുന്നത്. സംഗീതത്തിൽ മാത്രമല്ല ജീവിതത്തിലും ഗുരുവായ ദേവരാഗങ്ങളുടെ ഉടമയെ ഒടുവിൽ അനുസരിക്കാതിരിക്കേണ്ടി വന്നതും ദേവരാജനൊപ്പം ഓ.എൻ.വിയും ആ പടിയിറങ്ങി പോവുന്നതും ഒക്കെ ഹൃദയസ്പൃക്കായി വിവരിക്കുന്നുണ്ട്. 

കെ.പി.എ.സി. ഹൃദയത്തിന്റെ ഭാഗമായിരുന്ന പലരും ആ പടിയിറങ്ങി പോവുന്ന ഗദ്ഗദം ഇതിന്റെ താളുകളിൽ കേൾക്കാം. കെ.എസ്. ജോർജ്ജും സി.ജി. ഗോപിനാഥും ഓ മാധവനും വിജയകുമാരിയും ഒക്കെ അതിൽ പെടും. ഒടുവിൽ സുലോചനക്കു തന്നെ അങ്ങനെ ചെയ്യേണ്ടി വരുന്നു. 

നാടകം മാത്രമല്ല, മലയാള സിനിമയുടെ  ചരിത്രവും  ഇവിടെ ഇതൾ വിരിയുന്നു. ഒരു കാലത്തെ  പ്രമുഖ സ്റ്റുഡിയോകളായ മെരിലാൻഡും ഉദയയും തമ്മിലുളള മത്സരങ്ങൾ, അന്നത്തെ താര രാജാക്കന്മാരായ സത്യനും നസീറും അടൂർ  ഭാസിയുമൊക്കെ ഉദയം ചെയ്ത കഥകൾ ഇവയും  ഈ പുസ്തകത്തിലെ കുറിപ്പുകളിൽ നമുക്ക് വായിക്കാം. 

ഈ പുസ്തകത്തിലൂടെ പറയുന്ന ജീവിത നാടകം ശരിക്കും അരുണാഭമായിരുന്നു. ചുവന്ന കൊടി കെട്ടിയ കെ.പി.എ.സിയുടെ വാഹനം ഉത്തരേന്ത്യയിലും സഞ്ചരിച്ചു. യുഗപ്രഭാവനായ ജവഹർലാൽ നെഹ്‌റു ഉൾപ്പെടെ പല ദേശീയ നേതാക്കളും ഈ നാടകങ്ങൾ കണ്ടു. അതിലെ ഗാനങ്ങൾ സിനിമാ ഗാനങ്ങളെപോലെ ജനപ്രീതി നേടി.  

കലാകാരന്മാരും എഴുത്തുകാരുമൊക്കെ മനുഷ്യരാണ്. പകയും വെറുപ്പും സ്നേഹവും ഈർഷ്യയും ഈഗോയുമുള്ള മനുഷ്യർ. കെ.പി.എ.സിയുടെ അകത്തളങ്ങളിലും ഇതെല്ലാം കടന്നു വരുന്നുവെന്ന് ആ ചരിത്രമാകെ വായിക്കുമ്പോൾ നമുക്ക് ബോധ്യമാവും. ഇത് നാടക ജീവിതമല്ല, ജീവിത നാടകം തന്നെയാണെന്ന്.

Content Highlights: jeevitha nadakam arunabham oru nadaka kalam review