സത്ത ഉൾക്കൊള്ളാത്ത മത ആചാരങ്ങളെ വെറുതെ വിടാത്ത ഒരു പുസ്തകം!

#മാനസി
പുസ്തകത്തിന്റെ കവര്‍
പുസ്തകത്തിന്റെ കവര്‍

ജയന്ത് കാമിച്ചേരിൽ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ എന്ന പുസ്തകം മാനസിയുടെ വായനയിൽ.

രണ്ടായിരത്തി ഇരുപത്തിമൂന്നിൽ ഹാസസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ജയന്തിന്റെ പുസ്തകം, 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങളുടെ' ആദ്യത്തെ 'ഒറ്റ'വായനയിൽതന്നെ എനിക്ക് തോന്നിയത് തമാശയിലൂടെ അല്ലെങ്കിൽ തമാശയാണെന്ന് അതിന്റെ ആഖ്യാനത്തിലൂടെ പ്രഖ്യാപിച്ച്, ഈ ലേഖനങ്ങൾ നിലവിലുള്ള സാമൂഹിക മൂല്യബോധങ്ങളെ ചിരി പുരണ്ട അടിയോടെ ചോദ്യം ചെയ്യുന്നു എന്നാണ്.

കാറ്റ് നിറച്ച് വീർത്ത ഒരു ബലൂൺ ഒരു മൊട്ടുസൂചി കുത്തൽകൊണ്ട് പൊട്ടിച്ച് ചിരിക്കുന്ന കുട്ടിയുടെ ആഹ്ലാദവും സന്തോഷവുമൊക്കെയാണ് ഇതിൽ കാണുന്നത്. ആ ചിരിയോടൊപ്പം വായനക്കാരായ നമ്മളൊക്കെ ചിരിച്ചുപോകും എന്നുള്ളത് യാഥാർത്ഥ്യമാണ്. ഹാസസാഹിത്യത്തിന്റെ പ്രാഥമിക ചുമതല നമ്മെ ചിരിപ്പിക്കുക എന്നതുതന്നെയാണല്ലോ. ആദ്യവായനയ്ക്കുശേഷം വീണ്ടും ചിലത് ഒരു കുസൃതിച്ചിരിയോടെ ഒന്നുകൂടി നോക്കാൻ ഞാൻ തയ്യാറായത് അതുകൊണ്ട് കൂടിയായിരുന്നു. അതിൽ പറഞ്ഞ വളരെ ലളിതമെന്നും, വേണമെങ്കിൽ ഉപരിപ്ലവം എന്നുംവരെ തോന്നിയേക്കാവുന്ന ചില കാര്യങ്ങൾ എന്റെ മനസ്സിൽ മായാതെ മിഴിവോടെ നിന്നു എന്നതും ഒന്നുകൂടെ നോക്കാൻ പ്രേരിപ്പിച്ചു. വായിച്ചുപോകുമ്പോൾ പൊട്ടിച്ചിരിച്ചുപോയ സന്ദർഭങ്ങളിലെ വാചകങ്ങൾ ഞാൻ അപ്പപ്പോൾ അടിവരയിട്ട് അടയാളപ്പെടുത്തി വെച്ചിരുന്നുതാനും. ആ വാചകങ്ങളിലൂടെയുള്ള രണ്ടാമത്തെ നടത്തം, തമാശകളിൽ അടങ്ങിയ, ഒട്ടും പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത ചില ചോദ്യങ്ങളെ എന്റെ മുന്നിൽ ഒരു മൂടുപടത്തിൽ എന്നപോലെ കൊണ്ടുവന്നു നിർത്തി. ഞാൻ പുസ്തകം ഒരിക്കൽ കൂടി അടിമുടി വായിച്ചു.

എഴുത്തുകാരൻ ആ പുസ്തകങ്ങളിലെ ലേഖനങ്ങളിലും അടിക്കുറിപ്പുകളിലും നിഷ്‌കളങ്കം എന്ന് തോന്നിക്കുംവിധം ഒതുക്കിനിർത്താൻ ശ്രമിച്ചത് നമ്മുടെ വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന ഒരുപാട് മൂല്യബോധങ്ങളോടുള്ള വെല്ലുവിളിയായിരുന്നു എന്ന് ഞാൻ ഒരു ചിരിയോടെ ഓർത്തുപോകുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളിലെ ഇരട്ടത്താപ്പുകളിലേക്ക് ചിരിപ്പിക്കുംവിധം വിരൽച്ചൂണ്ടുന്ന നിരുപദ്രവകരമായ ഒരുപാട് സൂചനകൾ, സാമൂഹികമായ പല കാരണങ്ങളാൽ (അനാശാസ്യം എന്ന് സമൂഹം വിധിക്കുന്നത് കൊണ്ടുമാത്രം) കാപട്യമായിത്തീരുന്ന ശരീരത്തിന്റെ സ്വാഭാവിക ചോദനകൾ, വൈവിധ്യങ്ങളെ തേടിപ്പോകുന്ന 'പാവം മാനവഹൃദയ'ത്തിന്റെ കുസൃതിത്തരങ്ങൾ എന്നിവയെല്ലാം മനുഷ്യപ്രകൃതിക്ക് അത്രമേൽ സ്വാഭാവികമായിരുന്നിട്ടും ദൈനംദിന ജീവിതത്തിൽ അതികഠിനമായ മനോസംഘർഷം ഉണ്ടാക്കിക്കൊണ്ട് അവ മറച്ചുവെക്കേണ്ടിവരുന്നു എന്നു ജയന്ത് പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ലാത്ത ഒരു സാധാരണ തമാശ പറയുന്ന മട്ടിലാണ്.

അതിസാധാരണമായ ജൈവചോദനകളെ കണ്ടില്ലെന്നു നടിക്കുന്ന മനുഷ്യനിർമ്മിത നിയമാവലികളും നിയന്ത്രണങ്ങളും എളുപ്പത്തിൽ ഭേദിക്കപ്പെടുന്നതിന്റെ പൊരുൾ ചുരളഴിക്കുന്നതാകട്ടെ, 'അതിമഹാ'ന്മാർ പോലും അടിമപ്പെട്ടുപോകുന്ന ആ 'നിസ്സഹായത'യെ ആർക്കും കാണുംവിധം കാറ്റത്ത് പറത്തി, ചരിത്രാഖ്യായികയായും ജീവചരിത്രമായും വിവരിച്ചുകൊണ്ടുള്ള സത്യപ്രസ്താവനകളിലൂടെയും ആണ്! പ്രസിദ്ധമായ നാനാവതി കേസ് മുതൽ കെന്നഡി, ഐൻസ്റ്റീൻ, മാർട്ടിൻ ലൂഥർ കിംഗ്, ലിറ്റൻബർഗ്, ചാർളി ചാപ്ലിൻ തുടങ്ങിയ പല അതിപ്രശസ്തരുടെയും സ്വകാര്യജീവിതത്തിലേക്ക് ഉള്ള 'തെളിഞ്ഞ'നോട്ടങ്ങളിലൂടെ ഇത്തരം എത്രയോ 'കാൽ തെറ്റലുകൾ', അവിഹിതങ്ങൾ എന്ന പേരിൽ ലോകത്തിൽ എവിടെയും എത്രമാത്രം സാധാരണമായിരുന്നു എന്ന സത്യം ഒരു 'വക്ര' ചിരിയോടെയാണ് ജയന്ത് നമ്മുടെ മുന്നിലേക്ക് 'ദാ, പിടിച്ചോ, കണ്ടോ' എന്ന മട്ടിൽ ഇട്ടു തരുന്നത്. മഹാന്മാരുടെ സ്വകാര്യ ജീവിതങ്ങളിലെ വഴുക്കലുകളും ഞെളിയലുകളും എല്ലാം എഴുത്തിൽ വരുന്നതോ, 'അശ്ലീലം' തീരെയില്ലന്നു നടിക്കുന്ന നർമ്മം പൊതിഞ്ഞ ഭാഷാപ്രയോഗങ്ങളിലൂടെയുമാണ്. എഴുത്തിൽ കുസൃതി വേണ്ടുവോളം ഉണ്ട് എന്നർത്ഥം!

അതാത് സ്ഥലത്തെ പ്രാദേശിക പഴഞ്ചൊല്ലുകളും ഭാഷാപ്രയോഗങ്ങളും ഉപയോഗിച്ചാണ് എഴുത്തുകാരൻ സാന്ദർഭികമായ നർമ്മം ഉണ്ടാക്കുന്നത്. കലാശക്കൊട്ട് എന്ന അധ്യായത്തിൽ കോളേജ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ വേശ്യാലയം സന്ദർശിക്കുന്ന ഒരു രംഗമുണ്ട്. വരികൾക്ക് ഇടയിലൂടെ വായിച്ചാൽ സ്ത്രീയുടെയും പുരുഷന്റെയും ലോകം നമ്മുടെ സമൂഹത്തിൽ എത്രമാത്രം അകലെയാണെന്നും പരസ്പരം അറിയാത്തതാണന്നും നാം അറിയാതെ ആലോചിച്ചുപോകും. സ്ത്രീ ഒരു രഹസ്യമോ അദ്ഭുതമോ ഒക്കെയായിട്ടാണ് ഇന്നും പുരുഷന്റെ മനസ്സിൽ വന്നു നിൽക്കാറ്. ആ കെട്ടുപൊട്ടിക്കാതെങ്ങനെ?! ഒരുപാട് ചിരിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് വിവരണം കടന്നുപോകുന്നത്. ഭാഷ വളരെ ലളിതം, സുതാര്യം! ഉദാഹരണത്തിന് വേശ്യാലയത്തിലെ സംഭവനിരകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്. 'സന്ധ്യയായി, ഉഷസ്സായി, കാശും പോയി!'

സത്ത ഉൾക്കൊള്ളാത്ത മത ആചാരങ്ങളെയും ജയന്ത് വെറുതെ വിടുന്നില്ല. കമ്യൂണിസ്റ്റ് ക്രിസ്തു എന്ന അധ്യായത്തിലെ തികച്ചും മതവിശ്വാസിയായ ഭാര്യയും നിരീശ്വരവാദിയായ ഭർത്താവും തമ്മിലുള്ള വളരെ സാധാരണമായ സംഭാഷണത്തിലൂടെ, ഒരു വലിയ ബലൂണിനെ ഒരൊറ്റ മൊട്ടുസൂചി കൊണ്ട് കുത്തിപ്പൊട്ടിക്കുന്ന ലാഘവത്തോടെ ജയന്ത് മതപ്രസംഗങ്ങളുടെ മർമ്മത്തിൽ കുത്തുന്നു. 'ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്നല്ല്യോ ഈശോ പറഞ്ഞിരിക്കുന്നത്. അപ്പോൾ നമുക്കുള്ള നാല് കോഴിയിൽ രണ്ടെണ്ണത്തിനെ, ഒരു കോഴിയുമില്ലാത്ത അയൽക്കാരിക്ക് കൊടുക്കണ്ടേ?' എന്ന നിരീശ്വരവാദി ഭർത്താവിന്റെ ചോദ്യത്തിന് അതിവിശ്വാസിയായ ഭാര്യ പറയുന്ന ഉത്തരം 'മിണ്ടാതിരുന്നോ, കോഴിക്കാര്യം പറഞ്ഞു പറഞ്ഞു ഒള്ളതിന് കൂടി വസന്ത വന്ന് ചാവും' എന്നാണ്!

നിത്യസാധാരണമായ സംഭവങ്ങളിൽനിന്ന് നർമ്മത്തിന്റെ നീരൂറ്റുക ഒട്ടും എളുപ്പമല്ല. ഈ പുസ്തകത്തിലെ പല അധ്യായങ്ങളിലും ജയന്ത് ചെയ്യുന്നത് അതാണ്. സന്ദർഭങ്ങളും ഭാഷാപ്രയോഗങ്ങളും പലതരത്തിൽ നിരത്തികൊണ്ടാണ് രചയിതാവ് അത് സാധിച്ചെടുക്കുന്നത്. വാചകങ്ങളെ സന്ദർഭങ്ങളിൽനിന്ന് അകറ്റിനിർത്തിയാൽ പല വരികൾക്കും നർമ്മം നഷ്ടപ്പെടുന്നതായി നമുക്ക് തോന്നാം. ഒരു ഹാസ്യ സാഹിത്യകാരന്റെ കഴിവും അവിടെയാണ് പ്രകടിപ്പിക്കപ്പെടുന്നത്. 'ഒരു വിപ്ലവകാരിക്ക് ഏറ്റവും വിഷമം സമരം ചെയ്യാനല്ല, എതിർക്കാൻ ഒന്നുമില്ലാത്തതാണ്' എന്ന് ഒരു അടിക്കുറിപ്പിൽ പറയുന്നുണ്ട്. സമരങ്ങൾകൊണ്ട് പൊറുതിമുട്ടിയ മലയാളിക്ക് അതിലെ നർമ്മം പെട്ടെന്ന് പിടികിട്ടും. മനുഷ്യപ്രകൃതിയിലെ സ്വാഭാവികമായ ചെറിയ ചെറിയ അൽപ്പത്തങ്ങളെയും സ്വാർത്ഥതകളെയും ഒരു ചിരിയോടെ നോക്കിക്കാണാൻ ജയന്ത് ഇതിലൂടെ ശ്രമിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ പ്രകടമല്ല എന്ന് തോന്നിക്കുന്ന, വരികൾക്കിടയിലെ ഹാസ്യമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ഹാസ്യവിവരണത്തിനുള്ള കയ്യടക്കത്തിന്റെ പ്രതീകം കൂടിയാണ് അത്.

ഈ പുസ്തകത്തിന്റെ അവസാനത്തിൽ ഒരു അധ്യായം ഉണ്ട്. ജയന്തിന്റെ ഏക മകന്റെ നിര്യാണത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് അത്. ഒരു പുസ്തകം നിറയെ ഹാസ്യം എഴുതിയ എഴുത്തുകാരൻ ആണ് ആ ലേഖനം എഴുതിയതെന്ന് ആർക്കും വിശ്വസിക്കാനാവില്ല. വല്ലാതെ കണ്ണ് നനയിക്കുന്ന ആ കുറിപ്പും ഹാസ സാഹിത്യകാരനായി അവരോധിക്കപ്പെട്ട ആളുടെ പേനയിൽനിന്നുതന്നെ വാർന്നു വീണതാണോ എന്ന് ആർക്കും സംശയം തോന്നും. അത്രമേൽ ഹൃദയസ്പർശിയാണ് ആ ലേഖനം! ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നതും ആ മകനുവേണ്ടിയാണ്. കഠിന ദുഃഖങ്ങൾക്ക് ഹാസ്യം മറുമരുന്ന് ആകുന്നത് ഒരുപക്ഷേ എഴുത്തുകാരന്റെ കാര്യത്തിൽ മാത്രമല്ല സാഹിത്യചരിത്രത്തിൽ പലയിടത്തും കാണാം. സഞ്ജയൻ ഒരു ഉദാഹരണം മാത്രം.

പൊട്ടിച്ചിരിപ്പിച്ചും കണ്ണ് നനയിച്ചും വായനയെ എന്തെന്നില്ലാതെ പുഷ്‌കലമാക്കിയ എഴുത്തിന് നന്ദി.