ആധുനിക മനുഷ്യൻെറ ആഗ്രഹലോകത്തെ നോവൽ സാധ്യതയാക്കിയ ദീന മുഹമ്മദ്

#ജിനീഷ് കുഞ്ഞിലിക്കാട്ടിൽ
ദീന മുഹമ്മദ്
ദീന മുഹമ്മദ്

ജിപ്ഷ്യന്‍ എഴുത്തുകാരി ദീന മുഹമ്മദ് രചിച്ച 'ഷുബേയ്ക് ലുബേയ്ക്' എന്ന ഗ്രാഫിക് നോവല്‍ സമകാലിക ലോകത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ്. ചിത്രങ്ങളും സംഭാഷണങ്ങളും ചെറിയ വിവരണങ്ങളും ചേര്‍ന്ന ഒരു പുതിയ ആഖ്യാനരീതി നോവലിന് പുതുമ നല്‍കുന്നുണ്ട്. കച്ചവട താല്പര്യങ്ങള്‍ ആധുനിക മനുഷ്യന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് ഈ നോവല്‍ വരച്ചുകാട്ടുന്നു. ഗ്രാഫിക് നോവല്‍ എന്ന ആഖ്യാനരീതി ഉപയോഗിച്ച് സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാന്‍ ദീന മുഹമ്മദ് ഈ കൃതിയിലൂടെ ശ്രമിച്ചിട്ടുണ്ട്. ഇറാനിയന്‍ എഴുത്തുകാരി മര്‍ജാന്‍ സത്രപിയുടെ ഗ്രാഫിക്‌സ് നോവലായ 'പേഴ്‌സ്പോളിസു'മായി ഈ കൃതിക്ക് ചില സാമ്യങ്ങള്‍ കാണാം. 'പേഴ്‌സ്പോളിസ്' ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെയും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും വ്യക്തിഗതാനുഭവങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നതെങ്കില്‍, 'ഷുബേയ്ക് ലുബേയ്ക്' ആഗ്രഹങ്ങള്‍ കച്ചവടം ചെയ്യപ്പെടുന്ന ഒരു സാങ്കല്‍പ്പികലോകത്തെ പശ്ചാത്തലമാക്കിക്കൊണ്ട് ആധുനിക സമൂഹത്തിലെ പൊതുവായ പ്രവണതകളെ വിമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളത്. രണ്ട് നോവലുകളും ഗ്രാഫിക് നോവല്‍ മാധ്യമത്തിന്റെ സാധ്യത ഉപയോഗിച്ച് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ് എന്നിരുന്നാലും ഷുബേയ്ക് ലുബേയ്ക് അതിനെ കൂടുതല്‍ സൃഷ്ടിപരമായി ഉപയോഗിക്കുന്നു എന്ന് കാണാം.

ആഗ്രഹവിപണിയിലെ മനുഷ്യജീവിതം

'ഷുബേയ്ക് ലുബേയ്ക്' എന്ന അറബിവാക്കിന് 'നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ കല്‍പ്പന' എന്നാണ് അര്‍ത്ഥം. ആഗ്രഹങ്ങള്‍ വില്പനയ്ക്ക് വെക്കുന്ന ഒരു സാങ്കല്‍പികലോകത്താണ് കഥ നടക്കുന്നത്. സാധാരണ പലചരക്ക് കടകളില്‍ സാധനങ്ങള്‍ വാങ്ങുന്ന ലാഘവത്തോടെ ആളുകള്‍ക്ക് ഇവിടെ ആഗ്രഹങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഒന്നാം തരം, രണ്ടാം തരം, മൂന്നാം തരം എന്നിങ്ങനെ വ്യത്യസ്ത നിലവാരത്തിലുള്ള ആഗ്രഹങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. ഓരോ തരം ആഗ്രഹത്തിനും അതിന്റേതായ ശക്തിയും വിലയുമുണ്ട്. ഒന്നാം തരം ആഗ്രഹങ്ങള്‍ ഏറ്റവും ശക്തി കൂടിയതും വില കൂടിയതുമാണ്. രണ്ടാം തരം ആഗ്രഹങ്ങള്‍ക്ക് ശക്തി കുറവാണ്, വിലയും കുറവായിരിക്കും മൂന്നാം തരം ആഗ്രഹങ്ങള്‍ ഏറ്റവും ശക്തി കുറഞ്ഞതും വില കുറഞ്ഞതുമാണ്. ഈ ആഗ്രഹങ്ങള്‍ വാങ്ങുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാം. എന്നാല്‍ ഓരോ ആഗ്രഹത്തിനും അതിന്റേതായ പരിമിതികളും പ്രത്യാഘാതങ്ങളുമുണ്ടാകും. ഈ ആഗ്രഹങ്ങള്‍ ലഭ്യമായ ഒരു ലോകത്ത് സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് നോവല്‍ മുന്നോട്ടുപോകുന്നത്.

മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ നോവല്‍, അസീസ, നൂര്‍, ഷുക്രി എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് വികസിക്കുന്നത് . ഓരോരുത്തരും അവരുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഓരോ വ്യക്തിയും ഓരോ തരത്തിലുള്ള ആഗ്രഹങ്ങളുമായി ആഗ്രഹ കടകളില്‍ എത്തുന്നു. ദാരിദ്ര്യം മാറ്റാനും, പ്രണയം നേടാനും, അധികാരം കൈവരിക്കാനും, നഷ്ടപ്പെട്ട ഭൂതകാലം തിരികെ കൊണ്ടുവരാനും ഒക്കെ ആളുകള്‍ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള വ്യത്യസ്ത ആഗ്രഹങ്ങളുള്ള കുറേ വ്യക്തികളുടെ ജീവിതം ചിത്രീകരിക്കുന്നതിലൂടെ ആധുനിക മനുഷ്യന്റെ ആഗ്രഹലോകത്തെ നോവലിസ്റ്റ് വരച്ചുകാട്ടുകയാണ്. 

ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ഒരു വിധവയാണ് അസീസ. തന്റെ ഭര്‍ത്താവിന്റെ മരണശേഷം, അവള്‍ ഒരു 'ഫസ്റ്റ്ക്ലാസ്' ആഗ്രഹം വാങ്ങുന്നു. എന്നാല്‍, ആഗ്രഹം ഉപയോഗിക്കുന്നതിന് മുമ്പ്, അവളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നു. അഴിമതി നിറഞ്ഞ ഒരു ഭരണകൂട സംവിധാനത്തിനെതിരെ പോരാടുന്ന അസീസയുടെ കഥയാണ് ആദ്യ ഭാഗത്തിലുള്ളത്. വിഷാദരോഗത്തില്‍ നിന്ന് കഷ്ടപ്പെടുന്ന ഒരു സമ്പന്ന കോളേജ് വിദ്യാര്‍ഥിയായ നൂറിന്റെ കഥയാണ് രണ്ടാം ഭാഗത്തിലുള്ളത്. തന്റെ വിഷാദരോഗം ശരിയാക്കാന്‍ ഒരു ആഗ്രഹം ഉപയോഗിക്കണോ എന്ന് നൂര്‍ ആലോചിക്കുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ആഗ്രഹങ്ങളും സന്തോഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഈ ഭാഗം വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. നൂറിന്റെ കഥയിലൂടെ, മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്ക് നോവല്‍ വഴിയൊരുക്കുന്നു. 

ഒരു കിയോസ്‌ക് ഉടമയായ ഷുക്രിക്ക്, മൂന്ന് ഫസ്റ്റ് ക്ലാസ് ആഗ്രഹങ്ങള്‍ തന്റെ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നു. ഒരു ഭക്തനായ മുസ്ലീമായതിനാല്‍, ആഗ്രഹങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഷുക്രി തുടക്കത്തില്‍ വിമുഖത കാണിക്കുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് മാരകമായ അസുഖത്താല്‍ വിഷമിക്കുന്ന ഒരു ഘട്ടത്തില്‍ ഷുക്രി തന്റെ വിശ്വാസങ്ങളെ ചോദ്യംചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. മതം, ധാര്‍മ്മികത, സഹായം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ അവസാന ഭാഗത്തില്‍ നോവലില്‍ പറയുന്നത്. 

നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ ആഗ്രഹം വാങ്ങുന്നവരാണ്. ഇവര്‍ ജീവിതത്തിലെ സാധാരണ പ്രശ്‌നങ്ങളുള്ള മനുഷ്യരെയാണ്  പ്രതിനിധീകരിക്കുന്നത്. ദാരിദ്ര്യം, പ്രണയം, അധികാരം, സൗന്ദര്യം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി, യാത്രകള്‍ എന്നിങ്ങനെ മനുഷ്യന്റെ ഭൗതികവും വൈകാരികവുമായ എല്ലാ ആഗ്രഹങ്ങളും ഇവിടെ കച്ചവടം ചെയ്യപ്പെടുന്നു. 'പേഴ്‌സ്പോളിസി' ലെ മര്‍ജാന്‍ സത്രപി സ്വന്തം സ്വത്വത്തെയും വ്യക്തിത്വത്തെയും രാഷ്ട്രീയ ചുറ്റുപാടുകളുമായി എങ്ങനെ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതുപോലെ, 'ഷുബേയ്ക് ലുബേയ്ക്കി' ലെ കഥാപാത്രങ്ങള്‍ ആഗ്രഹങ്ങള്‍ക്കും യാഥാര്‍ഥ്യത്തിനും ഇടയില്‍പ്പെട്ട് ഉഴലുന്ന വെറും സാധാരണ മനുഷ്യരെയാണ് അഭിസംബോധന ചെയ്യുന്നത്.

ആഗ്രഹങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരാണ് ഇതിലെ ചില കഥാപാത്രങ്ങള്‍. തെറ്റായ ആഗ്രഹങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയോ, ആഗ്രഹങ്ങളുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാതെ പോകുമ്പോളോ, അവര്‍ ഇരകളായി മാറുന്നു. ഇത്തരം കഥാപാത്രങ്ങളിലൂടെ ആഗ്രഹങ്ങളുടെ അപകടങ്ങളെക്കുറിച്ചും, അതിന്റെ അന്ധമായ പിന്തുടര്‍ച്ച എത്രമാത്രം വിനാശകരമാകാം എന്നും നോവല്‍ ഓര്‍മ്മിപ്പിക്കുന്നു. നോവലില്‍ രാഷ്ട്രീയ നേതാക്കന്മാരെയും അധികാരികളെയും പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. ആഗ്രഹങ്ങള്‍ നിയന്ത്രിക്കാനും, അവ ദുരുപയോഗം ചെയ്യാതിരിക്കാനും ശ്രമിക്കുന്നവരാണവര്‍. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ തന്നെ ആഗ്രഹങ്ങളെ സ്വന്തം ലാഭത്തിനായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും നോവലില്‍ കടന്നുവരുന്നുണ്ട്. പേഴ്‌സ്പോളിസില്‍ രാഷ്ട്രീയ അധികാരം വ്യക്തികളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുമ്പോള്‍, ഷുബേയ്ക് ലുബേയ്കില്‍ അധികാരം ആഗ്രഹ വ്യവസായത്തെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഉപയോഗിക്കുന്നു. ആഗ്രഹങ്ങളും അധികാരവും തമ്മിലുള്ള ബന്ധവും, രാഷ്ട്രീയ അധികാരത്തിന്റെ ദുരുപയോഗവും നോവല്‍ ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. 

ആധുനിക സമൂഹത്തില്‍ എല്ലാം കച്ചവടം ചെയ്യപ്പെടുന്ന ഒരു രീതിയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്ന പോലെ മനുഷ്യന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇന്ന് കച്ചവടം ചെയ്യപ്പെടുന്നു. ആഗ്രഹങ്ങള്‍ ഒരു കച്ചവടവസ്തുവായി മാറുമ്പോള്‍ അവിടെ രാഷ്ട്രീയം കടന്നുവരുന്നു. ആര്‍ക്കാണ് ആഗ്രഹങ്ങള്‍ ലഭ്യമാവുക, ആര്‍ക്കാണ് നിഷേധിക്കപ്പെടുക, ഏതുതരം ആഗ്രഹങ്ങളാണ് ലഭ്യമാവുക തുടങ്ങിയ കാര്യങ്ങള്‍ രാഷ്ട്രീയ തീരുമാനങ്ങളായി മാറുന്നു. ഈ ആഗ്രഹരാഷ്ട്രീയത്തിലൂടെ നോവല്‍ സമൂഹത്തിലെ സാമ്പത്തിക അസമത്വത്തെയും അധികാര വിന്യാസത്തെയും വിമര്‍ശിക്കുന്നു. മനുഷ്യന്റെ സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യത്തെയും കുറിച്ചുള്ള ആഴമായ ചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി സംഭവങ്ങള്‍ നോവലിലുണ്ട്. തുടക്കത്തില്‍ തമാശ തോന്നിപ്പിക്കുമെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോള്‍ ആ ഫലിതം സഹതാപത്തിലേക്കു വഴിമാറിപ്പോകും. 

 ആഗ്രഹങ്ങളുടെ പിന്നാലെ പോകുമ്പോള്‍ ചിലര്‍ക്കെങ്കിലും അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നുണ്ട്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം എപ്പോഴും നാം വിചാരിക്കുന്നപോലെയല്ല സംഭവിക്കുന്നതെന്നു മാത്രം. ചിലപ്പോള്‍ അത് സന്തോഷത്തിന് പകരം ദുഃഖവും, പ്രതീക്ഷക്ക് പകരം നിരാശയും, നേട്ടത്തിന് പകരം നഷ്ട്ടവും സമ്മാനിച്ചേക്കാം. ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഉണ്ടാകുന്ന മധുരവും കയ്പ്പും നിറഞ്ഞ അനുഭവങ്ങളിലൂടെ, സ്വപ്നങ്ങളുടെയും യാഥാര്‍ഥ്യത്തിന്റെയും സങ്കീര്‍ണമായ ബന്ധം നോവല്‍ പരിശോധിക്കുന്നു. അതുപോലെ തന്നെ ഈ ആഗ്രഹങ്ങള്‍ വ്യക്തികളുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും തങ്ങളുടെ ആഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ വ്യക്തികളും അവരുടെ സ്വയംബോധവും മാറുന്നുണ്ടോ എന്നും നോവല്‍ പരിശോധിക്കുന്നുണ്ട്. 

നോവല്‍ ഈജിപ്ഷ്യന്‍ സമൂഹത്തെയും അറബ്‌വസന്തത്തിനുശേഷമുള്ള രാഷ്ട്രീയത്തെയും വിമര്‍ശനാത്മകമായികൈകാര്യം ചെയ്യുന്നുണ്ട്. അറബ് വസന്തം ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷകളും, പിന്നീടുണ്ടായ നിരാശകളും നോവലില്‍ പരോക്ഷമായയാണ്  സൂചിപ്പിക്കുന്നതെന്നൂ മാത്രം. ലളിതമായ വരകളിലൂടെ സങ്കീര്‍ണമായ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ദീന മുഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. നോവലിലെ സംഭാഷണങ്ങള്‍ ആറ്റിക്കുറുക്കിയതും എന്നാല്‍ കൃത്യതയുള്ളതുമാണ്. ഓരോ സംഭാഷണവും കഥാപാത്രങ്ങളുടെ സ്വഭാവം, അവസ്ഥ എന്നിവ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 

ഷുബേയ്ക് ലുബേയ്ക് എന്ന നോവല്‍ ദീന മുഹമ്മദിന്റെ മികച്ച രചനകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ആഖ്യാനരീതിയും ചിന്തോദ്ദീപകമായ പ്രമേയവും വിചിത്രമായ കഥാലോകവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. പരമ്പരാഗതരീതികളില്‍ നിന്ന് മാറി പുതിയ വായനാനുഭവം തേടുന്നവര്‍ക്ക് ഈ കൃതി ഒരു വിരുന്നായിരിക്കും. ആഗ്രഹങ്ങളുടെ രാഷ്ട്രീയം പറയുന്ന ഈ നോവല്‍ ഓരോ വായനക്കാരനെയും ചിന്തിപ്പിക്കുകയും, സ്വപ്നങ്ങളെ കുറിച്ചും, യാഥാര്‍ഥ്യത്തെ കുറിച്ചും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുകയും ചെയ്യും എന്നതില്‍ സംശയമില്ല. 

Content Highlights: egyptian writer deena muhammed novel shubeik lubeik jineesh kunjilikkattil reviews