റഷ്യന്‍ കഥകള്‍: സമുദ്രതീരത്തെ കാഴ്ചകളല്ല, മനുഷ്യമനസ്സിനകത്തെ ഉള്‍ക്കാഴ്ചകള്‍

എം. കെ ശ്രീകുമാര്‍ പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച റഷ്യന്‍ കഥകള്‍ ഇ. സന്തോഷ്‌കുമാറിന്റെ വായനയില്‍.
ദസ്തയെവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവലില്‍ നായകനായ റസ്‌കോള്‍ നിക്കോവ് കാണുന്ന ഒരു ദീര്‍ഘസ്വപ്‌നമുണ്ട്. ബാല്യകാലത്ത് ഒരിക്കല്‍ പിതാവിനോടൊപ്പം പോകുമ്പോള്‍ മദ്യപിച്ചു ലക്കുകെട്ട കുറച്ചു കര്‍ഷകത്തൊഴിലാളികള്‍ ദുര്‍ബ്ബലയായ ഒരു കുതിരയെ ചാട്ടയ്ക്കടിച്ചു കൊല്ലുന്നതിന്റെ ദാരുണദൃശ്യമായിരുന്നു അതില്‍. മരിച്ചുകൊണ്ടിരിക്കുന്ന ആ കുതിരയെ ഓര്‍ത്തു വേദനിക്കുകയും അതിനു മുന്നില്‍ മുട്ടുകുത്തുകയും ചെയ്യുന്ന ആ ബാലന്‍ അയാളുടെ ഇരട്ടവ്യക്തിത്വത്തിലെ ദീപ്തമായ മുഖമായിരുന്നു. അതേസമയം, പണയമെടുക്കുന്ന ഒരു കിഴവിയെ മഴുവിന് അടിച്ചുകൊല്ലാന്‍ പോന്നത്രയും ക്രൂരത സംഭരിക്കുന്ന നായകന്റെ ഇരുണ്ട ഭാവവും ആ കര്‍ഷകരുടെ ചെയ്തിയിലൂടെ വെളിപ്പെടുന്നതു കാണാം. നിരവധി മാനസികാപഗ്രഥനങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഒരു വിവരണമാണ് റസ്‌കോള്‍ നിക്കോവിന്റെ സ്വപ്നം. ദസ്തയേവ്‌സ്‌ക്കി തന്റെ രചനകളില്‍ പലപ്പോഴും ഇത്തരം ദൃശ്യങ്ങളെ സ്വീകരിക്കുന്നതു കാണാം. കാരണമായി, ഉണര്‍ന്ന ശേഷവും സ്വപ്‌നങ്ങളുടെ തീവ്രത തന്നില്‍ നിലനില്ക്കുന്നുവെന്നും അവിലെ സംഭവങ്ങള്‍ ഏറെ യുക്തിഭദ്രമായിട്ടാണ് ആവിഷ്‌ക്കരിക്കപ്പെട്ടിരുന്നതെന്നും ദസ്തയേവ്‌സ്‌ക്കി ഒരിക്കല്‍ പറയുന്നുണ്ട്.
ഒമ്പത് കഥകള്‍ ഉള്‍പ്പെടുന്ന റഷ്യന്‍ വിവര്‍ത്തനസമാഹാരത്തെക്കുറിച്ച് എഴുതുമ്പോള്‍ ദുരന്തസൂചനകള്‍ നല്കുന്ന രണ്ടു സ്വപ്‌നങ്ങളില്‍നിന്നും തുടങ്ങാമെന്നു തോന്നുന്നു. ഈ സമാഹാരത്തിലെ രണ്ടു കഥകളുടെ പ്രമേയങ്ങളില്‍ അവ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നതായി കണ്ടു. ടോള്‍സ്‌റ്റോയിയുടെ 'ദൈവം സത്യം കാണുന്നു, പക്ഷേ വൈകുന്നു' എന്ന കഥയുടെ തുടക്കത്തില്‍ വ്യാപാരിയായ ഇവാന്‍ ആക്‌സിയൊനോവിന്റെ ഭാര്യയാണ് ദു:സ്വപ്‌നം കാണുന്നത്. ഭര്‍ത്താവ് കച്ചവടത്തിനായി പട്ടണത്തില്‍പ്പോയി തിരിച്ചുവന്ന് തൊപ്പിയൂരുമ്പോള്‍ തലയാകെ വെളുത്തു നരച്ചിരിക്കുന്നതായി അവള്‍ കണ്ടു. ആ സ്വപ്നത്തെ ഒരു ഫലിതമായിട്ടാണ് ആക്‌സിയൊനോനോവ് എടുക്കുന്നത്. എന്നാല്‍ അയാളുടെ ജീവിതത്തെ മാറ്റിമറിച്ച ചില സംഭവങ്ങള്‍ ആ യാത്രയിലുണ്ടാകുന്നു. നിരപരാധിയായ ആ മനുഷ്യന്‍ ഒരു കൊലക്കേസില്‍ പ്രതിയായി തടവുശിക്ഷ അനുഭവിക്കുകയാണ്. സാഹചര്യത്തെളിവുകളെല്ലാം അയാള്‍ക്ക് എതിരായിരുന്നു. എല്ലാവരും, സ്വന്തം ഭാര്യയടക്കം, അയാളെ സംശയിക്കുന്നു. അനേകവര്‍ഷങ്ങളുടെ തടവനുഭവിച്ചതിനുശേഷം ആക്‌സിയൊനോവ് നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നുണ്ട്. പക്ഷേ, വൈകിയിരുന്നു. അയാള്‍ അപ്പോഴേക്കും മരിച്ചുപോയി. ടോള്‍സ്‌റ്റോയിയുടെ ദൃഷ്ടാന്തകഥകളില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രശസ്തമായ ഈ രചന.
നോബല്‍ സമ്മാനം ലഭിച്ച ആദ്യത്തെ റഷ്യന്‍ എഴുത്തുകാരനായ ഇവാന്‍ ബുനിന്‍ രചിച്ച 'സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള മാന്യന്‍' എന്ന നീണ്ട കഥയിലാവട്ടെ, ദുസ്സൂചനകള്‍ നല്കുന്ന സ്വപ്‌നം കാണുന്നത് കേന്ദ്രകഥാപാത്രമായ മാന്യനാണ്. അയാള്‍ ഇറ്റലിയില്‍ കാപ്രിദ്വീപിലെ താമസത്തിനായി ഹോട്ടലില്‍ ചെല്ലുമ്പോള്‍ സുഭഗനായ ഹോട്ടലുടമയെ കണ്ടുമുട്ടുന്നു. താന്‍ തലേന്നത്തെ സ്വപ്‌നത്തില്‍ കണ്ടത് ഇതേ രൂപത്തിലുള്ള ഒരാളെയാണല്ലോ എന്ന് അയാള്‍ അത്ഭുതം കൂറുന്നു. അന്നു വൈകുന്നേരം ഹോട്ടലില്‍വച്ചുതന്നെ സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നുള്ള മാന്യന്‍ ഹൃദയാഘാതം വന്നു മരിച്ചുപോവുകയാണ്. ധനമോ കീര്‍ത്തിയോ ഒന്നും പിന്നീടുള്ള യാത്രയില്‍ അയാള്‍ക്കു തുണയാവുന്നില്ല. യാത്രാക്കപ്പലിന്റെ മൂലയില്‍ ഒരു വീഞ്ഞപ്പെട്ടിയില്‍ ആളുകള്‍ കാണാതെ ആ മൃതദേഹം കിടക്കുന്നു. കപ്പലിലെ വിനോദവിരുന്നുകള്‍ തുടര്‍ന്നു പോകുന്നു. ജീവിതത്തിന്റെ നിസ്സാരതയെ ഉദാഹരിക്കുന്ന വലിയൊരു ബിംബം പോലെ ആ കപ്പലും അതില്‍ രഹസ്യമായി കൊണ്ടുപോകുന്ന മൃതദേഹവും നിലകൊള്ളുകയാണ്.
ടോള്‍സ്‌റ്റോയിയും ദസ്തയെവ്‌സ്‌ക്കിയും ചെക്കോവുമടങ്ങുന്ന റഷ്യന്‍ സാഹിത്യത്തിലെ അതികായരിലേക്ക് എത്രയോ തലമുറകളായി സാഹിത്യപ്രണയികള്‍ തീര്‍ത്ഥാടനം ചെയ്യുന്നതെന്തുകൊണ്ടാണ്? മനുഷ്യസമൂഹത്തിനുനേരെ എക്കാലവും ഉന്നയിക്കപ്പെടുന്ന ചില ചോദ്യങ്ങളെ അവര്‍ തങ്ങളുടെ എഴുത്തിലൂടെ അഭിമുഖീകരിക്കുന്നതുകൊണ്ടാവണം. അങ്ങനെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്താണ് മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം, ലക്ഷ്യം? അല്ലെങ്കില്‍ കുറ്റം എന്നോ പാപം എന്നോ വിവക്ഷിക്കപ്പെടുന്ന കാര്യങ്ങള്‍ എന്താണ്? ആത്മീയതയും മതവും, വിശ്വാസം, വിശ്വാസത്തിന്റെ നിരാസം, അന്തിമമായ വിധി, മോക്ഷം: ഇങ്ങനെ ഒട്ടനവധി സങ്കീര്‍ണമായ വിഷയങ്ങളിലൂടെ ആ രചനകള്‍ ദൂരയാത്ര ചെയ്യുന്നു. എക്കാലത്തേയും ചില നൈതികപ്രതിസന്ധികളെ നേരിടുന്നതുകൊണ്ട് ആ രചനകളുടെ നവീനത അവസാനിക്കുന്നതേയില്ല. ഉത്തരം നല്കുകയല്ല, പകരം വലിയ ചോദ്യങ്ങള്‍ക്കുമുന്നില്‍ വായനക്കാരെ കൊണ്ടുനിര്‍ത്തുകയാണ് ക്ലാസ്സിക്കുകള്‍ അനുവര്‍ത്തിക്കുന്ന പരിചരണരീതി.
റഷ്യന്‍ ക്ലാസ്സിക്കുകളിലൂടെ കുറേയെങ്കിലും കടന്നുപോകാതെ ഉന്നതമായ സാഹിത്യത്തെ അറിയുക അസാധ്യമാണ്. അവയുടെ പല കാലങ്ങളിലുള്ള വായന നമ്മെ ഒരേ പുസ്തകത്തിന്റെത്തന്നെ പല ജന്മങ്ങളിലേക്കു നയിക്കുന്നു. അതുകൊണ്ടാവണം ടോള്‍സ്‌റ്റോയിയുടെയും ദസ്തയെവ്‌സ്‌ക്കിയുടെയുമൊക്കെ രചനകളുടെ വിവര്‍ത്തനങ്ങള്‍ പിന്നേയും പിന്നേയും സംഭവിക്കുന്നത്. നമ്മുടെ ഭാഷയില്‍ ഉന്നതമായ ചില വിവര്‍ത്തനങ്ങള്‍ ആ കൃതികള്‍ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. ഇനിയും അവ തുടരുക തന്നെ ചെയ്യും.
റഷ്യന്‍ സാഹിത്യത്തിലേക്കുള്ള പ്രവേശിക എന്നു പറയാവുന്ന വളരെ പ്രധാനപ്പെട്ട ഒമ്പതു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ചെക്കോവിന്റെ 'നായയോടൊപ്പമുള്ള സ്ത്രീ' എന്ന വിഖ്യാതമായ കഥയില്‍ യാള്‍ട്ടാ എന്ന ക്രൈമിയന്‍ കടല്‍ത്തീര സുഖവാസകേന്ദ്രത്തില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിക്കാനെത്തുന്ന ദിമിത്രി ഗുരോവ് എന്ന ബാങ്കുദ്യോഗസ്ഥനാണ് നായകന്‍. അയാള്‍ അവിടെവച്ച് ഒരു പോമറേനിയന്‍ നായയുമായി കറങ്ങി നടക്കുന്ന അന്ന സെര്‍ജിയേവ്‌ന എന്ന യുവതിയെ കണ്ടുമുട്ടുന്നു. വൈഷയികമായ അയാളുടെ ബന്ധം പിന്നീട് യഥാര്‍ത്ഥ പ്രണയമായി പരിണമിക്കുന്നതിന്റെ സൂക്ഷ്മചിത്രീകരണമാണ് ചെക്കോവ് നിര്‍വ്വഹിക്കുന്നത്. സമുദ്രതീരത്തെ കാഴ്ചകളല്ല, മനുഷ്യമനസ്സിനകത്തെ ഉള്‍ക്കാഴ്ചകളാണ് ഈ കഥയുടെ കാതല്‍. 1899-ല്‍ രചിക്കപ്പെട്ട ഈ രചനയെ റഷ്യന്‍ റിയലിസത്തിന്റെ നായകനായിരുന്ന മാക്‌സിം ഗോര്‍ക്കി മഹത്തായ രചന എന്നു വാഴ്ത്തിയിട്ടുണ്ട്.
1899-ല്‍ത്തന്നെ രചിക്കപ്പെട്ട മാക്‌സിം ഗോര്‍ക്കിയുടെ 'ഇരുപത്താറ് ആണുങ്ങളും ഒരു പെണ്‍കുട്ടിയും' അതുപോലെത്തന്നെ മാനസികമായ ആഴങ്ങളെ അനാവരണം ചെയ്യുന്ന മറ്റൊരു കഥയാണ്. ഗോര്‍ക്കിയുടെ രചനകളില്‍ ഏറ്റവും മികച്ചതെന്ന് സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ശത്രുക്കള്‍ പോലും അഭിപ്രായപ്പെട്ട കഥ. താന്ന്യ എന്ന പെണ്‍കുട്ടിയെ കാത്തിരിക്കുന്ന ദൗര്‍ഭാഗ്യവാന്മാരായ ഇരുപത്താറു തടവുപുള്ളികളുടെ ജീവിതമാണ് ഗോര്‍ക്കി ആവിഷ്‌ക്കരിക്കുന്നത്. സ്‌നേഹവും നിരാസവും പ്രതീക്ഷയും അസൂയയും പരാജയവുമെല്ലാം നിറഞ്ഞ അതീവസങ്കീര്‍ണമായൊരു പ്രമേയത്തെ ഈ കഥയില്‍ അയത്‌നലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ദസ്തയേവ്‌സ്‌ക്കിയുടെ 'സത്യസന്ധനായ കള്ളന്‍' എന്ന കഥയിലാകട്ടെ, അദ്ദേഹം തന്റെ ക്ലാസ്സിക്കുകളില്‍ എപ്പോഴും ആവിഷ്‌ക്കരിക്കാന്‍ ഉദ്യമിച്ചിരുന്ന ജീവിതാഥാര്‍ത്ഥ്യങ്ങളുടെ ഒരു സൂക്ഷ്മപ്രപഞ്ചം കാണാനാവും. ദാരിദ്ര്യവും പാപവും കാരുണ്യവും അവയ്ക്കിടയിലുള്ള അടങ്ങാത്ത ജീവിതാസക്തിയും ലഹരിയുമെല്ലാം ഈ കഥയില്‍ തെളിഞ്ഞുനില്ക്കുന്നു. ലിയോനിഡ് ആന്ദ്രയേവിന്റെ 'ലാസറസ്,' മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ ലാസറസിന്റെ കഥയാണ്. ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് മരണത്തെ അതിന്റെ നാരകീയമായ നിസ്സംഗതയോടെ ആവിഷ്‌ക്കരിക്കാന്‍ വേണ്ടിയായിരുന്നു അയാളുടെ രണ്ടാം ജന്മം.
മിഖായേല്‍ ബുള്‍ഗാക്കോവിന്റെ 'ചുവന്ന കിരീടം,' അലക്‌സാണ്ടര്‍ പുഷ്‌ക്കിന്റെ 'മഞ്ഞുകാറ്റ്,' ലിഡിയ സെയ്ഫുലീനയുടെ 'ജനറല്‍ ഡുറ്റോവിന്റെ ദയ'
എന്നീ കഥകള്‍ കൂടി ഈ സമാഹാരത്തിലുണ്ട്.
വ്ളാദിമിര്‍ പുതിന്റെ അധിനിവേശം ആരംഭിച്ചതിനു തൊട്ടുള്ള മാസങ്ങളില്‍ യുക്രെയിനില്‍ റഷ്യന്‍ ജനതയോടും അവരുടെ സംസ്‌ക്കാരത്തോടുമുള്ള അതികഠിനമായ വിപ്രതിപത്തി ഉടലെടുത്തിരുന്നു. റഷ്യന്‍ സാഹിത്യത്തിലെ മറ്റൊരു മഹാരഥനായിരുന്ന നിക്കൊളായ് ഗൊഗോളിന്റെ ജന്മദേശമാണ് യുക്രെയിന്‍. റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശത്വര എക്കാലവും കുപ്രസിദ്ധമായിരുന്നു. അതിപ്പോള്‍ സാറിസ്റ്റ് കാലഘട്ടത്തിലായാലും പില്‍ക്കാലത്തെ കമ്മ്യൂണിസ്റ്റ് ഘട്ടത്തിലായാലും അതിനുശേഷമുള്ള പുതിന്റെ സമയത്തായാലും. അതിനോടുള്ള വെറുപ്പ് റഷ്യന്‍ സംസ്‌ക്കാരത്തോടുള്ള വെറുപ്പായി മാറി. സാഹിത്യവും അതിന്റെ പരിധിയില്‍ വന്നു. ടോള്‍സ്റ്റോയിയുടെയും ദസ്തയെവ്‌സ്‌ക്കിയുടെയും പുഷ്‌കിന്റെയുമെല്ലാം രചനകള്‍ പോലും ഇനിയാരും വായിക്കരുതെന്ന് ആക്ടിവിസ്റ്റുകളില്‍ നിന്നും ആഹ്വാനമുണ്ടായി. അധിനിവേശത്തിനായുള്ള റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ഒരിക്കലും അവസാനിക്കാത്ത ആര്‍ത്തി ഇവരുടെ കൃതികളില്‍ രഹസ്യമായി ഒളിഞ്ഞിരിക്കുന്നു എന്നതായിരുന്നു അവരുടെ വാദം.
ഉദാഹരണത്തിന് ഈജിപ്ത് അധിനിവേശം നടത്തിയ, ആയിരക്കണക്കിനുപേരെ വധിച്ച, ഈജിപ്തിന്റെ സാംസ്‌ക്കാരികാവശിഷ്ടങ്ങള്‍ കൊള്ള ചെയ്ത നെപ്പോളിയനെ ദസ്തയേവ്‌സ്‌ക്കി ന്യായീകരിക്കുന്നുണ്ട്. സവിശേഷവ്യക്തിത്വങ്ങള്‍ക്ക് ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ആളുകളെ കൊല്ലാം എന്നൊരു നിലപാടാണത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് റസ്‌കോള്‍ നിക്കോവ് കിഴവിയെ വധിക്കുന്നത്. റസ്‌കോള്‍ നിക്കോവ് ഒരാശയത്തിന്റെ പൂര്‍ത്തീകരണം നടത്തുകയായിരുന്നു. അയാളുടെ കുറ്റം സാമ്രാജ്യത്വത്തിനെ നീതീകരിക്കുന്ന കുറ്റമായി മാറുന്നു. യുക്രെയിനില്‍ കൂടുതല്‍ ഭംഗിയായി ജീവിക്കുന്നവരോടുള്ള അസൂയ, അതായത് നിങ്ങള്‍ എന്തിന് ഞങ്ങളേക്കാള്‍ നന്നായി ജീവിക്കുന്നു എന്ന സംശയമാണ് വര്‍ത്തമാനകാലത്ത് റഷ്യന്‍ സൈനികര്‍ ഉയര്‍ത്തുന്നതെന്നു പറയാറുണ്ട്. മഹത്തായ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമാണ് യുക്രെയിനും പോളണ്ടും ലിത്വാനിയയുമൊക്കെ എന്നു ദസ്തയേവ്‌സ്‌കി ഉറച്ചു വിശ്വസിച്ചിരുന്നു. ഈ നിലപാടുകള്‍തന്നെ ആദ്യകാല ടോള്‍സ്‌റ്റോയിയിലും കാണാം എന്നാണ് ഇപ്പോള്‍ യുക്രെയിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന ആക്റ്റിവിസ്റ്റുകളുടെ അഭിപ്രായം.
അതേസമയം റഷ്യന്‍ അധിനിവേശത്തെ ചെറുക്കുമ്പോഴും അവിടത്തെ മഹത്തായ സാഹിത്യത്തെ വെറുതെവിടണം എന്നുള്ളതായിരുന്നു പുറത്തുനിന്നുള്ള എഴുത്തുകാരുടേയും വായനക്കാരുടേയും അഭ്യര്‍ത്ഥന. അതേ രാജ്യത്തുതന്നെ ജനിച്ചുപോയി എന്ന കാരണത്താല്‍ മഹാന്മാരായ എഴുത്തുകാരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമനില തെറ്റിയ (deranged) രാഷ്ട്രീയക്കാരുമായി ചേര്‍ത്തുനിര്‍ത്തിക്കൂടാ. ജര്‍മ്മനിയിലെ PEN ഗ്രൂപ്പ് അത്തരത്തിലൊരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. അതിന്റെ ശീര്‍ഷകം പ്രധാനമാണ്: The enemy is Putin; not Pushkin. (ശത്രു പുതിന്‍ ആണ്, പുഷ്‌ക്കിനല്ല).
മഹത്തായ കല ദേശാതിര്‍ത്തികള്‍ക്കപ്പുറത്തു നിലനില്ക്കുന്ന ഒന്നാണ്. അവയെ കവിഞ്ഞുനില്ക്കാവുന്ന ഒരു രാഷ്ട്രസങ്കല്പവുമില്ല. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യത്തിന്റെ അഭാവത്തില്‍ മാനവികസംസ്‌ക്കാരം എത്രയോ നൂറ്റാണ്ടുകള്‍ പിറകിലായിപ്പോകുമായിരുന്നു എന്നും ഓര്‍ക്കാവുന്നതാണ്.
മികച്ച, പ്രശ്‌സതമായ കഥകളുടെ വിവര്‍ത്തനമാണ്് എം.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. അല്‍ബേര്‍ കാമുവിന്റെ അന്യന്‍ (The Outsider), മാര്‍ക്കേസിന്റെ കേണലിന് ആരുമെഴുതുന്നില്ല (No One Writes to the Colonel) തുടങ്ങിയ നോവലുകളും റെയ്മണ്ട് കാര്‍വറുടെ Errand പോലുള്ള ഉജ്ജ്വലമായ കഥകളും ഭാവാത്മകമായി തര്‍ജ്ജമ ചെയ്തിട്ടുള്ള ശ്രീകുമാര്‍ തന്റെ എഴുത്തുജീവിതത്തിലെ നീണ്ട ഇടവേളയെ മറികടക്കുകയാണ് ഈ പുസ്തകത്തിലൂടെ.
നേരത്തേ പരിചയമുള്ളവയാണ് മിക്ക കഥകളും. എങ്കിലും പുതിയ കാലത്തെ രചനകള്‍ വായിക്കുന്നതുപോലെ ഏറ്റവും നവീനമായൊരു ഗദ്യത്തിലാണ് ഈ കഥകള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. 'സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള മാന്യന്‍' എന്ന കഥയാണ് ഒരു പക്ഷേ, ഈ സമാഹാരത്തില്‍ വിവര്‍ത്തനത്തിന് ഏറ്റവും പ്രയാസകരമായി അനുഭവപ്പെടാനിടയുണ്ടായിരുന്നത് എന്ന് ഞാന്‍ ഊഹിക്കുന്നു. അതേസമയം അതിന്റെ പരിഭാഷയാണ് ഈ സമാഹാരത്തിലെ ഏറ്റവും ശ്രേഷ്ഠമായ രചനയായി നമുക്ക് തോന്നുക. അത് വിവര്‍ത്തകന്റെ വലിയ വിജയമാണ്. അതില്‍നിന്നുള്ള ഒരു ഭാഗം ഞാന്‍ ഇവിടെ എടുത്തെഴുതുന്നു:
''വൈകുന്നേരം അറ്റ്‌ലാന്റിസിന്റെ തട്ടുകള്‍ ഇരുളില്‍ കോട്ടുവായിട്ടു. അടുക്കളയോടു ചേര്‍ന്ന കൊച്ചുമുറികളില്‍ എണ്ണമറ്റ തീക്കണ്ണുകള്‍. വീഞ്ഞു സൂക്ഷിക്കുന്ന നിലവറയില്‍ അനേകം വേലക്കാര്‍ പ്രത്യേകമായ ആവേശത്തോടെ പണിയെടുത്തു. കപ്പലിനു പുറത്ത് ഉയര്‍ന്നുതാഴുന്ന സമുദ്രം ഭീതിദമായിരുന്നുവെങ്കിലും ആരും അതേക്കുറിച്ച് ചിന്തിച്ചില്ല. കടലിനുമേലുള്ള കപ്പിത്താന്റെ നിയന്ത്രണശേഷിയില്‍ അവര്‍ ഉറച്ചുവിശ്വസിച്ചു. രാക്ഷസീയമായ വലുപ്പവും തൂക്കവുമുള്ള ആളായിരുന്നു കപ്പിത്താന്‍. ചുവന്ന തലമുടി, ഉറക്കം തൂങ്ങുന്ന പ്രകൃതം. വീതിയേറിയ സ്വര്‍ണവരകളുള്ള യൂണിഫോമില്‍ അയാള്‍ ഒരു ഭീമന്‍
വിഗ്രഹം പോലെ കാണപ്പെട്ടു. അയാള്‍ നിഗൂഢമായ ചേബറില്‍നിന്നും അപൂര്‍വമായേ പുറത്തുവന്നുള്ളൂ. യാത്രക്കാര്‍ക്ക് അയാളുടെ ദര്‍ശനം അപൂര്‍വമായിരുന്നു. കപ്പലിന്റെ അണിയത്തില്‍നിന്നും നാരകീയമായ കോപത്തോടെ ഓരോ മിനിറ്റിലും സൈറണ്‍ ഓരിയിട്ടു. ദേഷ്യത്തോടെ അലറിവിളിച്ചു. ഭക്ഷണം
കഴിച്ചുകൊണ്ടിരുന്ന ആരും അതു കേട്ടില്ല. ഇമ്പമുള്ള തന്ത്രിവാദ്യങ്ങളുടെ ശബ്ദങ്ങളില്‍ അതു മുങ്ങിപ്പോയി. മാര്‍ബിള്‍ പതിച്ച് പരവതാനികള്‍ വിരിച്ച ഇരട്ടത്തട്ടുള്ള ഹാളില്‍ അതിമനോഹരമായ സംഗീതം നിര്‍ത്താതെ ആലപിച്ചുകൊണ്ടിരുന്നു. സ്ഫടികതൂക്കുവിളക്കുകളില്‍നിന്നുള്‌ല പ്രകാശത്തിന്റെ ഉത്സവം.
രത്‌നങ്ങള്‍ ധരിച്ച, നഗ്നമായ ചുമലുകളുള്ള സ്ത്രീകളുടെ കൂട്ടം. ജാക്കറ്റുകള്‍ ധരിച്ച അത്താഴവേഷത്തിലുള്ള പുരുഷന്മാര്‍.
വായനക്കാരും എഴുത്തുകാരും തീര്‍ച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണിത്. പുതിയതായി വായനയിലേക്കു വരുന്നവര്‍ക്ക് ഈ കഥകള്‍ വിശാലമായൊരു ലോകത്തിലേക്കുള്ള പ്രവേശനകവാടമായിരിക്കും. മുമ്പേ ഈ കഥകള്‍ വായിച്ചിട്ടുള്ളവരെ സംബന്ധിച്ച് എന്തുകൊണ്ട് ക്ലാസിക്കുകളായ
രചനകള്‍ വീണ്ടും വീണ്ടും വായിക്കണം എന്നതിനുള്ള നീതീകരണവും.
Content Highlights: E Santhosh Kumar reviews Russian Kadhakal translated by M.K Sreekumar Mathrubhumi Books