കുമാരു: സ്‌നേഹഗായകന്റ ഭാവനാജീവിതവും പ്രണയവും വേര്‍പാടും

തന്നതില്ല, പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍!
ഇന്നു ഭാഷയിതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശ്ശങ്കയാല്‍
(നളിനി)
താനേ തെളിച്ച വഴിയിലെ വിളക്കായി പ്രകാശിച്ചുകൊണ്ട് മലയാളിയെ സാഹിത്യത്തിലൂടെ പുനര്‍നവീകരിച്ച ഭാവഗായകന്റെ - ആശാന്റെ ജീവിതത്തിലെ സമ്പന്നമായ കൊല്‍ക്കത്താക്കാലത്തെ തന്റെ ഭാവനയിലൂടെ സി. ആര്‍ ഓമനക്കുട്ടന്‍ പുനരാവിഷ്‌കരിക്കുന്നു. കാല്പനികതയും ദാര്‍ശനികതയും ആശാന്‍ കൃതികളുടെ മുഖമുദ്രകള്‍ ആയിരുന്നല്ലോ. സ്വാഭാവികമായും ആശാന്റെ ജീവിതത്തെ കാല്പനികമാക്കാനുള്ള ഇന്ധനം അദ്ദേഹത്തിന്റെ കൊല്‍ക്കത്താജീവിതത്തില്‍ നിന്ന് കിട്ടിയിരിക്കാം എന്ന ഊഹത്തെ അപൂര്‍വസുന്ദരമായ വാക്കുകളിലൂടെ, കവിത തുളുമ്പുന്ന ശൈലിയിലൂടെ ഒരു നോവലാക്കി മാറ്റിയിരിക്കുകയാണ് സി. ആര്‍ ഓമനക്കുട്ടന്‍. 2010-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിന്റെ മാതൃഭൂമി എഡിഷന്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നു.
വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിങ്ങനെ ഋതുക്കളുടെ പേരിലുള്ള ആറധ്യായങ്ങളും ഋതുസംഹാരം എന്ന അവസാന അധ്യായവുമുള്‍പ്പെടെ ഏഴധ്യായങ്ങളാണ് ഈ നോവലിനുള്ളത്. സാഹിത്യത്തിലൂടെയും സാമൂഹിക നവോത്ഥാനത്തിലൂടെയും മലയാളിയുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠിതനായ ആശാന്റെ ജീവിതത്തില്‍ ഇതില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിച്ചിരിക്കാം എന്ന് ആഖ്യാതാവ് സങ്കല്‍പ്പിക്കുന്നത് അത്ര നിസ്സാരമായ ഒരു വിഷയമല്ല. പ്രത്യേകിച്ചും. അതൊരു പ്രണയവും വേര്‍പാടുമാകുമ്പോള്‍. ഇത്തരത്തില്‍ മറ്റൊരു വ്യക്തിയുടെ ജീവിതത്തില്‍ കടന്നുകയറ്റം നടത്തുന്നത് ഉചിതമല്ല എന്ന് ഉത്തമബോധ്യമുണ്ടെങ്കിലും ഒരു കൃതി അതിന്റെ രചയിതാവിന്റെ അസാമാന്യപാടവം കൊണ്ട് ഹൃദയഹാരിയായി തീരുന്നതിന്റെ ഉദാഹരണമായി കുമാരു നോവലിനെ പരിഗണിക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആശാന്‍ കൊല്‍ക്കത്തയില്‍ പഠനത്തിനായി പോയിരുന്ന കാലത്തെ,
ആ ദേശത്തിന്റെ പഴമയെ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ കാലഘട്ടത്തിന്റെ തനിമയെ പുനരാവിഷ്‌കരിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്.
ദൗത്യത്തില്‍ വിജയിച്ചു എന്ന് മാത്രമല്ല ആ കാലഘട്ടം അതുതന്നെയാണ് എന്ന് വായനക്കാരന്റെ മനസ്സില്‍ ഉറപ്പിക്കുന്ന രീതിയില്‍ സ്വാമി വിവേകാനന്ദനെയും ഭഗിനി നിവേദിതയെയും രവീന്ദ്രനാഥ ടാഗോറിനെയും ദേവേന്ദ്രനാഥ ടാഗോറിനെയും ഗിരീഷ് ചന്ദ്രഘോഷിനെയും നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
ആശാനെക്കുറിച്ചുള്ള നോവലായതുകൊണ്ടാവണം തികച്ചും കാല്പനികമായ, കവിത തുളുമ്പുന്ന ശൈലിയാണ് ആദിമധ്യാന്തം നോവലിസ്റ്റ് പിന്തുടരുന്നത്. 'ശബളാഭമാം വിഭാത വേള. നിശാകാളി ഉറക്കമുണര്‍ന്ന് ഭാവപ്പകര്‍ച്ച കൊണ്ടു കടുംനിറയുടയാട മാറ്റി കറുത്തവള്‍ ഹുഗ്ലിയില്‍ മുങ്ങി' കാളിമ കഴുകി ഗൗരിയായി. 'വസന്തം എന്ന ആദ്യ അധ്യായത്തിലെ ആദ്യ വാചകങ്ങള്‍ തന്നെ ഇപ്രകാരമാണ്' ശബളാഭമാം എന്ന വാക്ക് രചയിതാവ് നിര്‍ബന്ധബുദ്ധിയോട് തന്നെ ഉപയോഗിച്ചതാവാനാണ് സാധ്യത. ശ്രീബുദ്ധന്‍ കുമാരുവില്‍ കയറിക്കൂടിയതെങ്ങിനെയെന്നും, സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിതമായതെങ്ങിനെയെന്നും ഒന്നാം അധ്യായം പറഞ്ഞുവെക്കുന്നു.
മൃണ്മയി എന്ന സുന്ദരിയായ ഗുരുപുത്രിയെ അവതരിപ്പിക്കുന്നത് വര്‍ഷം എന്ന അധ്യായത്തിലാണ്. അവളുടെ മരണമാകട്ടെ ഋതുസംഹാരത്തിലും. കാളിഘട്ടും സോനാഗച്ചിയും ശാന്തിനികേതനുമെല്ലാം നമ്മുടെ കണ്‍മുന്നില്‍ വളരെ സ്വാഭാവികതയോടെ തെളിഞ്ഞുവരുന്നതിനൊപ്പം പ്ലേഗ് രോഗത്തിന്റെ അനിശ്ചിതത്വങ്ങളും ഈ നോവലില്‍ പ്രമേയത്തിന് ശക്തി പകര്‍ന്നുകൊണ്ട് അവതരിപ്പിക്കപ്പെടുന്നു. പ്രസിദ്ധങ്ങളായ പല കാവ്യശകലങ്ങളും ഈ കൃതിയെ അലങ്കരിക്കുന്നതിനായി സസൂക്ഷ്മം ഉപയോഗിച്ചിട്ടുണ്ട്. ജോണ്‍ കീറ്റ്‌സ്, ആല്‍ഫ്രഡ് ലോര്‍ഡ് ടെന്നിസണ്‍, തോമസ് ഗ്രേ തുടങ്ങിയവരുടെ കവിതാശകലങ്ങള്‍ കുമാരുവിന് മാറ്റുകൂട്ടുന്നു.
കുമാരനാശാന്‍ ഇന്‍ ലവ് എന്ന അനുബന്ധത്തില്‍, ആശാനെക്കുറിച്ച് സിനിമാറ്റിക്കായി ചിന്തിച്ച സന്ദര്‍ഭത്തില്‍ മനസ്സിലുറഞ്ഞ പ്രണയം എന്ന സങ്കല്പം 12 വര്‍ഷത്തോളം സ്വന്തം മനസ്സില്‍ തന്നെ സൂക്ഷിച്ചതിനെ കുറിച്ച് രസകരമായി സി ആര്‍ ഓമനക്കുട്ടന്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
ഓര്‍മ്മകളില്‍ ഓമനയും കുമാരവും എന്ന ലേഖനത്തിലൂടെ അച്ഛനും മകനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം അമല്‍ നീരദ് വരച്ചിടുന്നു. വ്യക്തി, കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കുമാരനാശാനെക്കുറിച്ച്, കുമാരു എന്ന നോവലിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന നവോത്ഥാനത്തിന്റെ ഉദയരാശിയില്‍ എന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അവതാരിക ഈ നോവലിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്നു.
Content Highlights: cr omanakuttan novel kumaru review by swapna c kombath